'പുഷ്പ 2' സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ തെലങ്കാന പോലീസ് അറസ്റ്റുചെയ്തിരിക്കുകയാണ്. പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതിയെന്ന യുവതി മരിച്ചത്. കേസില്‍ അറസ്റ്റിലാവുന്ന നാലാമത്തെ വ്യക്തിയാണ് അല്ലു അര്‍ജുന്‍. 

അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അര്‍ജുന്‍ 'പുഷ്പ 2'-വിന്റെ തീമിലുള്ള വസ്ത്രമിട്ട് കോഫി കുടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഭാര്യ സ്‌നേഹ റെഡ്ഡിയും സഹോദരന്‍ അല്ലു ശ്രീനിഷും അച്ഛന്‍ അല്ലു അരവിന്ദും അടുത്തായുണ്ട്. പോലീസിനൊപ്പം പോവുന്നതിനു മുമ്പ്‌ ഭാര്യയെ അല്ലു ആശ്വസിപ്പിക്കുന്നതും ചുംബിക്കുന്നതും കാണാം. കോഫി കുടിച്ചു കഴിയുന്നതുവരെ കാത്തുനിന്ന ശേഷമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 

'നമുക്കിനി പോകാം സര്‍, ഞാന്‍ കാപ്പി കുടിച്ചുകഴിഞ്ഞു' എന്ന് അര്‍ജുന്‍ പോലീസിനോട് പറയുകയായിരുന്നു. അല്ലുവിന്റെ ആവശ്യങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് പോലീസ് പറഞ്ഞപ്പോള്‍, 'സര്‍, നിങ്ങള്‍ ഒന്നും ബഹുമാനിച്ചിട്ടില്ല. എനിക്ക് വസ്ത്രം മാറണമെന്നും ഒരാളെ കൂടെ കൂട്ടണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞു, അതു സമ്മതിച്ചില്ല. നിങ്ങള്‍ എന്നെ കൊണ്ടുപോകുന്നതില്‍ തെറ്റില്ല, പക്ഷേ എന്റെ കിടപ്പുമുറിയിലേക്ക് വരുന്നത് അല്പം കടന്നുപോയി, അത് നല്ലതല്ല'-എന്നായിരുന്നു അല്ലു അര്‍ജുന്റെ മറുപടി. 

അരവിന്ദ് പോലീസ് വാഹനത്തില്‍ അര്‍ജുനൊപ്പം കയറാന്‍ ശ്രമിച്ചെങ്കിലും നടനും പോലീസും ഇതിന് അനുവദിച്ചില്ല.

അല്ലു അര്‍ജുന്‍ പ്രീമിയര്‍ ഷോയ്ക്ക് തിയേറ്ററില്‍ എത്തുന്ന വിവരം വൈകിയാണ് പോലീസിനെ അറിയിച്ചതെന്നാണ് വിമര്‍ശനം. അര്‍ജുനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ച യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സന്ധ്യ തിയേറ്ററിന്റെ ഉടമക്കെതിരേയും രണ്ട് ജീവനക്കാര്‍ക്കെതിരേയും നേരത്തേ കേസെടുത്തു, ഇവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.