ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് പ്രഖ്യാപിച്ചിട്ട് അധികദിവസമായിട്ടില്ല. സ്ത്രീപക്ഷം സംസാരിക്കുന്ന സിനിമ ഇന്ത്യയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച ജപ്പാനില്‍ റിലീസ് ചെയ്ത ചിത്രം അവിടെയും വലിയ തരംഗം തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌കര്‍ പ്രവേശനത്തിന് ശേഷം ചിത്രത്തിനു ലഭിച്ച മറ്റൊരു നേട്ടം കൂടിയാണിത്. മെല്‍ബണ്‍ (2024) ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫിലിം ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡും ഈ ചിത്രം നേടി.

ഇന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് സിനിമ. വിവാഹശേഷം ട്രെയിനില്‍ ദൂരെയുളള ഭര്‍ത്താക്കന്‍മാരുടെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ട് നവവധുക്കള്‍, സ്‌റ്റേഷനിലെ തിരക്കില്‍ മുഖംമറച്ച രണ്ടു വധുക്കളെയും പരസ്പരം മാറിപ്പോകുന്ന ഭര്‍ത്താക്കന്മാര്‍. അവരുടെ കഥയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. 

സമൂഹം സൃഷ്ടിച്ചുവച്ച പൊതുബോധത്തില്‍ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടുപോകുന്ന സ്ത്രീകളുടെ പ്രതീകങ്ങളായിരുന്നു ആ രണ്ടു സ്ത്രീകളും. അപ്രതീക്ഷിതവും സങ്കീര്‍ണ്ണവുമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അവര്‍ക്കുണ്ടാവുന്ന തിരിച്ചറിവിന്റെ കഥ കൂടിയാണ് ലാപതാ ലേഡീസ്.

ജിയോ സ്റ്റുഡിയോസ് അവതരിപ്പിച്ച സിനിമ അമീര്‍ ഖാനും ജ്യോതി ദേശ്പാണ്ഡേയുമാണ് നിര്‍മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയുടെ, പുരസ്‌കാരം നേടിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സ്‌നേഹ ദേശായി തിരക്കഥയും സംഭാഷണവും ഒരുക്കി. 

ഒരുപിടി നവാഗത അഭിനേതാക്കളെയാണ് കിരണ്‍ റാവു സിനിമയില്‍ കേന്ദ്രപാത്രങ്ങളാക്കിയത്. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാതിരുന്ന സിനിമയ്ക്ക് ഒ.ടി.ടി.യിലെത്തിയതോടെയാണ് ജീവന്‍വെച്ചത്. ഒ.ടി.ടിയിലെത്തിയതും അതിവേഗം ഹിറ്റായി മാറി. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രശസ്തരടക്കം സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി.