വിജയ്‌യുടെ അവസാനചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'ജനനായകൻ' (Jana Nayagan). പക്ഷേ ചിത്രത്തിന്റെ റിലീസിങ് അനന്തമായി നീളുകയായിരുന്നു. ജനുവരി 9 ആയിരുന്നു ആദ്യത്തെ റിലീസിങ് ഡേറ്റ്. എന്നാൽ സെൻസറിങ് വൈകിയതിനാൽ, അത് നീണ്ടുപോയി.

അതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് ചിത്രം ചോർന്നത്. ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലും ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സിനിമ മുഴുവനായി ചോർന്നതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

'ജനനായകൻ' റിലീസിങ് നീണ്ടപ്പോഴൊക്കെയും തമിഴിലെ മുതിർന്ന താരങ്ങൾ ഉൾപ്പെടെ മൗനം പാലിച്ചിരുന്നു. ദിവസങ്ങൾക്കുമുമ്പ് ചെന്നൈ വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകർ നടൻ രജനീകാന്തിനോട് ജനനായകൻ അനന്തമായി നീളുന്നതിനെക്കുറിച്ച് ചോദ്യം ചോദിച്ചു. എന്നാൽ അതിനോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ''എനിക്കതിനെക്കുറിച്ച് ഒന്നും പറയാനില്ല'', എന്നാണ് രജനി പ്രതികരിച്ചത്. എന്നാൽ മറ്റു ചോദ്യങ്ങളോട് രജനീകാന്ത് കൃത്യമായി പ്രതികരിക്കുകയും ചെയ്തു.

പിന്നാലെ സിനിമ ചോർന്നപ്പോഴും ആദ്യം പ്രതികരിച്ചത് നടൻമാരായ ചിരഞ്ജീവിയും വിശാലും ശിവകാർത്തികേയനുമാണ്. പിന്നാലെ കമൽഹാസനും രജനീകാന്തും മൗനം വെടിഞ്ഞു.

സിനിമ ചോർന്നത് ഏറെ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് രജനീകാന്ത് പറഞ്ഞു. ''ജനനായകൻ എന്ന സിനിമ ആരോ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. സിനിമാ സംഘടനകൾ ഇതിനെതിരെ ശബ്ദമുയർത്തണം. സർക്കാർ കുറ്റവാളികളെ കണ്ടെത്തി അവർക്ക് കടുത്ത ശിക്ഷ നൽകണം''. ഇത്തരമൊരു കുറ്റകൃത്യം തുടരാതിരിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് കെ.വി.എൻ പ്രൊഡക്ഷൻസാണ്. പൂജ ഹെഡ്‌ഗെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരൈൻ, പ്രിയാമണി തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi