നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമൊരുവും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഏറ്റവുമൊടുവിൽ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അമേരിക്കയിൽനിന്നുള്ള വെക്കേഷൻ ചിത്രങ്ങളിൽ സാമന്തയ്‌ക്കൊപ്പം കൂട്ടുകാരുമുണ്ടായിരുന്നു. എന്നാൽ ആരാധകർ ശ്രദ്ധിച്ചത് രാജിനെയാണ്. അതോടെ പ്രണയച്ചർച്ചകൾ വീണ്ടും ഉയർന്നുതുടങ്ങി. 

കഴിഞ്ഞവർഷം നടന്ന പിക്കിൾബോൽ ടൂർണമെന്റിൽ സാമന്ത എത്തിയത് രാജിനൊപ്പമാണ്. അതിന്റെ ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ അവരുടെ ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തു. അതും വളരെ പെട്ടെന്നാണ് വൈറലായത്. 'ശുഭം' എന്ന സിനിമയിലൂടെയാണ് സാമന്ത സിനിമാനിർമാണത്തിലേക്ക് കടന്നത്. അവരുടെ ആദ്യസിനിമയായ 'ശുഭം' റിലീസാവുന്നതിനുമുമ്പ് സാമന്ത, തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. സോഷ്യൽ മീഡിയയിൽ വൈറലായ ആ ചിത്രങ്ങളിലെല്ലാം സാമന്തയ്‌ക്കൊപ്പം രാജും ഉണ്ടായിരുന്നു. 

രാജ് ആന്റ് ഡികെ എന്ന പേരിലാണ് രാജ് ചിത്രങ്ങൾ നിർമിക്കുന്നതും സംവിധാനം ചെയ്യുന്നതും. രാജും അദ്ദേഹത്തിന്റെ സുഹൃത്തായ കൃഷ്ണ ഡി.കെ.യുമാണ് ഈ പേരിൽ അറിയപ്പെടുന്നത്. ഗൺസ് ആന്റ് ഗുലാബ്‌സ്, ദ ഫാമിലി മാൻ, ഫർസി എന്ന സീരീസുകളുടെ തിരക്കഥയും നിർമാണവും സംവിധാനവുമമെല്ലാം നിർവഹിച്ചിരിക്കുന്നത് രാജ് ആന്റ് ഡികെയാണ്. 'ദ ഫാമിലി മാനി'ൽ മനോജ് ബാജ്‌പേയ്, പ്രിയാമണി എന്നിവർക്കൊപ്പം സാമന്തയും പ്രധാനവേഷത്തിലുണ്ട്. 'ഫർസി'യിൽ ഷാഹിദ് കപൂറും വിജയ് സേതുപതിയും രാഷി ഖന്നയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ദുൽഖർ സൽമാനും രാജ്കുമാർ റാവുവുമാണ് 'ഗൺസ് ആന്റ് ഗുലാബ്‌സി'ലുള്ളത്. 99, ഷോർ ഇൻ ദ സിറ്റി, ഗോ ഗോവ ഗോൺ, ഹാപ്പി എൻഡിങ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തതും ഇവർ തന്നെ. 'സിറ്റഡെലി'ന്റെ ഇന്ത്യൻപതിപ്പായ 'സിറ്റഡെൽ ഹണിബണ്ണി' സംവിധാനം ചെയ്തതും രാജ് ആന്റ് ഡികെ തന്നെ. അതിൽ വരുൺ ധവാനും സാമന്തയുമാണ് അതിൽ അഭിനയിച്ചത്. ചിത്രീകരണത്തിനിടയിൽ സാമന്തയും രാജും പ്രണയത്തിലായെന്ന് വാർത്തകളുണ്ടായിരുന്നു.

രാജ് നിദിമൊരു തിരുപ്പതിയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. അതിനുശേഷം തിരുപ്പതിയിൽ എഞ്ചിനിയറിങ്ങിനി പഠിക്കുമ്പോഴാണ് കൃഷ്ണ ഡി.കെ.യുമായി പരിചയപ്പെടുന്നത്. അന്നുമുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. പഠനശേഷം രണ്ടുപേരും കുറച്ചുകാലം അമേരിക്കയിൽ ജോലിചെയ്തു. അതുകഴിഞ്ഞാണ് സിനിമയിലേക്ക് കടക്കുന്നത്.

രാജിന്റെ സിനിമയിൽ സഹസംവിധായികയായ ശ്യാമിലി ഡേയാണ് രാജിന്റെ ഭാര്യ. 2015-ൽ വിവാഹിതരായ അവർക്ക്, ഒരു മകളുമുണ്ട്. സാമന്തയ്‌ക്കൊപ്പമുള്ള രാജിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ, ദമ്പതികൾ പിരിഞ്ഞുവെന്ന വാർത്തകളും സജീവമാണ്. റെഡ്ഡിറ്റിൽ അതിനിടെ ഒരു കുറിപ്പ് വന്നതും ഏറെ ചർച്ചയായി. ശ്യാമിലിയും രാജും പിരിഞ്ഞുവെന്നായിരുന്നു അത്. സോഷ്യൽമീഡിയയിൽ സജീവമായ ശ്യാമിലി, രാജിനൊപ്പമുള്ള ചിത്രങ്ങൾ എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ 2023 മുതൽ ശ്യാമിലി രാജിനെ സംബന്ധിക്കുന്നതൊന്നും ഇൻസ്റ്റഗ്രാമിലിടാറില്ല. ദമ്പതികൾ പിരിഞ്ഞുവെന്നതിന് തെളിവായി നെറ്റിസൺസ് ഇതും ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi