ആയിരക്കണക്കിന് ഗാനങ്ങളിലൂടെ നമ്മളില്‍ മരിക്കാതെ ജീവിക്കുന്ന ഒരു കവിതയാണ് ഗിരീഷ്. ഒന്നു ശ്രദ്ധിച്ചുനോക്കൂ; അയാളുടെ പാട്ടിന് വേണ്ടിയൊന്ന് കാതോര്‍ത്താല്‍ ഇതെല്ലാം എന്തിന്റേയൊ തുടര്‍ച്ചയെന്ന് തോന്നിപ്പോകും. വയലാര്‍ രാമവര്‍മ എഴുതാന്‍ ബാക്കിവച്ചുപോയ ഗാനങ്ങളുടെ തുടര്‍ച്ചയെന്ന പോലെ ഭാവങ്ങളിലും, കാല്‍പ്പനികതകളിലുമെല്ലാം ഗിരീഷ് പുത്തഞ്ചേരിയില്‍ വയലാറുണ്ട്. ചില സമയങ്ങളില്‍ ഗിരീഷിന്റെ ശീലങ്ങളിലും അത് അറിയാതെ കടന്നുവരും. എന്തിനേറെ, ആയുസ്സില്‍ പോലും അങ്ങനെയല്ലേ. വയലാര്‍ നമുക്ക് നഷ്ടമായത് 47-വയസ്സില്‍, ഗിരിഷ് 48-ലും. ഗിരീഷ് ഇനിയും അക്ഷരങ്ങളായി പുനര്‍ജനിക്കുക തന്നെ ചെയ്യും. അതും മലയാളത്തില്‍ തന്നെയാകണമേ എന്നാണ് എന്റെ പ്രാര്‍ഥന.   
1985-ലാണ് ആദ്യത്തെ കൂടിക്കാഴ്ച. അന്ന് ഗിരീഷ് സിനിമയില്‍ സജീവമല്ല. ഒരു ലളിതഗാന കാസറ്റ് പാടാനായിരുന്നു അത്. ഒന്നിനൊന്നുമികച്ച ഗാനങ്ങളായിരുന്നു 'ഗാനപൗര്‍ണമി' എന്ന ആ ആല്‍ബത്തിലേത്. പലരും 'ഗാനപൗര്‍ണമി'യിലെ പല ഗാനങ്ങളും എന്നെ പാടി കേള്‍പ്പിക്കുമ്പോള്‍ ഞാന്‍ കാതോര്‍ത്തിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരിയെന്ന പ്രതിഭയ്ക്കുവേണ്ടി ഞാനാദ്യമായി പാടിയ ഗാനം എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. 
'ഒരു നുള്ള് ഭസ്മമായി
എരിതീയില്‍ നിന്നു ഞാന്‍
എന്റെ അമ്മയെ ഞാനൊന്ന് തൊട്ടൂ...
നെറ്റിമേല്‍ അമ്മയെ ഞാനൊന്നു തൊട്ടൂ... '
എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു നുളള് ഭസ്മത്തിന്റെ ഓര്‍മയാണീ ഗാനം. രഘുകുമാര്‍ സംഗീതം നല്‍കി ഗിരീഷ് വരികളെഴുതിയ, താരാട്ടിന്റെ ഈണത്തില്‍ തുടങ്ങുന്ന ഈ ഗാനത്തിന്റെ വരികള്‍ അമ്മയെ നഷ്ടപ്പെട്ട ഓര്‍മകള്‍ പേറുന്ന ആരുടേയും ഇടനെഞ്ചില്‍ ഒരു വേദന പടര്‍ത്തും. അതു പിന്നെ തീയായി എരിയും. എന്നോ നഷ്ടപ്പെട്ടുപോയ എന്റെ അമ്മയുടെ മടിയില്‍ മുഖം ചേര്‍ത്ത് ആരും കേള്‍ക്കാതെ തേങ്ങലമര്‍ത്തി കരഞ്ഞുമാത്രമേ ഞാനീ ഗാനം കേട്ടു തീര്‍ക്കാറുള്ളൂ. 
കാവ്യാത്മകതയുള്ള എഴുത്തുകാരനാണ് ഗിരീഷ്. സാങ്കല്പിക ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന വരികളേറെ നമുക്കായി സമ്മാനിച്ചു.
'പാതിരാ വനമുല്ല ജാലകം വഴിയെന്റെ
മോതിര വിരലിന്മേലുമ്മവച്ചു
അഴിഞ്ഞു കിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍
അല്ലി നിലാവിനെ മടിയില്‍ വച്ചു ഞാന്‍
അടിമുടി എന്നെ മറന്നൂ'...
ഇതിന്റെ പല്ലവി 'ഉറങ്ങാതെ രാവുറങ്ങി' എന്നാണ്. ഈ ഗാനം എഴുതിത്തീര്‍ത്ത ഗിരീഷിന്റെ ചിന്തകള്‍ എന്താണെന്നു പോലും എനിക്ക് ആലോചിച്ചെടുക്കാന്‍ കഴിയുന്നില്ല. പക്ഷേ, സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും എനിക്കും ഈ ഗാനം അത്രയേറെ പ്രിയപ്പെട്ടതാണ്.
വീണുടഞ്ഞ മണ്‍പാത്രത്തിന്റെ ചില്ലുകഷണങ്ങളില്‍ തുള്ളിയായി ശേഷിച്ച ജലബിന്ദുക്കളെ പുഴയിലോ കടലിലോ ചേര്‍ത്താല്‍ അത് വീണ്ടും മരണമില്ലാതെ തന്നെ ഒഴുകും...പുത്തഞ്ചേരിയുടെ വാക്കുകളാല്‍ ചാലിച്ചെടുത്ത കവിതകള്‍ നിലയ്ക്കാത്ത പ്രവാഹം തന്നെയാണ്. ഏതൊരു മരണത്തിനും തടയുവാന്‍ കഴിയാത്ത ഒഴുക്കുപോലെ...

placeholder
gireesh puthenchery and p jayachandran
ഗിരീഷ് പുത്തഞ്ചേരിയും പി.ജയചന്ദ്രനും (ഫയല്‍ചിത്രം)

ഗിരീഷ് വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴും വേഷത്തിലും നടപ്പിലും സ്വഭാവത്തിലുമെല്ലാം ഒരു ഗ്രാമീണന്‍ തന്നെയായിരുന്നു, ഒരു സാധു മനുഷ്യന്‍. 1500ല്‍ പരം സിനിമാഗാനങ്ങളില്‍ കുറച്ചു മാത്രമാണ് ഞാന്‍ പാടിയത്. എല്ലാം തന്നെ ജനഹൃദയങ്ങളിലെത്തിയത് കവിതയുടെ മികവ് ഒന്നു കൊണ്ടു മാത്രമാണ്. പുത്തഞ്ചേരി എഴുതി മറന്നുവച്ചു പോയിട്ടുണ്ടെങ്കില്‍ ഇനിയും ആ വരികള്‍ പാടാന്‍ എനിക്ക് വല്ലാത്ത മോഹമാണ് ഇപ്പോഴും...
മലയാള സിനിമാശാഖകളില്‍ ഏതു രംഗത്ത് നോക്കിയാലും മികച്ച പ്രതിഭകള്‍ക്ക് ഒരു ക്ഷാമവുമില്ല. അത് കഥയായാലും, തിരക്കഥയായാലും, സംവിധായകരായാലും...അങ്ങനെയൊക്കെ നമ്മള്‍ ചിന്തിക്കുമ്പോള്‍ പ്രതിഭകളുടെ ഒരു സംഗമം തന്നെയാണ് മലയാള സിനിമ. ഇതില്‍ കവിത്വമുള്ള ഗാനരചയിതാക്കള്‍ തന്നെയാണ് എല്ലാവരും. വയലാര്‍, ഭാസ്‌കരന്‍ മാഷ്, ഒ.എന്‍.വി, ശ്രീകുമാരന്‍ തമ്പി അങ്ങനെ വരുമ്പോള്‍ ഇതില്‍ ഗിരീഷിന്റെ പേര് എവിടെ ചേര്‍ക്കണമെന്ന് എനിക്ക് നിശ്ചയമില്ല. ഗുരുസ്ഥാനീയരായ പ്രതിഭകളോടുള്ള ബഹുമാനം ഒന്നുകൊണ്ടു മാത്രം ഗിരീഷ് പുത്തഞ്ചേരിയുടെ പേര് നമുക്ക് ചുവടെ ചേര്‍ക്കാം.
ഒരിക്കല്‍ ഗിരീഷിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ''നിന്നില്‍ സ്ഥായിയായൊരു ദുഃഖഭാവം കാണാറുണ്ട്. എന്താ നിന്റെ പ്രശ്നം?'' താടി തടവി ചിരിച്ചു കൊണ്ട് ഗിരീഷ് പറഞ്ഞു, ''എന്നെ ജയേട്ടന്‍ സൂഷ്മനിരീക്ഷണം ചെയ്യുന്നതുകൊണ്ടാ...എന്റെ ദുഃഖവും സന്തോഷവും പ്രണയവുമെല്ലാം ഇനിയും പിറക്കാനിരിക്കുന്ന കവിതകള്‍ പോലെയാണ്. സത്യത്തില്‍ എനിക്കു തന്നെ എന്നെ അറിയില്ല ജയേട്ടാ...''
ഏറെ ഇഷ്ടമുള്ളതൊന്നും പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ലെനിക്ക്. കവിത തുളുമ്പുന്ന ഗിരീഷിന്റെ ഓര്‍മകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗിരീഷ് പുത്തഞ്ചേരിയോട് എനിക്ക് പറയാനുള്ളത് നാലു വരി കവിത മാത്രമാണ്...
'വിട പറയരുതായിരുന്നു
ഞാനുള്ള കാലമത്രയെങ്കിലും നീ...
വിലക്കു പറയാന്‍ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരുന്നെങ്കില്‍ 
വിട്ടുകൊടുക്കില്ലായിരുന്നു നിന്നെ 
ഏതൊരു സ്വര്‍ഗത്തിനും ഞാന്‍...'