'പുതിയകാലത്ത് പാട്ടുകാരന് കഴിവ് വെറും അമ്പതുശതമാനം മാത്രമുണ്ടായാല്‍ മതി. പാട്ടിനെ പൂര്‍ണതയിലെത്തിക്കുന്നതും പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവ ഭംഗിയായി അവതരിപ്പിക്കുന്നതും ടെക്നോളജിയാണ് -പാട്ടുപിറവിക്കു പിന്നിലെ ഉള്ളുകള്ളികളെക്കുറിച്ചുള്ള ഈ തുറന്നുപറച്ചില്‍ മുതിര്‍ന്ന സംഗീതസംവിധായകന്‍ ഔസേപ്പച്ചന്റെതാണ്. തലമുറഭേദമില്ലാതെ ഇന്നും സിനിമകള്‍ക്കായി സംഗീതമൊരുക്കുന്ന ഔസേപ്പച്ചന്‍ സംസാരിച്ചതത്രയും പഴയതും പുതിയതുമായ പാട്ടുകളെക്കുറിച്ചും അവ ജന്മംകൊള്ളുന്ന വഴികളെപ്പറ്റിയുമായിരുന്നു.

To advertise here,

സിനിമാഗാനത്തോട് ചേര്‍ത്തുവച്ച ഒരു ഓര്‍മ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ''യാദൃച്ഛികമായാണ് അങ്ങനെയൊരു പാട്ട് കാതുകളിലേക്ക് ഒഴുകിവന്നത് ആദ്യകേള്‍വിയില്‍ ഏറെ ഇഷ്ടപ്പെട്ടു. ഗംഭീരമായെന്നു തോന്നിയപ്പോള്‍ അടുത്തൊരു സുഹൃത്തിനെ വിളിച്ച് ആപാട്ട് കേള്‍ക്കണമെന്നും അതിന്റെ സൗന്ദര്യത്തെക്കുറിച്ചുമെല്ലാം വാചാലനായി. പിന്നീട് അല്‍പ്പനേരത്തിനുശേഷം ഉച്ചയൂണെല്ലാം കഴിഞ്ഞ് ഒരിക്കല്‍കൂടി ഞാന്‍ ആ പാട്ട് പ്ലേചെയ്തു. മനസ്സില്‍ നിറഞ്ഞ വികാരം മറ്റൊന്നായിരുന്നു. ഇത്തരത്തിലൊരു പാട്ടിനെക്കുറിച്ചാണല്ലോ കുറച്ചു മുന്‍പ് ഇങ്ങനെയെല്ലാം അഭിപ്രായപ്പെട്ടതെന്നു തോന്നി, രണ്ടാമത്തെ കേള്‍വിയില്‍ പ്രത്യേകിച്ച് യാതൊരു വികാരവും തോന്നിയില്ല, ആദ്യമുണ്ടായ കൗതുകം പൂര്‍ണമായും നശിച്ചുപോയി - ഇത് കേവലം ഒറ്റപ്പെട്ട ഒരു സംഭവമല്ല പുതിയകാലത്തെ പല പാട്ടുകളും ഇങ്ങനെയാണ് ആദ്യകേള്‍വിയിലുണ്ടാകുന്ന ഇഷ്ടം പെട്ടെന്നുതന്നെ പറന്നകലുന്നു. ഇതിനു കാരണം ഇന്നത്തെ പല പാട്ടിലും സംഗീതം ഇല്ലെന്നതാണ്. പക്ഷേ, ഞാനടക്കമുള്ള സംഗീതസംവിധായകരിന്ന് അത്തരം പാട്ടുകളുണ്ടാക്കാന്‍ നിര്‍ബന്ധിതരാകുകയുമാണ്.''

സിനിമയില്‍ പാട്ടുകള്‍ക്കിന്ന് കല്‍പ്പിച്ചുനല്‍കുന്ന മാനം വ്യത്യസ്തമാണെന്നാണ് ഔസേപ്പച്ചന്റെ പക്ഷം. പാട്ടിനായി തന്നെ സമീപിച്ച അറിയപ്പെടുന്നൊരു സംവിധായകന്‍ മുന്നോട്ടുവെച്ച നിര്‍ദേശവും ഔസേപ്പച്ചന്‍ പങ്കുവെച്ചു. സംവിധായകന്‍ പറഞ്ഞത് അയാളുടെ സിനിമയിലെ പാട്ടിന് സംഗീതവും വലിയ ഭാവങ്ങളുമൊന്നും വേണ്ടെന്നായിരുന്നു. റിങ് ടോണ്‍ ആക്കാന്‍ പാകത്തിലുള്ള ശബ്ദങ്ങളുടെ മിശ്രിതമാണ് പുതിയ കാലത്തിന് ആവശ്യം. ജോലിയുടെ ഭാഗമായി ഇത്തരം പാട്ടുകള്‍ ഉണ്ടാക്കേണ്ടിവരുമ്പോഴും അവയോട് മനസ്സുകൊണ്ട് ചേര്‍ന്നുനില്‍ക്കാനാകുന്നില്ലെന്ന് ഔസേപ്പച്ചന്‍ പറയുന്നു.

''പാട്ട് ഹിറ്റാകുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി തോന്നിയത് സിനിമയുടെ സ്വീകാര്യതയാണ്. അങ്ങനെയല്ലാതെയും ചുരുക്കം ചിലപ്പോഴൊക്കെ ഹിറ്റുകളുണ്ടായിട്ടുണ്ടായിട്ടുണ്ട്. സിനിമ വിജയമാകുന്നതോടെ അമ്പതുശതമാനം മാത്രം നന്നായ പാട്ടുവരെ വലിയതോതില്‍ സ്വീകരിക്കുന്നതായും സിനിമ തകരുന്നതോടെ അതില്‍ ഉള്‍പ്പെടുത്തിയ മികച്ച ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെപോയതായും അനുഭവമുണ്ട്. ഓടാത്ത പടത്തിലെ ചില പാട്ടുകള്‍ വര്‍ഷങ്ങള്‍ക്കുശേഷം മികച്ച അഭിപ്രായം നേടിത്തന്നിട്ടുണ്ട്. റിലീസാകാതെപോയ സിനിമയില്‍ ഉള്‍പ്പെടുത്തിയ ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് യുട്യൂബിലെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടുന്നുണ്ട്.''

സംഗീതരംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഔസേപ്പച്ചനെ ഗീതം സംഗീതം കലാസാസ്‌ക്കാരികവേദി ഞായറാഴ്ച്ച തൃശ്ശൂരില്‍ ആദരിക്കും (സെപ്തറ്റംബര്‍ 21). ഔസേപ്പച്ചനും ഗാനരചനയില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഷിബുചക്രവര്‍ത്തിക്കുമുള്ള ആദരമാണ് ചക്കരമാവിന്‍ മുറ്റത്ത് എന്ന ഗാനസന്ധ്യ. തൃശ്ശൂര്‍ റീജണല്‍ തീയേറ്ററില്‍ വൈകീട്ട് 4.30നാണ് ചടങ്ങ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi