ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'പേട്രിയറ്റ്' (Patriot). മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ രേവതി, നയൻതാര, ഫഹദ് ഫാസിൽ എന്നിവരും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സ്പൈ ത്രില്ലറിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ താരങ്ങൾ ഒത്തുചേർന്നിരുന്നു. ചടങ്ങിൽ പങ്കെടുത്ത്, മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്.

To advertise here,

പേട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി
"ഈ സിനിമ മലയാളികൾക്കായി നിർമ്മിച്ചതാണ്. കേരളത്തിന് പുറത്തുള്ള പ്രേക്ഷകർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വർഷങ്ങളായി സിനിമാ അഭിരുചിയിൽ വലിയ മാറ്റം വന്ന, കേരളത്തിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. ഇതൊരു പാൻ-ഇന്ത്യൻ സിനിമയല്ല. 'പേട്രിയറ്റ്' ഒരു ഗെയിം ചേഞ്ചർ ആയിരിക്കും. ഇത് പുതിയൊരു നിലവാരം സൃഷ്ടിക്കുമെന്നും മലയാള സിനിമയിൽ കൂടുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് വഴിതുറക്കുമെന്നും പ്രതീക്ഷിക്കുന്നു," എന്നായിരുന്നു മമ്മൂക്കയുടെ വാക്കുകൾ.

ചിത്രത്തിന്റെ ട്രെയിലറിൽ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സംഘട്ടന രംഗങ്ങളുണ്ട്. ഇതിനെക്കുറിച്ച് താരം പറഞ്ഞത് ഇതാണ്: "ഈ പോരാട്ടങ്ങൾ വെറും കാഴ്ചയ്ക്ക് വേണ്ടിയുള്ളതല്ല. അതിനു പിന്നിൽ ആഴത്തിലുള്ള ഒരു കാരണമുണ്ട്, സിനിമ കാണുമ്പോൾ അത് ബോധ്യപ്പെടും."

വിരമിച്ച ഒരു ജെ.എ.ജി (JAG) ഓഫീസറുടെ റോളിലാണ് മമ്മൂട്ടിയെത്തുന്നത്. ചാരവൃത്തി ആരോപിച്ച് അദ്ദേഹം ചതിക്കപ്പെടുന്നു. തന്റെ പേര് കളങ്കമില്ലാതെ വീണ്ടെടുക്കാനും രാജ്യത്തെ സംരക്ഷിക്കാനുമായി അദ്ദേഹം ഒരു രഹസ്യ ദൗത്യം ആരംഭിക്കുന്നു. അനുഭവപരിചയമുള്ള ഒരു സായുധ സേനാ ഉദ്യോഗസ്ഥനായി മോഹൻലാലും ഈ ദൗത്യത്തിൽ അദ്ദേഹത്തിനൊപ്പം ചേരുന്നതാണ് കഥയുടെ ഇതിവൃത്തം. വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'പേട്രിയറ്റി'നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi