
2002-ലെ ക്രിസ്മസ് കാലം. തിയേറ്ററുകള്‍ക്കുമുന്നില്‍ നീണ്ട നിര. ഹൗസ്ഫുള്‍ ഷോകള്‍. കലാലയജീവിതത്തിന്റെ കഥ പറഞ്ഞ 'നമ്മള്‍' എന്ന സിനിമ. സംവിധായകന്‍ കമലും കുറച്ച് പുതിയ പിള്ളേരും തിയേറ്ററുകള്‍ കൈയടക്കി. കെ.പി.എ.സി. ലളിതയുടെയും സംവിധായകന്‍ ഭരതന്റെയും മകന്‍ സിദ്ധാര്‍ഥ് ഭരതന്‍, ശ്യാമായി വെള്ളിത്തിരയില്‍ ചെറുപ്പത്തിന്റെ വെളിച്ചംതൂകി. അഭിനയിച്ച ആദ്യസിനിമതന്നെ ഹിറ്റ്ലിസ്റ്റില്‍ ഇടംപിടിച്ചു. അഭിനയത്തിലൂടെ അമ്മയുടെ പാതയിലും നിദ്ര, ചതുരം, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തില്‍ അച്ഛന്റെ പാതയിലും സിദ്ധാര്‍ഥ് തിളങ്ങി. ഇരുപത്തിരണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം 'ഭ്രമയുഗ'ത്തിലെ പാചകക്കാരനെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തതിന്റെ ത്രില്ലിലാണ് സിദ്ധാര്‍ഥ്.
ഭ്രമയുഗത്തിലെ പാചകക്കാരന്‍ കൈയടി നേടുകയാണ്. ആ കഥാപാത്രത്തിന് വേണ്ടിയെടുത്ത തയ്യാറെടുപ്പുകള്‍ എന്തെല്ലാമായിരുന്നു?
'ഭ്രമയുഗ'ത്തിലെ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുമെന്നതില്‍ സംവിധായകനുപുറമേ ഒരാളുടെ അഭിപ്രായം അറിയണമെന്നുണ്ടായിരുന്നു. അതിനായി ഞാന്‍ സമീപിച്ചത് 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന സിനിമയുടെ തിരക്കഥാകൃത്ത് തൃശ്ശൂര്‍ ഗോപാല്‍ജിയെയാണ്. ഒരുപാട് നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്ത ആളാണ് ഗോപാല്‍ജി.
കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ ശരീരഭാഷയിലും പെരുമാറ്റത്തിലും പ്രകടമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം തന്നു. എങ്ങനെ കൊണ്ടുവരാമെന്നും നിര്‍ദേശിച്ചു. സംവിധായകന്‍ രാഹുല്‍ സദാശിവനുമായും ചര്‍ച്ചചെയ്തു. ഇങ്ങനെയെല്ലാമാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. വിഷയത്തിനുപുറത്തുള്ള വായനയും അറിവുകളും അത്യാവശ്യമാണ്. ആളുകളെ നിരീക്ഷിച്ചു. വ്യത്യസ്ത സ്വഭാവരീതികള്‍ ഉള്‍ക്കൊണ്ടു. ഇതെല്ലാം കഥാപാത്രമാകാന്‍ സഹായിച്ചു.
ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത മുന്‍പേ കിട്ടേണ്ടതായിരുന്നുവെന്ന് തോന്നുന്നുണ്ടോ?
അങ്ങനെ തോന്നിയിട്ടില്ല. ചെയ്ത കഥാപാത്രങ്ങള്‍ നല്ലതായിരുന്നെങ്കില്‍ അന്നേ സ്വീകാര്യത ലഭിക്കുമായിരുന്നു. ആരോ പറഞ്ഞതുപോലെ, ചിലത് ശരിയാവും ചിലത് ശരിയാവില്ല. കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ കിട്ടി. അതില്‍ സന്തോഷം. ഇനി മുന്‍പോട്ടു നീങ്ങാം.
സ്പിരിറ്റിലെ സമീര്‍ എന്ന കഥാപാത്രത്തിന് ഇപ്പോഴും ആരാധകരുണ്ടല്ലേ?
കഥാപാത്രത്തിന്റെ വ്യാപ്തി കൊണ്ടാണ് 'സ്പിരിറ്റി'ലെ സമീര്‍ എന്ന കഥാപാത്രം ഇന്നും ചര്‍ച്ചയാകുന്നത്. ആ കഥാപാത്രത്തെ സൃഷ്ടിച്ചത് ഞാനല്ല. കൃത്യമായി എഴുതപ്പെട്ട കഥാപാത്രത്തിന് രൂപവും ഭാവവും നല്‍കി വേണ്ടവിധത്തില്‍ അവതരിപ്പിച്ചുവെന്നുമാത്രം. മാതാപിതാക്കള്‍ ഇതേ മേഖലയിലുള്ളവരായതുകൊണ്ടും അവരെവെച്ച് വിലയിരുത്തപ്പെടുന്നത് സാധാരണമായതുകൊണ്ടും, ചീത്തപ്പേരില്ലാതെ ആ കഥാപാത്രം ചെയ്യണമെന്നുമാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിന്റെ റിസള്‍ട്ട് ഇങ്ങനെയായതില്‍ സന്തോഷമുണ്ട്. നല്ലതാണെങ്കില്‍ ആളുകള്‍ സ്വീകരിക്കും. കൊള്ളില്ലെങ്കില്‍ മോശമാണെന്നും പറയും. രണ്ടും കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്.

ഈ വിജയത്തില്‍ അമ്മ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ?
അമ്മ ഇന്ന് ഇല്ലായെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് പറയാനും കേള്‍ക്കാനുമെല്ലാം സുഖമുണ്ട്. എങ്കിലും അതൊന്നും യാഥാര്‍ഥ്യമല്ലല്ലോ... അമ്മയെക്കുറിച്ചുള്ള കാര്യങ്ങളും ഓര്‍മകളുമെല്ലാം വളരെ പേഴ്സണലാണ്. മാനസികമായി അമ്മ കൂടെത്തന്നെയുണ്ട്.
സിനിമയിലെത്തിയിട്ട് 22 വര്‍ഷമാകുന്നു. വേണ്ടത്ര സിനിമകള്‍ ചെയ്തില്ലെന്ന തോന്നലുണ്ടോ?
സംവിധാനമായിരുന്നു ഇഷ്ടമേഖല. 'നമ്മള്‍' സിനിമയ്ക്കുശേഷം കുറച്ച് സിനിമകളില്‍ കൂടി അഭിനയിച്ച്, സിനിമാസംവിധാനത്തിലേക്ക് കടക്കണമെന്നായിരുന്നു ആഗ്രഹം. നല്ല വേഷങ്ങള്‍ കിട്ടാതായപ്പോള്‍ സംവിധാനത്തില്‍ മാത്രം ശ്രദ്ധിച്ചു. രണ്ടുമൂന്നു വര്‍ഷം ഞാന്‍ പ്രിയന്‍ സാറിന്റെ (പ്രിയദര്‍ശന്‍) സഹസംവിധായകനായിരുന്നു. ശേഷം മാക്ട സംഘടന (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) നിര്‍മിക്കുന്ന ഭാര്‍ഗവീനിലയത്തിന്റെ റീമേക്കായ 'നീലവെളിച്ചത്തി'ന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പക്ഷേ, സംഘടന പിളര്‍ന്നതിനാല്‍ ആ പ്രോജക്ട് അവസാനിപ്പിക്കേണ്ടിവന്നു. ശേഷം സ്വന്തമായി പ്രൊഡക്ഷന്‍ ടീമിനെ കണ്ടുപിടിച്ച് സംവിധാനംചെയ്തതാണ് 'നിദ്ര'. ബോക്‌സ് ഓഫീസില്‍ 'നിദ്ര' വലിയ ചലനമുണ്ടാക്കിയില്ല. പിന്നീട് 'ചന്ദ്രേട്ടന്‍ എവിടെയാ' ചെയ്തു. 2015-ല്‍ വാഹനാപകടത്തില്‍പ്പെട്ടു. തിരിച്ചുവരാന്‍ ഏകദേശം ഒരുവര്‍ഷമെടുത്തു. പിന്നീട് വര്‍ണ്യത്തില്‍ ആശങ്ക, ജിന്ന്, ചതുരം അങ്ങനെയങ്ങനെ... ഇപ്പോള്‍ 'ഭ്രമയുഗ'വും. എന്നെ സംബന്ധിച്ച് എല്ലാം കൃത്യമായിരുന്നു. സമയം പാഴാക്കിക്കളഞ്ഞിട്ടില്ല.
മാതാപിതാക്കള്‍ സിനിമയിലെ അതുല്യപ്രതിഭകള്‍. താരതമ്യപ്പെടുത്തലുണ്ടോ?
ആ മനോഭാവം നമുക്ക് ഒരിക്കലും തിരുത്താന്‍ കഴിയുന്നതല്ല. അച്ഛന്റെയും അമ്മയുടെയും കഴിവുകള്‍ മുന്‍നിര്‍ത്തി വിലയിരുത്തുന്നത് ശരിയല്ല, എന്നൊക്കെ പലരും പറഞ്ഞുകാണാം. പക്ഷേ, ആരും അതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലുമുണ്ട് ഈ താരതമ്യപ്പെടുത്തല്‍.
മാതാപിതാക്കളില്‍നിന്നും പകര്‍ത്തിയതെന്തെല്ലാം?
എനിക്ക് അവസരങ്ങള്‍ ലഭിക്കാന്‍ അമ്മ ഒരിക്കലും ആരോടും അപേക്ഷിച്ചിട്ടില്ല. നല്ല അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കാനും സ്വയം കഴിവുതെളിയിച്ച് മുന്നോട്ടുപോവാനും പഠിച്ചത് അമ്മയില്‍ നിന്നാണ്. 15-ാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടു. ഒരുപാട് ജീവിതപാഠങ്ങളൊന്നും അച്ഛനില്‍നിന്നു പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും, പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ പിന്നീട് ഓര്‍ത്തെടുക്കുമ്പോള്‍ ഒരുപാട് അര്‍ഥം തോന്നും.
അമ്മയുടെ ഓര്‍മദിനത്തില്‍ ലളിതം എന്ന പുസ്തകത്തിന്റെ കവര്‍ എഫ്.ബിയില്‍ പങ്കുവച്ചിരുന്നല്ലോ...
അമ്മയുടെ കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണ് ആ പുസ്തകം. അഭിനേതാക്കള്‍ അവരുടെ മരണശേഷവും കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും നിലനില്‍ക്കും. അങ്ങനെ എന്നും നമ്മുടെ കൂടെ നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. അമ്മയെ മിസ് ചെയ്യുന്ന സമയങ്ങളില്‍ അമ്മ അഭിനയിച്ച സിനിമകള്‍ കാണാറുണ്ട്. അപ്പോള്‍ എനിക്ക് അമ്മയുടെ ശബ്ദം കേള്‍ക്കാം, ആ രൂപം കാണാം.

സിദ്ധാര്‍ഥിന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം കരുത്തരാണ്. ജീവിതത്തിലും അങ്ങനെയാണോ?
അമ്മ, ഭാര്യ, സഹോദരി- അങ്ങനെ എനിക്കുചുറ്റുമുള്ള സ്ത്രീകള്‍ സമര്‍ഥരും ധീരരും കരുത്തരുമാണ്. ഇവരുടെയെല്ലാം ഗുണങ്ങള്‍ എന്റെ കഥാപാത്രങ്ങളില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. സ്ത്രീകഥാപാത്രങ്ങളെ ദുര്‍ബലരായി ആവിഷ്‌കരിക്കാന്‍ താത്പര്യമില്ല.
'നമ്മള്‍' എന്ന സിനിമയിലൂടെ ലഭിച്ച ചങ്ങാത്തങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടോ?
'നമ്മളി'ലെ ചങ്ങാത്തം ഇപ്പോഴും തുടരുന്നു. ജിഷ്ണു ഇന്നില്ല. ആ നഷ്ടം മാത്രം. പക്ഷേ, എന്നും അവന്റെ ഓര്‍മകള്‍ കൂടെയുണ്ട്.
മരണത്തെ മുഖാമുഖം കണ്ട അപകടത്തെപ്പറ്റി?
2015 സെപ്തംബറിലായിരുന്നു അപകടം. മെഡിക്കല്‍ സപ്പോര്‍ട്ടും പ്രിയപ്പെട്ടവരുടെ പിന്തുണയും ലഭിച്ചതുകൊണ്ടാണ് അപകടത്തില്‍നിന്ന് കരകയറിയത്. ആ സമയത്ത് ജിഷ്ണു എന്നെ വന്ന് കണ്ടിരുന്നു. അമ്മ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. എഴുന്നേറ്റുനടക്കാന്‍ പറ്റണം എന്നു മാത്രമാണ് അന്നാഗ്രഹിച്ചത്. ഒറ്റപ്പെടാന്‍ അനുവദിക്കാതെ എല്ലാവരും എപ്പോഴും കൂടെയുണ്ടായിരുന്നു.
കുടുംബം?
ഭാര്യ സുജിന ക്ലാസിക്കല്‍ ഡാന്‍സ് ടീച്ചറാണ്. ഐ.ടി. മേഖല വിട്ട് മുഴുവന്‍ സമയവും നൃത്തത്തിലേക്ക് മാറി. രണ്ടുമക്കള്‍. മകന്‍ ഋഷഭ്, ഏഴാംക്ലാസില്‍. മകള്‍ കയല്‍വിഴിക്ക് മൂന്നരവയസ്സായി.
വരാനിരിക്കുന്ന സിനിമകള്‍?
മമ്മൂക്കയോടൊപ്പമുള്ള 'ബസൂക്ക'യാണ് വരാനിരിക്കുന്ന സിനിമ. ഡീനോ ഡെന്നീസാണ് സംവിധായകന്‍. ഞാന്‍ വില്ലന്‍ കഥാപാത്രമായി വരുന്ന സിനിമയും അണിയറയിലാണ്. ടൈറ്റില്‍ തീരുമാനിച്ചിട്ടില്ല. സംവിധാനത്തില്‍ രണ്ടുമൂന്ന് പ്രോജക്ടുകള്‍ ആദ്യഘട്ടപണിപ്പുരയിലുണ്ട്.
Content Highlights: sidharth bharathan talking about his life and cinema
Published: 30 Mar 2024, 10:52 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented