70-കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച താരസുന്ദരിയാണ് മുംതസ്. ഹിന്ദി സിനിമാരംഗത്തെ എക്കാലത്തെയും മുന്‍നിരനായികമാരിലൊരാളായ അവരെ ഒരുകാലത്ത് യുവക്കള്‍ സ്വപ്‌നതുല്യമായി സ്‌നേഹിച്ചിരുന്നു. 60-കളിലും 70-കളിലും ബോളിവുഡിലെ ഹോട്ടസ്റ്റ് നായികയെന്ന വിളിപ്പേരും കിട്ടി മുംതസിന്. പ്രമുഖസംവിധായകനായിരുന്ന യഷ് ചോപ്ര തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയതിനെപ്പറ്റി തുറന്നുപറയുകയാണ് മുംതസ് ഇപ്പോള്‍. 

ബിആര്‍ ചോപ്രയുടെ രണ്ടു സിനിമകളില്‍ മുംതസ് ആയിരുന്നു നായിക. ബിആര്‍ ചോപ്രയുടെ സഹോദരനായ യഷ് ചോപ്ര അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു ആ സമയം. പലതവണ അദ്ദേഹം വിവാഹാഭ്യര്‍ഥനയുമായി തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കു പ്രണയമില്ലായിരുന്നെന്നും മുംതസ് പറയുന്നു. 

യഷ് വിവാഹാഭ്യര്‍ഥന നടത്തിയെന്ന അഭ്യൂഹം ശരിയാണോയെന്ന ചോദ്യത്തിന്, 'ഒരുതവണയൊന്നുമല്ല, ഒരായിരം തവണയെങ്കിലും എന്നോടദ്ദേഹം വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ടാകും. ആയിരം തവണയെന്നത് ഞാനിത്തിരി വലുതാക്കി പറഞ്ഞതാണെങ്കിലും, പതലതവണ പറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. വിവാഹമെന്നാല്‍ ഒരു കെമിസ്ട്രി വേണമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. അത് ഞങ്ങള്‍ക്കിടയില്‍ തീരെയില്ലായിരുന്നു. ആരുമായും അത്രയും അടുത്ത ബന്ധം പുലര്‍ത്തണമെങ്കില്‍, നിങ്ങള്‍ ആ വ്യക്തിയുമായി പ്രണയത്തിലാകണം. അടുത്തിടപഴകണം, അതിന് ഒരു കെമിസ്ട്രി ഉണ്ടായിരിക്കണം. അതില്ലെങ്കില്‍ ദമ്പതികളായി എങ്ങനെ ഒന്നിച്ച് ജീവിക്കാനാവും? എനിക്ക് ഒരിക്കലും അദ്ദേഹവുമായി ആ കെമിസ്ട്രി ഉണ്ടായിരുന്നില്ല.''-മുംതസ് പറഞ്ഞു.

'സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അതിനപ്പുറത്തേക്ക് ഒന്നും പോയില്ല. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം. സെറ്റില്‍ എപ്പോഴും തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിക്കും. അദ്ദേഹം വിടവാങ്ങിയപ്പോള്‍ ഞാന്‍ കരഞ്ഞു, തന്നെ ഫോണില്‍ വിളിച്ച് ഏറ്റവും പുതിയ സിനിമ കാണണമെന്ന് പറഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം പോയി.' യഷ് രാജ് ഫിലിംസിന്റെ സ്ഥാപകനായ യഷ് ചോപ്ര 2012-ലാണ് വിടവാങ്ങുന്നത്. 

ഷമ്മി കപൂറിനെ ഇഷ്ടമായിരുന്നു
അതേസമയം, ഷമ്മി കപൂര്‍ തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് മുംതാസ് സമ്മതിച്ചു. 17 വയസ്സിലധികം പ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും മുംതസിന് അദ്ദേഹത്തോട് ഇഷ്ടംതോന്നി. എന്നാല്‍ കപൂര്‍ കുടുംബത്തിലെ സ്ത്രീകള്‍ സിനിമകളില്‍ അഭിനയിക്കാന്‍ പാടില്ലെന്ന് രാജ് കപൂര്‍ കര്‍ശനമായ നിയമം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ആ ബന്ധം തുടരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നത്രേ. 

'ഷമ്മി കപൂര്‍ വളരെ സുന്ദരനായിരുന്നു. എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. ഒന്നും മറച്ചുവെക്കാനോ നിഷേധിക്കാനോ ഇല്ല. ഞങ്ങള്‍ക്കിടയില്‍ 17-18 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, പക്ഷേ എനിക്ക് അത് പ്രശ്‌നമായില്ല. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. രാജേഷ് ഖന്നയേയും ഇഷ്ടമായിരുന്നു. പല കാരണങ്ങളാണ് ഈ രണ്ട് ബന്ധങ്ങളും നടന്നില്ല'-അവര്‍ പറഞ്ഞു.