കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയുടെ വരാന്തയില്‍വെച്ച് യാദൃച്ഛികമായി കണ്ടപ്പോള്‍ കമലിനെ തടഞ്ഞുനിര്‍ത്തി കൈകൂപ്പിക്കൊണ്ട് ഗിരീഷ് പറഞ്ഞു: ''നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്. കാരണം ഗിരീഷ് പുത്തഞ്ചേരിയെക്കൊണ്ട് പാട്ടെഴുതിക്കാതിരിക്കാന്‍ ചങ്കൂറ്റം കാണിച്ച രണ്ടേ രണ്ടു മലയാളസംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. മറ്റെയാള്‍ ഭരതേട്ടന്‍.''

ഗിരീഷിന്റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന ആത്മരോഷവും പരിഹാസവും ശ്രദ്ധിക്കാതിരുന്നില്ല കമല്‍. ലഹരിയുടെ സ്വാധീനംകൂടി അവയില്‍ കലര്‍ന്നിരുന്നതിനാല്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നുമാത്രം. 'അഴകിയ രാവണന്‍'എന്ന സിനിമയുടെ കമ്പോസിങ് തിരക്കിലാണ് അന്ന് കമല്‍. ആ പടത്തില്‍ പാട്ടൊരുക്കുന്നത് കൈതപ്രം-വിദ്യാസാഗര്‍ ടീം. അതറിഞ്ഞുകൊണ്ടുള്ള പരിഭവമായിരിക്കും ഗിരീഷിന്റെത് എന്നേ ചിന്തിച്ചുള്ളൂ അദ്ദേഹം. ''ഗിരീഷിന്റെ മറ്റൊരു തമാശയായേ ഞാന്‍ ആ പ്രതികരണത്തെ കണ്ടുള്ളൂ. പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് പിറ്റേന്നു കാലത്ത് ഗിരീഷ് വീണ്ടും വിളിക്കുന്നു. ഇന്നലെ പറഞ്ഞത് മദ്യലഹരിയിലാണെന്ന് കരുതേണ്ട, സ്വബോധത്തോടെ തന്നെയാണ്. ഉള്ളിലെ പരിഭവം അറിയിച്ചുവെന്നേയുള്ളൂ,ചിരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു. എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച വാക്കുകളായിരുന്നു അവ''കമല്‍.

placeholder
കൈതപ്രം ദാമോദരൻ നമ്പൂതിരി

തൂവല്‍സ്പര്‍ശം (1990) തൊട്ടിങ്ങോട്ട് കൈതപ്രമാണ് കമലിന്റെ സ്ഥിരം പാട്ടെഴുത്തുകാരന്‍. പാവം പാവം രാജകുമാരന്‍, വിഷ്ണുലോകം, പൂക്കാലം വരവായി, ഉള്ളടക്കം, ആയുഷ്‌കാലം, എന്നോടിഷ്ടം കൂടാമോ, മഴയെത്തുംമുന്‍പേ... എല്ലാ പടത്തിലും പാട്ടുകള്‍ സൂപ്പര്‍ഹിറ്റായിരുന്നതിനാല്‍ മാറിച്ചിന്തിക്കേണ്ടിവന്നില്ല എന്നതാണ് സത്യം.

'പെരുവണ്ണാപുരത്തെ വിശേഷങ്ങ'ളുടെ കാലംമുതല്‍ അറിയാം കമലിന് ഗിരീഷിനെ. തിരക്കഥാകൃത്ത് രഞ്ജിത്താണ് കൂട്ടുകാരനെ കമലിനു പരിചയപ്പെടുത്തിയത്. ''നല്ല കൈയക്ഷരമാണ്. തിരക്കഥയുടെ കോപ്പിയെടുക്കാന്‍ ഇവന്‍ എന്റെകൂടെയുണ്ടാകും'' രഞ്ജി പറഞ്ഞു.  ''ആ രാത്രി ഞങ്ങള്‍ക്കുവേണ്ടി പഴയ എത്രയോ സിനിമാപ്പാട്ടുകള്‍ ഗിരീഷ് പാടി; ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും പിയുടെയും കവിതകള്‍ ചൊല്ലി''കമല്‍ ഓര്‍ക്കുന്നു. അന്ന് സിനിമയില്‍ സജീവമായിട്ടില്ല ഗിരീഷ്. അധികം വൈകാതെ മലയാളത്തിലെ തിരക്കേറിയ പാട്ടെഴുത്തുകാരനായി ഗിരീഷ് വളര്‍ന്നു. ഒരുസിനിമയിലും ഗിരീഷിനെക്കൊണ്ട് പാട്ടെഴുതിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം അപ്പോഴും ബാക്കി. ആ ദുഃഖം ഗിരീഷും ഉള്ളില്‍ കൊണ്ടുനടക്കുന്നുവെന്നറിഞ്ഞപ്പോള്‍ കമലിന് ഒരാഗ്രഹം: ഗിരീഷിനെക്കൊണ്ട് അടുത്ത പടത്തില്‍ പാട്ടെഴുതിച്ചാലോ?
  

placeholder
സംവിധായകൻ കമൽ 

'ഈ പുഴയും കടന്നി'ല്‍ ഗിരീഷ് ഗാനരചയിതാവായി കടന്നുവന്നത് അങ്ങനെയാണ്. ജോണ്‍സണുമായിച്ചേര്‍ന്ന് ഗിരീഷ് ആ സിനിമയ്ക്കുവേണ്ടി സൃഷ്ടിച്ച പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സ്വാഭാവികമായും അടുത്ത പടത്തിലും ഗിരീഷിനെ പരീക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്നു കമല്‍. അവിടെയും വിജയകഥ ആവര്‍ത്തിച്ചു. 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാല'ത്തില്‍ ഗിരീഷ്-വിദ്യാസാഗര്‍ സഖ്യം ഒരുക്കിയ പാട്ടുകള്‍ എങ്ങനെ മറക്കാന്‍...

ഈഗോയില്ലാതെ അവര്‍ ഇരുവരും

''തുടര്‍ച്ചയായി ഗിരീഷിനെ ആശ്രയിക്കുന്നത് കൈതപ്രത്തെ വിഷമിപ്പിക്കുമെന്നറിയാഞ്ഞിട്ടല്ല. ഇത്രയേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കൈതപ്രത്തെ അവഗണിക്കാന്‍ പാടില്ല എന്ന് മനസ്സ് പറയുന്നു. എന്നാല്‍ ഗിരീഷിനെ മാറ്റി കൈതപ്രത്തിലേക്ക് തിരിച്ചുചെന്നാല്‍ അതിലും വലിയ പ്രശ്‌നമാകും. അടുത്ത പടം ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതായിരുന്നു: ആരെക്കൊണ്ട് പാട്ടെഴുതിക്കണം? കൈതപ്രവും ഗിരീഷും എന്റെ അടുത്ത സുഹൃത്തുക്കള്‍, പ്രതിഭാശാലികള്‍. രണ്ടുപേരെയും പിണക്കാന്‍ വയ്യ,''- കമല്‍.

ആ ആശയക്കുഴപ്പത്തില്‍നിന്നാണ്, രഞ്ജിത്ത് തിരക്കഥയും സംഭാഷണവുമെഴുതി കമല്‍ സംവിധാനംചെയ്ത 'കൈക്കുടന്ന നിലാവ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലെ അത്യപൂര്‍വമായ ആ സംഗീതസഖ്യത്തിന്റെ പിറവി. രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പടത്തിന്റെ കഥാചര്‍ച്ചയ്ക്കിടെ രഞ്ജിത്തിനോട് തമാശയായി കമല്‍ പറഞ്ഞു: ''കൈതപ്രത്തെയും ഗിരീഷിനെയും പിണക്കാതിരിക്കാന്‍ ഒരൊറ്റവഴിയേ കാണുന്നുള്ളൂ. ഗിരീഷ് പാട്ടെഴുതി തിരുമേനി കംപോസ് ചെയ്യട്ടെ.''പൊട്ടിച്ചിരിയോടെയാണ് രഞ്ജിത്ത് ആ നിര്‍ദേശത്തെ വരവേറ്റത്: ''എന്നാപ്പിന്നെ അവരുടെ അടിതീര്‍ക്കാനേ നമുക്ക് സമയം കാണൂ.''

ഒരേ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന, പരസ്പരം മത്സരിക്കാന്‍ വിധിക്കപ്പെട്ട രണ്ടുപേര്‍ക്കിടയില്‍ ഈഗോ ഉണ്ടാകുന്നത് സ്വാഭാവികം. അതൊരു കലഹമായിമാറുന്നത് സിനിമയ്ക്ക് ഒട്ടും ഗുണം ചെയ്യില്ല. ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു രഞ്ജിത്തിന്റെ അഭിപ്രായം. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുതുമയാണല്ലോ അത്.

പുതിയ ആശയവുമായി കമല്‍ ആദ്യം കണ്ടു സംസാരിച്ചത് കൈതപ്രത്തെ. അദ്ഭുതമായിരുന്നു തിരുമേനിക്ക്. ''ഞാന്‍ ട്യൂണിട്ടാല്‍ അയാള്‍ എഴുതുമോ?'', കൈതപ്രത്തിന്റെ ചോദ്യം. എഴുതിയില്ലെങ്കില്‍ എഴുതിക്കും എന്ന് കമല്‍. കാര്യമറിഞ്ഞപ്പോള്‍ ഗിരീഷിന്റെ മുഖത്തും അവിശ്വസനീയത: ''ഞാനെഴുതിയാല്‍ അയാള്‍ ട്യൂണ്‍ ചെയ്യുമോ''എന്നാണ് ഗിരീഷിന്റെ സംശയം. ''നീ എഴുതിയാല്‍ മതി, ബാക്കിയെല്ലാം ഞാനും രഞ്ജിത്തും നോക്കിക്കൊള്ളാം''എന്ന് വാക്കുകൊടുത്തശേഷമേ ഗിരീഷിന് സമാധാനമായുള്ളൂ എന്നോര്‍ക്കുന്നു കമല്‍. 

ഹോട്ടല്‍ മഹാറാണിയിലും വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസിലും വെച്ചായിരുന്നു ഗാനസൃഷ്ടി. സാക്ഷികളായി കമലും രഞ്ജിത്തും മാത്രം. ''പ്രതീക്ഷിച്ചപോലുള്ള പൊട്ടലും ചീറ്റലുമൊന്നുമുണ്ടായില്ല. സര്‍വം സംഗീതമയം, സമാധാനപൂര്‍ണം. ആദ്യത്തെ ട്യൂണ്‍ കൈതപ്രം പാടിക്കേട്ടപ്പോള്‍ ഗിരീഷ് ചോദിച്ചത് ഓര്‍മയുണ്ട്: ''തിരുമേനീ, ഇതിന് കുറച്ചു ഡമ്മി വരികള്‍ തന്നൂടേ? എന്നാല്‍ എനിക്ക് എഴുതാന്‍ എളുപ്പമാകും.'' ചിരിച്ചുകൊണ്ട് കൈതപ്രം പറഞ്ഞു: ''അതുവേണ്ട, ഡമ്മിയാണെങ്കിലും ഞാന്‍ അര്‍ഥമുള്ള വരികളേ എഴുതൂ. അത് പാഴായിപ്പോകുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.'' കളിയും കാര്യവും ഇടകലര്‍ത്തിയുള്ള കൈതപ്രത്തിന്റെ മറുപടി ആസ്വദിച്ച് ചിരിക്കുന്ന ഗിരീഷിന്റെ ചിത്രം ഇന്നുമുണ്ട് കമലിന്റെ ഓര്‍മയില്‍. കൈതപ്രം മൂളിക്കൊടുത്ത ഈണം മനസ്സിലേക്കാവാഹിച്ച് ''മലയണ്ണാര്‍ക്കണ്ണന്‍ മാര്‍കഴിത്തുമ്പിയെ മണവാട്ടിയാക്കും നേരമായി'' എന്ന പാട്ടെഴുതാന്‍ അധികസമയം വേണ്ടിവന്നില്ല ഗിരീഷിന്. യേശുദാസും സുജാതയും വെവ്വേറെ സോളോ ആയി പാടിയ ഗാനം.

കൈതപ്രത്തിന്റെ ഓര്‍മയില്‍

ഗിരീഷുമൊത്തു ചെലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവില്ല കൈതപ്രത്തിനും: ''എനിക്കു വേണ്ടതെന്തെന്ന് ഗിരീഷിനും ഗിരീഷ് മനസ്സില്‍ കാണുന്നതെന്തെന്ന് എനിക്കും എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് ഞങ്ങളുടെ കൂട്ടുകെട്ടിന്റെ വിജയം. മാത്രമല്ല ഗിരീഷിന്റെ ഉള്ളില്‍ താളബോധമുള്ള നല്ലൊരു ഗായകന്‍ കൂടിയുണ്ട്. രാഗങ്ങളെക്കുറിച്ചുമുണ്ട് വ്യക്തമായ ധാരണ.' മംഗളദീപവുമായി' (എം.ജി. ശ്രീകുമാര്‍/ ചിത്ര, ശബ്നം) എന്ന ഗാനം പന്തുവരാളിയിലും 'കാവേരിതീരത്തെ' (ചിത്ര) ആനന്ദഭൈരവിയിലും 'വാലിട്ടു കണ്ണെഴുതും' (യേശുദാസ്) ആഭേരിയിലുമാണ് കൈതപ്രം സ്വരപ്പെടുത്തിയത്.

placeholder

''ആദ്യം എഴുതി ചിട്ടപ്പെടുത്തിയതാണ് ഇനിയും പരിഭവമരുതേ എന്ന ഗാനം,'' കൈതപ്രം ഓര്‍ക്കുന്നു. ''ഗിരീഷിന്റെ പാട്ടുകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ട രചനകളിലൊന്ന്. ആഭോഗി രാഗസ്പര്‍ശം നല്‍കി ആ വരികള്‍ ഈണമിട്ട് പാടിക്കേള്‍പ്പിച്ചപ്പോള്‍ ഗിരീഷിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം മറക്കാനാവില്ല. ദാസേട്ടന്‍ അത് ആസ്വദിച്ച് പാടുകയും ചെയ്തു.'' കോഴിക്കോട്ടും ചെന്നൈയിലും വെച്ചായിരുന്നു കൈക്കുടന്ന നിലാവിലെ പാട്ടുകളുടെ റെക്കോഡിങ്.

പാട്ടുകളൊരുക്കി വിടവാങ്ങുമ്പോള്‍ ഗിരീഷ് ഒരുകാര്യം പറഞ്ഞു:''അടുത്ത പടത്തിലും ഞങ്ങളെ ഒരുമിപ്പിക്കണം. കൈതപ്രം പാട്ടെഴുതട്ടെ. ഞാന്‍ ഈണമിടും. സംഗീതസംവിധാനത്തിലുള്ള എന്റെ കഴിവ് നിങ്ങളെ ബോധ്യപ്പെടുത്തണമല്ലോ.'' തമാശപറയുകയായിരുന്നില്ല ഗിരീഷ് എന്നതിന് ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ കണ്ണുകള്‍ സാക്ഷ്യം. ''അതിനെന്താ, ഞാനും അത് ആലോചിക്കായ്കയല്ല. സമയം ഒത്തുവരട്ടെ.'' കമല്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ആ അവസരം ഒരിക്കലും വന്നുചേര്‍ന്നില്ല. കൈതപ്രമെഴുതി ഗിരീഷ് ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല മലയാളികള്‍ക്ക്. 

തൊഴില്‍പരമായ മത്സരങ്ങള്‍ക്കപ്പുറത്ത് സഹോദരനിര്‍വിശേഷമായ സ്‌നേഹം ഉള്ളില്‍ കാത്തുസൂക്ഷിച്ചവരായിരുന്നു കൈതപ്രവും ഗിരീഷും. ''ഗിരീഷിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ട് ഒരു ലളിതഗാനമാണ്,'' കൈതപ്രം പറയും. ''ചന്ദനവീണയില്‍ ഉണരുവതേതൊരു പന്തുവരാളീ സ്വരതരംഗം, ശുഭപന്തുവരാളീ സ്വരതരംഗം... ഗിരീഷിന്റെ സംഗീതജ്ഞാനം മുഴുവന്‍ എം.ജി. രാധാകൃഷ്ണന്‍ ട്യൂണ്‍ചെയ്ത ആ പാട്ടിലുണ്ട്.''

placeholder
ഗിരീഷ് പുത്തഞ്ചേരി

ഗിരീഷിനൊപ്പമുള്ള അവസാനത്തെ ട്രെയിന്‍ യാത്ര കൈതപ്രം ഓര്‍ത്തെടുക്കുന്നതിങ്ങനെ: ''ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടാണ് ഗിരീഷിന്റെ വരവ്. പേനയും കൈയിലെന്തോ മണിപോലത്തെ ഒരു സാധനവുമുണ്ട്. അതെല്ലാം കൈയില്‍ തന്ന് പ്രാര്‍ഥിച്ച് തിരികെ കൊടുക്കാന്‍ പറഞ്ഞു. കൊടുത്തപ്പോള്‍ കണ്ണുകള്‍ചിമ്മി അവ നെഞ്ചോടുചേര്‍ത്തു ഗിരീഷ്. പിന്നെ വീട്ടിലേക്കു വിളിച്ച്, കൈതപ്രത്തെ കണ്ടു, പേന പൂജിച്ചുവാങ്ങി എന്നൊക്കെ വിശദമായി പറയുന്നത് കേട്ടു. കോഴിക്കോട്ടെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: ''എന്റെ വണ്ടി വന്നിട്ടുണ്ട്. ഗിരീഷിനെ ഞാന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കാം.'' ആ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ച് തന്നെ കാത്തുനിന്ന കാര്‍ തിരഞ്ഞു പോകുകയാണ് ഗിരീഷ് ചെയ്തത്. അതായിരുന്നു അവസാന കാഴ്ച.''

''പച്ചവെള്ളം പോലെ ശുദ്ധനായ മനുഷ്യനാണ് ഗിരീഷ്,'' കൈതപ്രത്തിന്റെ വാക്കുകള്‍. ''ഏതു നിറത്തിന്റെ അടുത്തേക്കുപോയാലും ആ വര്‍ണം അയാളില്‍ കാണാം; സ്ഫടികം പോലെ. മദ്യത്തിനടുത്ത് മദ്യത്തിന്റെ നിറം. നല്ല കവിതയുടെ അടുത്ത് കവിതയുടെ നിറം. സംഗീതത്തിനടുത്ത് സംഗീതത്തിന്റെ നിറം. ശുദ്ധനായ മനുഷ്യന്റെ മാത്രം സവിശേഷതയാണത്...''