രൺവീർ സിങ് ചിത്രം ‘ധുരന്ധർ’ ബോക്സോഫീസിൽ വൻകുതിച്ചുചാട്ടം നടത്തുമ്പോൾ ജമ്മു കശ്മീരിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഷോപിയാനിലും പുൽവാമയിലും തിയേറ്ററുകളെല്ലാം ഹൗസ്ഫുൾ ആണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ, ദേശീയവാദം മുന്നോട്ടുവെക്കുന്ന 'ദ കശ്മീർ ഫയൽസ്', 'ധുരന്ധർ' പോലുള്ള സിനിമകളെക്കുറിച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്. ഈ സിനിമകൾ കണ്ടിട്ടില്ലെന്നും, പക്ഷേ കാശ്മീരിലെ പ്രേക്ഷകർ ‘ധുരന്ധർ’ വലിയ തോതിൽ കാണുന്നുണ്ടെന്നും ഒരു വേദിയിൽ അദ്ദേഹം പറഞ്ഞു.

"ഞാൻ രണ്ടും കണ്ടിട്ടില്ല, സത്യം പറഞ്ഞാൽ കാണാൻ ഉദ്ദേശിക്കുന്നുമില്ല. എങ്കിലും പറയട്ടെ, കശ്മീർ ഫയൽസ് താഴ്വരയിൽ വലിയ വിജയം നേടിയില്ല, എന്നാൽ രണ്ടാമത്തെ ചിത്രം വലിയ കച്ചവടം നടത്തുന്നുണ്ട്."-അദ്ദേഹം പറഞ്ഞു. സദസ്സിലിരുന്ന കശ്മീരിലെ മൾട്ടിപ്ലക്സ് ഉടമയെ ചൂണ്ടിക്കാണിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു-"സദസ്സിൽ വിജയ് ധർ സാബിനെ ഞാൻ കാണുന്നു. താഴ്വരയിലെ ഒരേയൊരു മൾട്ടിപ്ലക്സ് അദ്ദേഹത്തിന്റേതാണ്. ഈ രണ്ടാമത്തെ സിനിമ അദ്ദേഹത്തിന്റെ കളക്ഷനിൽ നേട്ടമുണ്ടാക്കി. വ്യക്തമായി പറഞ്ഞാൽ, ഇതൊരു പ്രൊപഗണ്ട ചിത്രമാണെങ്കിൽ പോലും, അത് നൽകുന്ന വിനോദത്തിൽ കശ്മീരിലെ പ്രേക്ഷകർ സന്തുഷ്ടരാണ്."

ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 702 കോടി രൂപ ഇതുവരെ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 460 കോടി രൂപയും നേടി. ഛാവയ്ക്ക് ശേഷം, ഈ വർഷത്തെ രണ്ടാമത്തെ വലിയ ഹിന്ദി ഗ്രോസറായി ചിത്രം മാറി. 2022-ലിറങ്ങിയ കശ്മീർ ഫയൽസ് പത്താഴ്ചത്തെ പ്രദർശനത്തിലൂടെ 252 കോടി രൂപയാണ് നേടിയത്. അതേസമയം, മൂന്നു മാസത്തിനുള്ളിൽ ധുരന്ധറിന്റെ രണ്ടാം ഭാഗമിറങ്ങും. ചിത്രത്തിൽ അക്ഷയ് ഖന്ന, ആർ മാധവൻ, സാറ അർജുൻ, അർജുൻ രാംപാൽ, രാകേഷ് ബേദി തുടങ്ങിയവരും അഭിനയിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi