
'നമുക്ക് വേണ്ടിയുള്ള വഴികൾ നമ്മൾ സ്വയം വെട്ടിത്തുറക്കുകയാണ്' എന്ന വലിയ പാഠം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുന്ന ഒരു കൊച്ചു മിടുക്കി. പരിമിതികൾ ഉള്ളിലൊതുക്കി പരാതി പറയുന്നവർക്ക് മുന്നിൽ, തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നവൾ. പറഞ്ഞുവന്നത് നിരഞ്ജന എന്ന പത്താം ക്ലാസുകാരിയെക്കുറിച്ചാണ്. ജന്മനാ ഇരുളടഞ്ഞ കണ്ണുകൾക്കു മുന്നിൽ ലക്ഷ്യബോധത്തിന്റെ തെളിച്ചമുള്ള പാതയിലൂടെയാണ് നിരഞ്ജനയുടെ പടയൊരുക്കം.
തൊടുപുഴ മണക്കാട് സ്വദേശിയായ നിരഞ്ജന, പഠനത്തിൽ ഫുൾ എ പ്ലസും കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റും ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണിപ്പോൾ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും എ ഗ്രേഡ് നേടിയ ഈ പ്രതിഭ, 'ഉൾക്കാഴ്ച'യാണ് തന്റെ കരുത്തെന്ന് തെളിയിക്കുന്നു. പഠനത്തിലെ വെല്ലുവിളികളേക്കാൾ അവളെ തളർത്തുന്നത് ചില മാറ്റിനിർത്തലുകളാണ്. എങ്കിലും തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത് അവളുടെ വാക്കുകളിൽ പ്രകടമാണ്.
പാട്ടും കലയും കരാട്ടെയും
ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും മികവുതെളിയിച്ച് പിന്നീട് കരാട്ടേയിലെത്തിയതിനെക്കുറിച്ച് അവൾ വാചാലയായി. പാട്ടുകൾ പാടുകയും പ്രോഗ്രാമുകൾക്ക് പോവുകയും ചെയ്യുന്ന ആളായതുകൊണ്ട്, എല്ലാവർക്കും എന്നെക്കുറിച്ച് അങ്ങനെയൊരു ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കരാട്ടെ പഠിക്കണം എന്ന് പറഞ്ഞപ്പോൾ അവർക്കതൊരു വലിയ കാര്യമായി തോന്നിയില്ല. നേരത്തെ തന്നെ മാർഷൽ ആർട്‌സിനോട് വലിയ താൽപ്പര്യമായിരുന്നു. പല ആയോധനകലകളെക്കുറിച്ചും അറിഞ്ഞപ്പോൾ എനിക്ക് ഏറ്റവും അനുയോജ്യം കരാട്ടെയാണെന്ന് തോന്നി. അങ്ങനെയാണ് ഇതിലേക്ക് എത്തുന്നത്. ഒത്തിരി നിർബന്ധിച്ച ശേഷമാണ് വീട്ടുകാർ സമ്മതിച്ചത്. ഈ ക്ലാസ്സിൽ ചേർന്നപ്പോൾ പോലും അവരത് അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ, ഓരോ ബെൽറ്റും കടന്ന് മുന്നേറുന്നത് കണ്ടപ്പോൾ അവർക്കും കാര്യം മനസ്സിലായി. ഇപ്പോൾ എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നത്. ഞാൻ ഇപ്പോൾ പഠിക്കുന്ന ക്ലാസ്സിൽ ചേർന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പക്ഷേ, കരാട്ടെ പഠനം നേരത്തെ തുടങ്ങിയതാണ്. ഇടയ്ക്ക് സ്‌കൂളുകൾ മാറിയപ്പോൾ പഴയ ക്ലാസ്സുകൾ മുടങ്ങിപ്പോയി. ഈ പുതിയ ക്ലാസ്സിൽ ചേർന്ന ശേഷമാണ് ബെൽറ്റ് ടെസ്റ്റുകളും മറ്റും കൃത്യമായി നടന്നുതുടങ്ങിയത്. വരാനിരിക്കുന്ന ഏപ്രിൽ 26-ന് എന്റെ ബ്ലാക്ക് ബെൽറ്റ് പരീക്ഷയാണ്. തൊടുപുഴയിൽ തന്നെയാണ് പഠനകേന്ദ്രം. തൊടുപുഴ ഗാന്ധി സ്‌കൂളിന് അടുത്തുള്ള സെന്ററിലാണ് ഞാൻ പഠിക്കുന്നത്. ബേബി മാസ്റ്ററാണ് പരിശീലകൻ.
പഠനരീതിയും ആയോധനകലയും
കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത പാഠഭാഗങ്ങളും ചലനങ്ങളും അവൾ എങ്ങനെയാണ് ഹൃദിസ്ഥമാക്കുന്നത് എന്ന ചോദ്യത്തിന് വളരെ ലളിതമായ മറുപടിയാണ് അവൾക്കുള്ളത്. 'ഓരോ ചലനങ്ങളും ആദ്യം അധ്യാപകർ നേരിട്ട് കൈകൾ കൊണ്ട് ചെയ്യിപ്പിച്ചാണ് പഠിപ്പിക്കുന്നത്. സഹപാഠികളും അതുപോലെ സഹായിക്കും. ഒരിക്കൽ ആ ചലനം മനസ്സിലാക്കിക്കഴിഞ്ഞാൽ, പിന്നീട് ആ പേര് കേൾക്കുമ്പോൾ അത് സ്വയം ചെയ്യാനാവും.'
സ്‌പെഷ്യൽ സ്‌കൂളിൽ നിന്നുള്ള മാറ്റം
'ഏഴാം ക്ലാസ് വരെ ഒരു ബ്ലൈൻഡ് സ്‌കൂളിലായിരുന്നു പഠിച്ചത്. എന്നാൽ അവിടെയുള്ള സാഹചര്യം അത്ര സുഖകരമായിരുന്നില്ല. ഭാഗികമായി കാഴ്ച വൈകല്യമുള്ള കുട്ടികളായിരുന്നു അവിടെ കൂടുതൽ. അവർക്കിടയിലുണ്ടായിരുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങൾ വരെ മാനസികമായി തളർത്തി. പിന്നീട് ആ സ്‌കൂൾ വിടാൻ അവൾ തീരുമാനിച്ചു. എനിക്കൊരു ഇരട്ട സഹോദരൻ ഉണ്ട്. നീരജ് എന്നാണ് പേര്. അവൻ പഠിക്കുന്ന സാധാരണ സ്‌കൂളിലേക്ക് മാറാനായിരുന്നു എനിക്കും ആഗ്രഹം.'
പ്രതീക്ഷകളും യാഥാർത്ഥ്യങ്ങളും
സാധാരണ കുട്ടികളുടെ കൂടെ പഠിക്കുമ്പോൾ കൂടുതൽ സുഹൃത്തുക്കളെ ലഭിക്കുമെന്നും ഒറ്റപ്പെടൽ മാറുമെന്നും അവൾ സ്വപ്നം കണ്ടു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. 'പുതിയ സ്‌കൂളിൽ എത്തിയപ്പോൾ അധ്യാപകർ പൊതുവെ പിന്തുണ നൽകിയെങ്കിലും, സഹപാഠികളുടെ പെരുമാറ്റം വേദനിപ്പിച്ചു. ആരും എന്നോട് അധികം സംസാരിക്കാൻ തയ്യാറല്ല. ഉച്ചഭക്ഷണ സമയത്ത് എല്ലാവരും കൂട്ടം ചേർന്ന് ഭക്ഷണം പങ്കിടുമ്പോൾ ചിലപ്പോൾ ഞാൻ മാത്രം തനിച്ചാവും. പി.ടി പീരിയഡുകളിൽ പുറത്തെ മൈതാനത്തേക്ക് കൊണ്ടുപോയാലും അവിടെയും വെയിലത്ത് പലപ്പോഴും ആരും മിണ്ടാനില്ലാതെ ഇരിക്കേണ്ടിവരും.'
മനസ്സാക്ഷിയോടുള്ള ചോദ്യം
'ആരെങ്കിലും ഇതിൽ ഇടപെട്ടിരുന്നോ?' എന്ന ചോദ്യത്തിന് അവൾ നൽകുന്ന മറുപടി ചിന്തിപ്പിക്കുന്നതാണ്. 'അധ്യാപകരോട് പരാതി പറഞ്ഞതുകൊണ്ട് മാത്രം ഒരാൾക്ക് സുഹൃത്തുക്കളെ ലഭിക്കില്ല. അത് സഹപാഠികൾ തന്നെ മനസ്സിലാക്കി ചെയ്യേണ്ട ഒന്നാണ്. സഹതാപമല്ല, മറിച്ച് കൂടെയിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു സാധാരണ സൗഹൃദമാണ് ഞാൻ ആഗ്രഹിക്കുന്നത്.'
കേട്ടുപഠിക്കുന്ന പാഠങ്ങളും സഹോദരന്റെ പിന്തുണയും
കാഴ്ചയില്ലാത്ത ഒരാൾക്ക് പഠനം എത്രത്തോളം വെല്ലുവിളിയാണെന്ന ചോദ്യത്തിന്, താൻ വികസിപ്പിച്ചെടുത്ത പഠനശൈലിയെക്കുറിച്ച് അവൾ വാചാലയായി. 'ക്ലാസ്സിലിരുന്ന് അധ്യാപകർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുമ്പോൾ തന്നെ പകുതി കാര്യങ്ങൾ മനസ്സിലാകും. ഓൺലൈൻ ക്ലാസ്സുകളും ഈ രീതിയിൽ ഏറെ സഹായിച്ചു. സംശയമുള്ള ഭാഗങ്ങൾ ഒന്നോ രണ്ടോ തവണ കൂടി കേൾക്കുമ്പോൾ കൂടുതൽ ഹൃദിസ്ഥമാകും. സ്‌കൂളിലെ സുഹൃത്തുക്കൾ അയച്ചുതരുന്ന നോട്‌സുകൾ സഹോദരൻ വായിച്ചു കേൾപ്പിക്കും. യു.പി ക്ലാസ്സുകൾ മുതൽ സ്വന്തമായി പഠിച്ചു ശീലിച്ചതാണെങ്കിലും, ഹൈസ്‌കൂളിലെത്തിയപ്പോൾ സഹോദരന്റെ സഹായം വലിയൊരു കരുത്തായി. ഒരുമിച്ചിരുന്ന് പഠിക്കുന്നത് പഠനപ്രക്രിയ കൂടുതൽ എളുപ്പമാക്കി.'
രസതന്ത്രത്തോടുള്ള പ്രണയം
പൊതുവെ ഭാഷാവിഷയങ്ങളോടും സോഷ്യൽ സയൻസിനോടുമാണ് പലരും താൽപ്പര്യപ്പെടാറുള്ളതെങ്കിലും, ഈ മിടുക്കിയുടെ മനസ്സ് കീഴടക്കിയത് കെമിസ്ട്രി എന്ന വിഷയമാണ്. 'മൂലകങ്ങളുടെ സ്വഭാവവും രാസപ്രവർത്തനങ്ങളും പഠിക്കാൻ എനിക്ക് പ്രത്യേക കൗതുകമാണ്. സയൻസ് വിഷയങ്ങൾ താരതമ്യേന എളുപ്പമാണെനിക്ക്. അതുകൊണ്ടുതന്നെ ഒരു കെമിസ്റ്റ് ആകുക എന്നതാണ് ലക്ഷ്യം. കെമിസ്ട്രി പഠിക്കുമ്പോൾ ലാബ് പരീക്ഷണങ്ങൾ അനിവാര്യമാണ്. ടോട്ടലി ബ്ലൈൻഡ് ആയിട്ടുള്ളവർ എങ്ങനെയാണ് ഫിസിക്‌സും സുവോളജിയും കെമിസ്ട്രിയും കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിക്കഴിഞ്ഞു. ഈ മേഖലയിൽ ഡോക്ടറേറ്റ് എടുത്ത വ്യക്തികളുമായി ബന്ധപ്പെട്ട് അവരുടെ പഠനതന്ത്രങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകാനാണ് തീരുമാനം.'
വഴികാട്ടികളെ തേടി
താൻ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്താൻ മുന്നേ നടന്നവരുടെ അനുഭവങ്ങൾ ആവശ്യമാണെന്ന് അവൾക്കറിയാം. 'കാഴ്ചപരിമിതിയുള്ളവരായിട്ടും ശാസ്ത്രവിഷയങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചവരുടെ നമ്പറുകൾ ശേഖരിക്കുന്നുണ്ട്. പ്ലസ് ടുവിന് സയൻസ് എടുത്ത് പഠിക്കുമ്പോൾ ലാബ് വർക്കുകളിലും മറ്റും അവരുടെ ഗൈഡൻസ് വലിയ സഹായമാകുമെന്ന് വിശ്വസിക്കുന്നു.' 'മറ്റൊരാൾക്ക് സാധിക്കുമെങ്കിൽ എനിക്കും അത് സാധിക്കും' എന്ന ശുഭപ്രതീക്ഷയിലാണ് നിരഞ്ജന.
കുടുംബത്തിന്റെ തണൽ
അച്ഛനും അമ്മയും നൽകുന്ന പിന്തുണയെക്കുറിച്ചും അവൾ അഭിമാനത്തോടെ സംസാരിക്കുന്നു. 'തൊടുപുഴയിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ് അച്ഛൻ സന്തോഷ്. അമ്മ ശ്യാമള. പഠനകാര്യങ്ങളിൽ മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകാറുണ്ട്. കുട്ടിക്കാലം മുതലേ സ്വയം പഠിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ബ്ലൈൻഡ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ തനിയെ വായിച്ചു പഠിക്കുന്ന ശീലം ഉണ്ടായിരുന്നു. ഇപ്പോൾ സഹോദരൻ കൂടി ഒപ്പമുള്ളപ്പോൾ ആ യാത്ര കൂടുതൽ ആത്മവിശ്വാസമുള്ളതാകുന്നു.'
ബ്രെയിലി പുസ്തകങ്ങളുടെ ലഭ്യതക്കുറവും പഠനപ്രതിസന്ധിയും
മാറ്റങ്ങൾ എപ്പോഴും ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് കാഴ്ചയുടെ പരിമിതികൾ ഉള്ള ഒരു കുട്ടി സാധാരണ സ്‌കൂളിലേക്ക് മാറുമ്പോൾ അത് കേവലം ഒരു സ്‌കൂൾ മാറ്റം മാത്രമല്ല, ഒരു പുതിയ ലോകത്തോടുള്ള പൊരുത്തപ്പെടൽ കൂടിയാണ്. ആ യാത്രയിൽ അവൾ ചില പ്രധാന പ്രതിസന്ധികളും നേരിടുന്നു. 'ചെറുപ്പം മുതലേ ബ്രെയിലി ലിപിയിലൂടെ അക്ഷരങ്ങൾ തൊട്ടറിഞ്ഞു പഠിച്ചതാണ്. ഹൈസ്‌കൂൾ തലത്തിലെത്തുമ്പോൾ പാഠപുസ്തകങ്ങൾ ലഭിക്കാത്തത് വലിയൊരു തിരിച്ചടിയാണ്. യു.പി തലം വരെ ബ്രെയിലി പുസ്തകങ്ങൾ ലഭ്യമായിരുന്നുവെങ്കിലും പത്താം ക്ലാസ്സിലേക്ക് എത്തിയപ്പോൾ അത് ലഭിക്കുന്നില്ല എന്നത് പഠനത്തെ ബാധിക്കുന്നുണ്ട്. ബ്രെയിലി പ്രസ്സിൽ നിന്നും പുസ്തകങ്ങൾക്കായി അപേക്ഷ നൽകിയിട്ടും മാസങ്ങളായി ലഭിച്ചിട്ടില്ല. ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥിയായതിനാൽ സയൻസ് വിഷയങ്ങൾ ബ്രെയിലിയിൽ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നു. എന്നാൽ ഭാഷയേതായാലും പഠിക്കാനുള്ള അവകാശം ഒരുപോലെയല്ലേ, എല്ലാ വിഷയങ്ങളും ബ്രെയിലിയിൽ ലഭ്യമായാൽ എന്നെപ്പോലുള്ള ഒരുപാട് വിദ്യാർഥികൾക്ക് ഉപകാരമാവും. ബ്രെയിലി പുസ്തകങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓഡിയോ ടെക്സ്റ്റ് ബുക്കുകൾ ഒരു മികച്ച പകരക്കാരനാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരുടെയും സഹായമില്ലാതെ സ്വയം പഠിക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കും.'
പരീക്ഷാഹാളിലെ വെല്ലുവിളികൾ
പരീക്ഷാ സമയത്ത് സഹായിയായി വരുന്ന 'സ്‌ക്രൈബ്' നേരിടുന്ന അറിവില്ലായ്മ മറ്റൊരു പ്രധാന പ്രശ്‌നമാണ്. 'സാധാരണ ഒൻപതാം ക്ലാസ്സിലെ കുട്ടികളാണ് പത്താം ക്ലാസ്സുകാർക്ക് പരീക്ഷ എഴുതാൻ സഹായിയായി വരുന്നത്. ഗണിതത്തിലെ സമവാക്യങ്ങളോ ബയോളജിയിലെ ചിത്രങ്ങളോ അവർക്ക് പറഞ്ഞുകൊടുക്കുമ്പോൾ അത് മനസ്സിലാക്കി പേപ്പറിലേക്ക് പകർത്താൻ അവർക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സ്‌കൂളിലെ അധ്യാപകരുടെ സജീവമായ ഇടപെടലും സഹായവും ഉണ്ടെങ്കിൽ മാത്രമേ പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കൂ.'
മനസ്സ് തുറക്കാൻ അമ്മമ്മ
സൗഹൃദങ്ങളുടെ കാര്യത്തിൽ ചില നിരാശകൾ ഉണ്ടെങ്കിലും, എല്ലാ സങ്കടങ്ങളും ആഗ്രഹങ്ങളും തുറന്നു പറയാൻ അവൾക്ക് അമ്മമ്മയുണ്ട്. ''നിനക്ക് അർഹതപ്പെട്ടതാണെങ്കിൽ അത് നിന്നെ തേടി വരും' എന്ന അമ്മമ്മയുടെ വാക്കുകളാണ് എന്റെ കരുത്ത്. കരാട്ടെ പരിശീലനത്തിലൂടെ ഞാൻ ഒരുനാൾ ലോകമറിയുന്നവളാകുമെന്ന് അമ്മമ്മ ഉറച്ചു വിശ്വസിക്കുന്നു. കരാട്ടെ പഠനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വാർത്താ പ്രാധാന്യവും അഭിമുഖങ്ങളും അമ്മമ്മയുടെ പ്രവചനങ്ങൾ സത്യമാകുന്നതിന്റെ സൂചനകളായാണ് ഞാൻ കാണുന്നത്.'
ശബ്ദങ്ങളിലൂടെ വിരിയുന്ന സാഹിത്യം
വായന എന്നാൽ അവൾക്ക് അക്ഷരങ്ങൾ കണ്ണോടിക്കലല്ല, മറിച്ച് കഥകൾ കാതോർക്കലാണ്. 'ഒഴിവുസമയങ്ങളിൽ ഇംഗ്ലീഷ് ഓഡിയോ നോവലുകൾ കേൾക്കുന്നതാണ് പ്രധാന വിനോദം. ഫിക്ഷൻ ടൈപ്പ് കഥകളോടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളോടും പ്രത്യേക താൽപ്പര്യമുണ്ട്. സിനിമകളുടെ എക്‌സ്പ്ലനേഷൻ കേൾക്കാൻ ഇഷ്ടമാണ്. സിനിമയിലെ സംഭാഷണങ്ങൾ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ ആ ദൃശ്യങ്ങൾ പറ്റാവുന്നപോലെയൊക്കെ മനസ്സിൽ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. അതുപോലെ ബ്രെയിലി പുസ്തകങ്ങൾ സാധാരണ ലൈബ്രറികളിൽ വേണ്ടത്ര ലഭ്യമല്ലാത്തത് ഒരു വലിയ കുറവാണ്. ഇഷ്ടമുള്ള പുസ്തകങ്ങൾ ബ്രെയിലിയിൽ വായിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവ കിട്ടാനില്ലാത്തതിനാൽ പലപ്പോഴും ഓഡിയോ ബുക്കുകളെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ബ്രെയിലി പുസ്തകങ്ങൾ ലഭ്യമായാൽ അത് വലിയൊരു വിഭാഗം കുട്ടികൾക്ക് ഉപകാരപ്പെടും.'
സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ദൂരം
മനസ്സിന്റെ ആഴങ്ങളിൽ ചിലപ്പോഴൊക്കെ ചെറിയ സങ്കടങ്ങൾ നിഴൽ വീഴ്ത്താറുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം ഒന്ന് കാണണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലേ അവളുടെ ഉള്ളിലുണ്ട്. എങ്കിലും വളരുന്തോറും അത്തരം സങ്കടങ്ങളെ അതിജീവിക്കാൻ അവൾ പഠിച്ചു കഴിഞ്ഞു. 'റോഡിലൂടെ വാഹനങ്ങൾ പോകുന്നത് കേൾക്കുമ്പോൾ എനിക്കും എന്നെങ്കിലും ഒന്ന് ഡ്രൈവ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പതിനെട്ട് വയസ്സായാലും എന്റെ സാഹചര്യത്തിൽ അത് നടക്കില്ലല്ലോ എന്നോർക്കുമ്പോൾ ചെറിയ വിഷമമുണ്ട്.'
ലോകം കാണാൻ കണ്ണ് വേണമെന്ന് നിർബന്ധമില്ല എന്ന തിരിച്ചറിവാണ് അവളുടെ കരുത്ത്. വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും അവൾ ലോകത്തെ അറിയുന്നു. എല്ലാ സ്ഥലങ്ങളും നേരിട്ട് കാണാതെ തന്നെ, അറിവിലൂടെയും വിവരങ്ങളിലൂടെയും ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അനുഭവം അവൾക്കുണ്ട്. കരാട്ടയിലൂടെ ലോകം അവളെ തിരിച്ചറിയുന്നു എന്നത് വലിയൊരു അംഗീകാരമാണ്. തനിക്ക് താല്പര്യമുള്ള കാര്യങ്ങളിൽ പരമാവധി പരിശ്രമം നടത്തുക വഴി നേടിയെടുക്കുന്ന ആത്മവിശ്വാസമാണ് അവളുടെ മുന്നോട്ടുള്ള യാത്രയിലെ ഇന്ധനം. കാഴ്ചയുടെ ലോകം പരിമിതമാണെങ്കിലും, ഭാവനയുടെയും ശബ്ദങ്ങളുടെയും ലോകത്ത് അവൾക്ക് അതിരുകളില്ല. അക്ഷരങ്ങൾ തൊട്ടറിഞ്ഞും, ശബ്ദങ്ങൾ കേട്ടു പഠിച്ചും, പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്നും അവൾ തന്റെ യാത്ര തുടരുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Niranjana, a visually impaired student, balances academic excellence with martial arts., Holds a brown belt in karate and is a talented singer. Aspires to become a chemist despite physical limitations.
Published: 29 Mar 2026, 10:53 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented