ചെറുപ്പംതൊട്ടേ ബോളിവുഡിനോട് അഭിനിവേശമുണ്ടായിരുന്ന വ്യക്തിയാണ് നടൻ രൺവീർ സിങ്. സിനിമ കാണാനും ഷൂട്ടിങ് കാണാനുമുള്ള അവസരങ്ങളൊന്നും തന്നെ പാഴാക്കിയിരുന്നില്ല. കൗമാരത്തിലൊരിക്കൽ ഷൂട്ടിങ് കാണാൻ പോയപ്പോഴുണ്ടായ, അല്പം നാണക്കേടുണ്ടാക്കിയ അനുഭവം രൺവീർ സിങ് മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. അക്ഷയ് കുമാർ, അനിൽ കപൂർ, വരുൺ ധവാൻ തുടങ്ങിയവർക്കൊപ്പം ഒരഭിമുഖത്തിലായിരുന്നു അത്.

1994-ലിറങ്ങിയ, അക്ഷയ് കുമാറും രവീണ ടണ്ടനും അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം 'മോഹ്‌റ'യുടെ സെറ്റിൽ രൺവീർ പോയിരുന്നുവത്രേ. രവീണ ഒരു വെളുത്ത സാരിയായിരുന്നു ഉടുത്തിരുന്നതെന്ന് രൺവീർ പറഞ്ഞതും അക്ഷയ് തിരുത്തി, അതൊരു മഞ്ഞ സാരിയായിരുന്നുവെന്ന് വ്യക്തമാക്കി. പ്രശസ്തമായ 'ടിപ് ടിപ് ബർസാ പാനി' എന്ന മഴപ്പാട്ടിൻ്റെ ചിത്രീകരണത്തിനിടയിലേക്കാണ് രൺവീർ കയറിച്ചെന്നതെന്ന് ഇതോടെ എല്ലാവർക്കും വ്യക്തമായി.

രൺവീർ തുടർന്നു, "ഞാനൊരു കുട്ടിയായിരുന്നു, ഞാൻ രവീണ ജിയെ തുറിച്ചുനോക്കി. ഞാൻ മിഴിച്ചുനോക്കുന്നത് കണ്ട് അവർക്ക് അസ്വസ്ഥതയായി, എന്നെ അവിടെ നിന്ന് കൊണ്ടുപോകാൻ അവർ സെക്യൂരിറ്റിയോടാവശ്യപ്പെട്ടു. സെറ്റിൽ നിന്ന് പോകാൻ പറഞ്ഞപ്പോൾ എൻ്റെ ഹൃദയം തകർന്നുപോയി, കരച്ചിലിൻ്റെ വക്കിലെത്തി നിൽക്കുമ്പോഴാണ് ഒരു കൈ എൻ്റെ തോളിൽ പതിക്കുന്നത്. അക്ഷയ് കുമാറായിരുന്നു. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ആ തേജസ്സുള്ള മുഖം, അക്ഷയ് കുമാർ എന്നോട് പറഞ്ഞു, 'എനിക്ക് നിൻ്റെ ഹെയർകട്ട് ഇഷ്ടപ്പെട്ടു' എന്ന്. ഞാൻ ആവേശത്തിലായി. പുറത്താക്കിയപ്പോൾ എനിക്ക് എത്രമാത്രം വിഷമമായി എന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തു, എന്നിട്ട് മനസ്സിൽ പറഞ്ഞു, 'ദൈവമേ, എന്നെങ്കിലും ഒരു ദിവസം ഞാൻ ഈ മനുഷ്യനെപ്പോലെയാകും.' -രൺവീർ പറഞ്ഞു.

ഇതിനിടെ, രവീണയുടെ കൂടെ ഫോട്ടോ എടുത്തോ എന്ന് വരുൺ ധവാൻ കുസൃതിയോടെ ചോദിച്ചപ്പോൾ നിരാശയോടെ ഇല്ലെന്നും താരം മറപുടി പറഞ്ഞു. യൗവ്വനത്തിൽ സ്വന്തം പ്രയത്നത്തിൽ സിനിമാലോകത്തെത്തിയ രൺവീർ ഇന്ന് ബോളിവുഡിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi