ഇന്ദു ടീച്ചറും മലര്‍ മിസ്സും...രണ്ടുകാലങ്ങളില്‍ കാമ്പസുകളേറ്റെടുത്ത സിനിമകളിലെ നായികമാര്‍. 'ചാമര'ത്തിലെ ഇന്ദു ടീച്ചര്‍ ഒടുവില്‍ ഒറ്റപ്പെടലിന്റെ തുരുത്തില്‍ അകപ്പെടുമ്പോള്‍, 'പ്രേമ'ത്തിലെ മലര്‍ മിസ് മനസ്സിലും കണ്ണുകളിലും സന്തോഷം നിറച്ച് നടന്നുമറയുകയാണ്.

To advertise here,

2015 മേയ് 29-ന് 'പ്രേമം' റിലീസായപ്പോള്‍ അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോഡുകളും തകര്‍ന്നു. ആലുവ യു.സി കോളേജിന്റെ ക്ലാസ് മുറികളിലും ഹോസ്റ്റലിലുമായി മലര്‍ മിസ്സിന്റെയും ജോര്‍ജിന്റെയും സ്‌നേഹം പൂത്തുവിടര്‍ന്നു. കാമ്പസുകളും യുവാക്കളും അതേറ്റെടുത്തു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് അന്‍വര്‍ റഷീദാണ്. സായ് പല്ലവി, നിവിന്‍ പോളി, മഡോണ, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി. 

ജോര്‍ജിന്റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങളിലുണ്ടാവുന്ന പ്രണയത്തിലൂടെയാണ് 'പ്രേമം' മുന്നോട്ടുപോവുന്നത്. കോളേജിലെത്തിയപ്പോഴാണ് ഗസ്റ്റ് ലക്ചററായി മലര്‍ എത്തുന്നത്. കാമ്പസ് ജീവിതവും സൗഹൃദവും അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കുമിടയിലുണ്ടാവുന്ന ബന്ധവുമാണ് സിനിമ പറയുന്നത്. മലരിനും ജോര്‍ജിനുമിടയില്‍ ഉടലെടുക്കുന്ന ബന്ധം. അവര്‍ക്ക് മാത്രം മനസ്സിലാവുന്ന, അവര്‍ക്ക് മാത്രം നിര്‍വചിക്കാനാവുന്നത്. ഒരപകടത്തില്‍ മലരിന് ഓര്‍മ നഷ്ടപ്പെടുമ്പോള്‍, ജോര്‍ജിന്റെ ജീവിതവും മാറിമറിയുന്നു. ഏത് ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ മറക്കുന്നതിലും കൂടുതല്‍ വേദനാജനകമായി മറ്റെന്താണുള്ളത്?

അതുവരെയുള്ള നായികമാരില്‍നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു ഇതിലെ മലര്‍. അതും ആളുകളെ ആകര്‍ഷിച്ചിരിക്കാം. മുഖക്കുരു കവിളുകളുള്ള, അലസമായി സാരിയുടുത്ത, നായിക. മുഖക്കുരുവിന്റെ കാര്യത്തില്‍ താന്‍ വലിയ അപകര്‍ഷബോധം അനുഭവിച്ചിരുന്നുവെന്നും 'പ്രേമ'ത്തിനുശേഷമാണ് അത് ആത്മവിശ്വാസമായി മാറിയതെന്നും സായ് പല്ലവി പിന്നീട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും മലയാളികള്‍ക്ക് മലര്‍ മിസ് തന്നെയാണ് സായ് പല്ലവി. 

സിനിമയിലെ നിവിന്‍ പോളിയുടെ ലുക്കും വളരെ വേഗത്തില്‍ ട്രെന്‍ഡായി. കട്ടത്താടിയും കറുത്തഷര്‍ട്ടും വെള്ളമുണ്ടും കാമ്പസുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിനുശേഷമുള്ള കാമ്പസ് ആഘോഷങ്ങളിലെല്ലാം കറുപ്പ് ഷര്‍ട്ടും വെള്ളമുണ്ടും സ്ഥാനംപിടിച്ചു. സിനിമ ബോക്‌സോഫീസില്‍ കോടികള്‍ നേടി. പല ഭാഷകളിലേക്കും റീമേക്ക് ചെയ്തു. 

placeholder
സെറീന വഹാബ്

പറയാതെ പറയുന്ന സ്‌നേഹമാണ് 'പ്രേമ'ത്തിലെങ്കില്‍, പരിപൂര്‍ണമായ പ്രണയം തന്നെയാണ് 'ചാമര'ത്തിലെ ഉള്ളടക്കം. നാട്ടിന്‍പുറത്തുകാരി ഇന്ദു, പുസ്തകങ്ങളാണ് അവള്‍ക്ക് കൂട്ട്. അവളുടെ വിവാഹം മുറച്ചെറുക്കനുമായി നേരത്തെ തന്നെ ഉറപ്പിച്ചതാണ്. നഗരത്തിലെ കോളേജധ്യാപികയായി ജോലി കിട്ടിയ ഇന്ദു നഗരത്തിലെത്തുന്നു. അവളുടെ വിദ്യാര്‍ഥിയായ വിനോദിന് അവളോട് പ്രണയം തോന്നുന്നു. ആദ്യമെല്ലാം അതൊരു തമാശയായും കുട്ടിക്കളിയായും കാണുന്ന ഇന്ദു, കുറേയേറെ സംഭവങ്ങള്‍ക്കൊടുവില്‍ ആ പ്രണയത്തോട് തന്നെത്തന്നെ ചേര്‍ത്തുവെക്കുകയാണ്. കോട്ടയം സി.എം.എസ് കോളേജിലെ കൂറ്റന്‍മരങ്ങളും കെട്ടിടങ്ങളും അവരുടെ പ്രണയത്തിന്റെ താപമറിയുന്നു, അതിന്റെ തീക്ഷ്ണതയറിയുന്നു.  

ഭരതന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് ജോണ്‍ പോള്‍ ആണ്. സെറീന വഹാബും പ്രതാപ് പോത്തനും മുഖ്യകഥാപാത്രങ്ങളായി. വിദ്യാര്‍ഥിക്ക് അധ്യാപികയോട് തോന്നുന്ന പ്രണയം, പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന് കരുതിയിടത്തേക്കാണ് 'ചാമരം' എത്തുന്നത്. ആ സിനിമ ഏറെ ചര്‍ച്ചയായി, വിജയമായി. ഇന്ദുവിന്റെ കല്യാണം ഉറപ്പിച്ചതാണെന്ന് അറിയുമ്പോഴും 'സ്റ്റില്‍ ഐ ലവ് യൂ' എന്ന് പറയുന്ന വിനോദ് അന്നത്തെ യുവാക്കളുടെ ഹരമായി മാറി. 

'പ്രേമം' റിലീസായപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത്, 'ചാമര'വും കൂടിയാണ്. മലര്‍ മിസ്സില്‍ പലരും ഇന്ദു ടീച്ചറെയും കണ്ടു. രണ്ടുപേരും ഒരുപാട് വ്യത്യസ്തമാണെങ്കിലും, അവരെ തമ്മിൽ കൂട്ടിയിണക്കിയത് സ്നേഹം തന്നെയാവാം.