'റോജ' സിനിമയിലൂടെ പ്രശസ്തയായ താരമാണ് മധൂ. 'യോദ്ധ', 'എന്നോടിഷ്ടം കൂടാമോ' തുടങ്ങിയ ചിത്രങ്ങളിലൂടെ 90-കളിൽ മലയാളികൾക്ക് പ്രിയങ്കരിയായ നടി. 1999-ൽ ആനന്ദ് ഷായെ വിവാഹം കഴിച്ചതോടെ സിനിമാ ലോകത്തുനിന്നവർ വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി, ഇപ്പോൾ സജീവമാണ്. തെലുഗുചിത്രമായ ‘കണ്ണപ്പ’യിൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട് മധൂ. ഒരുകാലത്ത് ബോളിവുഡിൽ അഭിനയിക്കാൻ തനിക്ക് ഇഷ്ടമില്ലായിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോൾ.
''അതൃപ്തികാരണമാണ് ബോളിവുഡിൽ നിന്ന് വിട്ടുനിന്നത്. 1997-ഓടെ അതൃപ്തി തോന്നിത്തുടങ്ങിയിരുന്നു. നല്ല ജോലിയല്ല ചെയ്യുന്നതെന്ന് മനസ്സ് പറഞ്ഞു, ജോലിയോട് ആവേശവും താത്പര്യവും തോന്നിയില്ല. ദക്ഷിണേന്ത്യയിൽ ആത്മാർഥതയും അഭിനിവേശവുമുള്ള സ്വാഭാവികസിനിമകൾ ചെയ്യുന്ന സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിന് ശേഷം, ആത്മാർത്ഥതയില്ലാത്ത, കൃത്രിമം കാണിക്കുന്ന പ്രോജക്റ്റുകളിലേക്ക് മടങ്ങുന്നത് വിചിത്രമായി തോന്നി. സെറ്റിലേക്ക് പോകുന്നതോർത്തപ്പോൾ മടുപ്പായി. ഞാൻ ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു സിനിമാ സെറ്റിലായിരിക്കുക എന്നത്, പക്ഷേ പിന്നീടതെന്നെ അലോസരപ്പെടുത്താൻ തുടങ്ങി,” അവർ സമ്മതിച്ചു.
ബച്ചന്റെ നായികാ കഥാപാത്രം വേണ്ടെന്നുവെച്ചു
“ഞാൻ എന്നെ ഭാഗ്യത്തിന്റെ സന്തതിയെന്നാണ് വിശേഷിപ്പിക്കുന്നത്. എപ്പോഴൊക്കെ എന്തെങ്കിലും ശക്തമായി ആഗ്രഹിച്ചിട്ടുണ്ടോ, അതൊക്കെ എനിക്ക് സംഭവിച്ചിട്ടുണ്ട്. സിനിമയുമായി മുന്നോട്ട് പോകേണ്ടെന്ന് തോന്നിയ സമയത്താണ് ജീവിതത്തിലേക്ക് പ്രണയം കടന്നുവന്നത്. ഞാൻ വിവാഹിതയായി, അഭിനയത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നു. വിവാഹത്തിനു മുമ്പ് അമിതാഭ് ബച്ചനൊപ്പമുള്ള ഒരു വലിയ സിനിമയുടെ അവസരം ലഭിച്ചിരുന്നു, വിവാഹത്തീയതി ഉറപ്പിച്ചിരുന്നതിനാൽ ആ ചിത്രം ഒഴിവാക്കി. ചെയ്യാൻ താൽപ്പര്യമില്ലെന്ന് ഞാൻ എന്റെ സെക്രട്ടറിയോട് പറഞ്ഞു. ഒന്നുകൂടി ആലോചിക്കാൻ അദ്ദേഹമെന്നോട് പറഞ്ഞെങ്കിലും ഞാൻ ഉറച്ചുനിന്നു. ആ റോൾ പിന്നീട് സൗന്ദര്യയ്ക്കാണ് ലഭിച്ചത്.“- മധൂ പറഞ്ഞു.
1999-ലിറങ്ങിയ ‘സൂര്യവംശം’ ആയിരുന്നു ആ ചിത്രം. ബിഗ് ബി ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ ജയസുധ, രചന ബാനർജി, അനുപം ഖേർ, ഖാദർ ഖാൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് അതൊരു കൾട്ട് ക്ലാസിക് ആയി മാറി. ‘ചിന്ന ചിന്ന ആസൈ’ ആണ് മധൂവിന്റെ അടുത്തസിനിമ. വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന റൊമാന്റിക് ഡ്രാമയിൽ നടൻ ഇന്ദ്രൻസും അഭിനയിക്കുന്നുണ്ട്, റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 01 Jul 2025, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented