പ്രഭുദേവ സംവിധാനം ചെയ്ത്, 2009-ലിറങ്ങിയ 'വാണ്ടഡ്', സൽമാൻ ഖാന് വലിയ തിരിച്ചുവരവ് നൽകിയ സിനിമയാണ്. തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറാൻ സൽമാനെ സഹായിച്ച ചിത്രം ബോക്സ് ഓഫീസ് തൂത്തുവാരുകയും ചെയ്തു. വലിയ വിജയമായതോടെ അദ്ദേഹമൊരു മാസ് ആക്ഷൻ താരമായി മാറുകയും ചെയ്തു.

കൾട്ട് ക്ലാസിക്, ആക്ഷൻ, അയേഷ ടാക്കിയയുമായുള്ള കെമിസ്ട്രി എന്നിവയുടെ പേരിലാണ് ചിത്രം ഓർമിപ്പിക്കപ്പെടുന്നത്. എന്നാൽ, അവസാന നിമിഷത്തിൽ മാത്രമാണ് അയേഷ ചിത്രത്തിലേക്ക് വന്നതെന്ന് പറയുകയാണ് നിർമാതാവ് ബോണി കപൂർ ഇപ്പോൾ.

തെലുങ്ക് ഹിറ്റ് ചിത്രമായ 'പോക്കിരി'യുടെ ഹിന്ദി റീമേക്കാണ് വാണ്ടഡ്. മഹേഷ് ബാബു ആയിരുന്നു 'പോക്കിരി'യിൽ നായകൻ. ആ ചിത്രം കണ്ടതിന് ശേഷം, സൽമാനെ നായകനാക്കി അതിന്റെ ഹിന്ദി റീമേക്ക് ചെയ്യാൻ ബോണി ആഗ്രഹിച്ചു. "2006-ലിറങ്ങിയ പുരി ജഗന്നാഥന്റെ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ 'പോക്കിരി' ഞാൻ കണ്ടു. സൽമാൻ ആ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നിയതിനാൽ അദ്ദേഹത്തെ ആ സിനിമ കാണിക്കാനും ഞാനാഗ്രഹിച്ചു. അതിനായി രണ്ട് പ്രിവ്യൂ ഷോകൾ ക്രമീകരിച്ചു, പക്ഷെ തിരക്കുകൾ കാരണം സൽമാന് വരാനായില്ല. അതിനിടെ, തമിഴ് റീമേക്ക് പുറത്തിറങ്ങുമോ എന്നും, ഒറിജിനൽ പോലെ അതും ഹിറ്റായാൽ മറ്റൊരു ബോളിവുഡ് നടനോ നിർമാതാവോ ഹിന്ദി റീമേക്ക് അവകാശങ്ങളിൽ താൽപര്യം കാണിക്കുമോ എന്നും ഞാൻ ആശങ്കപ്പെട്ടിരുന്നു. 'ഗജിനി'യുടെ കാര്യത്തിൽ സംഭവിച്ചത് പോലെ, 'പോക്കിരി'യും എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു."-ബോണി റെഡ്ഡിഫിനോട് പറഞ്ഞു

ഒടുവിൽ, സൽമാൻ സിനിമ കാണുകയും അനുമതി നൽകുകയും ചെയ്തു. പ്രഭുദേവയെ സംവിധായകനായി കൊണ്ടുവന്നു. സൽമാൻ തന്റെ സഹനടിയും അന്ന് കാമുകിയുമായിരുന്ന കത്രീന കൈഫിനെ ഈ ചിത്രത്തിൽ നായികയാക്കാനാണ് താൽപ്പര്യപ്പെട്ടതത്രേ. "നായികയുടെ റോളിനായി സൽമാൻ കത്രീന കൈഫിന്റെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ, മുമ്പ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടില്ലാത്ത ഒരു നടിയെ കണ്ടെത്തുന്നത് നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു. ജെനീലിയ ഡിസൂസ ഉൾപ്പെടെ പല പേരുകളും ഞങ്ങൾ പരിഗണിച്ചു, ഒടുവിൽ അയേഷ ടാക്കിയയിൽ എത്തിച്ചേർന്നു."-ബോണി പറഞ്ഞു.

ചിത്രം ഇന്ത്യയിൽ 60 കോടി രൂപയിലധികം നെറ്റ് കളക്ഷനും, ലോകമെമ്പാടും നൂറു കോടിക്കടുത്ത് ഗ്രോസ് കളക്ഷനും നേടി. വരും വർഷങ്ങളിൽ ബോളിവുഡിലെ ഏറ്റവും വലിയ താരമായി സൽമാന് വഴിതുറന്നതും ഈ ചിത്രമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi