എഴുതിക്കൊടുത്ത പല്ലവി ഒറ്റത്തവണ വായിച്ചതേയുള്ളൂ ഭരതന്‍. പാട്ടെഴുത്തുകാരന്റെ ആകാംക്ഷാഭരിതമായ മുഖം നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''മതി, ഇതിലുണ്ട് എന്റെ കഥാപാത്രത്തിന്റെ മനസ്സ് മുഴുവന്‍.''അത്ഭുതമായിരുന്നു പൂവച്ചല്‍ ഖാദറിനും ജോണ്‍സണും; ആശ്വാസവും. ഇഷ്ടപ്പെട്ട പല്ലവി ഒത്തുകിട്ടും വരെ ഗാനരചയിതാവിനേയും സംഗീതസംവിധായകനേയും ''പിഴിയു''ന്നതാണ് ഭരതന്റെ ശൈലി. എളുപ്പം ചുണ്ടിലും മനസ്സിലും തങ്ങുന്ന ഒരു തുടക്കമാണ് ഗാനത്തെ ശ്രോതാവിന്റെ ഹൃദയത്തോട് എളുപ്പം ചേര്‍ത്തുനിര്‍ത്തുക എന്ന് മറ്റാരെക്കാളും അറിയാം ഭരതന്. അത്തരമൊരു പല്ലവിക്ക് വേണ്ടി എത്ര നാള്‍ വേണമെങ്കിലും കാത്തിരിക്കാന്‍ ഭരതന്‍ തയ്യാര്‍. അതുകൊണ്ടുതന്നെ ആദ്യമെഴുതിയ വരി ഭരതന്‍ ഓക്കേ ചെയ്തു എന്നത് വലിയ കാര്യം. മലയാളികളുടെ പുതുതലമുറപോലും സ്‌നേഹപൂര്‍വ്വം മൂളിനടക്കുന്ന 'പാളങ്ങളി'ലെ പ്രണയഗീതത്തിന്റെ പിറവി ആ 'ഓക്കേ'യില്‍ നിന്നായിരുന്നു: ''ഏതോ ജന്മകല്‍പ്പനയില്‍ ഏതോ ജന്മവീഥികളില്‍ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മള്‍ ഒന്നായി....'' മലയാളിമനസ്സില്‍ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം.
മുറതെറ്റാതെ മാസത്തിലൊരിക്കലെങ്കിലും പാതിരാത്രി വിളിച്ചുണര്‍ത്തി ''ഏതോ ജന്മകല്‍പ്പനയില്‍'' ഫോണിലൂടെ പാടിക്കേള്‍പ്പിക്കാറുള്ള ഒരു വായനക്കാരനുണ്ടെനിക്ക്. രണ്ടെണ്ണം അകത്താക്കിയ ശേഷമുള്ള വികാരപ്രകടനം മാത്രമല്ല അത്. അകാലത്തില്‍ വിടപറഞ്ഞ കൗമാരകാല കാമുകിയെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മ കൂടിയാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിട്ടും ഓരോ തവണയും ആ പാട്ട് കേള്‍ക്കുമ്പോള്‍ നിശ്ശബ്ദമായി വിതുമ്പിപ്പോകാറുണ്ടെന്ന് പറയുന്നു അയാള്‍. ''മരണം വരെ ഈ പാട്ട് എന്നെ വിട്ടുപോകരുതേ എന്നാണെന്റെ പ്രാര്‍ത്ഥന.'' ഒരു സിനിമാപ്പാട്ട് മനുഷ്യ ജീവിതത്തെ എത്രത്തോളം തീവ്രമായി സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം.

വാണീജയറാമും ഉണ്ണിമേനോനുംചേര്‍ന്ന് പാടിയ ഗാനം പടം പുറത്തിറങ്ങിയ കാലത്ത് അത്ര ഹിറ്റായിരുന്നില്ല എന്ന് പൂവച്ചല്‍ ഓർക്കുന്നു. ''പക്ഷേ, പതുക്കെ ആളുകള്‍ പാട്ട് ഏറ്റെടുത്തു. പലരും അവരുടെ ഇഷ്ടഗാനമായി 'ഏതോ ജന്മകല്‍പ്പനയില്‍' എടുത്തുപറയുമ്പോള്‍ വലിയ സന്തോഷം തോന്നും. ഭരതേട്ടനെയും ജോണ്‍സണെയും ഓര്‍ക്കും അപ്പോള്‍; ഗാനം മനോഹരമായി ചിത്രീകരിച്ച രാമചന്ദ്രബാബുവിനെയും. അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ആ ഗാനത്തിന്റെ മഹത്വം.'' പാട്ടിനിടയില്‍, മായുന്ന സൂര്യനെ സാക്ഷിയാക്കിയുള്ള നെടുമുടി വേണുവിന്റേയും സറീനാ വഹാബിന്റേയും ''മാല കൈമാറ്റം'' തനിക്കേറ്റവും പ്രിയപ്പെട്ട റൊമാന്റിക് ഷോട്ടുകളില്‍ ഒന്നായി എടുത്തുപറയാറുണ്ടായിരുന്നു രാമചന്ദ്രബാബു. പാടി അഭിനയിച്ച പാട്ടുകളില്‍ സറീനയ്ക്കും ഏറെ പ്രിയങ്കരം 'ഏതോ ജന്‍മകല്പനയില്‍' തന്നെ.
സ്വന്തം സിനിമയിലെ സംഗീതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട് ഭരതന്. ഗാനസന്ദര്‍ഭവും കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളും മാത്രമല്ല ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്ന ലൊക്കേഷന്റെ അന്തരീക്ഷം വരെ ഗാനസ്രഷ്ടാക്കള്‍ക്ക് വിശദമായി വിവരിച്ചുകൊടുക്കും അദ്ദേഹം. ''പാട്ട് ചിത്രീകരിക്കാന്‍ പോകുന്നത് ഷൊര്‍ണൂരിലാണെന്നും റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണെന്നുമൊക്കെ നേരത്തെ തന്നെ പറഞ്ഞിരുന്നു ഭരതേട്ടന്‍. 'പൊന്നിന്‍ പാളങ്ങള്‍ എങ്ങോ ചേരും, നിന്നില്‍ മോഹങ്ങള്‍ മഞ്ഞായ് വീഴും' എന്ന് ചരണത്തില്‍ എഴുതിയത് ആ അന്തരീക്ഷം ഉള്ളില്‍ വെച്ചുകൊണ്ടാണ്. പ്രണയികളുടെ പാട്ടാണല്ലോ.''പൂവച്ചല്‍ ഓര്‍ക്കുന്നു.
പൂവച്ചലും ജോണ്‍സണുമൊന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു പാളങ്ങള്‍. ''തുറന്ന ജയില്‍'' എന്ന സിനിമയില്‍ പാട്ടൊരുക്കുമ്പോള്‍ താരതമ്യേന തുടക്കക്കാരനാണ് ജോണ്‍സണ്‍. ദേവരാജന്‍ സ്‌കൂളിന്റെ പിന്മുറക്കാരന്‍ ആയതിനാലാവണം, പാട്ടെഴുതി ട്യൂണ്‍ ചെയ്യാനായിരുന്നു അന്നദ്ദേഹത്തിന് താല്പര്യം. പക്ഷെ, പക്ഷേ പാളങ്ങളില്‍ കഥ മാറി. ആദ്യം ഈണമിട്ട് പാട്ടെഴുതിക്കുന്നതിലേക്ക് മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം. എങ്കിലും വരികളുടെ ആശയത്തിനും അര്‍ത്ഥഭംഗിക്കും തരിമ്പും പോറലേല്‍ക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ''ഈണത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പാട്ടെഴുതുമ്പോള്‍ എപ്പോഴും സന്ദര്‍ഭത്തിന് ഇണങ്ങുന്ന വാക്കുകള്‍ വീണുകിട്ടണം എന്നില്ല. എന്നാല്‍ ഈ പാട്ടില്‍ കഥാഗതിയോട് ചേര്‍ന്നുനില്‍ക്കുന്ന വരികള്‍ എഴുതാന്‍ പറ്റി. 'ഒരു നിമിഷം, ഈ ഒരു നിമിഷം വീണ്ടും നമ്മള്‍ ഒന്നായ്' എന്നും 'തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും, കണ്ണില്‍ നിര്‍ത്താതെ പൊള്ളും ഓരോ നോക്കും ഇടയുന്നു' എന്നുമൊക്കെ എഴുതാന്‍ കഴിഞ്ഞത് അതുകൊണ്ടാവാം.''

'ഏതോ ജന്മകല്‍പ്പനയില്‍' എന്ന ഗാനം ഇത്രയേറെ ആരാധകരെ സൃഷ്ടിക്കുമെന്ന് പൂവച്ചലിനെ പോലെ ജോണ്‍സണും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ''യേശുദാസും വാണീജയറാമും പാടിയ 'പൂകൊണ്ട് പൂമൂടി' എന്ന ഗാനം ഹിറ്റാകുമെന്നായിരുന്നു പ്രതീക്ഷ.'' ജോണ്‍സന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. ''ആ ഗാനം തന്നെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ പില്‍ക്കാലത്ത് ഏതോ ജന്മകല്‍പ്പനയില്‍ ഒരു കള്‍ട്ട് സോംഗ് ആയി മാറി എന്നതാണ് അത്ഭുതകരം. ഈണം മാത്രമല്ല വരികളും ആലാപനവും ഒക്കെ അതിന് സഹായിച്ചിരിക്കാം. പലരും പാട്ടിലെ ഹമ്മിംഗ് പോലും എടുത്തുപറയാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ ഉണ്ണിമേനോനെ ഓര്‍ക്കും. ചെറിയൊരു സങ്കോചത്തോടെയാണ് ഞാന്‍ ഉണ്ണിയെ റെക്കോര്‍ഡിംഗിന് വിളിച്ചത്. എനിക്ക് വേണ്ടി ആദ്യം പാടുകയാണ് ഉണ്ണി. സാമാന്യം തിരക്കുള്ള ഒരു ഗായകനെ ഹമ്മിംഗ് പാടാന്‍ മാത്രം വിളിക്കുന്നത് ശരിയല്ലല്ലോ. പക്ഷേ യാതൊരു വൈമനസ്യവും കൂടാതെ സന്തോഷത്തോടെ വന്നു പാടി ഉണ്ണി.''
വാണീജയറാം തന്നെ വേണം ഗായികയായി എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു ഭരതനും ജോണ്‍സണും. രണ്ടു പേര്‍ക്കുമുണ്ട് വാണിയമ്മയുടെ ശബ്ദത്തോടും ആലാപനത്തോടും സവിശേഷമായ ഒരു പ്രണയം. ഭരതനും ജോണ്‍സണും ഒന്നിച്ച ആദ്യ ചിത്രമായ ''പാര്‍വതി''യിലെ മൂന്ന് പാട്ടിലുമുണ്ടായിരുന്നു വാണീജയറാമിന്റെ സ്വരസാന്നിധ്യം 'നന്ദസുതാവര തവജനനം, കുറുമൊഴിയോ മഴമഴ മുകില്‍ നിരയോ, തകതിന്തിമി. '
''സാധാരണ ഗായികയല്ല വാണിയമ്മ. അസാമാന്യ ശാസ്ത്രീയ സംഗീതജ്ഞാനമുള്ള ആളാണ്. ആ ജ്ഞാനം സിനിമാപ്പാട്ടില്‍ അനാവശ്യമായി പ്രയോഗിക്കാതിരിക്കാനും അറിയാം അവര്‍ക്ക്. നമ്മള്‍ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് പാട്ടിനെ ഉയര്‍ത്തിക്കൊണ്ടുപോകാനുള്ള കഴിവ് തന്നെയാണ് വാണിയമ്മയെ ഒരു കമ്പോസറുടെ പ്രിയഗായികയാക്കി മാറ്റുന്നത്. എന്റെ സിനിമാജീവിതത്തിന് നല്ലൊരു തുടക്കം ലഭിച്ചതില്‍ അവര്‍ക്ക് സുപ്രധാനമായ റോള്‍ ഉണ്ടായിരുന്നു.'' ജോണ്‍സണ്‍ മാസ്റ്ററുടെ വാക്കുകള്‍.

ദേവരാജന്‍ മാസ്റ്ററുടെയും എ. ടി ഉമ്മറിന്റെയുമൊക്കെ ഓര്‍ക്കസ്ട്ര സഹായി ആയിരുന്ന കാലത്തേ ജോണ്‍സണെ അറിയാം വാണീജയറാമിന്. ''പലപ്പോഴും ഹാര്‍മോണിയം വായിച്ചു പാട്ട് പഠിപ്പിച്ചുതരുക ജോണ്‍സണ്‍ മാസ്റ്ററാണ്. അസാധ്യ ഭാവത്തോടെയാണ് പാടുക.'' വാണിയമ്മ ഓര്‍ക്കുന്നു. ''തനിക്ക് വേണ്ടതെന്തെന്ന് കൃത്യമായ ബോധമുള്ള സംഗീതസംവിധായകന്‍. അത് ഗായകരില്‍ നിന്ന് കിട്ടുംവരെ അദ്ദേഹം പഠിപ്പിച്ചുകൊണ്ടേയിരിക്കും.'' 'ഏതോ ജന്മകല്‍പ്പനയില്‍' ജോണ്‍സണ്‍ പാടിത്തരുന്നതിന്റെ മങ്ങിയ ഓര്‍മ്മയേയുള്ളു വാണിയ്ക്ക്. ''പാടുമ്പോള്‍ അത് ഇത്രത്തോളം ജനകീയമാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ പോലും 'ഏതോ ജന്മകല്‍പ്പനയെ' കുറിച്ച് ആരാധനയോടെ സംസാരിച്ചുകേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും.''
'പാളങ്ങള്‍'ക്ക് പിന്നാലെ വന്ന ഭരതന്‍ ചിത്രമായ 'ഓര്‍മ്മക്കായി'യിലും എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു ഈണം ജോണ്‍സണ്‍ വാണിയ്ക്ക് സമ്മാനിച്ചു: 'മൗനം പൊന്മണി തംബുരു മീട്ടും...''ഏതോ ജന്മകല്‍പ്പനയില്‍' എന്ന പാട്ടിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് ചരണങ്ങള്‍ക്കിടയില്‍ രണ്ടുവട്ടം കടന്നുവരുന്ന അതീവ ഹൃദ്യമായ ഹമ്മിംഗ് തന്നെ. അങ്ങേയറ്റം റൊമാന്റിക് ആയ ഒരു മൂളല്‍. മുന്നേറ്റം, കടത്ത്, ഈ നാട് എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായി വരുന്നേയുള്ളൂ അക്കാലത്ത് ഉണ്ണിമേനോന്‍. ''എങ്കിലും ട്രാക്ക് പാടുന്ന പതിവ് ഉപേക്ഷിച്ചിരുന്നില്ല. ശ്യാം സാര്‍ ആണ് അക്കാലത്ത് ഏറെയും അവസരങ്ങള്‍ തന്നിരുന്നത്. അതുകൊണ്ടുതന്നെ ജോണ്‍സണ്‍ മാഷെ പോലൊരാള്‍ വിളിച്ചപ്പോള്‍, അത് ഹമ്മിംഗിന് വേണ്ടി മാത്രമെങ്കില്‍ പോലും, നിരസിക്കാന്‍ മനസ്സ് വന്നില്ല. ഹമ്മിംഗ് എങ്കില്‍ ഹമ്മിംഗ്. അത്രയേ ചിന്തിച്ചുള്ളൂ. പക്ഷേ മാസ്റ്റര്‍ ആ ഭാഗം മൂളിക്കേള്‍പ്പിച്ചപ്പോള്‍ അതിന്റെ ഫീല്‍ മനസ്സിനെ തൊട്ടു. ഇന്ന് ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ ഭാഗം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. ടൈമിംഗില്‍ ചെറിയൊരു പ്രശ്‌നം ഉള്ളപോലെ.'' ഒന്നു നിര്‍ത്തി ഉണ്ണി കൂട്ടിച്ചേര്‍ക്കുന്നു. ''ദൈവാനുഗ്രഹത്താല്‍ അതൊന്നും ആരും ശ്രദ്ധിച്ചില്ല. ആ പാട്ടിന്റെ ഭംഗിയെ കുറിച്ചും ഹമ്മിംഗിനെക്കുറിച്ചുമൊക്കെ ആളുകള്‍ ഇത്ര കാലത്തിനു ശേഷവും പറഞ്ഞുകേള്‍ക്കുമ്പോള്‍ സന്തോഷം മാത്രം.''

പില്‍ക്കാലത്ത് ഒരു പിടി നല്ല ഗാനങ്ങള്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഈണത്തില്‍ പാടി ഉണ്ണി. പാവക്കൂത്തിലെ 'സാരംഗി മാറിലണിയും', മിമിക്‌സ് പരേഡിലെ 'ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍', ശുഭയാത്രയിലെ 'സിന്ദൂരം തൂവും' എന്നിവ ഉദാഹരണം. കൈതപ്രം കഴിഞ്ഞാല്‍ ജോണ്‍സണുമൊത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ സൃഷ്ടിച്ചത് പൂവച്ചല്‍ ഖാദറാണ്. 'തുറന്ന ജയിലി'ല്‍ (1982) ജയചന്ദ്രനും വാണീജയറാമും പാടിയ 'ശാലീനഭാവത്തിന്‍ ചാരുത ചാര്‍ത്തി ഓരോ പ്രഭാതവും വന്നു' എന്ന ഗാനത്തില്‍ നിന്ന് തുടങ്ങുന്നു അവരുടെ ജൈത്രയാത്ര. തുടര്‍ന്ന് പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം (സന്ദര്‍ഭം), രാഗിണി രാഗരൂപിണി, മഴവില്ലിന്‍ മലര്‍ തേടി (കഥ ഇതുവരെ), കരളിലെ കിളിപാടി (അക്കച്ചീടെ കുഞ്ഞുവാവ), അനുരാഗിണീ (ഒരു കുടക്കീഴില്‍), മന്ദാരച്ചെപ്പുണ്ടോ (ദശരഥം) തുടങ്ങി വേറെയും ഹിറ്റ് ഗാനങ്ങള്‍.
''ജോണ്‍സണെ ഓര്‍ക്കാത്ത ദിവസങ്ങള്‍ അപൂര്‍വമാണ് എന്റെ ജീവിതത്തില്‍. എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച സംഗീത സംവിധായകരില്‍ ഒരാള്‍. ജോണ്‍സന്റെ വേര്‍പാട് തീരാത്ത വേദനയാണ് ഇന്നുമെനിക്ക്..'' ഏതോ ജന്മവീഥികളില്‍ വെച്ച് കണ്ടുമുട്ടി ഒരുമിച്ച ശേഷം, യാത്ര പോലും പറയാതെ ഒരു നാള്‍ പിരിഞ്ഞ പ്രിയസുഹൃത്തിന്റെ ഓര്‍മ്മകളില്‍ ഒരിക്കല്‍ പൂവച്ചല്‍ പറഞ്ഞു.
Content Highlights: the bond between johnson and poovachal khader
Published: 26 May 2025, 03:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented