ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ മുംബൈ യാത്രക്കിടെ, സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളും കുടുംബാംഗങ്ങളും. മെസ്സിയെ കാണാൻ ആവേശത്തോടെ കാത്തിരുന്ന തങ്ങളുടെ കുട്ടികളെയും കൊണ്ട്, ഏതാനും താരങ്ങൾ കഴിഞ്ഞദിവസം വാംഖഡേ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഷാഹിദ് കപൂർ മക്കളായ മിഷയ്ക്കും സെയ്‌നുമൊപ്പമാണ് സ്റ്റേഡിയത്തിലേക്കു വന്നത്. ഷാഹിദ് പിന്നിൽ നിന്നപ്പോൾ, ഇതിഹാസത്തോടൊപ്പം ചിത്രങ്ങൾക്കു പോസ് ചെയ്തത് കുട്ടികളായിരുന്നു. പിന്നീട്, ഷാഹിദിൻ്റെ ഭാര്യ മിര രജ്പുത്, മെസ്സിയോടൊപ്പമുള്ള കുട്ടികളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെക്കുകയും ചെയ്തു.

ശിൽപ ഷെട്ടിയെത്തിയത് മകൻ വിയാനോടൊപ്പമാണ്. മെസ്സിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പുഞ്ചിരിയോടെ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മകന് ഇതൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു എന്ന് ശിൽപ മാധ്യമങ്ങളോടു പറഞ്ഞു. അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകൻ യുഗ് ദേവ്ഗണും മെസ്സിയെ കാണാനെത്തിയിരുന്നു.

കരീന കപൂർ ഖാൻ മക്കളായ തൈമുർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരും മെസ്സിയോടൊപ്പം പോസ് ചെയ്തു. മെസ്സിയോടൊപ്പം ചിത്രമെടുത്തശേഷം അദ്ദേഹത്തിൻ്റെ അടുത്ത നിന്ന് മാറാൻ ജെയ്‌ വിസമ്മതിച്ചപ്പോൾ ആരാധകരിൽ അത് ചിരിയുണർത്തി. മറ്റുള്ളവർക്ക് വഴിമാറിക്കൊടുക്കാനായി കരീനയ്ക്ക് മകനെ പിടിച്ചു മാറ്റേണ്ടി വന്നു.

അതേസമയം, ഹൈദരാബാദിലും കൊൽക്കത്തയിലും മെസ്സിയെ കാണാൻ ആവേശത്തോടെയെത്തിയ, സാധാരണക്കാരായ ആരാധകർക്ക് അതിന് അവസരം ലഭിച്ചില്ലെന്ന് വ്യാപകമായ ആരോപണമുയരുന്നുണ്ട്. തിങ്കളാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മെസ്സി ആരാധകരെ അഭിവാദ്യം ചെയ്യും. അതിനിടെ, ലക്ഷങ്ങളും കോടികളും ചെലവിട്ടാണ് സെലിബ്രിറ്റികളടക്കമുള്ളവർക്ക് മെസ്സിയെ കാണാൻ അവസരമൊരുങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi