നടിയും മോഡലുമായ ഷെഫാലി ജെരിവാലയുടെ മരണവാർത്ത കേട്ടാണ് ഇന്ന് ബോളിവുഡ് ഉണർന്നത്. കുഴഞ്ഞുവീണതിനെത്തുടർന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചുവെന്നാണ് വാർത്തകൾ. മരണകാരണം വ്യക്തമല്ല.

മോഡലായിട്ടാണ് ഷെഫാലി കരിയർ തുടങ്ങുന്നത്. അഭിനയരംഗത്തേക്ക് കടക്കുന്നത് ആൽബങ്ങളിലൂടെയും. പ്രശസ്തയായത് 'ഡിജെ ഡോൾ' എന്ന മ്യൂസിക് വീഡിയോയിലെ 'കാഠാ ലഗാ' എന്ന പാട്ടിലൂടെയാണ്. 'സമാധി' എന്ന പഴയ ബോളിവുഡ് സിനിമയിലെ പാട്ട് ടി-സീരീസ് പിന്നീട് റീമിക്‌സ് ചെയ്ത് പുറത്തിറക്കുകയായിരുന്നു. ആ പാട്ടിലൂടെ ഷെഫാലിയുടെ ജനപ്രീതി കുത്തനെയുയർന്നു. അതിനുശേഷം അവർ അറിയപ്പെട്ടത് 'കാഠാ ലഗാ ഗേൾ' എന്നാണ്.

ആൽബത്തിനൊപ്പം 'മുഛ്‌സേ ശാദി കരോഗി' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും കടന്നു. അതിൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവരാണ് പ്രധാനതാരങ്ങളായത്. പുനീത് രാജ്കുമാറിന്റെ 'ഹുഡുഗാരു' എന്ന കന്നഡസിനിമയിലെ പാട്ടുസീനിൽ ഷെഫാലി പ്രത്യക്ഷപ്പെട്ടിരുന്നു. അതുകഴിഞ്ഞ് ടെലിവിഷൻ രംഗത്തേക്ക് കടന്നു.

ഭർത്താവും നടനുമായ പരാഗ് ത്യാഗിക്കൊപ്പം നാച് ബലിയേ റിയാലിറ്റി ഷോയുടെ രണ്ട് സീസണുകളിൽ പങ്കെടുത്തു. 'ബിഗ് ബോസ്-13'ലും ഷെഫാലിയുടെ പ്രകടനം ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.

സിദ്ധാർഥും ഷെഫാലിയും
വൈൽഡ് കാർഡ് എൻട്രിയായി 'ബിഗ് ബോസി'ലേക്ക് ഷെഫാലി എത്തുമ്പോൾ തന്നെ ഏറെ ചർച്ചയായിരുന്നു. ഷെഫാലിയുടെ മുൻ കാമുകനും താരവുമായ സിദ്ധാർഥ് ശുക്ലയും ബിഗ് ബോസിൽ ഉണ്ടെന്നതായിരുന്നു കാരണം. സിദ്ധാർഥിന്റെയും ഷെഫാലിയുടെയും കരിയറിന്റെ തുടക്കകാലത്ത് ഇരുവരും ഡേറ്റ് ചെയ്തിരുന്നു. കുറച്ചുകഴിഞ്ഞ് പരസ്പരബഹുമാനത്തോടെ തന്നെയാണ് പിരിഞ്ഞതും. അതുകൊണ്ട് 'ബിഗ് ബോസി'ലെത്തിയപ്പോഴും അതേ സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചു.

സാമൂഹ്യമാധ്യമമായ എക്‌സിൽ ഷെഫാലിയുടെ അവസാനപോസ്റ്റും സിദ്ധാർഥ് ശുക്ലയെക്കുറിച്ച് തന്നെ. തങ്ങളുടെ ഒരു ഫോട്ടോയിട്ട് അതിന് ഷെഫാലിയിട്ട കാപ്ഷനും ചർച്ച ചെയ്യപ്പെടുകയാണ്. 'Thinking of you today mere dost' എന്നാണ് കുറിച്ചത്. സിദ്ധാർഥിന്റെ ചരമവാർഷികത്തിലാണ് ഷെഫാലി ആ പോസ്റ്റിട്ടത്. സമാനസാഹചര്യത്തിലാണ് 2021 സെപ്റ്റംബർ 2-ന് രാത്രി സിദ്ധാർഥ് മരിക്കുന്നത്. ഉറക്കത്തിനിടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ആ മരണം.

ഷെഫാലിയുടെ മരണവും പല സഹതാരങ്ങളെയും ഞെട്ടിച്ചുകളഞ്ഞു. 'ബിഗ് ബോസ് എന്ന സ്ഥലം ശപിക്കപ്പെട്ടതുപോലെ തോന്നുന്നു' എന്നാണ് പലരും സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi