
മറ്റൊരു ജന്മത്തില്‍ ശശിയേട്ടനെ കണ്ടുമുട്ടിയെന്നുവരാം; അങ്ങനെയൊരു സമാഗമം ഉണ്ടായില്ലെന്നും വരാം. പക്ഷേ, ഈ ജന്മത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും മതി ഇനിയുള്ള ജീവിതത്തിന് കരുത്തുപകരാന്‍. എന്നെക്കൊണ്ട് അഭിനയിപ്പിച്ച എല്ലാ വേഷങ്ങളെക്കാളും ഉയരത്തിലായിരുന്നു ശശിയേട്ടന്റെ ജീവിതത്തില്‍ എനിക്കുലഭിച്ച സ്ഥാനം. മുപ്പത്തിയേഴുവര്‍ഷത്തെ ഞങ്ങളുടെ ജീവിതംമുഴുവന്‍ തീവ്രമായ പ്രണയമായിരുന്നു.
സഹനത്തിന്റെയും അതിജീവനത്തിന്റെയും അടിയൊഴുക്കുകള്‍ ഒരുപാടുണ്ടായിരുന്നു. പരിഭവങ്ങളും പൊട്ടിച്ചിരികളും പിണക്കങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ പ്രണയിച്ചുകൊണ്ടേയിരുന്നു. അവസാനംവരെ സീമയും സിനിമയുമായിരുന്നു ശശിയേട്ടനെ പൊതിഞ്ഞുനിന്നത് എന്നുപറയുമ്പോള്‍ അതിലൊട്ടും അദ്ഭുതപ്പെടേണ്ട. എവിടെപ്പോയാലും എല്ലാ വിവരങ്ങളും ഫോണിലൂടെ അറിയിച്ചുകൊണ്ടേയിരിക്കും. ഭക്ഷണവും മരുന്നുമൊക്കെ കൃത്യസമയത്തുതന്നെ കഴിക്കാന്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. അതെല്ലാം ഒരു കുട്ടിയെപ്പോലെ അനുസരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയാണ് ശശിയേട്ടന്റെ കാമുകിയും ആദ്യഭാര്യയും. എന്നുമുതലാണ് ഞങ്ങള്‍ പ്രണയിച്ചുതുടങ്ങിയതെന്ന് കൃത്യമായി പറയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ. 'ഇതാ ഇവിടെ വരെ'യുടെ സെറ്റില്‍ ഡാന്‍സ് ട്രൂപ്പിലെ ഒരംഗമായി ഞാന്‍ കടന്നുവന്നപ്പോള്‍ ശശിയേട്ടന്റെ മനസ്സില്‍ എന്റെ മുഖം ആഴത്തില്‍ പതിഞ്ഞിരിക്കാം. പിന്നീട് 'ഈ മനോഹര തീരം' എന്ന സിനിമയില്‍ ഒരു കാബറെ നര്‍ത്തകിയായി ഞാന്‍ വീണ്ടും ശശിയേട്ടന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴൊക്കെ അദ്ദേഹം എന്നെ അറിയാതെ ഇഷ്ടപ്പെട്ടിരിക്കാമെന്ന് പലവട്ടം പറഞ്ഞിരുന്നു.
'അവളുടെ രാവുകള്‍' എന്റെ കരിയറിന്റെ തുടക്കം മാത്രമായിരുന്നില്ല. പരസ്പരം പ്രണയിക്കപ്പെടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടാകുകയായിരുന്നു ആ സിനിമയിലൂടെ. 'അവളുടെ രാവുകളി'ലെ രാജിയുടെ വേഷമണിയാന്‍ ശശിയേട്ടന്‍ എന്നെ വിളിക്കുമ്പോള്‍ ഒരു ഡാന്‍സ് കമ്പോസറെന്ന നിലയ്ക്ക് എനിക്ക് സാമാന്യം പേരും പ്രശസ്തിയുമുണ്ടായിരുന്നു. കോടമ്പാക്കത്തെ പൂക്കാരത്തെരുവിലായിരുന്നു ഞാനും അമ്മയും താമസിച്ചിരുന്നത്. ഏഴാംവയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതുമുതല്‍ അമ്മയായിരുന്നു എന്റെ നാടും വീടുമെല്ലാം. തമിഴ്‌നാട്ടിലെ ചൂളൈമേട്ടിലാണ് ഞാന്‍ വളര്‍ന്നത്. ഒറ്റയ്ക്ക്. കാക്കയും കഴുകനും കൊണ്ടുപോകാതെ എന്നെ വളര്‍ത്താന്‍ പാടുപെട്ട അമ്മ കഴിഞ്ഞേ എനിക്കെന്തുമുള്ളൂ. ആ അമ്മയെ വന്ദിക്കാതെ ഞാനൊന്നിനും പുറപ്പെട്ടിട്ടില്ല ഇതുവരെ.
അമ്മയെ നോക്കാനുള്ള പണം ഞാനുണ്ടാക്കണം എന്നതിനപ്പുറം നായികയാവണമെന്നോ എന്തിന്, ഒരു സിനിമാനടിയാവണമെന്നോപോലും ഞാന്‍ സ്വപ്നം കണ്ടിരുന്നില്ല. എന്നും പോവും, അഭിനയിക്കും. ലൊക്കേഷന്‍ ഒന്നുതന്നെ. ആ സിനിമയുടെ മുക്കാല്‍ഭാഗവും ഒറ്റമുറിയില്‍വെച്ചാണ് ഷൂട്ട് ചെയ്തത്. സെറ്റിങ് മാറ്റിക്കൊണ്ടിരിക്കും. കാശൊന്നും കിട്ടാതെവന്നപ്പോള്‍ ഞാന്‍ വീണ്ടും കമ്പോസിങ്ങിനുതന്നെ പോവാന്‍ തുടങ്ങി. പടം തീരുംവരെ പോവരുതെന്ന് ശശിയേട്ടന്‍ വിലക്കിയപ്പോള്‍ കാശുതരാതെ ഞാനെങ്ങനെ ജീവിക്കുമെന്ന് ചോദിച്ചു. അന്ന് ശശിയേട്ടന്‍ എഴുതിത്തന്ന ആയിരം രൂപയുടെ ചെക്കാണ് ആ പടത്തിന് എനിക്ക് കിട്ടിയ ആദ്യത്തെ പ്രതിഫലം.

കഥാപാത്രത്തിന്റെ പ്രസക്തിയോ വ്യാപ്തിയോ ഒന്നും അന്നെനിക്കറിയില്ലായിരുന്നു. രാജിയായി അഭിനയിച്ചുതുടങ്ങിയപ്പോള്‍ പല രംഗങ്ങളും എനിക്ക് താങ്ങാനാവാതെയായി. സോമേട്ടനുമൊത്തുള്ള ഹോട്ടല്‍ റൂമിലെ രംഗങ്ങള്‍ പോലുള്ളത് ചെയ്യുമ്പോള്‍ എന്നെക്കൊണ്ടെന്തോ തെറ്റ് ചെയ്യിക്കുന്നതുപോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. ശശിയേട്ടനോട് എനിക്ക് ദേഷ്യംവന്നു. സത്യത്തില്‍ 'അവളുടെ രാവുകളി'ലെ രാജിയെപ്പോലെ ഒരു പാവമായിരുന്നു ഞാന്‍. ഡയറക്ടര്‍ എന്ന നിലയില്‍ ശശിയേട്ടന്‍ പറഞ്ഞുതരുന്നതുപോലെ അഭിനയിക്കുകയായിരുന്നു. രാജി എന്ന ലൈംഗികത്തൊഴിലാളിയെ എനിക്ക് പരിചയമില്ല. പക്ഷേ, അവളാകാന്‍ ചില വേഷങ്ങളൊക്കെയിടുമ്പോള്‍ ഞാന്‍ ശശിയേട്ടനോട് ചോദിച്ചു 'ഇങ്ങനെയൊക്കെ ഞാന്‍ അഭിനയിക്കണോ സാര്‍?'. പലപ്പോഴും ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഒരര്‍ഥത്തില്‍ ആ വേദന വലിയൊരു വിജയമാണ് എനിക്ക് സമ്മാനിച്ചത്. സീമ എന്ന നടിയുടെ തുടക്കം അവിടെയായിരുന്നു.
'അവളുടെ രാവുകളു'ടെ വന്‍വിജയം എന്നിലെ അഭിനേത്രിയെ മലയാളത്തിലെ ഒന്നാംനിര നായികയാക്കിമാറ്റി. സീമ എന്ന ആര്‍ട്ടിസ്റ്റിന്റെ കഴിവുകളെ പുറത്തുകൊണ്ടുവന്നതിന്റെ ക്രെഡിറ്റ് മുഴുവനും ശശിയേട്ടനുള്ളതാണ്. ജീവിതത്തില്‍ ഭര്‍ത്താവ് മാത്രമായിരുന്നില്ല എനിക്കദ്ദേഹം. ആ ഗുരുമുഖത്തുനിന്നാണ് ഞാന്‍ അഭിനയത്തിന്റെ പാഠങ്ങള്‍ മനസ്സിലാക്കിയത്. അദ്ദേഹത്തെ നമിച്ചുകൊണ്ടുമാത്രമേ ഞാനിന്നും മുഖത്ത് മേയ്ക്കപ്പിടൂ. ഞാന്‍ അഭിനയം പഠിച്ച യൂണിവേഴ്‌സിറ്റി അതാണ്. കരയുന്ന സീനുകളില്‍ ശശിയേട്ടന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. കണ്ണുനീര്‍ കവിളില്‍ വീഴരുത്, കണ്ണുനീര്‍ കണ്ണില്‍ത്തന്നെ നിര്‍ത്തി ഡയലോഗ് പറയുക എന്നത് ശ്രമകരമായിരുന്നു. അതാണ് കറക്റ്റ് ഫീല്‍ എന്ന് ശശിയേട്ടന്‍ പറയാറുള്ളതിന്റെ അര്‍ഥം മനസ്സിലായത് ജീവിതത്തില്‍ കരഞ്ഞുപോയ സന്ദര്‍ഭങ്ങള്‍ വന്നപ്പോഴാണ്. ചിലരുടെ മുന്നില്‍ കരയരുത്, കണ്ണീര്‍ ഒഴുകുന്നത് അവരുടെ മുന്നില്‍ അടിയറവ് പറയുംപോലെയാണ് എന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. മനക്കരുത്തുള്ള സ്ത്രീകളാണ് ഞാന്‍ അവതരിപ്പിച്ചതില്‍ മിക്കതും. അവര്‍ കണ്ണീര്‍ വീഴ്ത്തില്ല; ചില സന്ദര്‍ഭങ്ങളില്‍ കണ്ണുനിറഞ്ഞുപോയേക്കാമെങ്കിലും. അതാണ് ശശിയേട്ടന്‍ പഠിപ്പിച്ച ആ കറക്റ്റ് ഫീല്‍.
1980 ആകുമ്പോഴേക്കും ശശിയേട്ടന്റെ നിരവധി സിനിമകളില്‍ ഞാന്‍ പ്രധാന വേഷങ്ങളിലെത്തി. പലതിലും നായികയായി. ഞങ്ങളുടെ പ്രണയം സിനിമയിലെ ചൂടേറിയ ചര്‍ച്ചകളിലൊന്നായി മാറി. ഏതാണ്ട് ഒരുവിധംപേര്‍ക്കെല്ലാം ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് അറിയാമായിരുന്നു. ഞങ്ങളുടെ ബന്ധത്തില്‍ പരസ്പരം വാഗ്ദാനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നെ കല്യാണം കഴിച്ചോളാമെന്ന് ശശിയേട്ടന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാനാണ് വിവാഹാലോചനയുമായി ശശിയേട്ടന്റെ അടുക്കല്‍ ചെന്നത്. അതിന് മറ്റൊരു കാരണമുണ്ടായിരുന്നു.
മൂന്ന് മാസത്തിനകം വിവാഹം കഴിക്കാന്‍ എനിക്ക് നല്ല സമയമാണ്. അതുകഴിഞ്ഞാല്‍ പിന്നെ കുറെ കഴിയുംവരെ കാത്തിരിക്കേണ്ടിവരുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശശിയേട്ടന്റെ വീട്ടില്‍ ചെന്നു. എന്നെ കല്യാണം കഴിക്കണം എന്നപേക്ഷിക്കാനല്ല 'കെട്ടുമെങ്കില്‍ പെട്ടെന്ന് വേണം, ഇല്ലെങ്കില്‍ വിട്ടേക്ക്' എന്നാണ് പറഞ്ഞത്. ശശിയേട്ടന്‍ ചിരിച്ചു. ഒന്നും പറഞ്ഞില്ല. പക്ഷേ, എന്റെ വാക്കുകള്‍ ശശിയേട്ടന്‍ കാര്യമായെടുത്തു. ജാതകമോ സമയമോ ഒന്നും ഞങ്ങള്‍ നോക്കിയില്ല. ഒരു തീയതി ഉറപ്പിച്ചു. ഓഗസ്റ്റ് 28. ചെന്നൈയിലെ മാങ്കാട് ദേവീക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. അതുവരെ ആ ക്ഷേത്രത്തില്‍ വിവാഹം നടന്നിട്ടില്ല. ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല. ഫോണിലൂടെയും നേരിട്ടും ഒക്കെയായിരുന്നു ക്ഷണം. എന്റെ ചേട്ടന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ജയേട്ടനാണ്. പിന്നീട് ചെന്നൈയിലെ താജ് ഹോട്ടലില്‍ ഒരു റിസപ്ഷന്‍ വെച്ചു. മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും പ്രമുഖരെല്ലാം ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ഞാനും ശശിയേട്ടനും വീണ്ടും സിനിമയുടെ തിരക്കുകളിലേക്കാണ് പോയത്. സിനിമയുടെ തിരക്ക്, ജീവിതത്തിന്റെ തിരക്ക് എന്നൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു. സിനിമ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. വിവാഹശേഷം എന്റെ കഴിവുകളെ പൂട്ടിയിടാന്‍ ശശിയേട്ടന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ആദ്യം ലഭിച്ച ശക്തമായ വേഷം 'അര്‍ച്ചന ടീച്ചറാ'യിരുന്നു. 'അഹിംസ'യില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. എന്റെ നിറവയര്‍ മറയ്ക്കാനാണ് ഞാനവതരിപ്പിച്ച കഥാപാത്രത്തെ വീല്‍ച്ചെയറിലാക്കിയത്. ആ സിനിമയില്‍ ഏറെയും ക്ലോസപ്പ് ഷോട്ടുകളാണ്. മകള്‍ ജനിച്ച ശേഷമാണ് വാസുവേട്ടന്റെ (എം.ടി.) കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യും, 'അക്ഷരങ്ങളും' 'ആരൂഢ'വുമെല്ലാം എനിക്കേറെ പ്രിയപ്പെട്ട വേഷങ്ങളാണ്. 1988-ല്‍ ജോഷിയേട്ടന്റെ 'മഹായാന'ത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഞാന്‍ അനിയെ ഗര്‍ഭം ധരിക്കുന്നത്. 'മഹായാനം' ഒരുവഴിത്തിരിവായിരുന്നു. ഒരര്‍ഥത്തില്‍ എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച ഒരേടിന്റെ അവസാനം. ഞാന്‍ നായികയാവുന്ന അവസാനത്തെ ചിത്രം. ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ അഭിനയം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്ന് ശശിയേട്ടന്‍ പലപ്പോഴും പറയുമായിരുന്നു.
മക്കളുടെ കാര്യത്തില്‍ വലിയ ശ്രദ്ധയായിരുന്നു ശശിയേട്ടന്. അവരുടെ സന്തോഷം എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്തുവിഷമങ്ങളുണ്ടായാലും അതെന്നോട് മാത്രം തുറന്നുപറഞ്ഞു. ആ ശബ്ദം ഒന്നിടറിയാല്‍ എനിക്ക് തിരിച്ചറിയാനാവും. അത് ശശിയേട്ടനും നന്നായറിയാമായിരുന്നു. രോഗത്തിന്റെ കഠിനതകളിലും അദ്ദേഹം തളര്‍ന്നുപോയില്ല. തിരിച്ചുവരും, വീണ്ടും സിനിമചെയ്യും എന്ന ദൃഢനിശ്ചയമായിരുന്നു.
വീണ്ടുമൊരു സിനിമ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം, പല തിരക്കഥകളും നോക്കി. അതുവരെ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി പുതിയ കാലത്തിന്റെ ഒരു സിനിമ, ഒരുപാടാഗ്രഹിച്ചു. പക്ഷേ കഴിഞ്ഞില്ല. ആയുസ്സ് കുറച്ചുകൂടി നീട്ടികിട്ടിയിരുന്നുവെങ്കില്‍ മലയാളത്തിന്റെ സില്‍വര്‍ സ്‌ക്രീനില്‍ ഒരിക്കല്‍കൂടി ആ പേര് തെളിയുമായിരുന്നു. 'സംവിധാനം ഐ.വി.ശശി.' അത് ശശിയേട്ടന്റെ മാത്രം ആഗ്രഹമായിരുന്നില്ല. എന്റേതുകൂടിയായിരുന്നു.
Content Highlights: seema about i v sasi
Published: 27 Jun 2023, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented