
മലയാളത്തിലെ സ്ത്രീപക്ഷ പ്രസിദ്ധീകരണങ്ങളില്‍ പ്രചുരപ്രചാരമുള്ള ഗൃഹലക്ഷ്മിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കഥയിലെ നായികമാര്‍ എന്നൊരു പുതിയ കോളം തുടങ്ങുകയാണ് ഞാന്‍. നൂറില്‍പ്പരം തിരക്കഥകള്‍ എഴുതിയിട്ടുള്ള എന്റെ സിനിമകളില്‍ അഭിനയിച്ച മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ അമ്പത്തിമൂന്നോളം താരസുന്ദരിമാരാണ് നായികമാരായി വേഷപ്പകര്‍ച്ച നടത്തിയിട്ടുള്ളത്.
ഇതില്‍ എന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്, പരിചിത നായികാസങ്കല്പത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ പുതിയൊരു അഭിനയരീതിയുമായി കടന്നുവന്ന ഉര്‍വശിയാണ്. ഈ നായികാസ്വരൂപങ്ങളുമായുള്ള എന്റെ സൗഹൃദവും ഇഴയടുപ്പവും പിണക്കവും പിന്മാറ്റവുമൊക്കെയാണ് ഞാന്‍ ഈ കോളത്തിലൂടെ പറയുന്നത്.
എന്റെ ആദ്യ നായിക ജയഭാരതി
ഐ.വി. ശശി സംവിധാനംചെയ്ത 'അനുഭവങ്ങളേ നന്ദി'യിലൂടെയാണ് ഞാന്‍ ആദ്യമായി സിനിമയിലേക്ക് വരുന്നത്. കഥ കലൂര്‍ ഡെന്നീസ് എന്ന എന്റെ പേര് ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞുവന്നത് ആ ചിത്രത്തിലൂടെയാണ്. ഇതില്‍ നായികയായി വന്നത് അന്നത്തെ അഭിനയ ലാവണ്യമായിരുന്ന ജയഭാരതിയായിരുന്നു. മധുവായിരുന്നു നായകന്‍.
1975-ല്‍ ഏയ്ഞ്ചല്‍ ഫിലിംസിന്റെ ഉടമ എം.ഡി. ജോര്‍ജിന്റെ പത്രാധിപത്യത്തില്‍ എറണാകുളത്തുനിന്ന് ഇറങ്ങിയിരുന്ന ചിത്രകൗമുദി വാരികയില്‍ ഞാന്‍ എഴുതിയിരുന്ന ഒരു നീണ്ട കഥയായിരുന്നു അനുഭവങ്ങളേ നന്ദി. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന ഈ കഥയിലെ നായികയായി ഞാന്‍ മനസ്സില്‍ കണ്ടിരുന്നത് ഉര്‍വശി ശാരദയെയായിരുന്നു. അതിന് പ്രത്യേക ചില കാരണങ്ങളുമുണ്ടായിരുന്നു. എന്റെ കൗമാരകാലം മുതല്‍ ശാരദയുടെ ചിത്രങ്ങള്‍ കണ്ട് കണ്ട് ഞാന്‍ അവരുടെ കടുത്ത ആരാധകനായി നടന്ന കാലമായിരുന്നു അത്. ആ ആരാധനാപാത്രം എന്റെ ആദ്യകഥയിലെ നായികയായി വരികയെന്നത് വലിയ മോഹമായിരുന്നു.
അങ്ങനെ അനുഭവങ്ങളേ നന്ദിയുടെ ചര്‍ച്ചയ്ക്കുവേണ്ടി ഐ.വി. ശശി എറണാകുളത്തുവന്നപ്പോഴാണ് എന്റെ ശാരദാകമ്പത്തിന് പെട്ടെന്നൊരു ബ്രേക്കപ്പുണ്ടായത്. ശശി അന്നുപറഞ്ഞ വാചകങ്ങള്‍ ഇന്നും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ''എടാ, ശാരദ മികച്ച അഭിനേത്രിയാണ്. നല്ല മാര്‍ക്കറ്റ് വാല്യുവുമുണ്ട്. പക്ഷേ, നിന്റെ കഥാപാത്രത്തിന് ശാരദയെക്കാള്‍ നല്ലത് ജയഭാരതിയാണ്. പാവാടയും ബ്‌ളൗസുമണിഞ്ഞ് കുസൃതിക്കുറുമ്പുമായി നടക്കുന്ന ഒരു നാടന്‍ പെണ്‍കുട്ടിയായി ശാരദയെക്കാള്‍ അനുയോജ്യ ജയഭാരതിയാണ്.
