കാഞ്ചന എന്ന സിനിമയിലൂടെ തമിഴ് സിനിമാമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനും സംവിധായകനും കോറിയോഗ്രാഫറുമാണ് രാഘവ ലോറൻസ്. ബെൻസ്, ഹണ്ടർ, ബുള്ളറ്റ് തുടങ്ങി നിരവധി സിനിമകൾക്കാെപ്പം കാഞ്ചന 4 ന്റെ ഷൂട്ടിങ് തിരക്കിലാണിപ്പോൾ താരം. സിനിമാ മേഖലയ്ക്ക് പുറമേ സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയാണ്. തന്റെ ഫൗണ്ടേഷനിലൂടെ ദരിദ്രരെയും നിരാലംബരെയും സഹായിക്കുന്ന താരം അടുത്തിടെ തന്റെ വീട്  സൗജന്യ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റി. രാഘവ ലോറൻസിന്റെ ഈ തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

ഇതേക്കുറിച്ച് അദ്ദേഹം തന്റെ എക്സ് പേജിൽ കുറിച്ചതിങ്ങനെ
" കാഞ്ചന 4 ന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്, പകുതിയോളം പൂർത്തിയായി. സിനിമയിൽ നിന്നുള്ള അഡ്വാൻസ് പണം ഉപയോഗിച്ച്, ഞാൻ ആദ്യം വാങ്ങിയ വീട് കുട്ടികൾക്കുള്ള സൗജന്യ സ്കൂളാക്കി മാറ്റി. എന്റെ ഓരോ സിനിമയിലൂടെയും, അഡ്വാൻസ് പണം ലഭിച്ചാൽ അപ്പോൾ തന്നെ അത് സാമൂഹിക ക്ഷേമ പദ്ധതിയിലേക്ക് സംഭാവന ചെയ്യും. ഇത്തവണ, എന്റെ ജീവിതത്തിലെഏറ്റവും പ്രധാനപ്പെട്ട ഓർമ്മകളുള്ള ആദ്യത്തെ വീട് ഈ മഹത്തായ ശ്രമത്തിനായി ഞാൻ സമർപ്പിക്കുന്നു."

നൃത്താധ്യാപകനായിരുന്നപ്പോൾ സമ്പാദിച്ച പണം കൊണ്ടാണ് അദ്ദേഹം ആദ്യത്തെ വീട് വാങ്ങിയത്. ആദ്യം അതിനെ ഒരു അനാഥാലയമാക്കി മാറ്റി. ശേഷം, കുടുംബത്തോടൊപ്പം വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ  ആ അനാഥാലയത്തിലുണ്ടായിരുന്നവരെല്ലാം സ്വയംപര്യാപ്തരായപ്പോഴാണ് വീട് സ്കൂളാക്കാമെന്നുള്ള തീരുമാനത്തിലേക്കെത്തുന്നതെന്നും വീണ്ടും കുട്ടികൾക്കായി ആ വീട് ഉപയോഗിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ ദൗത്യത്തിന് ആരാധകരുടെ അനുഗ്രഹവും പിന്തുണയും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂളിൽ നിയമിക്കപ്പെടുന്ന ആദ്യ അധ്യാപിക ലോറൻസിന്റെ ഫൗണ്ടേഷന് കീഴിൽ വളർന്ന ഒരു പെൺകുട്ടിയാണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. തന്റെ ഈ ആശയത്തെ എല്ലാവരും പിന്തുണയ്ക്കുമെന്നും തന്റെ ആരാധകരുടെ സ്നേഹവും അനുഗ്രഹവും തന്നെ സംരക്ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi