2023-ലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു 'അനിമല്‍'. അമിതമായ വയലന്‍സിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും വമ്പിച്ച വിജയമാണ് സിനിമ നേടിയത്. 100 കോടിക്ക് നിര്‍മിച്ച സിനിമ തിരിച്ചുപിടിച്ചത് ഏകദേശം 900 കോടിയാണ്. 

റണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും നായികാ-നായകന്‍മാരായ ചിത്രത്തില്‍ പക്ഷേ അവരേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരാളാണ്, തൃപ്തി ദിമ്രി. റണ്‍ബീറിന്റെ കാമുകീവേഷമായിരുന്നു അവര്‍ക്ക്. ഒരു പാട്ടും കുറച്ചുസീനുകളും മാത്രമേ തൃപ്തിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ആ സിനിമ അവര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തി അപ്രതീക്ഷിതമാണ്. 'നാഷണല്‍ ക്രഷ്' എന്ന് സിനിമാപ്രേക്ഷകര്‍ അവരെ വിശേഷിപ്പിച്ചു. ആറുലക്ഷം ഫോളോവേഴ്‌സ് ആയിരുന്നു അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആദ്യമുണ്ടായിരുന്നത്. സിനിമ റിലീസായതോടെ, 2 കോടിയിലേറെ ആളുകളാണ് അവരുടെ ഫോളോവേഴ്‌സ് ലിസ്റ്റിലിടം പിടിച്ചത്. 

placeholder
അനിമല്‍ സിനിമയില്‍ റണ്‍ബീര്‍ കപൂറിനൊപ്പം

അതിനിടെ സിനിമയിലെ പല സീനുകളുടെയും പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു ആ അഭിനേത്രി. നായകന്റെ ഷൂ നക്കുന്ന സീനും ഇന്റിമേറ്റ് സീനുകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. ''ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ എല്ലാവരും എന്നെക്കുറിച്ച് സംസാരിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതെല്ലാം ഈ സിനിമയോടെ സഫലമായി. പക്ഷേ ദിവസം കഴിയും തോറും മോശം കമന്റുകള്‍ വരാന്‍ തുടങ്ങി. ആളുകള്‍ മോശമായി കമന്റ് ചെയ്യുന്നത് എന്നെ വിഷമിപ്പിച്ചു. സിനിമയ്ക്ക് ശേഷം രണ്ടുമൂന്നു ദിവസം ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. മുഖ്യധാരാ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നത് പോസിറ്റീവ് വശമാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. അതോടെ ഞാന്‍ ഓകെയായി''. 

ആറുവര്‍ഷമായി ബോളിവുഡിലുണ്ടെങ്കിലും, അതുവരെ കിട്ടാത്ത പ്രശസ്തിയാണ് ആ സിനിമ നേടിക്കൊടുത്തത്. പിന്നീട് 'ബാഡ് ന്യൂസ്, 'വിക്കി വിദ്യ കാ വോ വാലാ വീഡിയോ'...ഏറ്റവുമൊടുവിലിറങ്ങിയ 'ഭൂല്‍ ഭുലയ്യ 3'-യിലെ അവരുടെ കഥാപാത്രവും പ്രശംസനേടുകയാണ്. കഷ്ടപ്പാടുകളുടെയും നിരാശയുടെയും കണ്ണീരിന്റെയും നാളുകള്‍ക്ക് ഒടുവില്‍ ഒരവസാനമെന്ന് തൃപ്തി പറയുന്നു. ''പലരും കരുതുന്നത് പെട്ടെന്നുള്ള വിജയമാണ് എന്റേതെന്നാണ്. പക്ഷേ വര്‍ഷങ്ങള്‍ നീണ്ട കഠിനമായ പരിശ്രമം ഇതിനു പിന്നിലുണ്ട്. തുടര്‍ച്ചയായി ഓഡിഷനുകളില്‍ പങ്കെടുത്ത ഒരു കാലമുണ്ട് എനിക്ക്. അതിലൊക്കെ പരാജയപ്പെടുകയും ചെയ്തു'', തൃപ്തി ഓര്‍ക്കുന്നു.  

placeholder

ഉത്തരാഖണ്ഡിലാണ് അവര്‍ ജനിച്ചത്. അധികം വൈകാതെ കുടുംബം ഡല്‍ഹിയിലേക്ക് മാറി. തൃപ്തിയുടെ അച്ഛന് സിനിമ എന്നത് ഒരിക്കലും നടക്കാത്ത ആഗ്രഹമായിരുന്നു. അച്ഛന്റെ ആ സ്വപ്‌നങ്ങളിലൂടെയാണ് തൃപ്തി വളര്‍ന്നത്. അതുകൊണ്ട് സിനിമ തന്നെയായിരുന്നു അന്നൊക്കെ മനസ്സില്‍. 2016-ല്‍ ഡല്‍ഹിയില്‍ 'ലൈല മജ്‌നു' എന്ന സിനിമയുടെ ഓഡിഷന്‍ നടന്നു. അതില്‍ പങ്കെടുത്തെങ്കിലും, അവര്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. അതോടെ സിനിമ തനിക്ക് അപ്രാപ്യമാണെന്ന് തൃപ്തി ഉറപ്പിച്ചു.  

അതേവര്‍ഷം തന്നെയാണ് മോഡലിങ് എന്ന സ്വപ്‌നവുമായി മുംബൈയിലെത്തുന്നത്. തന്റെ ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്കുള്ള യാത്ര. പക്ഷേ അതൊന്നും കുടുംബാംഗങ്ങള്‍ക്ക് ബോധിച്ചില്ല. അവര്‍ കടുത്തരീതിയില്‍ തന്നെ വിമര്‍ശിച്ചു. ''എന്തിനാണ് നിങ്ങള്‍ മകളെ ഈ ജോലിക്ക് അയച്ചത്. അവള്‍ നശിച്ചുപോവും. അവളെടുക്കുന്ന തീരുമാനങ്ങളെല്ലാം മോശമായിരിക്കും. ആരും അവളെ വിവാഹം കഴിക്കുകയുമില്ല. ഇങ്ങനെയൊക്കെയാണ് ബന്ധുക്കള്‍ പലരും എന്റെ മാതാപിതാക്കളോട് പറഞ്ഞത്'', തൃപ്തി ഓര്‍ക്കുന്നു. പക്ഷേ മാതാപിതാക്കള്‍ തൃപ്തിയോടൊപ്പം തന്നെ നിന്നു.

placeholder
വിദ്യാ ബാലനൊപ്പം / PTI

മുംബൈയില്‍ കുറേ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അവര്‍ സിനിമയിലെത്തുന്നത്. തൊട്ടുപിറകെ 'പോസ്റ്റര്‍ ബോയ്‌സ്' എന്ന സിനിമയില്‍ മൂന്നുനായികമാരില്‍ ഒരാളായി. അതിനിടയ്ക്കാണ് 'ലൈല മജ്‌നു' എന്ന സിനിമയുടെ ഓഡിഷന്‍ നടക്കുന്നത്. ഒരിക്കല്‍ പരാജയപ്പെട്ടതുകൊണ്ട് ആ വഴിക്ക് പോയില്ല. പക്ഷേ സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ വീണ്ടും പങ്കെടുത്തു. ഇക്കുറി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പക്ഷേ, സിനിമ റിലീസായപ്പോള്‍ ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണു. എട്ടുനിലയില്‍ പൊട്ടിയപ്പോള്‍, ത്രിപ്തിയുടെ സിനിമാസ്വപ്‌നങ്ങളും തകര്‍ന്നു. എന്നാല്‍, പിന്‍മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. 

''ലൈല മജ്‌നു റിലീസ് ചെയ്യുന്നതിനുമുമ്പ് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഞാന്‍ പ്രശസ്തയാവും. ഇനി പുറത്തിറങ്ങാന്‍ പോലും പറ്റില്ലെന്നൊക്കെയാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ, അതൊന്നുമല്ല സംഭവിച്ചത്'', ത്രിപ്തി ഓര്‍ക്കുന്നു. 2024-ല്‍ 'ലൈല മജ്‌നു' വീണ്ടും റിലീസ് ചെയ്തു. ഇത്തവണ സിനിമ പതിനൊന്നുകോടി കളക്ഷന്‍ നേടി. 
 

placeholder
ബുള്‍ബുള്‍ സിനിമയില്‍നിന്ന് / IMDb

'ബുള്‍ബുള്‍', 'ഖാല' എന്നീ സിനിമകള്‍ തൃപ്തിക്ക് നിരൂപകപ്രശംസ നേടിക്കൊടുത്തു. രണ്ടു സിനിമകളിലും കേന്ദ്രകഥാപാത്രമായതും തൃപ്തി തന്നെ. ബോളിവുഡിലെ സ്ഥിരം നായികാ ഫോര്‍മുലകളില്‍നിന്നും വഴിമാറി നടന്നതുകൊണ്ട് ഒരുവിഭാഗം പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ കണ്ട നായികയാണ് തൃപ്തി. എന്നാല്‍ 'അനിമലി'നുശേഷം വന്ന 'ബാഡ് ന്യൂസി'ലും 'വിക്കി വിദ്യ കാ വോ വാലാ വീഡിയോ'യിലും ഗ്ലാമര്‍ റോളുകളിലാണ് തൃപ്തി പ്രത്യക്ഷപ്പെട്ടത്. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളില്‍നിന്നുള്ള ഈ മാറ്റം ചിലര്‍ക്കെങ്കിലും ദഹിച്ചിട്ടില്ല. തൃപ്തി ഗ്ലാമര്‍ ശരീരം മാത്രമായി മാറുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. 

''ഇതിനുമുമ്പ് ഞാനിങ്ങനെ ചെയ്തിട്ടില്ല. വിക്കി വിദ്യയിലെ ഐറ്റം ഡാന്‍സിന്റെ പേരിലും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. കുഴപ്പമില്ല. ഒരു കംഫര്‍ട്ട് സോണില്‍ ഒതുങ്ങിനില്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. ഇതൊക്കെ എന്റെ കരിയറിലെ പരീക്ഷണങ്ങളായാണ് ഞാന്‍ കാണുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ത്താനും ഞാന്‍ ഉദ്ദേശിക്കുന്നില്ല'', തൃപ്തി ഉറപ്പിച്ചുപറയുന്നു.