പിറന്നുവീണ് അഞ്ചാം ദിവസത്തില്‍ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂര്‍വ്വ ഭാഗ്യം ഒരുപെണ്‍കുഞ്ഞിന് ലഭിച്ചിരിക്കുകയാണ്. മാജിക്ക് ഫെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്  ബോബി സഞ്ജയ് യുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബിഗേള്‍ എന്ന ചിത്രത്തിലാണ് ഈ അപൂര്‍വ നായിക എത്തുന്നത്. ചിത്രത്തില്‍ കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കുന്നത് ബേബി രുദ്രയാണ്. ജനിച്ച് അഞ്ചാം ദിനം കുട്ടി ഷൂട്ടിനായി സിനിമ സെറ്റിലേക്ക് എത്തി. മാജിക് ഫ്രെയിംസ് സിനിമകളുടെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖില്‍ യശോധരന്റെ മകളാണ് രുദ്ര. നിവിന്‍ പോളി നായകനും ലിജോമോള്‍ നായികയുമാകുന്ന ഈ ചിത്രത്തില്‍ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിധ്യവുമുണ്ട്.

placeholder
ലിജോമോള്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കുട്ടിയുമായി


ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാണ് രുദ്ര അവതരിപ്പിക്കുന്ന ബേബി ഗേള്‍. തിരുവനന്തപുരത്താണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിനിടയില്‍ എത്തുന്ന കുഞ്ഞിന്റെ നൂലുകെട്ടും സെറ്റില്‍ തന്നെ നടത്താനും അണിയറപ്രവര്‍ത്തകരും മാതാപിതാക്കളും തീരുമാനിക്കുയായിരുന്നു. നായകനായ നിവിന്‍ പോളിയാണ് നൂലുകെട്ട് സെറ്റില്‍ വച്ചുനടത്താം എന്ന ആശയം പങ്കുവച്ചത്.  കവടിയാര്‍ ലയണ്‍സ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകന്‍ അരുണ്‍ വര്‍മ്മ, ലിജോമോള്‍, സംഗീത് പ്രതാപ് ,അഭിമന്യു തിലകന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു. ഗരുഡന്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് ബേബി ഗേള്‍. ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാജിക് ഫ്രെയിംസിനായി ബേബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ബേബി ഗേള്‍.