നിന്റെ ആരാധികയെ നമുക്ക് അടുത്ത പടത്തിലിടാം.'' കച്ചവടമൂല്യമുള്ള വളരെയധികം സിനിമകള്‍ ചെയ്ത അനുഭവപാഠങ്ങളുള്ള ശശിയുടെ സംസാരം കേട്ടപ്പോള്‍ എന്റെ മനസ്സിലെ ശാരദാമോഹം പൂവണിയില്ലെന്ന് എനിക്ക് ബോധ്യമായി. ആ കഥാപാത്രത്തിന്റെ സംസാരവും നടത്തവും മാനറിസവുമെല്ലാം ജയഭാരതിക്കായിരിക്കും ഏറ്റവും ഇണങ്ങുക എന്ന് എനിക്കും തോന്നി. അങ്ങനെയാണ് അനുഭവങ്ങളേ നന്ദിയിലെ നായികയായി ജയഭാരതി സ്ഥാനക്കയറ്റംകിട്ടി വരുന്നത്.
നിലമ്പൂരായിരുന്നു ഷൂട്ടിങ് ലൊക്കേഷന്‍. സോമന്‍, ജയഭാരതി, ഞാന്‍, നിര്‍മാതാക്കള്‍ തുടങ്ങിയവരെല്ലാവരും അവിടത്തെ ജയശ്രീ ഹോട്ടലിലും, ഐ.വി. ശശിയും മറ്റ് ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍മാരുമൊക്കെ താമസിച്ചിരുന്നത് മഞ്ചേരിയിലെ ഒരു ഹോട്ടലിലുമായിരുന്നു. എന്റെ ആദ്യത്തെ സിനിമാക്കഥയായതുകൊണ്ട് ഞാനും എപ്പോഴും ലൊക്കേഷനില്‍ ഉണ്ടാകുമായിരുന്നു.
ആ ലൊക്കേഷനിലെ കൂടിക്കാഴ്ചയോടെ ഞാനും ജയഭാരതിയുമായി നല്ല സൗഹൃദത്തിലായി. ഒരു താരറാണിയുടെ അഹങ്കാരമോ ജാടയോ ഒന്നുമില്ലാതെ എല്ലാവരോടും വളരെ നന്നായി പെരുമാറുന്ന പ്രകൃതമായിരുന്നു ജയഭാരതിയുടെത്. എന്നാല്‍ എത്ര വലിയ ആളാണെങ്കിലും നടനാണെങ്കിലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയാനും അവര്‍ക്കൊരു മടിയുമില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് എം.ജി. സോമന്‍.
സോമന്‍ ഷൂട്ടിങ്ങിന് വന്ന ആദ്യദിവസംതന്നെ ഞാനും അദ്ദേഹവുമായി നന്നായിട്ടൊന്ന് പിണങ്ങേണ്ടിവന്നു. ആ പിണക്കത്തിന്റെ കരടുരേഖവെച്ച് നോക്കുമ്പോള്‍ ഞാനാണ് ശരിയെന്ന് ജയഭാരതിക്ക് തോന്നിയതുകൊണ്ടാകാം വലിയ നായകനായ സോമന്റെ പക്ഷം ചേരാതെ എന്റെ നേരിന്റെ പക്ഷം ചേര്‍ന്നുനില്‍ക്കാനും അവര്‍ക്ക് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല.
അവള്‍ വിശ്വസ്തയായിരുന്നു, കരകാണാക്കടല്‍, ഇതാ ഇവിടെവരെ, പുനര്‍ജന്മം, വാടകയ്ക്ക് ഒരു ഹൃദയം, രതിനിര്‍വ്വേദം തുടങ്ങിയ മികച്ച ചിത്രങ്ങളിലെ നടനചാരുതകണ്ട് ജയഭാരതിയെ കാണാന്‍ ലൊക്കേഷനില്‍ എപ്പോഴും വലിയ തിക്കും തിരക്കുമായിരുന്നു. രതിനിര്‍വേദം, പുനര്‍ജന്മം എന്നീ ചിത്രങ്ങളിലെ സെക്‌സിന്റെ മേമ്പൊടി സ്പര്‍ശമുള്ള സീനുകളില്‍ അഭിനയിക്കുമ്പോള്‍ ജയഭാരതിയുടെ മുഖത്ത് വിരിയുന്ന രതിഭാവം മലയാളത്തിലെ മറ്റൊരു നടിക്കും പ്രകടിപ്പിക്കാനാവില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഞാന്‍ തുറന്ന് എഴുതുകയും ചെയ്തിട്ടുണ്ട്.
'അനുഭവങ്ങളേ നന്ദി'യ്ക്കുശേഷം ഞാന്‍ കഥ എഴുതി പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇവിടെ കാറ്റിന് സുഗന്ധ'ത്തിലും ജയഭാരതിയായിരുന്നു നായിക. സോമനും ജയനുമായിരുന്നു നായകന്മാര്‍. എണ്‍പതുകളുടെ തുടക്കത്തില്‍ ഞാനും തിരക്കഥാകാരനായി വന്നപ്പോള്‍ ജയഭാരതിയെ നായികയാക്കി ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനിടയില്‍ ജയഭാരതി-സത്താര്‍ വിവാഹം നടന്നിരുന്നു.
പിന്നീട് 1986-ലാണ് ജോഷിയും ഞാനുംകൂടി ചെയ്ത 'ജനുവരി ഒരു ഓര്‍മ്മ'യില്‍ അഭിനയിക്കാനായി അവര്‍ കോടൈക്കനാലില്‍ വന്നത്. വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞതാണെങ്കിലും ജനുവരി ഒരു ഓര്‍മ്മയിലെ മോഹന്‍ലാലിന്റെ അമ്മക്കഥാപാത്രം വളരെ അഭിനയ പ്രാധാന്യമുള്ളതായി തോന്നിയതുകൊണ്ടാണ് ഒരു ഇടവേളയ്ക്കുശേഷം അവര്‍ വീണ്ടും ക്യാമറയുടെ മുന്നിലേക്ക് വന്നത്. പിന്നെയും പത്തുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ തിരക്കഥയെഴുതിയ 'എഴുപുന്നതരകനി'ല്‍ മമ്മൂട്ടിയുടെ ആന്റിയുടെ വേഷം ചെയ്തത്. ഇനി ചെറിയൊരു ഫ്‌ളാഷ്ബാക്കിലേക്ക് പോകാം.
ജയഭാരതിയുമായുള്ള ആദ്യ കൂടിക്കാഴ്ച
ഞാന്‍ ജയഭാരതിയെ ആദ്യമായി കാണുന്നത് 1973-ന്റെ ആദ്യപകുതിയിലാണ്. ആ ഓര്‍മകള്‍ക്ക് അരനൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെങ്കിലും എന്റെ മനസ്സില്‍ ഇന്നും ഒരു മായാചിത്രംപോലെ നിഴല്‍മൂടിക്കിടക്കുന്നുണ്ട്. ജയഭാരതിയുമായുള്ള അന്നത്തെ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക ചില കാരണങ്ങളുമുണ്ടായിരുന്നു. അതിന്റെ സഞ്ചാരവഴികളിലൂടെ ഒന്നുപോകാം.
ആയിടെ പുറത്തിറങ്ങിയ ഞങ്ങളുടെ ചിത്രപൗര്‍ണമി വാരികയുടെ ഫ്രണ്ടുപേജില്‍ ഒരു പ്രധാനപ്പെട്ട വാര്‍ത്ത കൊടുത്തിരുന്നു. ജയഭാരതിയുടെ അനുജത്തിയും നടന്‍ വിന്‍സെന്റും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു. എന്റെ സുഹൃത്തും സാഹിത്യകാരനുമായ വിജയന്‍ കരോട്ട് മദ്രാസില്‍നിന്ന് അയച്ചുതന്ന വാര്‍ത്തയാണ്. മറ്റ് പ്രസിദ്ധീകരണങ്ങളില്‍ വരുന്നതിനുമുന്‍പുതന്നെ ഒരു ചൂടന്‍ വാര്‍ത്ത.
ഞങ്ങളുടെ ചിത്രപൗര്‍ണമിയുടെ പുതിയ ലക്കത്തില്‍തന്നെ അത് കൊടുക്കുകയും ചെയ്തു. വാരിക പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ജയഭാരതിയുടെ ഒരു വക്കീല്‍നോട്ടീസുവന്നു. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം. ഞങ്ങള്‍ അതത്ര കാര്യമായി എടുക്കാതെ വക്കീല്‍ നോട്ടീസിന് മറുപടി അയക്കാനൊന്നും പോയില്ല.
ഈ സമയത്താണ് കെ.എസ്. സേതുമാധവന്‍ സാര്‍ സംവിധാനം ചെയ്യുന്ന 'കലിയുഗത്തിന്റെ' ഷൂട്ടിങ് യൂണിറ്റ് ആലുവാ പാലസില്‍ എത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ അറിയുന്നത്. നസീര്‍, ജയഭാരതി, അടൂര്‍ഭാസി, കെപിഎസി ലളിത തുടങ്ങിയ പ്രധാനപ്പെട്ട ആര്‍ട്ടിസ്റ്റുകള്‍ താമസിച്ചിരുന്നതും ആലുവാ പാലസില്‍ തന്നെയായിരുന്നു. ഈ വിവരമറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് പെട്ടെന്ന് ഒരു ഐഡിയ തോന്നി. ജയഭാരതിയെപ്പോയി ഒന്നുകണ്ടാലോ? അതോടൊപ്പം തന്നെ സേതുസാറിന്റെ ഒരു എക്‌സ്‌ക്ലൂസീവ് അഭിമുഖവും എടുക്കാം.
പിറ്റേന്ന് വൈകുന്നേരം ഞാനും സെബാസ്റ്റ്യന്‍ പോളുംകൂടി ആലുവാ പാലസിലേക്ക് തിരിച്ചു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ജയഭാരതിയും കെപിഎസി ലളിതയും കൂടി പാലസിന്റെ മുന്‍പിലെ പുഴക്കടവില്‍നിന്ന് കുളിച്ചുകയറി വരുന്നതാണ്. ഷൂട്ടിങ്ങാണെന്നാണ് ആദ്യം ഞങ്ങള്‍ കരുതിയത്. പതുക്കെ ഞങ്ങള്‍ ജയഭാരതിയുടെ അടുത്തേക്ക് ചെന്നു. ഞങ്ങള്‍ ചിത്രപൗര്‍ണമിയുടെ ആളുകളാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ജയഭാരതി പാലസിനകത്തേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ സെബാസ്റ്റ്യന്‍പോള്‍ ഇങ്ങനെയാണ് തുടക്കമിട്ടത്.
''എക്‌സ്‌ക്യൂസ്മി'' ജയഭാരതി അപരിചിതഭാവത്തില്‍ ഞങ്ങളെ നോക്കി.
''ഞങ്ങള്‍ മിത്രങ്ങളല്ല, ശത്രുക്കളാണ്!'' ''ആരാ നിങ്ങള്‍? മനസ്സിലായില്ല.'' ജയഭാരതി സംശയഭാവത്തില്‍ ഞങ്ങളെ ഒന്നുനോക്കി. കെപിഎസി ലളിത ജയഭാരതിയുടെ നിഴല്‍പോലെ ഓരംചേര്‍ന്നുനിന്നുകൊണ്ട് ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ''ഞങ്ങള്‍ ചിത്രപൗര്‍ണമിയുടെ ആള്‍ക്കാരാണ്.'' ഞാന്‍ പറഞ്ഞു.
അതുകേട്ടതും ഭൂമികുലുക്കവും ഉരുള്‍പൊട്ടലും ഒന്നിച്ച് ഉണ്ടായതുപോലെ ജയഭാരതി പൊട്ടിത്തെറിക്കാന്‍ തുടങ്ങി. ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ നോണ്‍സ്റ്റോപ്പായി എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഗ്രൗണ്ട്ഫ്‌ളോറിലുള്ള അവരുടെ മുറിയിലേക്ക് നടക്കുകയാണ്. അകമ്പടിയെന്നവണ്ണം ലളിതയും പുറകേചെന്നു. ജയഭാരതിയുടെ അതിനാടകീയമായ പെര്‍ഫോമെന്‍സ് കണ്ടപ്പോള്‍ ചില സിനിമയിലെ അവരുടെ പ്രകടനം പോലെയാണ് എനിക്ക് തോന്നിയത്. അവരോടൊപ്പം ഞങ്ങളും മുറിയിലേക്ക് ചെന്നു. അതുംകൂടി കണ്ടപ്പോള്‍ അവരുടെ മുഖത്ത് ദേഷ്യം കത്തിപ്പടരുകയായിരുന്നു.
''എന്തറിഞ്ഞിട്ടാണ് നിങ്ങള്‍ ഈ വ്യാജവാര്‍ത്തകൊടുത്തത്.'' എന്നെക്കുറിച്ച് നിങ്ങള്‍ എന്തുവാര്‍ത്ത വേണമെങ്കിലും കൊടുത്തോളൂ. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണല്ലോ. എന്റെ സിസ്റ്റര്‍ ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ? ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതാണോ പത്രപ്രവര്‍ത്തനം?''
അവരുടെ സംസാരത്തില്‍ ദേഷ്യവും അമര്‍ഷവും സങ്കടവും ഒരുപോലെ ഇഴചേര്‍ന്നിരുന്നു. ഞാനും സെബാസ്റ്റ്യനുംകൂടി വ്യാജവാര്‍ത്തകൊടുത്തതിന്റെ നിജസ്ഥിതി വിവരിച്ചുകൊടുത്തു. മദ്രാസില്‍നിന്ന് വിജയന്‍ കരോട്ട് അയച്ചുതന്ന വാര്‍ത്തയാണെന്നും ആരോ കൃത്രിമമായി പറഞ്ഞുകൊടുത്ത വ്യാജവാര്‍ത്തയാണെന്നും തെറ്റുപറ്റിപ്പോയതാണെന്നും ഞാനും സെബാസ്റ്റ്യനും ഒരേപോലെ പറഞ്ഞപ്പോള്‍ ജയഭാരതി ചെറുതായൊന്ന് തണുത്തു.
''ഇനി ഇതേപോലുള്ള ഗോസിപ്പുകള്‍ കിട്ടിയാല്‍ ഒന്നുവിളിച്ച് ചോദിച്ചിട്ടുവേണം കൊടുക്കാന്‍. നിങ്ങള്‍ അടുത്ത ലക്കത്തില്‍ത്തന്നെ ക്ഷമാപണം പറഞ്ഞുകൊണ്ട് ഒരു തിരുത്തുകൊടുക്കണം.'' ഞങ്ങള്‍ കൊടുക്കാമെന്ന് പറയുകയും ചെയ്തു. അവര്‍ പറയുന്നതിലും കാര്യമുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ഇനി ഇതുപോലെ വിവാദമുണ്ടാകുന്ന എന്തുവാര്‍ത്ത വന്നാലും നന്നായിട്ട്് അന്വേഷിച്ചതിനുശേഷമേ കൊടുക്കാവൂ എന്നും ഞാന്‍ മനസ്സില്‍ തീരുമാനമെടുക്കുകയും ചെയ്തു.
ഈ ഒരു വ്യാജവാര്‍ത്തയോടുകൂടി ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു സൗഹൃദത്തിന് തുടക്കം കുറിക്കുകയായിരുന്നു. അങ്ങനെയാണ് മദര്‍ ഇന്ത്യാ മൂവീസ് നിര്‍മിച്ച ഐ.വി. ശശിയുടെ 'ഈ മനോഹര തീരത്തി'ലെ നായികയായി ജയഭാരതി എത്തുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്തുവെച്ചായിരുന്നു. അന്ന് ഒന്നുരണ്ടുപ്രാവശ്യം ഞാന്‍ അവരെപ്പോയി കണ്ടിട്ടുണ്ട്.
1998-ല്‍ എറണാകുളത്തുവെച്ച് അവസാനമായി ജയഭാരതിയെ കണ്ടതിനുശേഷം ഞാന്‍ അവരെ വിളിക്കുന്നത് ഇരുപത്താറുവര്‍ഷങ്ങള്‍ക്കുശേഷം 2014 ജൂലായ് ഒന്നാംതീയതിയാണ്. അന്ന് അവരുടെ എഴുപതാം പിറന്നാള്‍ ദിനമായിരുന്നു. എല്ലാവിധ ആയുരാരോഗ്യങ്ങളും നേര്‍ന്നുകൊണ്ട് ഞങ്ങള്‍ അല്പനേരം സംസാരിക്കുകയും ചെയ്തു.
(തുടരും)
അടുത്തത് ഷീല
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: a filmmaker shares intimate stories and insights about the leading ladies he worked with, recalling their personalities, professional journeys, and memorable on-set moments. discover the real lives behind the iconic screen presences.
Published: 01 Oct 2025, 11:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented