
നിസ്സഹായനായ നായകന്‍, നിഷ്‌കളങ്കനായ സുഹൃത്ത്, കര്‍ക്കശക്കാരനായ സഹോദരന്‍, തമാശക്കാരനായ അളിയന്‍, പേടിപ്പെടുത്താത്ത 'പാവം' വില്ലന്‍... ഇങ്ങനെ ഒരുപാട് വേഷങ്ങളില്‍ ഇന്ന് മലയാളിപ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു മുഖമുണ്ട്, ബേസില്‍ ജോസഫ്. ജീവിതത്തില്‍ ബേസിലിന് വീട്ടുകാര്‍ കണ്ടുവെച്ച വേഷം ഒരു പാതിരിയുടെതായിരുന്നു. പക്ഷേ, എന്‍ജിനീയറിങ് പഠിക്കാന്‍ വയനാട്ടില്‍നിന്ന് ചുരമിറങ്ങി ബേസിലെത്തിയത് മലയാളസിനിമയിലെ നിരവധി വേഷങ്ങളിലേക്കാണ്. സംവിധായകനും സ്വഭാവനടനും നായകനും പ്രതിനായകനുമൊക്കെയായി താരത്തിളക്കത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ന് ബേസില്‍.
കുഞ്ഞിരാമായണത്തിലൂടെ 2015-ലാണ് ബേസില്‍ ജോസഫ് എന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്കുമുന്‍പില്‍ ആദ്യമെത്തുന്നത്. സിനിമയില്‍ ഒരു പതിറ്റാണ്ട് തികയുമ്പോള്‍ ഹിറ്റ് സംവിധായകനും സൂപ്പര്‍ഹിറ്റ് നടനുമാണ് ബേസില്‍. ഒന്ന് മറ്റൊന്നില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍. എന്നാല്‍ അവയിലൊക്കെയുണ്ട് രസിപ്പിക്കുന്ന ഒരു ബേസില്‍ ടച്ച്.
'ജയ ജയ ജയ ജയഹേ'യിലെ സങ്കുചിതമനസ്‌കനായ ഭര്‍ത്താവ് പ്രേക്ഷകരെ വെറുപ്പിക്കുക മാത്രമല്ല, ചിരിപ്പിക്കുകയും ചെയ്തു. 'ഫാലിമി'യിലെ പ്രാരബ്ധക്കാരനും 'ഗുരുവായൂരമ്പലനടയിലെ' കല്യാണച്ചെക്കനും 'നുണക്കുഴി'യിലെ ഏടാകൂടങ്ങളില്‍പ്പെട്ട് ഉഴലുന്ന നായകനുമൊക്കെ സ്ഥിരം സത്ഗുണസമ്പന്നരായ നായകരൂപങ്ങളല്ല. അല്പം കുശുമ്പും കള്ളത്തരങ്ങളുമൊക്കെയുള്ള സാധാരണമനുഷ്യരാണ്. ഒടുവിലെത്തിയ 'സൂക്ഷ്മദര്‍ശിനി'യിലെ പ്രതിനായകവേഷത്തില്‍വരെ ആ സാധാരണത്വമുണ്ട്. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന തഴക്കംവന്ന ഒരു അഭിനേതാവിനെയും തിരക്കഥകളിലെ വിജയസാധ്യതകള്‍ തിരിച്ചറിയാനാകുന്ന വഴക്കംവന്ന ഒരു സംവിധായകനെയും ബേസിലില്‍ കാണാനാവും.
ഓടിനടന്ന് അഭിനയിക്കുകയാണല്ലോ? ഇമേജിനെ ഭയപ്പെടുന്നില്ല എന്നാണോ?
ആത്യന്തികമായിട്ട് സിനിമ നല്ലതാവണം എന്നുമാത്രമേയുള്ളൂ. ആ സിനിമയ്ക്കുവേണ്ടി എനിക്ക് എന്തുചെയ്യാന്‍ പറ്റും, സിനിമ എന്തെങ്കിലും വിഷയം സംസാരിക്കുന്നുണ്ടോ, എന്റെ കഥാപാത്രം വര്‍ക്കാവുന്നുണ്ടോ എന്നതൊക്കെയാണ് ഞാന്‍ നോക്കാറുള്ളത്. നായികയുടെ ഇടി വാങ്ങിക്കുന്നുണ്ടോ, ഇമേജിനെ ബാധിക്കൂലേ... ഇതൊന്നും എന്റെ മുന്‍ഗണനയിലില്ല. പിന്നെ, മസ്‌കുലിനായിട്ടുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചാലും അത് കോമഡിയായിപ്പോകും. മറിച്ച് 'ജയ ജയ ജയ ജയഹേ'യിലെ കഥാപാത്രത്തെപ്പോലുള്ളവ ചെയ്യുമ്പോള്‍ അത് മറ്റൊരുരീതിയില്‍ സ്വീകരിക്കപ്പെടും. ഇത്തരം കഥാ
പാത്രങ്ങള്‍ ചെയ്യാന്‍ ആരെങ്കിലും മുന്നോട്ടുവരുന്നതുകൊണ്ടാണല്ലോ നല്ല സിനിമകള്‍ സംഭവിക്കുന്നത്.
ബേസില്‍- നസ്രിയ കോമ്പോ പ്രേക്ഷകര്‍ സ്വീകരിച്ചല്ലോ?
സിനിമയില്‍ ഞങ്ങള്‍തമ്മില്‍ കളിതമാശകളൊന്നുമില്ലെങ്കിലും ഷൂട്ടിങ് സമയത്ത് അലമ്പുതന്നെയായിരുന്നു. ഞങ്ങളുടെ സ്വഭാവത്തില്‍ സാമ്യതകളേറെയുണ്ട്. ഒരേ എനര്‍ജിയാണ്. എവിടെയായിരുന്നു ഇത്രയുംകാലം എന്ന് പരസ്പരം ചോദിച്ചുപോകും. സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍വെച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. നിങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്ന് എന്നോടും നസ്രിയയോടും സുഷിനും ശ്യാംപുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുന്‍പ് നടത്തിയിട്ടുമുണ്ട്. വ്യക്തിപരമായും അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം രണ്ടുപേര്‍ക്കുമുണ്ട്. എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നു. ഒരുതരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല. എന്ത് ചെയ്താലും 'നല്ല ബോറായിട്ടുണ്ട്' അല്ലെങ്കില്‍ 'വളരെ മനോഹരമായിരിക്കുന്നു നിന്റെ അഭിനയം' എന്നൊക്കെ കളി പറയും. ഇന്ന് അവളെ എങ്ങനെ ശരിയാക്കും, അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്താണ് ലൊക്കേഷനിലേക്ക് പോയിരുന്നത്. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ.

കുഞ്ഞുകുഞ്ഞ് ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് നായകനായി മാറിയൊരാളാണ് താങ്കള്‍. ആ മാറ്റം എങ്ങനെയായിരുന്നു?
ഇപ്പോള്‍ ഉത്തരവാദിത്വം കൂടി. മുന്‍പ് സംവിധായകന്‍, നടന്‍ എന്നീ പ്രൊഫൈലുകള്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ മാനേജ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു. കാരണം സംവിധായകന്‍ എന്ന നിലയിലായിരുന്നു എന്റെ മുഴുവന്‍ ഫോക്കസും. എന്റെ ആലോചനകളും പഠനങ്ങളുമൊക്കെ സംവിധായകന്‍ എന്ന പ്രൊഫൈലിനെ ഉയര്‍ത്താന്‍വേണ്ടിയായിരുന്നു. അതേസമയം ഞാന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളെയൊക്കെ താങ്ങിനിര്‍ത്തിയത് അതിന്റെ സംവിധായകനും ലീഡ് ആര്‍ട്ടിസ്റ്റുകളുമൊക്കെ ചേര്‍ന്നാണ്. അപ്പോള്‍ അതിന്റെ ഉത്തരവാദിത്വം എനിക്ക് വളരെ കുറവായിരുന്നു. പ്രധാന കഥാപാത്രമായിവരുമ്പോള്‍ നമ്മള്‍ ആ സിനിമയുടെ മുഖമായി മാറും. ആ നേരത്ത് നിര്‍മാതാവിന്റെയും ടെക്നീഷ്യന്‍മാരുടെയും പ്രേക്ഷകരുടെയുമൊക്കെ പ്രതീക്ഷകള്‍ നിലനിര്‍ത്തണമല്ലോ എന്ന് ചിന്തിക്കുമ്പോള്‍ ഉത്തരവാദിത്വം കൂടും. ചെറിയ ബജറ്റില്‍നിന്നുമാറി വലിയ ബജറ്റിലുള്ള പ്രോജക്ടുകള്‍ ഇന്ന് സംഭവിക്കുന്നുണ്ട്. അപ്പോള്‍ അതിന്റെതായ സമ്മര്‍ദവുമുണ്ടാവും. മൊത്തത്തില്‍ ആ ട്രാന്‍സിഷനിലൂടെയാണ് പ്രൊഫൈല്‍ മാറുന്നത്. ഒരു നടനെന്ന നിലയിലും ടെക്നീഷ്യനെന്ന നിലയിലുമൊക്കെ എന്നെ മെച്ചപ്പെടുത്താന്‍ ആ ഉത്തരവാദിത്വത്തിന്റെ സമ്മര്‍ദം സഹായിക്കുന്നുണ്ട്.
സംവിധാനംചെയ്തത് മൂന്ന് സിനിമകള്‍, അഭിനയിച്ചത് നാല്പതിലധികം സിനിമകളില്‍...കൂടുതല്‍ പാഷനോടെ കാണുന്നത് ഏതാണ്?
സംവിധാനമോ അഭിനയമോ എന്ന് ചോദിച്ചാല്‍ നിസ്സംശയം സംവിധാനംതന്നെയേ ഞാന്‍ തിരഞ്ഞെടുക്കുള്ളൂ. കാരണം അതിനുവേണ്ടിയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. എന്നെ മുന്നോട്ടേക്ക് നയിക്കുന്നതും സംവിധാനത്തോടുള്ള ഇഷ്ടംതന്നെയാണ്. തീര്‍ച്ചയായും ഒരു അഭിനേതാവ് എന്ന പ്രൊഫൈലും എന്റെ വളര്‍ച്ചയും ഇപ്പോള്‍ കിട്ടുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷകളുമൊക്കെ എന്നെ ആവേശംകൊള്ളിക്കുന്നുണ്ട്. എന്നാല്‍ സംവിധായകന്‍ അഥവാ 'ക്യാപ്റ്റന്‍ ഓഫ് ദി ഷിപ്പ്' എന്ന് പറയുന്ന ഉത്തരവാദിത്വത്തിന്റെ എക്സൈറ്റ്മെന്റുണ്ടല്ലോ, അത് വേറെത്തന്നെയാണ്. അമ്മ കുഞ്ഞിന് ജന്മംനല്‍കുന്നതുപോലെയാണ്... ഉറങ്ങുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും ജീവിക്കുമ്പോഴുമൊക്കെ സിനിമ തലയിലുണ്ട്. ജോലിയെന്നോ ജീവിതമെന്നോ വേര്‍തിരിച്ച് നിര്‍ത്താന്‍പറ്റാത്ത രീതിയില്‍ അത് ഇഴുകിച്ചേര്‍ന്നിരിക്കും. എഴുത്തിന്റെ തുടക്കംമുതല്‍ അവസാനം സിനിമ പുറത്തിറങ്ങുന്നതുവരെയുള്ള ആവേശം അത് വാക്കുകളില്‍ ഒതുങ്ങുന്നതല്ല. എഡിറ്റ്‌ചെയ്യുമ്പോഴും സംഗീതംനല്‍കുമ്പോഴുമൊക്കെ സിനിമയുടെ വളര്‍ച്ച കണ്ടുകൊണ്ടിരിക്കാന്‍ രസമാണ്, ഒരു കൊച്ച് വളര്‍ന്നുവരുന്നതുപോലെ...നമ്മുടെ സ്വന്തം ചോര. അഭിനയിക്കുമ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ സ്വപ്‌നത്തിന്റെ ഭാഗംമാത്രമാണ്. അവര്‍ക്കുവേണ്ടി, സപ്പോര്‍ട്ടിങ് സിസ്റ്റമായി നില്‍ക്കുന്നൊരാളാണ് നമ്മള്‍. ഷൂട്ടിങ് സമയത്ത് ലൊക്കേഷനിലെത്തുമ്പോഴാണ് നമ്മള്‍ ആ സിനിമയുടെ ഭാഗമായി മാറുന്നത്. അപ്പോള്‍ അതൊരു ജോലിയായിത്തോന്നും. എന്നാലും ക്യാമറയ്ക്കുമുന്‍പില്‍ മറ്റൊരാളായി ജീവിക്കുന്നതും ഞാന്‍ ആസ്വദിക്കാറുണ്ട്. എങ്ങനെ നോക്കിയാലും സംവിധാനംചെയ്യുന്നതിന്റെ സുഖം മറ്റൊന്നിനും കിട്ടില്ല.

സംവിധാനത്തിനും അഭിനയത്തിനും ഒരുപോലെ സമയം കണ്ടെത്തുന്നതെങ്ങനെയാണ്?
രണ്ടും ഒന്നിച്ച് മാനേജ് ചെയ്യുന്നത് ഇപ്പോള്‍ ബുദ്ധിമുട്ടാവുന്നുണ്ട്. ഏതെങ്കിലുമൊന്ന് നിര്‍ത്തിവെച്ചാലേ മറ്റേത് തുടങ്ങാന്‍ പറ്റുള്ളൂ എന്ന അവസ്ഥ. രണ്ടും ഒരുപോലെ കൊണ്ടുപോകുന്ന രീതി ഇനി നടക്കില്ല, ട്രിക്കിയാണ്. അഭിനയത്തെയും സംവിധാനത്തെയും അത് ബാധിക്കും. എനിക്ക് മള്‍ട്ടിടാസ്‌കിങ് കപ്പാസിറ്റിയും കുറവാണ്. ഒരു നടനായി ഇങ്ങനെയൊരു ട്രാന്‍സിഷനിലേക്ക് ഞാന്‍ എത്തുമെന്ന് പ്ലാന്‍ ചെയ്തതേയല്ല. വളരെ സ്വാഭാവികമായി വന്നുചേര്‍ന്നതാണ്. എന്നാല്‍ സംവിധായകനാകാന്‍ പ്ലാന്‍ചെയ്തുവന്ന് നല്ലരീതിയില്‍ ഹോംവര്‍ക്ക് ചെയ്ത് കെട്ടിപ്പടുത്ത പ്രൊഫൈലാണത്. ഒരു സംവിധായകന്‍ എന്നനിലയില്‍ നമുക്ക് കിട്ടുന്ന സെന്‍സിബിലിറ്റിയും അതില്‍നിന്നുണ്ടാവുന്ന തഴക്കവും മിടുക്കും ചിലപ്പോള്‍ നല്ല സ്‌ക്രിപ്റ്റുകളും ടീമിനെയും ടെക്നീഷ്യന്‍മാരെയുമൊക്കെ തിരഞ്ഞെടുക്കാന്‍ സഹായിക്കാറുണ്ട്.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി...സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഫാന്റസിച്ചുവയുള്ളവയാണ്. ഏതുരീതിയിലുള്ള ഉള്ളടക്കത്തെയും ഗ്രാമീണാന്തരീക്ഷത്തില്‍ പ്രേക്ഷകരിലേക്കെത്തിച്ചാല്‍ അവരത് സ്വീകരിക്കുമെന്ന് പഠിച്ചത് താങ്കള്‍ക്കൊപ്പം ജോലിചെയ്തപ്പോഴാണെന്ന് എ.ആര്‍.എം സംവിധായകന്‍ ജിതിന്‍ ലാല്‍ പറഞ്ഞിട്ടുണ്ട്. ഈ ഫോര്‍മുലയ്ക്കു പിന്നിലെ കാരണം?
ഞാന്‍ ജനിച്ചുവളര്‍ന്ന നാടിന്റെ സ്വാധീനമുണ്ട്. കുട്ടിക്കാലത്ത് നമ്മള്‍ കണ്ടിട്ടുള്ള പ്രിയദര്‍ശന്‍സാറിന്റെയും സത്യന്‍ അന്തിക്കാട് സാറിന്റെയുമൊക്കെ സിനിമകള്‍, വായിച്ച പുസ്തകങ്ങള്‍...ഇതില്‍നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്. ഞാനൊക്കെ സിറ്റി കാണുന്നതുതന്നെ കോളേജിലെത്തിയശേഷമാണ്. ഏത് കഥയെക്കുറിച്ച് ആലോചിക്കുമ്പോഴും നമ്മുടെയൊക്കെ വേരുകളിലുള്ള നൈസര്‍ഗികമായ ചില സ്വഭാവവിശേഷങ്ങളിലേക്ക് അത് കൊണ്ടെത്തിക്കും. ബോധപൂര്‍വം ചെയ്യുന്നതല്ല. ആ ജന്മവാസനകള്‍ നമ്മളെ മുന്നോട്ട് തെളിക്കുന്നതാണ്. ഞാന്‍ അതിനെ ടെക്നിക്കലായിട്ട് സമീപിക്കാറില്ല. പകരം അത്തരം കാര്യങ്ങള്‍ ആളുകളുമായി ബന്ധപ്പെടുത്തി എങ്ങനെ കഥ പറയാം എന്ന് ചിന്തിക്കാറുണ്ട്. ആ പശ്ചാത്തലങ്ങളിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നത് ഞാന്‍ വളര്‍ന്നുവന്ന ചുറ്റുപാടുകളാണ്. അപ്പോള്‍ അതൊരു ഫോര്‍മുലയെക്കാള്‍ ഞാന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളാണ്. ജിതിന്‍ ലാലിന്റെ 'അജയന്റെ രണ്ടാംമോഷണ'ത്തില്‍ നാട്ടിന്‍പുറത്ത് നടക്കുന്ന സാഹസികത എന്നരീതിയില്‍ കഥ വളരെ രസമായിട്ട് വര്‍ക്കായിട്ടുണ്ട്.

ടൊവിനോ, ധ്യാന്‍ ശ്രീനിവാസന്‍, സഞ്ജുസാംസണ്‍... തുടങ്ങി ഒരേ വൈബിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോഴുള്ള ബേസിലിന്റെ സന്തോഷം ഒന്ന് വേറെത്തന്നെയാണ്. സൗഹൃദം വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?
വളരെ ആഴത്തിലുള്ള സൗഹൃദത്തെക്കാളും പിള്ളേരുകളിയാണ് കൂടുതലും. അടിസ്ഥാനപരമായി എന്റെ ക്യാരക്ടറില്‍ കുട്ടിക്കളിയുണ്ട്. പക്വത കാണിക്കാന്‍ ശ്രമിച്ചാലും നടക്കില്ല, പാളിപ്പോവും. എന്നെക്കൊണ്ട് അതിന് പറ്റുമെന്ന് തോന്നുന്നില്ല. അതിപ്പോള്‍ കൊച്ചിനെ വളര്‍ത്തുന്ന കാര്യത്തിലാണെങ്കിലും... എന്റെ ഭാര്യ എലിസബത്ത് പറയാറുണ്ട്, ഇതിലിപ്പോ ഏതാ കൊച്ച് എന്ന്. അതുപോലെ നസ്രിയയിലും ടൊവിനോയിലും ധ്യാനിലും സഞ്ജുവിലുമൊക്കെ, ഉള്ളില്‍ ഒരു കുസൃതിക്കുട്ടിയുണ്ട്. ഞാന്‍ കൂടെയുണ്ടാവുമ്പോള്‍ അവരുടെ കുട്ടിത്തം പുറത്തെടുക്കാന്‍ പറ്റാറുണ്ട്. അതുകൊണ്ടുകൂടിയാണ് ഒരുമിച്ച് കൂടുമ്പോള്‍ തമാശകള്‍ വര്‍ക്കാവുന്നത്. അവരൊക്കെ ടെന്‍ഷനടിച്ചിട്ട് നടക്കുന്ന സമയത്ത് ചിലപ്പോള്‍ എന്റെ സാമീപ്യം കുറച്ചുകൂടെ ആശ്വാസമോ സന്തോഷമോ നല്‍കുന്നുണ്ടാവാം.
സംവിധാനംചെയ്യുമ്പോഴും ഇതുപോലെ കൂളായിരിക്കാന്‍ സാധിക്കാറുണ്ടോ?
വളരെ സ്വസ്ഥമായി ജീവിക്കാന്‍ ശ്രമിക്കുന്നൊരാളാണ് ഞാന്‍. പീപ്പിള്‍ പ്ലീസറാണ്. പത്താളുകള്‍ കൂടുന്നിടത്ത് അതിന് നടുവിലിരുന്ന് തള്ള് കഥ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഒരുപാടിഷ്ടമാണ്. അങ്ങനെ ചെയ്യുന്നത് എന്റെ ഉത്തരവാദിത്വമായി പലപ്പോഴും തോന്നാറുണ്ട്. എന്റെ ജീന്‍ ഘടന അങ്ങനെയാണെന്ന് തോന്നുന്നു. സംവിധാനംചെയ്യുമ്പോള്‍ ഇടയ്ക്ക് ബുദ്ധിമുട്ടാറുണ്ട്. കുഞ്ഞിരാമായണംപോലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ സമ്മര്‍ദംകുറവാണ്. പക്ഷേ, ഓരോ സിനിമ കഴിയുമ്പോഴും ബജറ്റിനെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ആലോചിക്കുമ്പോള്‍ സമ്മര്‍ദമുണ്ടാകും. വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ അങ്ങനെ സംഭവിക്കുള്ളൂ എന്നുമാത്രം. പിന്നെ, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലല്ലോ. പ്രശ്‌നങ്ങളെ ചിരിച്ചുകൊണ്ട് നേരിടാന്‍ മാത്രമുള്ള പക്വത എനിക്കായിട്ടില്ല. തീര്‍ച്ചയായും ഒരു എണ്‍പത് ശതമാനത്തിലധികവും ഇങ്ങനെ കൂളായി പോവണമെന്നതാണ് ആഗ്രഹം. പണ്ടുമുതലേ ഞാനിങ്ങനെയാണ്. എന്ത് പൊട്ടത്തരം കാണിച്ചിട്ടായാലും മറ്റുള്ളവരെ ചിരിപ്പിക്കുക, അല്ലെങ്കില്‍ നാല് തള്ള് കഥ പറയുക എന്നതാണ് എന്റെ സന്തോഷം.
ഭാര്യ എലിസബത്തും ഇതുപോലെയാണോ?
അവള്‍ ചില കാര്യങ്ങളില്‍ എന്റെയത്ര അലമ്പല്ല. അല്പം പക്വതയുള്ള ആളാണ്. തമാശയാണെങ്കില്‍ തമാശ, സീരിയസ്സാണെങ്കില്‍ സീരിയസ് അങ്ങനെയാണ്. പക്ഷേ, ഞാന്‍ സീരിയസ്സാവേണ്ടയിടത്തും ചിലപ്പോള്‍ അലമ്പ് കാണിക്കും. അപ്പോഴാണ് അവളുടെ ഇടി കിട്ടുന്നത്. ആരും പ്രശ്‌നമുണ്ടാവുമ്പോള്‍ എന്നെ വിളിക്കാറില്ല. കാരണം പ്രശ്‌നപരിഹാരമോ ഉപദേശമോ ഒന്നും എനിക്ക് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ കോമാളിത്തരം കാണിക്കും. നന്നായിപ്പോയേയുള്ളൂ, നിനക്ക് അങ്ങനെത്തന്നെ വേണമെന്നൊക്കെയേ പറയുള്ളൂ. അവരും എന്റടുത്തുനിന്ന് അതുതന്നെയാവും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണല്ലോ പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്നുനില്‍ക്കുന്നത്.

ബേസില്‍ എന്ന അച്ഛനെപ്പറ്റി?
ഞാനൊരു അപ്പനാണ് എന്ന ചിന്ത എപ്പോഴുമുണ്ട്. അതിനുവേണ്ടി പാരന്റിങ് പുസ്തകങ്ങള്‍ വായിക്കേണ്ടതില്ലല്ലോ. ഹോപ്പ് 'അപ്പാ' എന്ന് വിളിക്കുമ്പോള്‍ത്തന്നെ ആ ഫീലിങ് വരും. മുന്‍പുംകൂട്ടുകാരുടെയും കസിന്‍സിന്റെയുമൊക്കെ മക്കളെ കാണുമ്പോള്‍ സ്‌നേഹവും വാത്സല്യവുമൊക്കെ തോന്നാറുണ്ട്. പക്ഷേ, സ്വന്തം കുഞ്ഞ് വരുമ്പോഴുള്ള ആ അടുപ്പം വേറെത്തന്നെയാണ്. ഹോപ്പ് സംസാരിച്ചുതുടങ്ങി. ഓടിക്കളിയും ബഹളവും തന്നെയാണ്. കണ്ടിരിക്കാന്‍ ഭയങ്കര രസമാണ്. അഭിനയത്തിരക്കുകള്‍ മതിയാക്കി കുറച്ചുകാലം ഒരു പണിയുംചെയ്യാതെ വീട്ടില്‍ സ്വസ്ഥമായിരിക്കാന്‍ ആലോചിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായിട്ട് തുടര്‍ച്ചയായി അഭിനയിച്ചഭിനയിച്ച് എല്ലാ ദിവസവും സിനിമയില്‍ അഭിനയിക്കുകയാണെന്ന ഫീലാണ് ഇപ്പോള്‍. ഇനി വീട്ടുകാര്‍ക്കൊപ്പം കുറച്ചുനാള്‍ ചെലവഴിക്കണം.
അടുത്ത സൂപ്പര്‍ഹീറോസ് ശക്തിമാനും മിന്നല്‍ മുരളി-2വും ഉടനെ പ്രതീക്ഷിക്കാമോ?
അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനായിട്ടില്ല. ഇനി പ്രാവിന്‍കൂട് ഷാപ്പ്, മരണമാസ്, പൊന്‍മാന്‍...എന്നീ സിനിമകള്‍കൂടി റിലീസാവാനുണ്ട്. അതുകഴിഞ്ഞാല്‍പ്പിന്നെ കുറച്ചു നാള്‍ ഞാനിവിടെ ഉണ്ടാവില്ല. ഒരുവര്‍ഷം ബ്രേക്കെടുക്കും. അപ്പോള്‍ പലരും എന്നെ കാണാന്‍ കൊതിക്കും, മറ്റവന്‍ എവിടെപ്പോയെന്ന് ആളുകള്‍ ചോയ്ക്കും...
Content Highlights: life story of actor and director basil joseph
Published: 09 Jan 2025, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented