മാധുരി ദീക്ഷിത്തിന്റെ കരിയറിലെ ഏറ്റവും ജനപ്രിയചിത്രങ്ങളിലൊന്നാണ് 'ഖൽനായക്'. സഞ്ജയ് ദത്ത്, അനുപം ഖേർ, ജാക്കി ഷ്റോഫ് തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായ സിനിമ, സുഭാഷ് ഘായ് ആണ് സംവിധാനം ചെയ്തത്. എന്നാൽ, ഒരു പാട്ടിൽ മാത്രം പ്രത്യക്ഷപ്പെട്ട് താരമായൊരാളുമുണ്ടായിരുന്നു ആ സിനിമയിൽ, നീന ഗുപ്ത.

'ചോളി കെ പീഛേ ക്യാ ഹെ...' എന്ന പ്രശസ്തമായ പാട്ടിലാണ് മാധുരിക്കൊപ്പം നീനയും സ്‌ക്രീനിലെത്തിയത്. വരികളുടെ പേരിൽ വിവാദമുണ്ടായെങ്കിലും, ആരാധകർ ആ പാട്ട് പെട്ടെന്ന് തന്നെ ഏറ്റെടുത്തു. ഒരാഴ്ചകൊണ്ട് ഒരുകോടി കാസറ്റുകൾ വിറ്റുപോയി.

ഇപ്പോൾ ആ പാട്ടുചിത്രീകരണത്തിനിടയിലെ ചില അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് നടി നീന ഗുപ്ത. സംവിധായകൻ സുഭാഷിന്റെ ഒരു അഭ്യർഥന തന്നെ ദേഷ്യം പിടിപ്പിച്ചുവെന്നും ഞെട്ടിച്ചുവെന്നും അവർ തുറന്നുപറയുന്നു. ചിത്രീകരിക്കുമ്പോൾ ആ രംഗത്തിലെ ദൃശ്യഭംഗിക്കായി തന്നോട് പാഡഡ് ബ്രാ ധരിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്നാണ് നീന പറയുന്നത്. കോസ്റ്റിയൂം ഡിസൈനറോട് പാഡഡ് ബ്രാ നൽകാൻ സംവിധായകൻ ആവശ്യപ്പെട്ടു. ആ കമന്റ് തനിക്ക് ദേഷ്യമുണ്ടാക്കിയെന്നും അവർ വെളിപ്പെടുത്തുന്നു. ''ആ സമയത്ത്, എനിക്ക് വളരെയധികം ദേഷ്യം തോന്നി. എങ്ങനെയാണ് അയാൾക്ക് അതു പറയാൻ കഴിയുന്നതെന്ന് ഞാൻ ചിന്തിച്ചു'' നീനയുടെ വാക്കുകൾ.

എന്നിരുന്നാലും, ആ സംഭവത്തെ ഇപ്പോൾ വ്യത്യസ്തമായി കാണാൻ കഴിയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ''എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ ജോലി ചെയ്യുകയായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. പാട്ടിലെ കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പ്രത്യേക ഇമേജ് ഉണ്ടായിരുന്നു, അദ്ദേഹം അത് വ്യക്തമായി പ്രകടിപ്പിച്ചു. അദ്ദേഹം എന്നെ തുറിച്ചുനോക്കിയില്ല, പക്ഷേ ഞാൻ അന്ന് പുതിയ ആളായിരുന്നു. ഇന്ന് ഞാൻ അത് വ്യത്യസ്തമായി മനസ്സിലാക്കുന്നു. കുറച്ചു കാലത്തേക്ക് അത് എന്നെ ബുദ്ധിമുട്ടിച്ചു, പക്ഷേ പിന്നീട് പാട്ട് വളരെ മനോഹരമായിരുന്നതിനാൽ ഞാനത് മറന്നു''.

അന്ന് വിമർശിക്കപ്പെട്ടെങ്കിലും പിന്നീട് പാട്ടിന് കൾട്ട് പദവി ലഭിച്ചു. ഇത്രയും വർഷങ്ങൾക്കുശേഷവും പാട്ടിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi