1965- ല്‍ നടന്ന കഥയാണ്. കഥയായതുകൊണ്ടുതന്നെ അതിശയവും അലങ്കാരങ്ങളും സ്വാഭാവികം. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മണിമുഴക്കം കവിത മനോഹരമായി പാടുന്നതുകൊണ്ടാണ് കരമന കൃഷ്ണന്‍നായര്‍ക്ക് മണിമുഴക്കം കൃഷ്ണന്‍ നായരെന്ന  വിളിപ്പേരുവന്നത്. അധ്യാപകനും സംഗീതജ്ഞനുമായ കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകള്‍ക്ക് രണ്ടു വയസ്സ് പ്രായം. നാട്ടിലെ ഉത്സവംകൂടി മടങ്ങുന്ന രണ്ടുപേര്‍ സംഗീതശീലുകള്‍ നിറഞ്ഞ കൃഷ്ണന്‍നായരുടെ വീട്ടിലേക്ക് കയറി. അതിഥികളായെത്തിയത് എം.ജി. രാധാകൃഷ്ണനും  പ്രൊഫ. ഡോ. ഓമനക്കുട്ടിടീച്ചറും. സൗഹൃദസംഭാഷണങ്ങള്‍ക്കിടെ തൊട്ടിലിലേക്ക് ഇരുവരുടേയും നോട്ടം ചെന്നെത്തി. തൊട്ടിലില്‍ കിടന്ന് കുഞ്ഞ് പാടുകയാണ്. കേവലം ചില ശബ്ദമോ മൂളലുകളോ അല്ല. പ്രിയതമാ... എന്ന ഗാനം കഴിയാവുന്നത്ര താളത്തില്‍ ഭംഗിയായി. പാട്ടുകേട്ട് അതിഥികള്‍ അദ്ഭുതപ്പെട്ടെന്ന് കഥ. മറവിമായ്ക്കാത്ത കെ.എസ്. ചിത്രയുടെ ബാല്യകാല കഥകളില്‍ 'തൊട്ടില്‍ പാട്ട്' മിഴിവോടെ നില്‍ക്കുന്നു. പൊടിപ്പും തൊങ്ങലും ചേര്‍ന്ന് കഥ പിന്നെയും പലതരത്തില്‍ കുടുംബത്തിനകത്ത് അവതരിക്കപ്പെട്ടതായി പറയുമ്പോള്‍ പ്രിയഗായികയുടെ വാക്കുകളില്‍ ചിരിനിറയുന്നു.

സംഗീതത്തിനൊപ്പം ജീവിച്ച അച്ഛന്‍, വീണവായനയില്‍ ഏറെ കമ്പമുള്ള അധ്യാപികയായ അമ്മ, പാട്ട് പഠിക്കുകയും പാടുകയും ചെയ്യുന്ന ചേച്ചി, വാദ്യോപകരണങ്ങളില്‍ വിരലോടിച്ച് സന്തോഷം കണ്ടെത്തിയ സഹോദരന്‍.... കുട്ടിക്കാലത്തെ സാഹചര്യം സംഗീതാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. വീട്ടിലെ ചിട്ടകളാണ് എന്നെ ഗായികയാക്കിയത്. സന്ധ്യാസമയത്ത് ദീപം തെളിയിച്ച് നാമംജപിക്കുന്നതും, പഠിച്ച കീര്‍ത്തനങ്ങള്‍ തെറ്റുകൂടാതെ സ്ഫുടതയോടെ പാടിക്കേള്‍പ്പിക്കുന്നതുമെല്ലാം ദിനചര്യയുടെ ഭാഗമായിരുന്നു.

സംസ്ഥാന യുവജനോത്സവത്തില്‍ രണ്ടുതവണ ഒന്നാംസ്ഥാനം. കലോത്സവവിജയങ്ങളിലൂടെ സ്‌കൂള്‍കാലത്തുതന്നെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നുവല്ലേ..?

അധ്യാപക ദമ്പതിമാരുടെ മകളായതിനാല്‍ സ്‌കൂളില്‍ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയായിരുന്നു ഞാന്‍. പഠനത്തില്‍ അത്രവലിയ കേമിയൊന്നുമായിരുന്നില്ല. പാട്ടിലെ കഴിവ് സ്‌കൂളിലുള്ളവര്‍ തിരിച്ചറിഞ്ഞതോടെ തിരക്കായി. യുവജനോത്സവ സമയമായാല്‍ ക്ലാസില്‍ കയറാന്‍ സമയംകിട്ടില്ല. വ്യക്തിഗതമത്സരങ്ങള്‍ക്ക് പുറമെ ഒപ്പനയ്ക്കും സംഘനൃത്തത്തിനുമെല്ലാം പാടിക്കൊടുക്കേണ്ട ചുമതലയും വന്നു. ലളിതഗാന മത്സരത്തില്‍ എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്‍ ചിട്ടപ്പെടുത്തിയ ഓടക്കുഴലേ... ഓടക്കുഴലേ... എന്ന ഗാനം പാടിയായിരുന്നു ആദ്യവിജയം നേടിയത്

കേരള യൂണിവേഴ്‌സിറ്റിയിലെ മൂന്നാം റാങ്കുകാരി, കാമ്പസിലെ അറിയപ്പെടുന്നപിന്നണിഗായിക... നിറപ്പകിട്ടാര്‍ന്ന കോളേജ് കാലത്തിലേക്ക് നോക്കുമ്പോള്‍..

ഇന്ത്യന്‍ ഹിസ്റ്ററിയും വേള്‍ഡ് ഹിസ്റ്ററിയും മ്യൂസിക്കുമായിരുന്നു വിഷയം. മ്യൂസിക്ക് ഉള്ളതുകൊണ്ടാണ് റാങ്ക് കിട്ടിയത്. അമ്മ ഹിസ്റ്ററി അധ്യാപികയായിരുന്നെങ്കിലും ചരിത്രപഠനത്തോട് എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. പഠനത്തില്‍ ശരാശരി മാത്രം. അമ്മയുടെ ഭാഷ കടമെടുത്താല്‍ കയ്യാലപ്പുറത്തെ തേങ്ങ. അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞുവീഴാവുന്ന അവസ്ഥയായിരുന്നു. സംഗീതം മുഖ്യവിഷയമായി എടുത്തതോടെ ഞാന്‍ മിടുക്കിയായി. പ്രാക്ടിക്കലിലെല്ലാം ഫുള്‍മാര്‍ക്കായിരുന്നു. പിന്നണിഗായിക എന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നെങ്കിലും, കൂട്ടുകാരുമായി ചെലവിട്ട നല്ല കാമ്പസ് ഓര്‍മകള്‍ ഇന്നും മനസിലുണ്ട്.

ക്ഷേത്ര കീര്‍ത്തനങ്ങള്‍ കേട്ടും, നാട്ടുവഴികളിലൂടെ നടന്നും വളര്‍ന്ന മനസ്സ്, മദിരാശിപോലൊരു പട്ടണത്തെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ടില്ലേ...

പാട്ടിനുവേണ്ടിയാണല്ലോ എന്നോര്‍ത്ത് പ്രയാസങ്ങള്‍ മറന്നു. മദിരാശിയില്‍ ആദ്യമെത്തിയപ്പോള്‍ വെള്ളം പറ്റുന്നില്ല, ചൂട് സഹിക്കാനാവുന്നില്ല, നാവിനുപിടിക്കാത്ത രുചികള്‍... പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. രവീന്ദ്രന്‍മാഷ് വിളിച്ചിട്ടാണ് പാ ടാനായി മദിരാശിയിലേക്കെത്തുന്നത്. പഠനകാലത്ത് സ്‌കോളര്‍ഷിപ്പ് ആവശ്യങ്ങള്‍ക്കായി  പോയിട്ടുണ്ട് എന്നതായിരുന്നു മദിരാശിയുമായുള്ള മുന്‍പരിചയം. മാഷിന്റെ സംഗീതത്തില്‍ കവി മുല്ലനേഴി എഴുതിയ  'ഉണ്ണിത്തിരുമനസ്സേ..' എന്ന ഗാനം തിരുവനന്തപുരത്ത് പാടിയിരുന്നു. അത് ഇഷ്ടപ്പെട്ടാണ് ചെന്നൈയിലേക്ക് വിളിക്കുന്നത്. രവീന്ദ്രന്‍ മാഷ്  റെയില്‍വേസ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയെന്നത് അന്ന് വലിയ സന്തോഷം നല്‍കി. മാഷ് തന്നെയാണ് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതും. അതെല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍മയിലുണ്ട്. നുങ്കമ്പാക്കത്തെ രാജ് ഹോട്ടലിലായിരുന്നു താമസിച്ചത്. 

ഒപ്പം സഞ്ചരിക്കുന്ന, വിരല്‍ത്തുമ്പിലേക്കോടിയെത്തുന്ന പ്രിയഗാനങ്ങളെക്കുറിച്ചു ചോദിച്ചാല്‍..? 

മീരാ ഭജന്‍സും ആശാജിയുടെ പാട്ടുകളുമെല്ലാം യാത്രകളില്‍ കൂട്ടുണ്ടാകും. ജാനകിയമ്മയുടെ ഈറനുടുത്തുകൊണ്ടമ്പരം ചുറ്റുന്ന..., താനേ തിരിഞ്ഞും മറിഞ്ഞും..., സ്വര്‍ണമുകിലേ... തുടങ്ങിയ പാട്ടുകള്‍ ഏറെ അടുത്തു നില്‍ക്കുന്നതാണ്. സുശീലാമ്മയുടെ കണ്ണുതുറക്കാത്ത ദൈവങ്ങളേ... എന്ന പാട്ടും ഭക്തിഗാനങ്ങളും ബാബുക്കാ സമ്മാനിച്ച സംഗീതവും മനസ്സിനെന്നും സന്തോഷം നല്‍കുന്നവയാണ്. ദാസേട്ടന്റെ പാട്ടുകളിലെ പ്രിയപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ എണ്ണിപ്പറയാന്‍ പ്രയാസമാകും. അദ്ദേഹം സംഗീതം നല്‍കി പാടിയ താജ്മഹല്‍ നിര്‍മിച്ച രാജശില്‍പ്പി... എപ്പോഴും ഒപ്പമുണ്ടാകും. സന്ന്യാസിനി നിന്‍.., രാമകഥാ ഗാനലയം..., ഏഴുസ്വരങ്ങളും തഴുകിവരുന്ന.., ഒരു നേരമെങ്കിലും കാണാതെ വയ്യ.., അരികില്‍ നീയുണ്ടായിരുന്നെങ്കില്‍.., താമസമെന്തേവരുവാന്‍.., തുയിലുണരു തുയിലുണരു തുമ്പികളെ... അങ്ങനെയെത്ര പാട്ടുകള്‍. ജയേട്ടന്‍ പാടിയതില്‍ അനുരാഗഗാനംപോലെ... ഏറെ പ്രിയപ്പെട്ടത്. കേരനിരകളാടും  എന്നപാട്ടിനോടും ഇഷ്ടക്കൂടുതലുണ്ട്.

പ്രായം ജീവിതത്തില്‍ കൊണ്ടുവന്ന വലിയ മാറ്റങ്ങള്‍...?

പ്രായം നമ്മളിലോരോരുത്തരിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. സമയമില്ല എന്നുകരുതി മാറ്റിവെച്ച പല കാര്യങ്ങള്‍ക്കും ഇന്ന് സമയം കണ്ടെത്തുന്നു. ഭക്ഷണശീലത്തില്‍ മാറ്റം വന്നു. ഇപ്പോള്‍ വെജിറ്റേറിയനാണ്. നാമജപവും വ്രതവുമെല്ലാം ജീവിതത്തിന്റെ ഭാഗംതന്നെ. കുട്ടിക്കാലത്ത് പിന്‍തുടര്‍ന്ന ശീലങ്ങളും ചിട്ടകളും മുറുകെ പിടിക്കാനാണ് ശ്രമിക്കുന്നത്. വിളക്കുവയ്ക്കുന്നതും സന്ധ്യാനാമം ചൊല്ലുന്നതുമായ ശീലങ്ങള്‍ പുതുതലമുറയില്‍നിന്ന് നഷ്ടപ്പെടുന്നുവെന്നത് വിഷമമുള്ള കാര്യമാണ്. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കരുത്. ദിവസം പത്തുമിനിറ്റെങ്കിലും അതിനെല്ലാം സമയം കണ്ടെത്തണം.