ഒരു പാട്ടിനിടയിലെ 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള നടത്തം...എന്തുപെട്ടെന്നാണ് അത് ട്രെന്‍ഡിങ്ങായത്. അതിനെക്കുറിച്ച് തിരഞ്ഞുപോയപ്പോഴാണ് ഗജഗാമിനി എന്ന വാക്ക് പലര്‍ക്കും പരിചിതമാവുന്നത്. പറഞ്ഞുവരുന്നത് 'ഹീരമാണ്ഡി: ദ ഡയമണ്ട് ബസാര്‍' എന്ന സീരീസിലെ ഒരു പാട്ടുസീനിലെ അദിതി റാവുവിന്റെ നൃത്തത്തെക്കുറിച്ചാണ്. അതില്‍ പിന്തിരിഞ്ഞ് പതുക്കെ, സുന്ദരമായി നടന്നുപോകുന്ന രീതിയിലാണ് ഗജഗാമിനി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഹീരമാണ്ഡി എന്ന ഗ്രാമത്തിലെ ലൈംഗികത്തൊഴിലാളികളെക്കുറിച്ചുള്ള കഥയാണ് സഞ്ജയ് ലീലാ ബന്‍സാലി വെബ് സീരീസാക്കിയത്. മനീഷ കൊയ്‌രാള, റിച്ച ഛദ്ദ, സൊനാക്ഷി സിന്‍ഹ, സഞ്ജീദ ഷെയ്ക്ക് എന്നിവരാണ് പ്രധാനവേഷങ്ങളിലഭിനയിച്ചിരിക്കുന്നത്.
ഗജഗാമിനി കുറച്ചുനേരമേ ഉള്ളൂവെങ്കിലും വളരെ പെട്ടെന്ന് സാമൂഹ്യമാധ്യമങ്ങളും മറ്റ് താരങ്ങളും ഏറ്റെടുത്തു. താരങ്ങള്‍ അതുവെച്ച് റീലുകള്‍ ചെയ്യുന്നു. ഫാന്‍ഗ്രൂപ്പുകള്‍ അവരുടെ ഇഷ്ടതാരങ്ങളുടെ നൃത്തം ഉള്‍ക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കുന്നു. കൊറിയയിലെ ബിടിഎസ് താരം ജിമിന്റെ ഫാന്‍ഗ്രൂപ്പ് മുതല്‍ രാജ്കുമാര്‍ റാവു വരെ ആ ഗജഗാമിനി ആഘോഷിക്കുകയാണ്. തന്റെ സിനിമയുടെ പ്രൊമോഷനിടെയാണ് ഗജഗമിനിക്ക് രാജ്കുമാര്‍ റാവു ഒരു ട്വിസ്റ്റ് കൊടുത്തത്. ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഫാന്‍ഗ്രൂപ്പും ഇതേറ്റെടുത്തുകഴിഞ്ഞു.
ആ നടത്തത്തിനുപിന്നില്‍
ആ നടത്തത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അദിതി കൊടുക്കുന്നത് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കാണ്. ''ആ പാട്ടിലെ ചെറിയ ഭാഗം മാത്രമാണത്. ഷൂട്ട് ചെയ്യുമ്പോള്‍ ഇത്ര ഹിറ്റാവുമെന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് സഞ്ജയ് സാര്‍ പറഞ്ഞിരുന്നു. ആ സീനില്‍ എപ്പോഴാണ് തല പിന്നിലേക്ക് തിരിക്കേണ്ടത്, എപ്പോഴാണ് ദുപ്പട്ട താഴേക്ക് വീഴേണ്ടത്...അങ്ങനെ എല്ലാത്തിനെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. അത്രയേറെ ശ്രദ്ധ കൊടുത്താണ് ഓരോ സീനുകളും ഷൂട്ട് ചെയ്തത്''.
കഥക് നര്‍ത്തകിയായതുകൊണ്ട് അദിതി അത് വളരെ ഭംഗിയാക്കുകയും ചെയ്തു. ''കഥക് നൃത്തത്തില്‍ ഗജഗമിനിയും മയൂര്‍ചാലുമെല്ലാം (മയിലിനെപ്പോലെ നടക്കുന്നത്) ഉണ്ട്. മറ്റ് നൃത്തരൂപങ്ങളിലെ കാര്യം എനിക്ക് കൃത്യമായി അറിയില്ല''.
ബോഡി പോസിറ്റിവിറ്റിയുടെ സന്ദേശം കൂടി അതിലൂടെ ബന്‍സാലിയും അദിതിയും നല്‍കുന്നുവെന്നതാണ് പ്രത്യേകത. ഏത് ശരീരാകൃതിയും സന്തോഷത്തോടെ, പോസിറ്റീവായി സ്വീകരിക്കുകയെന്നതാണത്. അതില്‍ സൗന്ദര്യവും ആത്മവിശ്വാസവും കണ്ടെത്താന്‍ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ചില രംഗങ്ങളില്‍ അത്ര വടിവൊത്തതല്ലാത്തവിധം അദിതിയുടെ ശരീരത്തെ ബന്‍സാലിയുടെ ക്യാമറ അതേവിധത്തില്‍ ഒപ്പിയെടുക്കുന്നു. തന്റെ ശരീരത്തെ അഭിമാനത്തോടെ നോക്കിക്കാണുന്നതിന് അദിതിയെയും, നായികയുടെ ശരീരം എങ്ങനെയാണോ അങ്ങനെ തന്നെ ഉള്‍പ്പെടുത്തിയതിന് ബന്‍സാലിയെയും പലരും അഭിനന്ദിക്കുന്നു.

എന്താണ് ഗജഗാമിനി?
ഒരു പിടിയാനയുടെ ഗാംഭീര്യമുള്ള നടത്തം എന്നാണ് ഇതിനര്‍ത്ഥം. സുന്ദരവും അതേസമയം രാജകീയവുമാണത്. നൂറ്റാണ്ടുകളായി ഇണയെ മയക്കുന്ന ഏറ്റവും മനോഹരമായ നടത്തത്തിന്റെ പേരും ഗജഗാമിനി എന്നുതന്നെ. കാമസൂത്രയില്‍നിന്നാണ് ഗജഗാമിനിയുടെ ഉത്ഭവം. അതില്‍ തീവ്രമായ, അനിയന്ത്രിതമായ ലൈംഗികതയുടെ സൂചകങ്ങളായാണ് ആനകളെ കാണുന്നത്. സ്ത്രീ ലൈംഗികതയെ, തീവ്രമായ ആഗ്രഹത്തെ ആനയോടാണ് ഇവിടെ ഉപമിക്കുന്നത്. വശീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
സിനിമയില്‍ ഇതാദ്യമായല്ല ഗജഗാമിനി ഉള്‍പ്പെടുത്തുന്നത്. മുമ്പ് ഗജഗാമിനി, മുഗള്‍-ഇ-അസം എന്നീ സിനിമകളിലും ഈ ആനനടത്തം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എഫ്.ഹുസൈന്റെ 'ഗജഗാമിനി' എന്ന സിനിമയില്‍ മാധുരി ദീക്ഷിത്താണ് അഭിനയിച്ചിരിക്കുന്നത്. 'മുഗള്‍-ഇ-അസമി'ല്‍ മധുബാലയും. പക്ഷേ, ഇപ്പോഴാണ് സംഭവം ട്രെന്‍ഡായതെന്ന് മാത്രം.
Content Highlights: gaja gamini, which is included in heeramandi web series
Published: 30 May 2024, 01:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented