
''നിന്റെ അച്ഛനാടാ പറയുന്നേ, കത്തി താഴെ ഇടടാ...'' കത്തിയും പിടിച്ച് ഭ്രാന്തനെപ്പോലെ നടുറോഡിലിരിക്കുന്ന സേതുമാധവനോട് അച്യുതന്‍ നായര്‍ നെഞ്ചുപൊട്ടി പറയുമ്പോള്‍ ഒരുവിങ്ങല്‍ ഉള്ളിലിങ്ങനെ നിറയും. അച്യുതന്‍ നായരുടെ ആ നിസ്സഹായാവസ്ഥ, പ്രേക്ഷകരുടെ ഉള്ളിലേക്ക് വിങ്ങലായിങ്ങനെ നിറയും. കുറച്ചുകഴിഞ്ഞ് കത്തി താഴെയിട്ട് ആകാശത്തേക്ക് നോക്കി സേതുമാധവന്‍ ഭ്രാന്തമായി കരയുമ്പോള്‍, പ്രേക്ഷകരും കൂടെക്കരയും. കീരിക്കാടന്‍ ജോസ് എന്ന ഗുണ്ടയെ കൊന്ന സേതുമാധവന്, നാട്ടുകാരെല്ലാം കൂടി പുതിയൊരു കിരീടം വെച്ചുനല്‍കി. അയാളുടെ ജീവിതത്തിന്റെ തകര്‍ച്ചയും അവിടെ തുടങ്ങുകയാണ്.
1989 ജൂലായ് ഏഴിനാണ് കിരീടം ഇറങ്ങിയത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും നിറകണ്ണുകളോടെയേ ആ സിനിമ കണ്ടുതീര്‍ക്കാന്‍ കഴിയുകയുള്ളൂ. പോലീസ് കോണ്‍സ്റ്റബിളായ അച്യുതന്‍ നായരുടെയും കുടുംബത്തിന്റെയും കഥയാണിത്. മൂത്തമകന്‍ സേതുമാധവനെ സബ് ഇന്‍സ്‌പെക്ടര്‍ ആക്കണമെന്നാണ് അച്യുതന്‍ നായരുടെ ആഗ്രഹം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് സേതുമാധവന്‍. അതിനിടയിലാണ് തങ്ങളുടെ ജീവിതത്തിനു ഭീഷണിയായി മാറിയ ഗുണ്ടയെ സേതുവിന് കൊല്ലേണ്ടിവരുന്നത്. സേതുമാധവന്‍ സബ് ഇന്‍സ്‌പെക്ടറായി പോലീസ് സ്‌റ്റേഷനിലേക്ക് കയറിവരുന്നതായി അച്യുതന്‍ നായര്‍ സ്വപ്‌നം കാണുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അവസാനിക്കുന്നത് സേതുവിനെ നൊട്ടോറിയസ് ക്രിമിനല്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പോലീസ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അച്യുതന്‍ നായര്‍ വായിക്കുന്നിടത്തും.
സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയെഴുതിയത് ലോഹിതദാസാണ്. ചാലക്കുടി ചന്തയില്‍ നടന്നൊരു യഥാര്‍ഥസംഭവത്തില്‍നിന്നാണ് ലോഹിതദാസിന് ഈ സിനിമയുടെ കഥാതന്തു ലഭിക്കുന്നത്. ചാലക്കുടിയില്‍ ഒരു റൗഡിയുണ്ടായിരുന്നു, കേശവന്‍. ആയിടെ ഒരു കുടുംബം അങ്ങോട്ടേക്കെത്തി. മരപ്പണികള്‍ ചെയ്യുന്നൊരാളും ഭാര്യയും കുട്ടികളും. എല്ലാ ദിവസവും സന്ധ്യയ്ക്ക് അടുത്തുള്ള ഷാപ്പില്‍നിന്ന് ഒരു കുപ്പി കള്ളും മോന്തിയിട്ടാണ് അയാളെന്നും വീട്ടിലേക്ക് പോവുക. ഒരുദിവസം അയാള്‍ കള്ളുകുടിച്ചിരിക്കുമ്പോള്‍ കേശവനും അങ്ങോട്ടെത്തി. കേശവന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍, അയാള്‍ കേശവനെ കുത്തി. അപ്പോഴാണ് ഇയാള്‍ ഗുണ്ടയാണെന്ന് മനസ്സിലാവുന്നത്. പേടിച്ചുപോയ അയാള്‍ കുടുംബത്തെയും കൂട്ടി അന്നുരാത്രി തന്നെ അവിടുന്ന് നാടുകടന്നു. അയാളെപ്പോലെ ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ എന്ന ചിന്തയില്‍നിന്നാണ് സേതുമാധവനും കിരീടവും ജനിക്കുന്നത്. ആറുദിവസം കൊണ്ടാണ് ലോഹിതദാസ് തിരക്കഥ പൂര്‍ത്തിയാക്കിയത്. കൃപാ ഫിലിംസിന്റെ ബാനറില്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഇരുപത്തിമൂന്നര ലക്ഷമാണ് അന്ന് ചെലവായത്.

പാലക്കാട് വെച്ച് സിനിമയുടെ ഷൂട്ടിങ് നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ, തിരുവനന്തപുരത്ത് വേറെ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ തിലകന് പാലക്കാട് എത്താന്‍ പറ്റില്ല. തിലകന്‍ ഇല്ലാതെ ആ സിനിമ ചിന്തിക്കാനേ പറ്റില്ല. അങ്ങനെ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. മറ്റൊരു സിനിമയുടെ ഷൂട്ടിങ് ഇടവേളകളിലാണ് തിലകന്‍ കിരീടത്തില്‍ അഭിനയിച്ചത്. വെള്ളായനി കായലിന്റെ തീരത്തും മറ്റുമായിരുന്നു പാട്ടും സിനിമയിലെ ചില പ്രധാനസീനുകളും ചിത്രീകരിച്ചത്.
സേതുമാധവന്റെ ജീവിതം മാറ്റിയതുപോലെ വേറെ പലരുടെയും ജീവിതവും കിരീടം മാറ്റി. കൊച്ചിന്‍ ഹനീഫ അതുവരെ വില്ലന്‍വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു. ഇതിലൂടെയാണ് ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം എത്തുന്നത്. ഹൈദ്രോസ് എന്ന ചട്ടമ്പിയെയാണ് കിരീടത്തില്‍ ഹനീഫ അവതരിപ്പിച്ചത്. നിര്‍മാതാവ് എന്‍.കൃഷ്ണകുമാര്‍ എന്ന ഉണ്ണി, പിന്നീട് കിരീടം ഉണ്ണിയായി. സേതുമാധവന്റെ ജീവിതത്തിലെ പല പ്രധാനസീനുകളും അരങ്ങേറുന്നത് ഒരു പാലത്തിനുമുകളില്‍വെച്ചാണ്. വെള്ളായനി കായലിനടുത്തുള്ള ഈ പാലം, പിന്നീട് കിരീടം പാലം എന്ന പേരില്‍ അറിയപ്പെട്ടു.

മോഹന്‍രാജ് എന്ന നടന്റെ സിനിമാജീവിതം തുടങ്ങുന്നതുതന്നെ കിരീടത്തിലൂടെയാണ്. മോഹന്‍രാജാണ് കീരിക്കാടന്‍ ജോസ് എന്ന ഗുണ്ടയായി വന്നത്. മൂന്നാംമുറ എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്ത മോഹന്‍രാജിനെ കണ്ടപ്പോള്‍ തന്നെ സിബി മലയിലും മറ്റുള്ളവരും ഉറപ്പിച്ചു, ഇതുതന്നെ കീരിക്കാടന്‍. ''കോഴിക്കോട് വെച്ചാണ് കിരീടം കണ്ടത്. ഇടവേള ആയപ്പോള്‍ സിനിമയിലെ വില്ലന്‍ തിയേറ്റിലുണ്ടെന്ന വാര്‍ത്ത പരന്നു. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു, തിയേറ്ററില്‍ നിര്‍ത്തിയിട്ട എന്റെ ബുള്ളറ്റ് പിന്നീട് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്ത് എത്തിച്ചത്,'' മോഹന്‍രാജ് പിന്നീടൊരിക്കല്‍ പറഞ്ഞതിങ്ങനെ.
കിരീടത്തിലെ മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയവും ഒരുപാട് പ്രശംസിക്കപ്പെട്ടു. പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗങ്ങള്‍. ദേശീയപുരസ്‌കാരത്തില്‍ മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശവും നേടിക്കൊടുത്ത കഥാപാത്രമാണ് സേതുമാധവന്‍.
ജോണ്‍സണ്‍-കൈതപ്രം കൂട്ടുകെട്ടിലുള്ള പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന പാട്ട്. ആ പാട്ടിലൂടെ എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള ആദ്യ സംസ്ഥാനപുരസ്‌കാരവും ലഭിച്ചു. പാട്ടിനോടൊപ്പം ലയിച്ചുചേരുന്ന മികച്ച സീനുകളിലൊന്നാണിത്. ''എനിക്ക് എല്ലാം നഷ്ടപ്പെടുകയാണ്. നീയും എനിക്ക് നഷ്ടപ്പെടണം. അല്ലെങ്കില്‍ നീയെനിക്കൊരു ബാധ്യതയാവും'', എന്നുപറഞ്ഞ് സേതുമാധവന്‍ നടന്നുനീങ്ങുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ തനിച്ചാവുന്ന ദേവി ടീച്ചര്‍. ആ സീനില്‍നിന്നാണ് പാട്ടുതുടങ്ങുന്നത്.
കിരീടത്തിന്റെ രണ്ടാം ഭാഗമായി 1993-ല്‍ ചെങ്കോല്‍ എന്ന സിനിമയിറങ്ങി. ചെങ്കോലില്‍ സേതുമാധവന്റെ ഒരു ഡയലോഗുണ്ട്, ''ദാ കണ്ടോ ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത്, സ്വപ്‌നങ്ങളും ജീവിതവുമെല്ലാം..എന്നിട്ടൊരു കിരീടം വെച്ചുതന്നു...''അതേ, ആ കിരീടം ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ മിഴിവോടെയുണ്ട്.
Content Highlights: kireedam celebrating 34 years
Published: 07 Jul 2023, 11:54 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented