2010-ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘രാജ്നീതി’യിൽ രൺബീർ കപൂർ, നാന പടേക്കർ, അജയ് ദേവ്ഗൺ, കത്രീന കൈഫ്, അർജുൻ രാംപാൽ, മനോജ് വാജ്പേയി, സാറാ തോംസൺ, നസറുദ്ദീൻ ഷാ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. പ്രകാശ് ജാ സംവിധാനം ചെയ്ത ചിത്രം വാണിജ്യപരമായി വലിയ വിജയമായി. മഹാഭാരതത്തെ ആധുനികകാലത്തേക്ക് പുനരാവിഷ്കരിക്കുകയായിരുന്നു ചിത്രം. ഏകദേശം ഒന്നര പതിറ്റാണ്ടു കഴിയുമ്പോൾ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് സംവിധായകൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, ‘രാജ്‌നീതി 2’ പ്രവർത്തനഘട്ടത്തിലാണെന്ന് ജാ സ്ഥിരീകരിച്ചു. ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

To advertise here,

ഒന്നാംഭാഗത്തിന്റെ വിജയത്തിനു ശേഷം, രണ്ടാം ഭാഗം ആവശ്യപ്പെട്ട് ഒട്ടേറെ ആരാധകർ രംഗത്തെത്തിയിരുന്നു. സ്ക്രീനുമായി സംസാരിക്കവെ, 2010-ലെ രാഷ്ട്രീയ നാടകത്തെപ്പോലെ, രണ്ടാം ഭാഗത്തിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, കഥാഗതി എന്നിവയെല്ലാം ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുമെന്ന് സംവിധായകൻ പറഞ്ഞു.

"രാജ്‌നീതിയുടെ രണ്ടാം ഭാഗം നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഞാൻ സജീവമായി പ്രവർത്തിക്കുന്നു’’-അദ്ദേഹം പറഞ്ഞു.

മഹാഭാരതത്തിലെ പ്രധാന  കേന്ദ്ര കഥാപാത്രമായ ദ്രൗപതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കഥയിൽ താൻ പ്രവർത്തിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. തനിക്കത് വളരെ താത്പര്യമുള്ള ഒരു വിഷയമായിരുന്നെന്നും.  

അതേസമയം, കഴിഞ്ഞ വർഷം, രാജ്നീതി ഒന്നാംഭാഗത്തിന്റെ 15-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ജാ സൂചിപ്പിച്ചിരുന്നു. കാസ്റ്റിംഗിൻ്റെയും ചിത്രീകരണത്തിൻ്റെയും കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചന. രൺബീറും കത്രീന കൈഫും ചിത്രത്തിൽ വീണ്ടും ഒന്നിക്കുമോയെന്നത് കാത്തിരുന്നു കാണണം. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi