ബോളിവുഡിൽ താരത്തിളക്കം തീർത്തപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു സൽമാൻ ഖാൻ എന്നും. തന്റെ ഭാഗത്തുനിന്നുണ്ടായ പല വിവാദങ്ങളെപ്പറ്റിയും താരം പരാമർശിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ താൻ ആഗ്രഹിക്കാത്ത പല കാര്യങ്ങൾക്കും സമ്മതം മൂളിയെന്നും അത് തനിക്ക് അത്ര നല്ല ഫലം നൽകിയില്ലെന്നും പറയാതെ പറയുകയാണ് നടൻ. തന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാനുമായുള്ള സംഭാഷണത്തിനിടെ ലഭിച്ച സന്ദേശം എക്സിൽ കുറിച്ചുകൊണ്ടാണ് താരം ഇങ്ങനെ പറഞ്ഞത്. സ്വന്തം ചിത്രവും സൽമാൻ ഇതിനൊപ്പം നൽകിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ- "വർത്തമാനകാലം നിങ്ങളുടെ ഭൂതകാലമായി മാറുന്നു, ഭൂതകാലം നിങ്ങളുടെ ഭാവിയെ പിടികൂടുന്നു, വർത്തമാനകാലം ഒരു സമ്മാനമാണ്, അത് ശരിയായി വിനിയോഗിക്കുക, ആവർത്തിക്കപ്പെടുന്ന തെറ്റുകൾ ഒരു ശീലമായി മാറുകയും പിന്നീട് നിങ്ങളുടെ സ്വഭാവമായിത്തീരുകയും ചെയ്യും, ആരെയും കുറ്റപ്പെടുത്തരുത്, നിങ്ങൾ ആഗ്രഹിക്കാത്തതൊന്നും ചെയ്യാൻ ആർക്കും നിങ്ങളെ നിർബന്ധിക്കാനാവില്ല. എൻ്റെ അച്ഛൻ എന്നോട് ഇത് പറഞ്ഞു, ഇത് വളരെ ശരിയാണ്." ആവർത്തിച്ചുള്ള തെറ്റുകൾ എങ്ങനെ ശീലങ്ങളായി മാറുമെന്നും ഒടുവിൽ ഒരാളുടെ സ്വഭാവത്തെ നിർവചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഇത് ഞാൻ നേരത്തെ കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു, പക്ഷേ ഇപ്പോഴും വൈകിയിട്ടില്ല" പിതാവിൻ്റെ വാക്കുകളിൽ വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് പോസ്റ്റ് പങ്കുവെച്ചത്. അതേസമയം, ഏതെങ്കിലും പ്രത്യേകഅനുഭവത്തെപ്പറ്റിയാണോ താരം പ്രതിപാദിച്ചതെന്ന് വ്യക്തമല്ല. പുതുമുഖങ്ങളായ അഹാൻ പാണ്ഡെക്കും അനീത് പദ്ദക്കും ഏറ്റവും പുതിയ ചിത്രമായ സൈയാരയിലൂടെ ലഭിക്കുന്ന ഊഷ്മളമായ പിന്തുണയിൽ സന്തോഷമറിയിച്ചുകൊണ്ട് സൽമാൻ നേരത്തേ സോഷ്യൽ മീഡിയയിലെത്തിയിരുന്നു. ഇരുവർക്കും മുന്നോട്ടുള്ള യാത്രയിൽ ആശംസയറിയിക്കുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi