സൈക്കോളജിക്കല്‍ റിവഞ്ച് ചിത്രമായിരുന്ന 'റോഷാക്കി'ന്റെ ഫൈനല്‍ വര്‍ക്കുകള്‍ കഴിഞ്ഞ് മമ്മൂട്ടി കോട്ടയം നസീറിനോട് പറഞ്ഞു: ''ലൂക്ക് ആന്റണി എന്ന നായക കഥാപാത്രം കഴിഞ്ഞാല്‍, അഭിനയിക്കാന്‍ ആഗ്രഹിച്ച കഥാപാത്രമായിരുന്നു അളിയന്‍ ശശാങ്കന്‍. കഥാപാത്രത്തിന്റെ കരുത്ത് ചോര്‍ന്നുപോകാതെ അത് നീ ഗംഭീരമായി ചെയ്തിട്ടുണ്ട്...''ആ വാക്കുകള്‍ കോട്ടയം നസീറിന് വലിയ അംഗീകാരമായി.
ചിരിപ്പിക്കാന്‍ മാത്രമല്ല, കോട്ടയം നസീര്‍ എന്ന മിമിക്രിക്കാരനില്‍ ഏതുതരം കഥാപാത്രവും അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവും ഒളിച്ചുകിടപ്പുണ്ടെന്ന് സിനിമാലോകം തിരിച്ചറിഞ്ഞു. തുടര്‍ന്ന് അരഡസന്‍ ചിത്രങ്ങള്‍ നസീറിനെ തേടിയെത്തി. പാപ്പച്ചന്‍ ഒളിവിലാണ്, അഭ്യൂഹം, അയല്‍ വാശി, റാണി ചിത്തിര മാര്‍ത്താണ്ഡം, ലാടൊമാറ്റിന, ജെറി, ഡി.എന്‍.എ., അന്വേഷിപ്പിന്‍ കണ്ടെത്തും, ചോപ്പ്... എടുത്തുപറയാന്‍ ഒത്തിരി ചിത്രങ്ങള്‍. മാറ്റങ്ങള്‍ക്കൊപ്പമാണ് നസീറിന്റെ ഇനിയുള്ള യാത്ര...
സിനിമയിലെ മാറ്റം, അഭിനയരംഗത്തും അണിയറയിലും പുതിയ തലമുറ, എങ്ങനെയാണ് അനുഭവങ്ങള്‍?
കാലത്തിനനുസരിച്ച മാറ്റങ്ങള്‍ സിനിമയിലും സംഭവിക്കുന്നു. ഇന്റര്‍നാഷണല്‍ ലെവലില്‍ സിനിമ ഒരുക്കാന്‍ കഴിയുന്നവര്‍ ഇവിടെയുണ്ട്. ആ ഗണത്തില്‍ കുറച്ചുപേര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്നത് എന്റെ ഭാഗ്യം. അവരില്‍ പലരും കുട്ടിക്കാലത്ത് എന്റെ പരിപാടി കണ്ടവരാണ്. അന്ന് എന്നെ പരിചയപ്പെടാന്‍ ഒരുപാട് ആഗ്രഹിച്ചവര്‍. ആ സ്‌നേഹവും അംഗീകാരവും എനിക്കവര്‍ തരുന്നുണ്ട്.

പുതിയ തലമുറയുടെ അഭിനയത്തിന്റെ മീറ്റര്‍ പിടിക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞോ?
'റോഷാക്കി'ലൂടെയാണ് ആ മീറ്റര്‍ പിടിക്കാന്‍ കഴിഞ്ഞത്. സ്റ്റേജ് പ്രോഗ്രാമിലൂടെ വന്ന ആള്‍ എന്ന നിലയില്‍ ശബ്ദത്തിലും അംഗചലനങ്ങളിലും ചടുലത കൂടുതലായിരുന്നു. ഇന്നത്തെ സിനിമയ്ക്ക് അത് വേണ്ട. 'റോഷാക്കി'ല്‍ എന്റെ കഥാപാത്രത്തിന്റെ വീടിനടുത്ത സ്റ്റോര്‍ റൂം കത്തുന്ന സീനുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ വെറുതേ അതിന്റെ മുന്നില്‍ നോക്കി ഇരിക്കാനാണ് പറഞ്ഞത്. സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാനൊന്നും അഭിനയിച്ചില്ലല്ലോ എന്ന തോന്നലായിരുന്നു എനിക്ക്. പക്ഷേ, റിലീസ് ചെയ്തപ്പോള്‍ ആ ഇരിപ്പിനെ പലരും പ്രശംസിച്ചു.
'ബാവൂട്ടിയുടെ നാമത്തി'ലാണ് കോട്ടയം നസീര്‍ ഇമേജ് പൊളിക്കാന്‍ ശ്രമിക്കുന്നത്, അത് വീണുകിട്ടിയ ഭാഗ്യം ആയിരുന്നോ?
മമ്മൂക്കയാണ് 'ബാവുട്ടിയുടെ നാമ'ത്തിലേക്ക് എന്നെ വിളിച്ചത്. ഫ്രീയാണെങ്കില്‍ രണ്ടുദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു. മേക്കപ്പ് ചെയ്യുമ്പോഴാണ് അറിഞ്ഞത് രണ്ടുദിവസം മുന്‍പ് ഈ കഥാപാത്രം മറ്റൊരാള്‍ ചെയ്ത് പോയതാണെന്ന്. സംവിധായകന് തൃപ്തിയാകാതെ വന്നപ്പോഴാണ് എന്നെ വിളിച്ചത്.
എന്റെ നെഞ്ചിടിപ്പ് കൂടി. ആ ചിത്രത്തിലെ ശ്രീനിവാസന്‍ എന്ന കഥാപാത്രത്തിന് നീലേശ്വരം ഭാഷയാണ്. അത് വഴങ്ങണം. ആദ്യസീന്‍ ഷൂട്ട് ചെയ്തപ്പോള്‍തന്നെ ജി.എസ്. വിജയന്‍ സാറും രഞ്ജിയേട്ടനും മമ്മൂക്കയും ഹാപ്പിയായി. റിലീസ് ചെയ്തതിനുശേഷം മമ്മൂക്ക പറഞ്ഞു. '' ബാവുട്ടിയില്‍ നിന്റെ കഥാപാത്രത്തെയാണ് എന്റെ ഭാര്യയ്ക്കിഷ്ടപ്പെട്ടത്.''
ചിത്രകാരനായ കോട്ടയം നസീറിന്റെ ചിത്രപ്രദര്‍ശനഅനുഭവങ്ങള്‍...
പണ്ട് പരിശീലിച്ച പെയിന്റിങ് ഇടക്കാലത്താണ് വീണ്ടുംതുടങ്ങിയത്. സുഹൃത്തുക്കളുടെ പ്രോത്സാഹനമായിരുന്നു കരുത്ത്. അതിനിടയില്‍ ഒരു ഗള്‍ഫ്‌ഷോയില്‍ പങ്കെടുക്കാന്‍പോയപ്പോള്‍ ലാലേട്ടന്‍ ചിത്രങ്ങള്‍ കണ്ട് വീണ്ടും വരയ്ക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ വ്യത്യസ്തമായ 56 പെയിന്റിങ്ചെയ്തു. കൊച്ചിയിലെ ദര്‍ബാര്‍ഹാളില്‍ 18 ദിവസത്തെ പ്രദര്‍ശനവുംനടത്തി.
സിനിമയിലേയും രാഷ്ട്രീയത്തിലേയും ഒരുപാടുപേര്‍ പ്രദര്‍ശനം കാണാനെത്തി, അഭിനന്ദിച്ചു. 'ഡ്രീംസ് ഓഫ് കളേഴ്സ്' എന്ന് പേരിട്ട പ്രദര്‍ശനം 'വണ്ടേഴ്‌സ് ഓഫ് കളേഴ്‌സ്' എന്നാക്കാമായിരുന്നെന്ന് ചിത്രങ്ങള്‍കണ്ട് ഉമ്മന്‍ ചാണ്ടി സാര്‍ പറഞ്ഞു. അത് കഴിഞ്ഞ് 2022-ല്‍ ഷാര്‍ജ ഇന്റര്‍ നാഷണല്‍ പുസ്തകോത്സവത്തിലുംപ്രദര്‍ശനം നടത്തി. അവിടെവെച്ച് എന്റെ ചിത്രങ്ങളുടെ സമാഹാരമായ പുസ്തകവും പ്രകാശനംചെയ്തു. അതിനുശേഷമാണ് ലാലേട്ടന് എന്റെ ഒരു പെയിന്റിങ് സമ്മാനിച്ചത്. ഒമ്പത് പെയിന്റിങ് ചേര്‍ന്ന സമാഹാരം. മുഖത്ത് നവരസങ്ങളുള്ള നായക്കുട്ടികള്‍. അതിപ്പോഴും അദ്ദേഹത്തിന്റെ സ്വീകരണമുറി അലങ്കരിക്കുന്നു.
ചിത്രങ്ങള്‍പോലെ അഭിനയത്തിനും സൂക്ഷ്മനിരീക്ഷണംവേണമെന്ന് തോന്നിയിട്ടുണ്ടോ ?
ഏറ്റവുംകൂടുതല്‍ സൂക്ഷ്മനിരീക്ഷണംവേണ്ട കലയായിരുന്നു മിമിക്രി. നിരീക്ഷണത്തിലൂടെ മാത്രമേ പുതിയ കഥാപാത്രങ്ങളും ആശയങ്ങളും കിട്ടുകയുള്ളൂ. റിയലിസ്റ്റിക് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം നിരീക്ഷണങ്ങള്‍ വേണം. 'റോഷാക്കി'ലെ കഥാപാത്രത്തിന്റെ സ്‌ക്രിപ്റ്റ് നേരത്തേ കിട്ടിയതിനാല്‍ ഞാന്‍ അതിനുവേണ്ടി താടിവളര്‍ത്തി. കുഴപ്പമുള്ള കുടുംബത്തില്‍ പെട്ടുപോയ അസ്വസ്ഥനായ ഒരാള്‍. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ആദ്യം പറഞ്ഞ വിവരണമായിരുന്നു അത്. അത് മനസ്സിലിട്ട് ഞാന്‍ മുന്നോട്ടുപോയി. അതിന്റെ ഗുണംകിട്ടി. ഇപ്പോള്‍ ഒരു കഥാപാത്രം കിട്ടുമ്പോള്‍ അതിന്റെ രൂപത്തില്‍ വരുത്താവുന്ന മാറ്റത്തെക്കുറിച്ച് ഞാന്‍ സംവിധായകരോട് അഭിപ്രായം പറയാറുണ്ട്.
സിനിമയില്‍ 25 വര്‍ഷംപിന്നിട്ടു. നടനെന്നനിലയിലോ മിമിക്രിക്കാരനെന്ന നിലയിലോ ഏറെ സംതൃപ്തി?
രണ്ടിലും രണ്ടുരീതിയിലുള്ള സംതൃപ്തിയാണ്. മിമിക്രിയിലൂടെ മറ്റുള്ളവരെ അനുകരിക്കുമ്പോള്‍ പ്രേക്ഷകരില്‍നിന്ന് നേരിട്ട്കിട്ടുന്ന അഭിനന്ദനവും സിനിമയില്‍ നമ്മള്‍ചെയ്യുന്ന കഥാപാത്രത്തില്‍നിന്ന് കിട്ടുന്ന അംഗീകാരവും വ്യത്യസ്തമാണ്. സിനിമയില്‍ കഥാപാത്രം എല്ലാ തരത്തിലും നമുക്ക് സ്വന്തമാണ്. അങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും ഏറെ വലുതാണ്.
ചിത്രകലാ അധ്യാപകനായി ഏതെങ്കിലും സ്‌കൂളില്‍ ഒതുങ്ങേണ്ട ജീവിതമായിരുന്നു എന്റേത്. ആ എന്നെ മലയാളികളുടെ മുന്നിലെത്തിച്ചത് മിമിക്രി എന്ന കലയാണ്. പ്രഗല്ഭരും പ്രശസ്തരുമായ കലാകാരന്മാര്‍ക്കൊപ്പം 35-ഓളം രാജ്യങ്ങളില്‍ മൂവായിരത്തോളം വേദികളില്‍ ഇതിനകം പരിപാടി അവതരിപ്പിക്കാന്‍ അവസരം ഉണ്ടായി.
മിമിക്രിയില്‍ എന്റെ സമയംകഴിഞ്ഞു എന്ന് അടുത്തിടെ പറയുന്നത് കേട്ടു?
ഏത് കാലത്താണ് ജീവിക്കുന്നതെന്നും അതിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും ഓരോ കലാകാരനും അറിഞ്ഞിരിക്കണം. ഇന്ന് മിമിക്രി ഒരുപാട് മാറി. മഹേഷ് കുഞ്ഞുമോനെപ്പോലെ മിടുക്കരായ കലാകാരന്മാര്‍ വന്നു. മാത്രമല്ല, സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം, മിമിക്രിയില്‍മാത്രം ഒതുങ്ങിപ്പോകരുതെന്നും എനിക്ക് തോന്നി. സ്റ്റേജും സിനിമയും ഒരുമിച്ച് കൊണ്ടുപോകാന്‍പറ്റാത്ത അവസ്ഥയായി. ഇനി സിനിമയില്‍ കാര്യമായി ശ്രദ്ധിക്കണമെന്ന ചിന്തയില്‍നിന്നാണ് മിമിക്രിയില്‍ എന്റെ കാലം കഴിഞ്ഞു എന്നുപറഞ്ഞത്.
സിനിമയില്‍ അഭിനയിക്കുമ്പോള്‍ മിമിക്രിക്കാരന്‍ എന്ന ഇമേജ് ഭാരമായി തോന്നിയോ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. മിമിക്രിയില്‍നിന്നാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. സിനിമയിലെത്തിയ കാലം മുതല്‍ എല്ലാ തലമുറയിലുംപെട്ട സഹപ്രവര്‍ത്തകരില്‍നിന്ന് നല്ല സഹകരണമാണ് കിട്ടിയത്.
സ്റ്റേജ് പ്രോഗ്രാമിന്റെ തിരക്കിനിടയില്‍ മികച്ച സിനിമാവസരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നോ?
സ്റ്റേജ് ഷോകളില്‍ സജീവമായ കാലത്ത് 30 ഷോയാണ് ഒരുമാസം ചെയ്തിരുന്നത്. അതെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ ബുക്ക് ചെയ്തവയായിരിക്കും. പലപ്പോഴും അതിനിടയിലായിരിക്കും സിനിമയില്‍നിന്ന് അവസരങ്ങള്‍ വരിക. ഏറ്റെടുത്ത പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചില നല്ല അവസരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി പ്രോഗ്രാം ക്യാന്‍സല്‍ ചെയ്ത് കാത്തിരുന്നിട്ടും സിനിമ നഷ്ടമായിട്ടുമുണ്ട്.
മിമിക്രിയില്‍ കൂടെ വന്നവര്‍ സിനിമയില്‍ നേരത്തെ സജീവമായപ്പോള്‍ സങ്കടം തോന്നിയിരുന്നോ?
ഒരിക്കലുമില്ല. സന്തോഷിച്ചിട്ടേയുള്ളൂ. കൂടെ വന്നവര്‍ നന്നായി എന്ന് കേള്‍ക്കുന്നത് തന്നെയാണ് എനിക്കിഷ്ടം.

മിമിക്രിക്കാരനെന്ന നിലയില്‍ വന്‍തിരക്കില്‍ വിദേശരാജ്യങ്ങളില്‍ പറന്ന നാളുകളില്‍ യാത്ര ആസ്വദിച്ചിരുന്നോ?
വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത മനുഷ്യരുമായി ഇടപഴകാന്‍ യാത്രകള്‍ സഹായിച്ചിട്ടുണ്ട്. സത്യത്തില്‍ ഈ യാത്രകള്‍ വേദികളില്‍നിന്ന് വേദികളിലേക്കുള്ള ഓട്ടമായിരുന്നു. ലാലേട്ടനൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു 'വാമനപുരം ബസ് റൂട്ട്'. അന്ന് സ്റ്റേജ് പ്രോഗ്രാമിന്റെ തിരക്കുള്ള കാലമായിരുന്നു. ഞാനും കലാഭവന്‍ നവാസും ചേര്‍ന്ന് ദുബായില്‍ ഒരു പ്രോഗ്രാം നേരത്തെ ഏറ്റിരുന്നു. അതിനിടയിലാണ് ഷൂട്ടിങ് വന്നത്. തിരക്കിനിടയില്‍ ഗുരുവായൂരിലെ ലൊക്കേഷനില്‍നിന്ന് വൈകുന്നേരം കോഴിക്കോട്ടെത്തി ദുബായിലേക്ക് പറന്നു. പിറ്റേന്ന് രാവിലെ സെറ്റില്‍ തിരിച്ചെത്തി.
'യന്തിരന്‍', 'മദ്രാസിപ്പട്ടണം' എന്നീ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്...
കലാഭവന്‍ മണി മുഖേനയാണ് 'യന്തിര'നില്‍ ഡബ് ചെയ്യാന്‍ അവസരം കിട്ടിയത്. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ചെന്നൈയിലെത്തി.
ഹനീഫിക്ക അഭിനയിച്ച സീന്‍ ഡബ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ''ഇത് ഹനീഫിക്കയുടെ ശബ്ദമല്ല'' എന്ന പ്രതികരണമാണ് സൗണ്ട് എന്‍ജിനീയര്‍ ആദ്യം പറഞ്ഞത്. അതുകേട്ട് ഞാന്‍ ആകെ ഡൗണ്‍ ആയി. കുറേ ടേക്കുകള്‍ക്ക് ശേഷം ഡബ്ബിങ് പൂര്‍ത്തിയാക്കി.
ഡബ്ബിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എന്‍ജിനീയര്‍ അടുത്തുവന്ന് പറഞ്ഞു, ''സോറി സാര്‍ ആദ്യ ടേക്കില്‍ തന്നെ ശബ്ദം ഒക്കെയായിരുന്നു. പിന്നെ ഓരോ ടേക്കിലും പെര്‍ഫെക്ഷന്‍ കൂടി വന്നു. ആ പെര്‍ഫെക്ഷന്‍ കിട്ടാന്‍ വേണ്ടിയാണ് ശരിയായില്ലെന്ന് പറഞ്ഞത്.''സന്തോഷം തോന്നി.
അതിനുശേഷം 'മദ്രാസിപ്പട്ടണം' എന്ന സിനിമയിലും ഹനീഫിക്കയ്ക്കുവേണ്ടി ശബ്ദം നല്‍കി. 27 സീനുകള്‍ ഉള്ള സിനിമ രാവിലെ ഏഴ് മണിക്ക് തുടങ്ങി ഉച്ചയ്ക്ക് മൂന്നു മണി ആകുമ്പോഴേക്കും ഡബ് ചെയ്തുതീര്‍ത്തു. സത്യത്തില്‍ ഒരു പരകായപ്രവേശം തന്നെയായിരുന്നു അത്. ഹനീഫിക്ക എന്റെ ഉള്ളില്‍ വന്ന് നിറയുന്നതുപോലെ.
ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് കൈയടി നേടിയ കലാകാരനാണ് നസീര്‍, ഇനി അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കാനാവില്ല എന്ന് തോന്നിയ നിമിഷത്തെക്കുറിച്ച്?
കൈരളി ടി.വി.യിലെ 'കോട്ടയം നസീര്‍ ഷോ' എന്ന പരിപാടിയിലൂടെയാണ് ഉമ്മന്‍ചാണ്ടിയെ ആദ്യമായി അവതരിപ്പിക്കുന്നത്. അതുവരെ ആരും അദ്ദേഹത്തെ അനുകരിച്ചിരുന്നില്ല. പിന്നെ ഒരുപാട് കാലം നിരവധി വേദികളില്‍ ഞാന്‍ അദ്ദേഹത്തെ അനുകരിച്ചു. അദ്ദേഹത്തിന്റെ സ്‌നേഹവും കൈയടിയും നേടിയിട്ടുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതായ ശേഷം ഞാന്‍ ആ പരിപാടി നിര്‍ത്തി. വേര്‍പാടോടെ അതിന് പ്രസക്തി ഇല്ല എന്നുതോന്നി.
കോട്ടയം നസീറിന്റെ കുടുംബ വിശേഷങ്ങള്‍...
ഭാര്യ ജാസ്മിന നസീര്‍. മൂത്ത മകന്‍ മുഹമ്മദ് നിഹാന്‍ റോബോട്ടിക് എന്‍ജിനീയറിങ് കഴിഞ്ഞ് കാനഡയിലെ ടൊറന്റോയില്‍ ജോലി ചെയ്യുന്നു. ഇളയ മകന്‍ മുഹമ്മദ് നൗഫല്‍ കാക്കനാട് രാജഗിരി കോളജില്‍ ബി.കോം വിദ്യാര്‍ഥി. അവര്‍ക്കും സ്‌കൂള്‍ പഠനകാലത്ത് മിമിക്രിയും ചിത്രം വരയുമായിരുന്നു പ്രിയം. പിന്നീട് പഠനത്തിലായി ശ്രദ്ധ.
Content Highlights: mimicry artist and actor kottayam nazeer interview
Published: 19 Nov 2023, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented