തെന്നിന്ത്യന്‍ നായികയായ സാമന്ത റൂത്ത് പ്രഭുവിന് ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡറായ മയോസൈറ്റിസ് സ്ഥിരീകരിച്ചത് രണ്ടുവര്‍ഷം മുമ്പാണ്. സാമന്തയും വരുണ്‍ ധവാനും പ്രധാനവേഷങ്ങളിലെത്തുന്ന സ്‌പൈ ആക്ഷന്‍ ടെലിവിഷന്‍ സീരീസായ 'സിറ്റാഡല്‍ ഹണി ബണ്ണി' നവംബറില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

To advertise here,

രോഗം തിരിച്ചറിഞ്ഞശഷേം സീരീസിന്റെ ഭാഗമാകാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സാമന്ത. തനിക്ക് പകരം മറ്റൊരാളെ കാസ്റ്റ്‌ചെയ്യാന്‍ സംവിധായകരായ രാജിനോടും ഡി.കെയോടും അഭ്യര്‍ഥിച്ചിരുന്നെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍  സാമന്ത അനുസ്മരിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കഥാപാത്രത്തിന്റെ ശാരീരികവശങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു, സീരിസിലെ തന്റെ റോള്‍ ഏറ്റെടുക്കാന്‍ ഏതാനും അഭിനേത്രികളുടെ പേരുകളും സാമന്ത നിര്‍ദേശിച്ചിരുന്നത്രേ.  

''എനിക്ക് പകരം മറ്റാരെയെങ്കിലും വെയ്ക്കാന്‍ ഞാന്‍ അവരോട് അപേക്ഷിച്ചു, കാരണം എനിക്കത് ചെയ്യാനാവുമെന്ന് തോന്നിയില്ല. 'ഈ നായികയെ നോക്കൂ, അവള്‍ നന്നായി ചെയ്യും എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്' എന്നൊക്കെ ഞാന്‍ അവരോട് പറഞ്ഞുനോക്കി. ഞാന്‍ അവര്‍ക്ക് നാല് ഓപ്ഷനുകളെങ്കിലും അയച്ചിട്ടുണ്ടാവും''-സാമന്ത പറയുന്നു. 

അതേസമയം, സീരീസില്‍ തന്നെ കണ്ടശേഷം അതില്‍ അഭിമാനം തോന്നിയെന്നും ചെയ്തത് വളരെ നന്നായി തോന്നിയെന്നും അവര്‍ പറയുന്നു. ''ഞാനില്ലാതെ അവര്‍ ഈ സീരീസ് ചെയ്യാന്‍ തയ്യാറാവാതിരുന്നതിലും അത് ചെയ്യാനുള്ള ശക്തി എനിക്ക് കണ്ടെത്താനായതിലും അതിയായ നന്ദിയുണ്ട്.'' -അവര്‍ പറഞ്ഞു. 

സാമന്തയുടെ നിശ്ചയദാര്‍ഢ്യത്തെ വരുണ്‍ ധവാന്‍ പ്രശംസിച്ചു. ഇതുപോലെയൊരു ചിത്രീകരണത്തില്‍ ഇതുവരെ ഭാഗമായിട്ടില്ല, ഒരു സഹതാരം ഇത്രയുമധികം വെല്ലുവിളികളിലൂടെ കടന്നുപോകുന്നത് ഞാന്‍ കാണുകയാണ്. ആരെങ്കിലും എന്തെങ്കിലും പോരാടി വിജയിക്കുന്നത് കാണുമ്പോള്‍ നമ്മള്‍ മനുഷ്യന്റെ ശക്തിയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പഠിക്കും, സാമന്ത എന്നെ മാത്രമല്ല, രാജിനെയും ഡി.കെ.യെയും സീതയെയും എല്ലാം പ്രചോദിപ്പിച്ചു. അവരുടെ സമര്‍പ്പണം ശരിക്കും പ്രചോദിപ്പിക്കുന്നതാണ്-വരുണ്‍ ധവാന്‍ പറഞ്ഞു. 

നവംബര്‍ ഏഴിനാണ് സിറ്റാഡല്‍ ഹണി ബണ്ണി റിലീസ് ചെയ്യുന്നത്.