ഒരുകാലത്ത് മികച്ച എത്രയോ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് രാം ഗോപാൽ വർമ. രാത്, സത്യ, കോൻ, കമ്പനി, രംഗീല, സർക്കാർ, രക്ത് ചരിത്ര, ഭൂത്...ഇങ്ങനെ എത്രയോ സിനിമകൾ. പരീക്ഷണസിനിമകളും അദ്ദേഹത്തിന് താത്പര്യമുള്ള മേഖല തന്നെയായിരുന്നു.

ആദ്യം ത്രില്ലർ സിനിമകളോടായിരുന്നു ആർജിവിക്ക് താത്പര്യം. എന്നാൽ പിന്നീട് ഇറോട്ടിക് സിനിമകളിലേക്ക് വഴിമാറി അദ്ദേഹം. മികച്ച സിനിമകളെടുത്ത രാം ഗോപാൽ വർമ, കഥയ്ക്ക് പ്രാധാന്യമില്ലാതെ ഗ്ലാമർ മാത്രം നോക്കി സിനിമകൾ ചിത്രീകരിക്കുന്നതിനെതിരെ ആരാധകർ പലപ്പോഴും വിമർശനം ഉയർത്തിയിട്ടുണ്ട്. പലതും സാദാ സെക്‌സ് സിനിമയുടെ നിലവാരത്തിലേക്ക് ഒതുങ്ങിക്കൂടുകയും ചെയ്തു. എന്നാൽ, അവയിൽ പലതും വമ്പൻ കളക്ഷൻ നേടിയെന്നതാണ് യാഥാർഥ്യം. അതിനെക്കുറിച്ച് പിന്നീട് അദ്ദേഹം പറഞ്ഞതിങ്ങനെ, ''പല സിനിമകളും വിജയിച്ചതോടെ ഞാനതിന്റെ ലഹരിയിൽ മതിമറന്നു. ആ വിജയങ്ങൾ എന്നെ അഹങ്കാരിയാക്കി. രംഗീലയും സത്യയുമെല്ലാം എന്നെ അന്ധനുമാക്കിയെന്ന് പറയാം. അതോടെ എന്റെ കാഴ്ചപ്പാട് തന്നെ മാറി''.
ആർ.ജി.വി.യിൽനിന്ന് പ്രതീക്ഷിക്കാത്ത ഇത്തരം സിനിമകൾക്കും കാലക്രമേണ ആസ്വാദകരുണ്ടായി. ഏറ്റവുമൊടുവിൽ 'സാരി' എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. ഗിരി കൃഷ്ണ വർമ സംവിധാനം ചെയ്ത സിനിമയ്ക്കായി രാം ഗോപാൽ വർമയാണ് തിരക്കഥയെഴുതിയതും നിർമിച്ചതും. മലയാളിയായ ആരാധ്യ ദേവി സിനിമയിൽ നായികയായി. എന്നാൽ, റിലീസായപ്പോൾ മുതൽ സിനിമയ്‌ക്കെതിരെ ക്രൂരവിമർശനങ്ങളും ഉയരുന്നുണ്ട്. ഗ്ലാമറിന്റെ അതിപ്രസരമാണ് പലരെയും ചൊടിപ്പിച്ചത്.

എന്നാൽ, അതൊന്നും തന്നെ ബാധിക്കില്ലെന്ന് പറയുകയാണ് അദ്ദേഹം. ''വളരെക്കാലമായി എനിക്കൊരു നിലപാടുണ്ട്. നല്ലതോ മോശമോ ആയി തോന്നുന്നതൊക്കെ ഞാൻ നിർത്തി. കുറ്റംപറഞ്ഞാലും വിമർശിച്ചാലും നല്ലത് പറഞ്ഞാലും എന്നെയത് ബാധിക്കില്ല. അത് സിനിമാമേഖലയുടെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കി''.

സാരിയുടുത്ത ഒരു പെൺകുട്ടിയോട് ഒരാൾക്ക് തോന്നുന്ന അഭിനിവേശമാണ് സിനിമയുടെ കഥ. അതോടെ അയാൾ അപകടകാരിയായി മാറുകയും ചെയ്യുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi