തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, തങ്ങളുടെ ബന്ധത്തെപ്പറ്റി ഇതുവരെയൊന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിജയുമായി പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രശ്മിക മന്ദാന. ചെന്നൈയിൽ 'പുഷ്പ 2'-വിന്റെ പ്രീറിലീസിൽ പങ്കെടുക്കവേ 'നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നാണോയെന്ന് ഒരാൾ ചോദിച്ചു. ഇതിന് മറുപടിയായി താരം പറഞ്ഞത്, എല്ലാവർക്കും അതിനെപ്പറ്റി അറിയാമെന്നായിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ പേരെടുത്തു പറയാതെയാണ് താരം ഇക്കാര്യം പറഞ്ഞത്. 

'എനിക്കറിയാം നിങ്ങൾക്ക് വേണ്ട ഉത്തരമിതാണെന്നും'- രശ്മിക പറഞ്ഞു. വലിയ ആവേശത്തോടെയാണ് കൂടിനിന്നവർ അതേറ്റുപിടിച്ചത്. 

താൻ സിംഗിളല്ലെന്നും ഡേറ്റിങ്ങിലാണെന്നും വിജയ് തുറന്നു പറഞ്ഞത് ദിവസങ്ങൾക്കുമുമ്പാണ്. അതിനു പിന്നാലെ, ശ്രീലങ്കയിൽ ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 'എനിക്ക് 35 വയസ്സായി, ഞാൻ സിംഗിളായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ' എന്നായിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിജയ് ദേവരക്കൊണ്ടയുടെ പ്രതികരണം.

ഉപാധിരഹിതമായ പ്രണയം എന്നൊന്നുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. പ്രണയിക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം, തന്റെ പ്രണയം പ്രതീക്ഷകൾക്കൂടി ചേർന്നതാണെന്നും പ്രണയത്തിൽ ഉപാധികളുണ്ടാകുന്നതിൽ തെറ്റില്ലെന്നാണ് കരുതുന്നതെന്നും വിജയ് പറഞ്ഞു. സഹതാരത്തെ മുൻപ് ഡേറ്റ് ചെയ്തിട്ടുണ്ടെന്നും താരം സമ്മതിച്ചിരുന്നു. 

വർഷങ്ങളായി പ്രചരിക്കുന്ന പ്രണയ അഭ്യൂഹങ്ങളെ ഇരുവരും എതിർക്കുകയോ സ്വാഗതം ചെയ്യുകയോ ചെയ്തിരുന്നില്ല. ആദ്യമായി ഒന്നിച്ചഭിനയിച്ച 'ഗീതാഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാവുന്നത്. 2018-ലാണ് ചിത്രമിറങ്ങിയത്. 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും ഒന്നിച്ചെത്തി. ഇരുവരും യാത്ര പോകുന്നതും ആഘോഷങ്ങളിൽ ഒന്നിച്ചുണ്ടാകുന്നതും എല്ലാവരും ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ, ഒന്നിച്ചുള്ള ഒരു ചിത്രം പോലും പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇരുവരും സ്വന്തം പേജുകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ സാമ്യതകളുണ്ടെന്ന് ആരാധകർ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്.