വര്‍ഷം 2002, കമലിന്റെ സംവിധാനത്തില്‍ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുന്ന  വാര്‍ത്ത മലയാളി ഏറെ പ്രതീക്ഷയോടെ കേട്ടു. മേഘമല്‍ഹാറിനും മധുരനൊമ്പരക്കാറ്റിനും ശേഷം കമല്‍ സംവിധാനം ചെയ്യുന്ന പടം. നല്ലൊരു സിനിമയ്‌ക്കൊപ്പം കുറേ മികച്ച പാട്ടുകള്‍ കൂടി വരുമെന്ന് മലയാളി ഉറപ്പിച്ചു. പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നത് ഹിറ്റ് പാട്ടുകളുടെ സുല്‍ത്താന്‍ മോഹന്‍ സിതാര. സംവിധായകന്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതനും നടന്‍ രാഘവന്റെ മകന്‍ ജിഷ്ണുവും അരങ്ങേറുന്ന ആ ചിത്രത്തിന്റെ പേര് ' നമ്മള്‍' എന്ന് പ്രഖ്യാപിക്കപ്പെട്ടു. പേരിലും താരനിരയിലും പിന്നണി ഗാനനിരയിലും അടക്കം അടിമുടി യൂത്തിന്റെ കളര്‍ഫുള്‍നെസ് നിറഞ്ഞുനിന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല,  നമ്മളിലെ പാട്ടുകള്‍ പുറത്തിറങ്ങി.

എന്ത് സുഖമാണീ നിലാവ്, എന്നമ്മേ ഒന്നു കാണാന്‍ എന്നീ മെലഡി പാട്ടുകള്‍ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു. എന്നാല്‍ യൂത്ത് ആഘോഷമാക്കിയത് ' എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസി' എന്ന പാട്ടാണ്. പടം ഹിറ്റായതിനൊപ്പം രാക്ഷസി പാട്ടും തരംഗമായി. ക്യാമ്പസുകളില്‍ പാട്ട് ആഘോഷമായി. എന്നാല്‍ ആ ന്യൂജെന്‍ പാട്ടിനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ വന്നു. എന്നാല്‍ ആ വിമര്‍ശനങ്ങളെല്ലാം പാട്ടിന്റെ ജനപ്രീതിയില്‍ ഒലിച്ചുപോയി. അതുവരെ ചെയ്യാത്ത പാറ്റേണിലുള്ള പരീക്ഷണം, പുതുഗായകരുടെ നിര, ഏറെ അനുമോദനങ്ങളും വിമര്‍ശനങ്ങളും കേട്ട ആ സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ സിതാരയ്ക്കും പറയാന്‍ കൗതുകമുള്ള ഓര്‍മകളുണ്ടായിരുന്നു. 

placeholder
നമ്മള്‍ സിനിമയില്‍ രേണുക മേനോന്‍, സിദ്ധാര്‍ഥ് ഭരതന്‍, ജിഷ്ണു

മുക്കാബിലയും കമലിന്റെ ഫോണ്‍കോളും

" നമ്മളിലെ 'എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസി'..' എന്ന പാട്ട് ആ കാലത്തിന് വേണ്ടി ഉണ്ടാക്കിയ ഒന്നാണ്. അത് അന്നത്തെ ക്യാമ്പസുകള്‍ ആഘോഷമാക്കുകയും ചെയ്തു. ആ പാട്ടിനും ആ സിനിമയ്ക്കും പിന്നില്‍ നല്ല ഓര്‍മകളുണ്ട്. തൃശ്ശൂരുള്ള ചേതന സ്റ്റുഡിയോയിലാണ് ഞാന്‍ മിക്കപ്പോഴും റെക്കോഡിങ് നടത്താറുള്ളത്. ഒരുദിവസം പുതിയ സിനിമയ്ക്കായി യേശുദാസ് സാര്‍ പാടിയ ഒരുപാട്ട് ചേതനയില്‍ നിന്ന് ഞാന്‍ മിക്‌സിങ് ചെയ്തു. ശേഷം ഫൈനല്‍ മിക്‌സിങിന് മുമ്പ് ഒന്നുകൂടി കേള്‍ക്കാനായി കാസറ്റുമായി ഞാന്‍ വീട്ടിലേക്ക് വന്നു. ഞാന്‍ ടേപ്പ് റിക്കോര്‍ഡില്‍ കാസറ്റിട്ട് കണ്ണടച്ചിരുന്ന് പാട്ട് കേള്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരുകുലുക്കത്തോടെ എ.ആര്‍. റഹ്മാന്റെ ' മുക്കാല മുക്കാബില.. ' എന്ന പാട്ട് ടേപ്പില്‍ നിന്ന് മുഴങ്ങാന്‍ തുടങ്ങി. നോക്കുമ്പോള്‍ മകളും കൂട്ടുകാരും ചേര്‍ന്ന് ടേപ്പിള്‍ ഞാന്‍ വച്ച കാസറ്റ് മാറ്റി വേറെ പാട്ട് വച്ച് ഡാന്‍സ് കളിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടവും നിരാശയും തോന്നി. ഞാന്‍ പഴഞ്ചനായി പോയോ എന്നൊരു സംശയം വന്നു. ഇതുവരെയുള്ള രീതിയെല്ലാം വിട്ട് പുതിയ രീതി പിടിക്കാനുള്ള സമയമായെന്ന് മനസ് പറഞ്ഞു. മാറിയില്ലെങ്കില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന തോന്നലും വന്നു.

അന്നാണ് സംവിധായകന്‍ കമല്‍ എന്നെ വിളിക്കുന്നത്.  'മോഹന്‍, ഞാന്‍ യൂത്തിനെ വച്ച് ഒരു ഫിലിം ചെയ്യുന്നുണ്ട്. നമുക്ക് പെട്ടെന്ന് അതിന്റെ കംപോസിങ് തുടങ്ങണം. യൂത്ത് ടച്ചുള്ള പാട്ടുകള്‍ വേണം' കമലിന്റെ വാക്കുകള്‍ കേട്ടതോടെ എനിക്കും ആവേശമായി. കാത്തിരുന്ന സിനിമ വന്നത് പോലെയൊരു തോന്നലുണ്ടായി. അങ്ങനെ തൃശ്ശൂരിലെ ലൂസിയ പാലസില്‍ ഞങ്ങള്‍ കംപോസിങിന് ഇരുന്നു. ആല്‍ബം സോങ് പോലെ തോന്നിപ്പിക്കുന്ന ഒരുപ്രണയഗാനം വേണമെന്ന് കമല്‍ പറഞ്ഞപ്പോള്‍ ഉണ്ടാക്കിയ പാട്ടാണ്.
 'എന്ത് സുഖമാണീ നിലാവ്, എന്ത് സുഖമാണീ കാറ്റ്..' . 

കമലിന് ആ പാട്ട് നല്ല ഇഷ്ടമായി. ആരെകൊണ്ട് പാടിപ്പിക്കും എന്ന് ചോദിച്ചപ്പോള്‍ യൂത്തിന്റെ സിനിമയായത് കൊണ്ട് പുതിയ യൂത്ത് പിള്ളേര്‍ തന്നെ ആവട്ടെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അങ്ങനെയാണ് വിധു പ്രതാപിലേക്കും ജോത്സ്യനയിലേക്കും എത്തുന്നത്‌. 

ട്രാക്ക് പാടാന്‍ വന്ന ജ്യോത്സ്‌ന..

അതിന് മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സിനിമയുടെ റെക്കോര്‍ഡിങ് കോറസ് പാടാന്‍ കുറേ പെണ്‍കുട്ടികള്‍ സ്റ്റുഡിയോയിലേക്ക് വന്നിരുന്നു. ഓരോരുത്തരുടെയും സൗണ്ട് ടെസ്റ്റ് ചെയ്യാന്‍ അന്ന് ഞാന്‍ പാടിപ്പിച്ച് നോക്കിയിരുന്നു. കൂട്ടത്തില്‍ ഒരുകുട്ടി മാത്രം വ്യത്യസ്തമായ രീതിയില്‍ പാടി. അന്നവളെ ഞാന്‍ ശ്രദ്ധിച്ചു. ഒരുട്രാക്കും അന്ന് ആ കുട്ടിയെ കൊണ്ട് പാടിപ്പിച്ചു. അത് ജ്യോത്സ്‌നയായിരുന്നു. 'നമ്മളി'ലെ പാട്ട് വന്നപ്പോള്‍ അവളെ തന്നെ വിളിപ്പിച്ചു. ജ്യോത്സ്‌ന വന്ന് നന്നായി തന്നെ പാടി തിരിച്ചുപോയി. എന്നാല്‍ പാട്ട് കേട്ടപ്പോള്‍ കുറേക്കൂടി നന്നാകണമെന്നെനിക്ക് തോന്നി. വീണ്ടും പാടിച്ചെങ്കിലും നമ്മള്‍ വിചാരിച്ച ഫീല്‍ വന്നില്ല. അങ്ങനെ ജ്യോത്സ്‌നയോട് ടൈറ്റാനിക്കിലെ പാട്ട് കേട്ട് അതിന്റെ പോലെ ഫീല്‍ ചെയ്ത് പാടാന്‍ പറഞ്ഞു. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷം അത് മനസ്സിലാക്കി ആ മൂഡില്‍ ജ്യോത്സ്‌ന 'സുഖമാണീ നിലാവ്...' പാടി വീണ്ടും റെക്കോര്‍ഡ് ചെയ്തു. അതുപോലെ സോഫ്റ്റായ ശബ്ദത്തിനുടമയായ വിധുവിനെയാണ് എനിക്ക് മെയില്‍ വോയ്‌സിനായി ആദ്യം ഓര്‍മവന്നത്. അങ്ങനെ വിധുവിനെയും വിളിച്ചു. രണ്ടുപേരും കൂടി ഞാന്‍ വിചാരിച്ചതിനേക്കാള്‍ നന്നായി ആ പാട്ട് പാടി. ചിത്രത്തില്‍ ഒരുക്യാമ്പസ് ആഘോഷപാട്ട് വേണമെന്ന് പറഞ്ഞപ്പോഴാണ് 'എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസി' എന്ന പാട്ട് ചെയ്തത്. അതും അഫ്‌സല്‍, ഫ്രാങ്കോ എന്നീ പുതിയ ഗായകരെ കൊണ്ട് തന്നെ പാടിച്ചു. 

placeholder
വിധുപ്രതാപ്, ഭാര്യ ദീപ്തിയും ജ്യോത്സ്‌നയ്‌ക്കൊപ്പം


പുതിയ ഗായകരെ കൊണ്ട് പാടിച്ചതിന് അന്ന് കാസറ്റ് കമ്പനിക്കാര്‍ ഞങ്ങളുമായി പ്രശ്‌നമുണ്ടാക്കി. പുതിയവര്‍ പറ്റില്ല ദാസേട്ടനെയും ചിത്രയെയോ പോലുള്ള സീനിയേഴ്‌സിനെ കൊണ്ട് മാറ്റിപാടിക്കാതെ കച്ചവടം ആകില്ലെന്ന് പറഞ്ഞു. പുതിയ ആള്‍ക്കാര്‍ വരട്ടെ ജനങ്ങള്‍ സ്വീകരിക്കും എന്ന ഞങ്ങളുടെ ഉറപ്പിന്റെ പുറത്താണ് അവസാനം പിടിവാശി അവസാനിപ്പിച്ച് അവര്‍ സമ്മതം പറഞ്ഞത്. 'നമ്മള്‍' എന്ന സിനിമയും പാട്ടും സൂപ്പര്‍ഹിറ്റായി. വിധുവും ജ്യോത്സ്‌നയും തിരക്കുള്ള ഗായകരായി.

അതുപോലെ അന്‍വര്‍ സാദത്തിനും നല്ലൊരു അവസരം നല്‍കാന്‍ പിന്നീടെനിക്കായി. ബ്ലെസി സംവിധാനം ചെയ്ത് 'കാഴ്ച..' എന്ന സിനിമയിലെ 'ജുഗ് നൂരേ ജുഗ് നൂരേ..' എന്ന പാട്ടായിരുന്നു അത്. ശങ്കര്‍ മഹാദേവനെ കൊണ്ട് ആ പാട്ട് പാടിപ്പിക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അത് സാധിച്ചില്ല. കുറച്ച് വ്യത്യസ്തമുള്ള ശബ്ദമായിരുന്നു വേണ്ടത്. എന്റെ സുഹൃത്തായ ഗണേഷാണ് അന്‍വര്‍ സാദത്തിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. നന്നായി തന്നെ അന്‍വര്‍ ആ പാട്ട് പാടി. അന്‍വറിനെ അത് കരിയര്‍ ബ്രേക്കാവുകയും ചെയ്തു. നമ്മളിന് പിറകെ കമല്‍ സംവിധാനം ചെയ്ത സ്വപ്‌നക്കൂടിലും വേറെ ട്രാക്കിലുള്ള കറുപ്പിനഴക്.. പോലുള്ള പാട്ടുകള്‍ ചെയ്തു. ആ കാലത്തിന് വേണ്ടിയുണ്ടാക്കിയവയാണ് രാക്ഷസിയും കറുപ്പിനഴകുമെല്ലാം. അവ അന്നത്തെ യുവാക്കള്‍ ഏറെ ആഘോഷിക്കുകയും ചെയ്തു. ''