സോഹ അലി ഖാന്‍, ആമിര്‍ ഖാന്‍, കുനാല്‍ കപൂര്‍ തുടങ്ങിയവര്‍ അഭിനയിച്ച 'രംഗ് ദേ ബസന്തി' ഇന്നും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. 2006-ല്‍ പുറത്തിറങ്ങിയതാണ് ചിത്രം. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും, പുനരാവിഷ്‌കരിക്കാന്‍ പ്രയാസമുള്ള ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസ് ആണിതെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍, റിലീസ് സമയത്ത് ചിത്രത്തിന്റെ വിജയം ഒട്ടും ഉറപ്പായിരുന്നില്ല.

ചിത്രത്തിന്റെ ആദ്യ നാളുകളിലെ അനിശ്ചിതത്വത്തെക്കുറിച്ച് സോഹ അലി ഖാന്‍ ഓര്‍ത്തെടുത്തു. സൂമിന് നല്‍കിയ ഒരു സമീപകാല അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമയുടെ ഭാവിയെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് അത്രയധികം ഉറപ്പില്ലാതിരുന്നതിനാല്‍, അവര്‍ അഭിനേതാക്കളോട് അവരുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന് സോഹ വെളിപ്പെടുത്തി.

'ആ ചിത്രം അത്രയധികം പണം നേടുമെന്നോ ആളുകളുടെ ഹൃദയത്തെ അത്രയധികം സ്പര്‍ശിക്കുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. സത്യത്തില്‍, ഞങ്ങള്‍ സിനിമയുടെ പ്രൊമോഷന്‍ നടത്തുമ്പോള്‍ നിര്‍മ്മാതാക്കള്‍ വിളിച്ച് പറഞ്ഞു, 'ഞങ്ങള്‍ തന്ന പണത്തില്‍ കുറച്ച് തിരികെ തരാമോ? കാരണം ഈ സിനിമ വിജയിക്കുമോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല.' ഞങ്ങളെല്ലാവരും പണം തിരികെ നല്‍കി. ഞങ്ങള്‍ കരുതി, 'ശരി, കുഴപ്പമില്ലെന്ന്'

എന്നാല്‍ ആ സിനിമ ഒരു ഹിറ്റായി മാറി. എന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു അത്. എന്റെ യാത്രയില്‍ എപ്പോഴും വേറിട്ടുനില്‍ക്കുന്ന ഒന്ന്' സോഹ ഓര്‍ത്തു. 'ഞങ്ങള്‍ ഏകദേശം ഒരു വര്‍ഷത്തോളം ഇന്ത്യയിലുടനീളം പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ യാത്ര ചെയ്ത് ഷൂട്ട് ചെയ്തു.

വളരെ അടുത്ത ബന്ധമുള്ള ഒരു സംഘമായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ഓരോ ഷോട്ടും ലൈറ്റ് ചെയ്യാന്‍ സമയമെടുക്കുമ്പോള്‍ ഞങ്ങള്‍ മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിക്കുമായിരുന്നു, അത് ശരിയുമായിരുന്നു.

ചിലപ്പോള്‍ അതിന് അര ദിവസം വരെ എടുക്കുമായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചു. സൗഹൃദങ്ങള്‍ രൂപപ്പെട്ടു, അക്കാലത്ത് ഞങ്ങള്‍ കരുതി, 'നമ്മള്‍ എന്നന്നേക്കും സുഹൃത്തുക്കളായിരിക്കും.' എന്നാല്‍ ഇപ്പോള്‍ ഒരു ജീവിതകാലം മുഴുവന്‍ സംസാരിക്കാത്തതുപോലെ തോന്നുന്നു. കാലക്രമേണ എല്ലാവരുടെയും ഇടയില്‍ ഇത് സംഭവിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.' സിനിമയില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് സോഹ പറഞ്ഞു.

വിശാല്‍ ഫൂരിയ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലറായ 'ചോരി 2'-ലാണ് സോഹ അവസാനമായി അഭിനയിച്ചത്. 2018-ല്‍ 'സാഹേബ് ബീവി ഓര്‍ ഗ്യാങ്സ്റ്റര്‍ 3'-ല്‍ പ്രത്യക്ഷപ്പെട്ട ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സോഹയുടെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവാണ് 'ചോരി 2'. ചിത്രത്തില്‍ നുസ്രത്ത് ഭറൂച്ച, ഗഷ്മീര്‍ മഹാജനി, ജിതേന്ദ്ര കുമാര്‍ എന്നിവരും അഭിനയിക്കുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi