സിനിമാഭിനയത്തിന്റെ പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്ന ലിജോമോള്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായി കിട്ടിയൊരു സമ്മാനമാണ് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരം. വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത 'നടന്ന സംഭവം' എന്ന ചിത്രത്തിലെ ധന്യയെന്ന കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിനാണ് ലിജോമോള്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
മറ്റൊരാളുടെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റം അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടത്തെപ്പറ്റി കഥ പറഞ്ഞ ചിത്രമാണ് ‘നടന്നസംഭവം’. ഭര്‍ത്താവില്‍ നിന്നേല്‍ക്കുന്ന അവഗണനയും കുടുംബജീവിതത്തിലെ അസംതൃപ്തിയുമെല്ലാം പക്വതയോടെ അവതരിപ്പിച്ച ലിജോമോള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ സംസ്ഥാന പുരസ്‌കാരം കൂടിയാണിത്. പുരസ്‌കാരനിറവില്‍, തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലിജോമോള്‍…
“അവാര്‍ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. പക്ഷേ, അതിനേക്കാളും വലിയൊരു ഞെട്ടലിലായിരുന്നു അന്നേരം ഞാന്‍. കാരണം ഇത്തവണത്തെ അവാര്‍ഡ് കാറ്റഗറിയില്‍ 'നടന്ന സംഭവം' എന്ന ഞങ്ങളുടെ ചിത്രമോ അതിലെ എന്റെ കഥാപാത്രമായ ധന്യയോ മത്സരിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ പുരസ്‌കാരവും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ ദിവസം പ്രഖ്യാപിക്കും എന്നറിയാമായിരുന്നു.
പക്ഷേ, അവാര്‍ഡും ഞാനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകുമെന്ന് ചിന്തയില്‍പോലുമില്ലായിരുന്നു. വിവരം അറിഞ്ഞപ്പോള്‍ സര്‍പ്രൈസിങ്ങായിരുന്നു, ശരിക്കും ഞെട്ടി. ഇന്നലെ ആരൊക്കോയെ എന്നോട് ചോദിച്ചു, തുള്ളിച്ചാടിയോ എന്ന്. അങ്ങനെയൊരു നിമിഷമുണ്ടായിരുന്നില്ല. ഞെട്ടല്‍ മാറാതെ നില്‍ക്കുകയായിരുന്നു.
സിനിമയില്‍ ഇത് എന്റെ പത്താമത്തെ വര്‍ഷമാണ്. 2015-ലാണ് 'മഹേഷിന്റെ പ്രതികാരം' സിനിമയുടെ ഷൂട്ട് നടക്കുന്നത്. കൃത്യം 2025 കഴിയാറാവുന്ന സമയത്താണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. അതും ആദ്യമായിട്ടാണ് സംസ്ഥാനത്തിന്റെ അംഗീകാരം ലഭിക്കുന്നത്. അതില്‍ വളരെയധികം സന്തോഷമുണ്ട്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ പ്രിയപ്പെട്ട ഒന്നാണ് ധന്യയും. നമുക്ക് ഒരുപാടുപേര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് ധന്യ. ഞാനിതുവരെ ഇങ്ങനെയൊരു വേഷം ചെയ്തിട്ടില്ല. ചിലര്‍ക്കൊക്കെ ധന്യയോട് ചില സാമ്യങ്ങള്‍ തോന്നാം. എനിക്കും ധന്യയെ മനസ്സിലാക്കാന്‍പറ്റി.
ദിവസവും എവിടെയെങ്കിലുമൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒന്നാണ് ഗാർഹികപീഡനം. സിനിമയില്‍ ശാരീരിക പീഡനത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. മാനസികമായി ദമ്പതികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടുപേരും ഒരു വീട്ടില്‍ താമസിക്കുന്നുവെന്നേയുള്ളൂ, അവര്‍ക്ക് ദാമ്പത്യജീവിതത്തില്‍ ഒരുരീതിയിലും ഒന്നിച്ച് പോകാന്‍ പറ്റാതെ വരുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്.
അതിന്റെ കാരണമായി പലപ്പോഴും പറഞ്ഞുകേള്‍ക്കുന്നത് ഒരു സ്ത്രീക്ക് തിരിച്ചു ചെല്ലാന്‍ ഒരിടമില്ല എന്നതാണ്. അതുകൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍, അല്ലെങ്കില്‍ കുടുംബജീവിതത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കണമെന്നാണ്. അങ്ങനെയുള്ളവരുടെ പ്രതിനിധിയാണ് ചിത്രത്തിലെ ധന്യ.
കഥാപാത്രത്തിനായി ഒരുപാട് തയ്യാറെടുപ്പുകളൊന്നും വേണ്ടിവന്നിട്ടില്ല. മാനസികമായി ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഓരോ സീന്‍ ചെയ്യുമ്പോഴും ആ ഒരു നിമിഷത്തില്‍ ധന്യ എങ്ങനെയാവും പ്രതികരിക്കുക, സംസാരിക്കുക എന്നു ചിന്തിച്ച് അതിനനുസരിച്ച് സ്വാഭാവികമായി പെരുമാറുകയായിരുന്നു. അവളുടെ മനസ്സില്‍ക്കൂടി എന്താണ് പോകുന്നത് എന്നത് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.
ചിത്രത്തിന്റെ എഴുത്തുകാരനായ രാജേഷ് ഗോപിനാഥന്‍, സംവിധായകന്‍ വിഷ്ണുനാരായണന്‍ തുടങ്ങിയവരുടെ പിന്തുണ തുടക്കം മുതല്‍ അവസാനംവരെയുണ്ടായിരുന്നു. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അതിലേക്ക് എന്നെ വഴികാട്ടുകയായിരുന്നു.
ഇവര്‍ക്കൊപ്പം തന്നെ എന്റെ സഹതാരങ്ങളായ സുരാജേട്ടനും(സുരാജ് വെഞ്ഞാറമ്മൂട്), ബിജുചേട്ടന്‍(ബിജുമേനാന്‍), ശ്രുതി രാമചന്ദ്രന്‍ എല്ലാവരുടെയും പ്രകടനങ്ങളും എന്നെ ഏറെ പിന്തുണച്ചിട്ടുണ്ട്. അങ്ങനെ എല്ലാവരുടെയും പിന്തുണയോടുകൂടി വന്ന കഥാപാത്രമാണ് ധന്യ. സിനിമ റിലീസായശേഷം എന്നെ അഭിനന്ദിച്ചവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. എല്ലാ രീതിയിലും ധന്യ എന്ന കഥാപാത്രത്തെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ട്.”
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്തെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണിബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ്, ജയ്ഭീം, വിശുദ്ധ മെജോ, അയല്‍വാശി, പുലിമട, അയാം കാതലന്‍, ഹെര്‍, പൊന്മാന്‍, ദാവീദ്, ജെന്റില്‍വുമണ്‍, സംശയം തുടങ്ങി മലയാളത്തിലും തമിഴിലുമായി തുടരെ മികച്ച വേഷങ്ങള്‍ ചെയ്ത് മുന്നോട്ട് പോകുകയാണ് ലിജോമോള്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Lijomol opens up about the joy of her first State Award
Published: 04 Nov 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented