
സാഗരംപോലെ സംഗീതം,പേരില്‍ തന്നെ പാട്ടിന്റെ ഒരു കടല്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട് വിദ്യാസാഗര്‍.ഈണങ്ങളുടെ നിലക്കാത്ത ആ തിരയിളക്കം നോക്കി മലയാളി അത്ഭുതത്തോടെ നില്‍ക്കുന്നു.മോഹിപ്പിക്കുന്ന എത്രയെത്ര പാട്ടുകളാണ് അദ്ദേഹം സമ്മാനിച്ചത്. തന്റെ സംഗീതലോകത്തെ കുറിച്ച് വിദ്യാസാഗര്‍ സംസാരിക്കുന്നു.
ആന്ധ്രയില്‍ ജനിച്ച്, മദിരാശിയില്‍ വളര്‍ന്ന താങ്കള്‍, മലയാളം പഠിക്കാതെ, അറിയാതെ മലയാളത്തില്‍ മനോഹരമായ ഒട്ടേറെ പാട്ടുകള്‍ സൃഷ്ടിച്ചു... ആത്ഭുതപ്പെടാതെ വയ്യ...
ഈ പറഞ്ഞ അദ്ഭുതം എനിക്കുമുണ്ട്. മലയാളഭാഷ അറിയില്ല എന്നുമാത്രമല്ല കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് ഞാനെവിടെയും യാത്രചെയ്തിട്ടില്ല. ഇവിടത്തെ ഭക്ഷണം ഏറെയൊന്നും രുചിച്ചിട്ടില്ല. മലയാളിയുടെ ജീവിത പശ്ചാത്തലവും മാനസികതലവും ഇഷ്ടാനിഷ്ടങ്ങളും എന്താണെന്ന് കൂടുതലായി അറിയില്ല. എന്നിട്ടും ഇവിടത്തെ ഗാ നരചയിതാക്കളുടെ വരികള്‍ക്ക് ഞാന്‍ നല്‍ കിയ സംഗീതം നിങ്ങള്‍ ഇഷ്ടപ്പെടുമ്പോള്‍ സന്തോഷിക്കാതിരിക്കുന്നതെങ്ങനെ. ചില കാര്യങ്ങളങ്ങനെയാണ്, അതെങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ അവയ്ക്ക് കൃത്യമായൊരുത്തരം നല്‍കാന്‍ പറ്റില്ല. സംഭവിച്ചു എന്നുമാത്രമേ പറയാനാകൂ. മലയാളത്തില്‍ ഞാന്‍ സൃഷ്ടിച്ച പാട്ടുകളെല്ലാം ഈശ്വരകടാക്ഷത്താല്‍ എന്നിലേക്കെത്തിയെന്ന് വിശ്വസിക്കാനാണിഷ്ടം.
ഗാനരചയിതാക്കള്‍ നല്‍കുന്ന വരികളുടെ അര്‍ഥം മനസ്സിലാക്കാതെ എങ്ങനെയാണ് അവയ്ക്ക് സംഗീതം നല്‍കുക
സിനിമയുടെ സംവിധായകനും ഗാനരചയിതാവിനും ഒപ്പമിരുന്ന് കഥയും സന്ദര്‍ഭവും പാട്ടിന്റെ വരികളിലെ വൈകാരികതയുമെല്ലാം മനസ്സിലാക്കിയാണ് സംഗീതം നല്‍കുന്നത്. ഗാനരചയിതാക്കള്‍ വരികള്‍ വിവരിക്കുമ്പോള്‍ത്തന്നെ അവരുദ്ദേശിച്ച തലം മിക്കപ്പോഴും മനസ്സിലാക്കാന്‍ പറ്റാറുണ്ട്. തമിഴില്‍ ചെറുതായി കവിതകളെഴുതി പരിചയമുള്ളതിനാലാകണം എഴുത്തുകാരന്റെ ഭാവനാലോകം പിടിച്ചെടുക്കാന്‍ പറ്റുന്നത്. സംവിധായകനില്‍നിന്ന് കഥ പൂര്‍ണമായി കേട്ട ശേഷമാണ് സിനിമയുടെ ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ പാട്ട് ആവശ്യമാണെന്ന് ഉറപ്പിക്കു ന്നത്. കഥാപശ്ചാത്തലം മനസ്സിലാക്കിക്കഴി യുന്നതോടെ പലപ്പോഴും കാര്യങ്ങള്‍ എളുപ്പത്തിലാകും. ഗാനരചയിതാവും സംഗീത സംവിധായകനും തമ്മിലുള്ള കെമിസ്ട്രി പാട്ടുകള്‍ക്ക് ഗുണം ചെയ്യും.
ചലച്ചിത്രഗാനസൃഷ്ടിയില്‍ കോവിഡ് കാലത്തിനുശേഷം കാര്യമായ മാറ്റം വന്നതായി കേട്ടിട്ടുണ്ട്. സംഗീത സംവിധായകര്‍ക്ക് വരികള്‍ വാട്‌സ് ആപ്പില്‍ അയച്ചുകിട്ടുന്നു. അവര്‍ സംഗീതം നല്‍കി ഫോണിലൂടെത്തന്നെ തിരിച്ചയച്ചുനല്‍കുന്നു. പാട്ട് പിറവിക്കുപിന്നിലെ ഒന്നിച്ചിരിപ്പ് ഇന്നില്ലാതായോ...
ടെക്‌നോളജിയുടെ കുതിപ്പ് ഒട്ടേറെ പുതിയ സാധ്യതകള്‍ നമുക്കുമുന്നില്‍ തു റന്നുവെക്കുന്നുണ്ട്. അണിയറപ്രവര്‍ത്തകര്‍ ഒന്നിച്ചിരിക്കാതെയും പരസ്പരം കാണാതെയും ഇന്ന് മികച്ച പാട്ടുകളുണ്ടാക്കാം. എന്നാല്‍, ആ ഗ്രൂപ്പില്‍ ഞാനില്ല. ഗാനരചയിതാവിനൊപ്പം ചേര്‍ന്നിരുന്നുതന്നെ പാട്ടൊ രുക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. ട്യൂണിനനുസരിച്ച് വരികള്‍ എഴുതിവാങ്ങാറുണ്ട്, ചില അവസരങ്ങളില്‍ സന്ദര്‍ഭത്തിനോട് ചേര്‍ന്നുള്ള വരികളായിരിക്കും ആദ്യം ലഭിക്കുക. ഈ രണ്ടുരീതിയിലും സംഗീതം ചെയ്തുകൊടുക്കുന്നതില്‍ പ്രയാസമില്ല. ഗാനസൃഷ്ടിക്ക് പിന്നിലെ ഒന്നിച്ചിരിപ്പ് പലപ്പോഴും മികച്ച അനുഭവമാണ്. മലയാളത്തിലെ എന്റെ ആദ്യ ചിത്രമായ 'അഴകിയരാവണന് സംഗീതമൊരുക്കുമ്പോള്‍ തമിഴിലെ പാട്ടിലെല്ലാം കാണുന്നപോലെ ഏതെ ങ്കിലുമൊരു വാക്ക് വരികളില്‍ ആവര്‍ത്തിച്ചു വന്നാല്‍, നന്നായിരിക്കുമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടുവെച്ചു. 'മഴ' എന്ന വാക്ക് ആവര്‍ത്തിച്ചുപയോഗിച്ചുകൊണ്ടാണ് കൈതപ്രം തിരുമേനി അന്ന് പാട്ടെഴുതിത്തന്നത്. ജനപ്രിയമായ പല ഈണങ്ങളും മനസ്സിലേക്ക് താനേ ഒഴുകിയെത്തിയതാണ്.
കഥാസന്ദര്‍ഭം മനസ്സിലേക്കെത്തിയാല്‍ ഈണം സ്വാഭാവികമായി കടന്നുവരും എന്നാണോ...
അഴകിയരാവണിലെയും കൃഷ്ണഗുഡിയിലൊരുപ്രണയകാലത്തിലെയും പാട്ടുകളുടെ ഈണം പെട്ടെന്നുതന്നെ മനസ്സിലേക്ക് എത്തുകയായിരുന്നു, മീശമാധവനിലെ എല്ലാ പാട്ടുകളും മൂന്ന് നാല് മണിക്കൂര്‍കൊണ്ട് ചിട്ടപ്പെടുത്തിയതാണ്. മറിച്ചുള്ള സന്ദര്‍ഭങ്ങളുമുണ്ട്, ചില ഈണങ്ങള്‍ സൃഷ്ടിച്ചുക ഴിഞ്ഞാലും എന്തോ ഒരു കുറവ് മനസ്സില്‍ വന്നു കൊണ്ടിരിക്കും കൂടുതല്‍ ഭംഗിയാക്കാനുള്ള തിരച്ചില്‍ തുടരും 'നീലത്താ മര' എന്ന ചിത്രത്തിലെ 'പകലൊന്ന് മാഞ്ഞ വീഥിയില്‍...' സമയമെടുത്തൊരുക്കിയ പാട്ടാണ്. ചിത്രത്തിലെ അനുരാഗവിലോചനനായി ശ്രദ്ധിക്കപ്പെട്ട പാട്ടാണ്. ക്ലാസിക്കല്‍ സംഗീതത്തിന്റെ ഛായനല്‍കി അവതരി പ്പിക്കാന്‍ ശ്രമിച്ച ഗാനങ്ങളെല്ലാം അല്പം സമയമെടുത്ത് ചെയ്തിട്ടുള്ളതാണ് ദേവദൂതനില്‍ ത്യാഗരാജസ്വാമി കൃതി ഒരു വെസ്റ്റേണ്‍ രീതിയിലവതരിപ്പിക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. മലയാളി കേട്ടുപരിചയിച്ച പാട്ടുകളില്‍ നിന്നൊരു മാറ്റത്തിനാണ് എന്നും ശ്രമിച്ചത്. വര്‍ണപ്പകിട്ടിലെ ഓക്കേല ഓക്കേ.. എന്ന പാട്ട് ഫാസ്റ്റ് നമ്പറിലെ പരീക്ഷണമായിരുന്നു. അതേ ചിത്രത്തിലെ തന്നെ മാണിക്യക്കല്ലാല്‍... എന്ന ഗാനത്തില്‍ വരിയിലെ പകുതി പുരുഷശബ്ദവും മറുപകുതി സ്ത്രീശബ്ദത്തിലുമാണ് അവതരിപ്പിച്ചത്. ഒരാളുടെ ശബ്ദം മറ്റൊരാള്‍ പൂരിപ്പിക്കുകയായിരുന്നു.
വിജയ് ടി.വി.യിലെ സൂപ്പര്‍സിങ്ങര്‍ പ്രോഗ്രാമില്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ലൈവായി പാട്ട് സൃഷ്ടിച്ചത് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലാണല്ലോ...
വര്‍ഷങ്ങളായി ഞാന്‍ ചെയ്യുന്ന ജോലി ടി.വി. ചാനലിനുവേണ്ടി ചെയ്തു എന്നേയുള്ളൂ. ക്യാമറയ്ക്കു മുന്നിലിരുന്ന് പാട്ടു സൃഷ്ടിച്ചതുകൊണ്ടാണ് അത് വൈറലായത്. ജനപ്രിയ പാട്ടുകളില്‍ പലതും നിമിഷനേരം കൊണ്ട് പിറന്നവയാണ്. പാട്ടുകള്‍ സ്വീകരിക്കപ്പെടുമ്പോഴും അതിനുപിന്നിലെ കഥകള്‍ പലപ്പോഴും അധികമാരും കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല. ചാനല്‍ ഷോക്കിടെ ഒരു പാട്ട് ലൈവായി ഉണ്ടാക്കു മെന്ന് മുന്‍കൂട്ടി തീരുമാനിച്ചതൊന്നുമില്ല, സൂപ്പര്‍സിങ്ങര്‍ പരിപാടിയിലെ സംസാരത്തിനിടെ സ്വാഭാവികമായി സംഭവിച്ച ഒരു കാര്യം മാത്രമായിരുന്നു അത്. ഈണം മനസ്സിലേക്കെത്തുന്നതുപോലെ ഗാനരചയിതാക്കളിലേക്ക് പാട്ടി ന്റെ വരികള്‍ സ്വാഭാവിക മായി കടന്നുവരുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയ്ക്കുവേണ്ടി സിബിമലയിലും ഗിരീഷ് പുത്തഞ്ചേരിക്കുമൊപ്പം ചെന്നൈയിലെ മുറിയില്‍ ഇരിക്കുകയാണ്. സന്ദര്‍ഭത്തിനനുസരിച്ചൊരു ഈണം പിടിച്ച് ഞാനൊരു പല്ലവി മൂളി, അതു കഴിഞ്ഞപ്പോള്‍ ഗിരീഷ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഗംഭീരമായെന്നും വരികള്‍ മനസ്സില്‍ തെളിഞ്ഞെന്നും പറഞ്ഞാരനുഭവമുണ്ട്. പ്രിയപ്പെട്ട ഗാനരചയിതാക്കളില്‍ ഒരാളാണ് ഗിരീഷ്. വാക്കുകള്‍ ചേര്‍ത്തുവെ ച്ച് അദ്ദേഹം മനോഹരമായ ഗാനശില്പങ്ങള്‍ നിര്‍മിക്കുന്നത് അതിശയത്തോടെ നോക്കി യിരുന്നിട്ടുണ്ട്.
കഴിവുള്ള ഒരുപാട് ഗായകര്‍ ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് അവസരം പ്രതീക്ഷിച്ച് പുറത്തുനില്‍പ്പുണ്ട്.
മലയാളത്തിലേക്ക് ഞാനൊരുപാട് പുതിയപാട്ടുകാരെ കൊണ്ടുവന്നിട്ടുണ്ട്. പുതിയഗായകരെ ഉള്‍പ്പെടുത്തിക്കൊണ്ട് പല പരീക്ഷണങ്ങളും മനസ്സിലുണ്ട്, കാലം അതെല്ലാം ആവശ്യപ്പെടുന്നുണ്ട്. പുതുതലമുറയില്‍ മികച്ച ശബ്ദമുള്ള ഒരുപാടുപേരുണ്ട്, എവിടെയൊക്കെ സാധ്യതയുണ്ടോ അവിടെല്ലാം അവരെ പരിചയപ്പെടുത്താന്‍ ശ്രമിക്കും... പ്രതീക്ഷകൈവിടാതെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണം എന്നുമാത്രമേ എനിക്കവരോടെല്ലാം പറയാനുള്ളൂ.
Content Highlights: musician vidyasagar interview malayalam
Published: 30 May 2023, 03:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented