മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലാണ് ബോളിവുഡിലെ പ്രമുഖതാരങ്ങളുടെയെല്ലാം മക്കള്‍ പഠിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഷം തോറും സ്‌കൂളില്‍ നടക്കുന്ന ആന്വല്‍ ഡേ താരനിബിഡമാവാറുണ്ട്. ഇത്തവണത്തെ ആന്വല്‍ ഡേയും താരസമ്പന്നമായിരുന്നു. ഐശ്വര്യറായി, അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍, കരീന കപൂര്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങി പ്രമുഖരെല്ലാം ഇത്തവണയും പരിപാടികള്‍ കാണാനെത്തി. 

ആന്വല്‍ ഡേയില്‍ ക്രിസ്മസ് പ്ലേയിലാണ് ആരാധ്യ ബച്ചന്‍ പങ്കെടുത്തത്. മികച്ച രീതിയില്‍ ഡയലോഗുകള്‍ പറഞ്ഞും സ്റ്റേജ് പ്രസന്‍സ് നിലനിര്‍ത്തിയും ആരാധ്യ മികച്ച പ്രകടനം കാഴ്ചവെച്ചു. പരിപാടി കാണാന്‍ ബച്ചന്‍ കുടുംബം ഒന്നിച്ചെത്തിയതാണ് മറ്റൊരു പ്രത്യേകത. ഏറെക്കാലമായി തുടരുന്ന അഭിഷേക്-ഐശ്വര്യ വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ടായിരുന്നു ഇത്. ഐശ്വര്യയും  അഭിഷേകും അടുപ്പത്തോടെ സംസാരിക്കുന്നതും സ്‌നേഹപൂര്‍വം ചേര്‍ന്നു നടക്കുന്നതും വീഡിയോകളില്‍ കാണാം.

അമിതാഭ് ബച്ചനും ചടങ്ങ് കാണാനെത്തി. അമിതാഭുമായും അടുപ്പത്തോടെയാണ് ഐശ്വര്യ പെരുമാറിയത്. പരിപാടി കഴിഞ്ഞ് ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒന്നിച്ചാണ് തിരികെപ്പോയത്. ഈ വീഡിയോ വൈറലായതിനു പിന്നാലെ ഒട്ടേറെ ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ കമന്റുമായെത്തി. ഒരു കുടുംബത്തെ പൂര്‍ണമായി കാണുന്നത് മനോഹരമാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇരുവരും ഒന്നിച്ച് വന്നതിന്റെ സന്തോഷമാണ് മറ്റുചിലര്‍ പങ്കിട്ടത്.   

ബോളിവുഡിലെ മുന്‍കാല പ്രണയജോഡികളായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. മക്കളുടെ പരിപാടി കാണാന്‍ അവരവരുടെ കുടുംബത്തോടൊപ്പമെത്തിയ രണ്ടുപേരും അടുത്തടുത്ത് ഇരുന്നതും ആരാധകര്‍ ഏറ്റെടുത്തു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വൈറലായി. മക്കളായ തൈമുറിന്റെയും ജേയുടെയും പെര്‍ഫോമന്‍സിന് കരീന ആവേശത്തോടെ കൈയടിക്കുന്നതും അത് മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. 

ഷാരൂഖ് ഖാനും ഗൗരി ഖാനും സുഹാന ഖാനുമൊന്നിച്ചാണ് ഇളയ മകന്‍ അബ്രാമിന്റെ പരിപാടി കാണാനെത്തിയത്. മകന്റെ പെര്‍ഫോമന്‍സ് കണ്ട് വികാരഭരിതനാകുന്ന ഷാരൂഖും പിന്നീട് വിദ്യാര്‍ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നുമുണ്ട്.