1986-ല്‍ പുറത്തിറങ്ങിയ ഹിന്ദിസിനിമയാണ് 'ഖൈസ് ഓര്‍ ലൈല' അഥവാ 'ലവ് ആന്റ് ഗോഡ്'. ലൈലയുടെയും മജ്‌നുവിന്റെയും അനശ്വരപ്രണയത്തിന്റെ കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. സഞ്ജീവ് കുമാര്‍, നിമ്മിഎന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ആസിഫ് കരീം എന്ന വിഖ്യാതസംവിധായകനും. 

ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ സിനിമയ്ക്ക്. ഏറ്റവും കൂടുതല്‍ സമയമെടുത്ത് ചിത്രീകരിച്ച സിനിമ, റിലീസാവാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത സിനിമ തുടങ്ങിയവയാണത്. 1963-ലാണ് ചിത്രീകരണം തുടങ്ങിയത്. നായകന്‍ ഗുരു ദത്ത്, നായിക നിമ്മിയും. സംവിധായകന്റെ സ്വപ്‌നമായിരുന്നു ആ സിനിമ. അതുകൊണ്ട് തന്നെ അത്രയും ഇഷ്ടത്തോടെയും സ്‌നേഹത്തോടെയുമാണ് ആ സിനിമ അദ്ദേഹം നോക്കിക്കണ്ടത്. ഓരോ സീനുകള്‍ എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിച്ചു. അതിനനുസരിച്ച് ചിത്രീകരണവും നീണ്ടു. 

അതിനിടയിലാണ് 1964-ല്‍ ഗുരുദത്ത് മരിക്കുന്നത്. അന്ന് 41 വയസ്സേയുള്ളൂ അദ്ദേഹത്തിന്. ഭാര്യ ഗീത ദത്തില്‍നിന്ന് പിരിഞ്ഞശേഷം, ഒറ്റയ്ക്ക് ഒരു ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു ഗുരു ദത്ത്. അമിതമദ്യപാനത്തെ തുടര്‍ന്നുള്ള കരള്‍രോഗവും അദ്ദേഹത്തെ വല്ലാതെ വലച്ചിരുന്നു. മദ്യത്തില്‍ ഉറക്കഗുളികകള്‍ ചേര്‍ത്ത് കഴിച്ചാണ് ഗുരു മരിക്കുന്നത്. ആത്മഹത്യയാണോ അതോ ഉറക്കഗുളികകളുടെ അളവ് കൂടിപ്പോയതാണോ എന്നത് ഇന്നും ആര്‍ക്കുമറിയില്ല.  

എന്തായാലും ഗുരുവിന്റെ മരണത്തോടെ 'ഖൈസ് ഓര്‍ ലൈല'യുടെ കാര്യം അവതാളത്തിലായി. അപ്പോഴേക്കും കുറേ സീനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. ഗുരുവിന് പകരം മറ്റൊരാളെ ആ റോളിലേക്ക് കൊണ്ടുവരാന്‍ ആസിഫിന് കഴിഞ്ഞതുമില്ല. അതോടെ തന്റെ സ്വപ്‌നം പാതിവഴിയില്‍വെച്ച് നിര്‍ത്താന്‍ ആസിഫ് തീരുമാനിച്ചു. പക്ഷേ അതിനുശേഷവും ലൈലയുടെയും മജ്‌നുവിന്റെയും പ്രണയകഥ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. സ്വസ്ഥത കിട്ടാതായപ്പോള്‍ ആസിഫ്, നടന്‍ സഞ്ജീവ് കുമാറിനെ സമീപിച്ചു. മജ്‌നു ആകാമെന്ന് സഞ്ജീവ് സമ്മതിച്ചതോടെ 1970-ല്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. 

എന്നാല്‍, സിനിമയെ ദുരന്തങ്ങള്‍ വിടാതെ പിന്തുടരുകയാണെന്ന് അധികം വൈകാതെ തന്നെ എല്ലാവരും തിരിച്ചറിഞ്ഞു. ചിത്രീകരണം തുടങ്ങി ഒരുവര്‍ഷമാകുമ്പോഴേക്കും സംവിധായകനും മരിച്ചു. സിനിമ പൂര്‍ണമായും ഇരുട്ടിലായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആസിഫിന്റെ അവസാന ആഗ്രഹമെന്ന നിലയില്‍ സിനിമ പുറത്തിറക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ അഖ്തര്‍ ആസിഫിന് തോന്നി. അങ്ങനെ നിര്‍മാതാവും വിതരണക്കാരനുമായ കെ.സി.ബൊക്കാഡിയയെ സമീപിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. 

അപ്പോഴേക്കും 15 വര്‍ഷം കഴിഞ്ഞിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ പലരും മരിക്കുകയും ചെയ്തിരുന്നു. ബൊക്കാഡിയയുടെ നിര്‍ദേശപ്രകാരം പല സ്റ്റുഡിയോകളില്‍നിന്നായി സിനിമയുടെ പല ഭാഗങ്ങള്‍ സംഘടിപ്പിച്ചു. അപ്പോഴാണ് ഒരു ശസ്ത്രക്രിയയ്ക്കുശേഷം സഞ്ജീവ് തിരിച്ച് ബോംബെയിലെത്തുന്നത്. ശസ്ത്രക്രിയയുടെ ഭാഗമായി അദ്ദേഹം ശരീരഭാരം കുറച്ചിരുന്നു, പ്രായക്കുറവും തോന്നിച്ചു. അതുകൊണ്ട് സഞ്ജീവിന്റെ കുറച്ച് സീനുകള്‍ കൂടി ചിത്രീകരിക്കാന്‍ തീരുമാനിച്ചു. അതിനൊപ്പം ആദ്യം പൂര്‍ത്തിയാക്കിയ സീനുകളുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാനും. എന്നാല്‍, അതിനൊക്കെ മുമ്പേ സഞ്ജീവ് കുമാറും മരിച്ചു. പിന്നീട് സുദേഷ് ഭോസ്ലെയാണ് സഞ്ജീവിന്റെ ഭാഗം ഡബ്ബ് ചെയ്തത്. 

ഒടുവില്‍ കിട്ടിയ ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് കൂട്ടിയോജിപ്പിച്ചു. ഒടുവില്‍ 1986 മെയ് 27-ന് ആസിഫിന്റെ ആ അപൂര്‍ണമായ സിനിമ റിലീസായി. അതും നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷം. പൂര്‍ണതയോ ക്ലൈമാക്‌സോ ഒന്നുമില്ലാത്ത ആ സിനിമ 'മറാത്ത മന്ദിര്‍ സിനിമ'യിലാണ് പ്രദര്‍ശിപ്പിച്ചത്. ബോക്‌സോഫീസില്‍ കാര്യമായ ഇളക്കങ്ങളൊന്നുമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. ലൈല-മജ്‌നു പ്രണയത്തിന് സംഭവിച്ച അതേ ദൗര്‍ഭാഗ്യം ഏറ്റുവാങ്ങി സിനിമയും.