തെലുങ്കിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ റാണ ദഗ്ഗുബാട്ടി, കരിയറിന്റെ തുടക്കത്തിൽ തന്നെ ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ആ സമയത്ത് റാണ ദഗ്ഗുബാട്ടിയും ബോളിവുഡ് നടി ബിപാഷ ബസുവും അടുപ്പത്തിലായിരുന്നു എന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ദം മാരോ ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. ഇരുവരും ഒന്നിച്ച് പല പരിപാടികൾക്കുമെത്തിയതും പരസ്പരം വലിയ അടുപ്പം കാണിച്ചതും ഗോസിപ്പുകൾക്ക് വഴിയൊരുക്കി. അഭിമുഖങ്ങളിൽ തങ്ങൾക്കിടയിൽ പ്രണയമാണെന്ന് ബിപാഷ ചില സൂചനകൾ നൽകിയിരുന്നെങ്കിലും മുംബൈയിലെ നല്ലൊരു സുഹൃത്തെന്നാണ് റാണ അവരെ വിശേഷിപ്പിച്ചിരുന്നത്.

To advertise here,

അതേസമയം, റാണ തെന്നിന്ത്യൻ സിനിമകളിലേക്ക് മടങ്ങിയെത്തിയപ്പോൾ, ബിപാഷയുമായുള്ള പ്രണയഗോസിപ്പുകളും കെട്ടടങ്ങി. 2012-ഓടെ ഇരുവരും വേർപിരിഞ്ഞുവെന്നായിരുന്നു വന്ന വാർത്തകൾ.

ഇതിനു പിന്നാലെയാണ് റാണ തെന്നിന്ത്യൻ താരം തൃഷയുമായി സൗഹൃദമുണ്ടാക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ റാണയും തൃഷയും തമ്മിലുള്ള പ്രണയമാണ് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചത്.

റെസ്റ്റോറന്റുകൾ, പാർട്ടികൾ, അവാർഡ് ഫംഗ്ഷനുകൾ തുടങ്ങി പല അവസരങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നായിരുന്നു പലപ്പോഴും അവർ മാധ്യമങ്ങളോടു പറഞ്ഞത്. എങ്കിലും അടുപ്പം വിവാഹത്തിലെത്തുമെന്ന് തന്നെ ആരാധകർ കരുതി. ഇരുവരുടെയും വിവാഹ വാർത്ത പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇവർ വേർപിരിയുകയും ചെയ്തു. നടൻ്റെ സഹതാരങ്ങളുമായും മറ്റ് സ്ത്രീകളുമായുള്ള നിരന്തരമായ ബന്ധങ്ങളായിരുന്നു വേർപിരിയലിന് പിന്നിലെന്ന് അന്ന് ഊഹാപോഹങ്ങളുണ്ടായി. യഥാർഥകാരണം വ്യക്തമല്ലെങ്കിലും അന്നു ചില സൂചനകൾ പുറത്തുവന്നു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രമായ "ബാഹുബലി"യുടെ തിരക്കുകൾക്കുശേഷം റാണ ബോളിവുഡിലേക്ക് വീണ്ടും തിരിച്ചെത്തി. അങ്ങനെ "ദി ലവേഴ്‌സ്" എന്ന ഇംഗ്ലീഷ് ചിത്രത്തിലടക്കം അഭിനയിച്ച ബിപാഷ ബസുവുമായി വീണ്ടും അടുത്തുവെന്നതായിരുന്നു പ്രചരിച്ച ഒരു കാരണം. പക്ഷേ, പ്രണയം അധികകാലമൊന്നും മുന്നോട്ടുപോയില്ല. ഇരുതാരങ്ങളും തങ്ങളുടെ ഉത്തമപങ്കാളികളെ കണ്ടെത്തി സന്തോഷകരമായ കുടുംബബന്ധത്തിലൂടെ മുന്നോട്ടുപോവുകയാണ് ഇപ്പോൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi