എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുപകലില്‍ പ്രിയദര്‍ശനോട് മകള്‍ കല്യാണി ഒരു കാര്യം ചോദിച്ചു, ' അച്ഛാ നാഗാര്‍ജ്ജുന അങ്കിള്‍ ഒരു പടത്തില്‍ അഭിനയിക്കാമോ എന്ന് ചോദിക്കുന്നു, എന്തു ചെയ്യണം..?' ആ ചോദ്യത്തിന് പ്രിയദര്‍ശന്‍ ഇങ്ങനെ മറുപടി നല്‍കി ' നിന്നെകൊണ്ട് സാധിക്കുമോ, അവര്‍ അങ്ങനെയൊക്കെ ചോദിക്കും, പക്ഷേ നമുക്ക് പറ്റുന്നത് മാത്രമേ ഏറ്റെടുക്കാവൂ' അച്ഛന്റെ ഉത്തരം കേട്ട് കല്യാണി ഒരുനിമിഷം ചിന്തിച്ചു, ശേഷം ഇങ്ങനെ പറഞ്ഞു, ' ഒന്നു ശ്രമിച്ചുനോക്കാം നഷ്ടപ്പെടാനൊന്നുമില്ലല്ലോ.'. അങ്ങനെയാണ് കല്യാണി പ്രിയദര്‍ശന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.

തന്റെ മകള്‍ നായികയാകുമെന്ന് ഒരിക്കല്‍ പോലും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത പിതാവും ഇന്ത്യയിലെ പ്രഗത്ഭ സംവിധായകരിലൊരാളുമായ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ഈ കഥ പറഞ്ഞത് കൊച്ചിയിലെ ഒരുസിനിമ ട്രൈലര്‍ ലോഞ്ചിലാണ്. ആ സിനിമയുടെ പേര്, ലോക, പാര്‍ട്ട് വണ്‍ ചന്ദ്ര, ആ സൂപ്പര്‍ഹീറോ ചിത്രത്തിലെ കേന്ദ്രകഥാപാത്രം കല്യാണി പ്രിയദര്‍ശനും.

ഏഴുവര്‍ഷവും മുമ്പ് നാഗാര്‍ജ്ജുന ചോദിച്ച ഒരൊറ്റ ചോദ്യത്തിന് പുറത്ത് സിനിമയില്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയ പെണ്‍കുട്ടി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിക്കഴിഞ്ഞു. ഈ ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന നാലുസിനിമകളില്‍ രണ്ടിലും നായിക വേഷത്തിലുള്ളത് ആ കല്യാണി പ്രിയദര്‍ശന്‍. കല്യാണി പ്രധാന വേഷത്തിലെത്തുന്ന ലോകയും ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്ന ഓടും കുതിര ചാടും കുതിരയും, രണ്ടു റിലീസുകളുമായി ഈ ഓണം തന്റേതാക്കി മാറ്റാന്‍ കല്യാണി പ്രിയദര്‍ശന്‍ ഒരുങ്ങുകയാണ്. താര കുടുംബത്തില്‍ ജനിക്കുകയും എന്നാല്‍ അഭിനയ സ്വപ്‌നങ്ങളൊന്നുമില്ലാതിരിക്കുകയും ചെയ്ത കല്യാണി തിരക്കുള്ള നായികയായി മാറിയ കഥ ഒരുപാട് കൗതുകങ്ങള്‍ നിറഞ്ഞതാണ്.

അമേരിക്കന്‍ കാലം..

1992 ഏപ്രില്‍ അഞ്ചിന് സംവിധായകന്‍ പ്രിയദര്‍ശന്റെയും നായിക ലിസിയുടെയും മകളായി ചെന്നൈയിലാണ് കല്യാണിയുടെ ജനനം. കുട്ടിക്കാലത്തെ വീട്ടിലെ സിനിമ ചര്‍ച്ചകളും വെക്കേഷനില്‍ സിനിമ സെറ്റുകളിലെ കാഴ്ചകളുമെല്ലാം കണ്ടാണ് അവള്‍ വളര്‍ന്നത്. അമ്മു എന്നാണ് വീട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും കല്യാണിയുടെ വിളിപ്പേര്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന സമയത്ത് എപ്പോഴും കേള്‍ക്കുന്നത് അച്ഛന്റെ സിനിമ ചര്‍ച്ചകളാണെന്ന് കല്യാണി തുറന്നുപറഞ്ഞിട്ടുണ്ട്. വെക്കേഷനുകളില്‍ അച്ഛന്റെ സിനിമ സെറ്റുകളിലായിരുന്നു താന്‍ പ്രധാനമായും ചെലവഴിച്ചതെന്നും കല്യാണി പറയുന്നു. അതിനാല്‍ അക്കാലത്ത് തന്നെ കല്യാണിക്ക് ചുറ്റും സിനിമയുണ്ടായിരുന്നു. സംവിധായകനായ അച്ഛനും അഭിനേത്രിയായ അമ്മയും, എന്നാല്‍ മകളെ അന്ന് ഈ രണ്ട് മേഖലകളും സ്വാധീനിച്ചിരുന്നില്ല. അന്നവളെ ആകര്‍ഷിച്ചത് സിനിമയിലെ കലാസംവിധാനമാണ്. ചെന്നൈയിലെ ലേഡി ആന്‍ഡല്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കല്യാണി തുടര്‍പഠനത്തിനായി പറന്നത് അമേരിക്കയിലേക്കാണ്. ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ ഡിസൈനില്‍ ബിരുദം പൂര്‍ത്തിയാക്കി. ഈ സമയം തന്നെ ന്യൂയോര്‍ക്കിലെ വില്യസണ്‍ തിയേറ്ററില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി വര്‍ക്ക് ചെയ്തു. ശേഷം സിംഗപ്പൂരിലെ ഒരു തിയേറ്റര്‍ ഗ്രൂപ്പിലും പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചു. ശേഷം ഇന്ത്യയിലെത്തിയ കല്യാണി ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലിന്റെ കൂടെയാണ് സിനിമാജീവിതം ആരംഭിച്ചത്. ഹൃത്വിക് റോഷന്‍ ചിത്രം കൃഷ് 3, വിക്രം നായകനായ ഇരുമുഖന്‍ എന്നീ സിനിമകളില്‍ കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചു.

ക്യാമറയുടെ മുന്നിലേക്ക്...

അമേരിക്കന്‍ പഠനം കഴിഞ്ഞ് തിരിച്ചെത്തുന്ന കാലത്ത് വളരെ തടിച്ച ശരീരപ്രകൃതിയായിരുന്നു കല്യാണിയുടേത്. എന്നാല്‍ പിന്നീട് പ്രൊഡക്ഷന്‍ ഡിസൈന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ശരീരമടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയും മെല്ലെ ശരീരഭാരം ഇന്നുകാണുന്ന രൂപത്തിലേക്ക് കുറയ്ക്കുയും ചെയ്തു. സെറ്റുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പൊടികള്‍ക്കുമൊക്കെ ഇടയില്‍ ചെലവഴിച്ച ആ നാളുകള്‍ താന്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നെന്ന് കല്യാണി പിന്നീട് പറഞ്ഞു.

സാക്ഷാല്‍ നാഗാര്‍ജ്ജുന ആണ് കല്യാണിയെ ആദ്യമായി സിനിമയിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹത്തിന്റെ ഇളയ മകനായ അഖില്‍ അക്കിനേനി നായകനായ ഹലോ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. ഒരുഭാഗ്യപരീക്ഷണം നടത്താം എന്ന ആഗ്രഹത്തിലാണ് കല്യാണി ആ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയറിന്റെയും സൈമയുടെയും പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരം കല്യാണിയെ തേടിയെത്തി.ആ അംഗീകാരങ്ങള്‍ കല്യാണിക്ക് മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയായിരുന്നു. കല്യാണി സിനിമയിലെത്താന്‍ അല്‍പം താമസിച്ചുപോയി എന്നാണ് അന്ന് പലമാധ്യമങ്ങളും നിരൂപണത്തില്‍ പരാമര്‍ശിച്ചത്. പിന്നാലെ ചിത്രലഹരി, രണരങ്കം എന്നീ തെലുഗ് സിനിമകളില്‍ കൂടി കല്യാണി അഭിനയിച്ചു. ശിവകാര്‍ത്തികേയന്‍ നായകനായ ഹീറോ എന്ന തമിഴ് സിനിമ വന്നതോടെയാണ് കല്യാണിയെ കോളിവുഡും മോളിവുഡും ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാല്‍ മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു അപ്പോള്‍ കല്യാണി. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ ഗ്രൂപ്പില്‍ നിന്ന് ആക്ടിങ് പരിശീലനം നടത്തിയിട്ടുണ്ട് കല്യാണി.

വന്നു, കണ്ടു, കീഴടക്കി..

തെലുഗിലും തമിഴിലും അഭിനയിച്ച് തന്റെ അഭിനയത്തെ മെച്ചപ്പെടുത്തി എടുത്ത ശേഷമാണ് കല്യാണി മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ചത്. കാരണം അച്ഛനും അമ്മയ്ക്കും മലയാള സിനിമയിലുള്ള സ്ഥാനത്തെ കുറിച്ച് അവള്‍ക്ക് കൃത്യമായ ബോധമുണ്ടായിരുന്നു. തന്റെ അഭിനയം പാളിയാല്‍ വരാനിരിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ചും കല്യാണി ചിന്തിച്ചിരുന്നു. അതിനാല്‍ തമിഴിലും തെലുഗിലും സിനിമകള്‍ ചെയ്ത് നല്ല അഭിപ്രായങ്ങള്‍ കിട്ടിയ കോണ്‍ഫിഡന്‍സിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ കല്യാണി മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങി മികച്ച താരനിര അണിനിരന്ന ചിത്രത്തില്‍ നിക്കി എന്ന കഥാപാത്രമായി കല്യാണി കൈയടി നേടി. ചിത്രം വിജയമായതോടെ മികച്ച എന്‍ട്രി തന്നെ മലയാളത്തിലേക്ക് കല്യാണിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ കല്യാണി ചിമ്പുവിന്റെ നായികയായി എത്തിയ മാനാട് എന്ന തമിഴ് ചിത്രം വലിയ ഹിറ്റായി. ഒരേസമയം മലയാളത്തിലും തമിഴിലും ഹിറ്റുകള്‍ വന്നത് കല്യാണിയുടെ താരമൂല്യം ഉയര്‍ത്തി. എന്നാല്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുക എന്നതായിരുന്നു കല്യാണിയുടെ പ്ലാന്‍. അതിനാല്‍ കൂടുതലും മലയാള ചിത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കാനായിരുന്നു പിന്നീടുള്ള ശ്രമം.

 

ചെന്നൈയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ മലയാളം സംസാരിക്കുമ്പോഴുള്ള ഭാഷ പ്രശ്‌നങ്ങള്‍ മറികടക്കാനും അവര്‍ കൃത്യമായി ശ്രദ്ധിച്ചു. പിതാവ് കൂടിയായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു കല്യാണിയുടെ അടുത്ത ചിത്രം. വേഷം ചെറുതാണെങ്കിലും അതേറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ കല്യാണി, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'ഹൃദയം' വലിയ വിജയം നേടി. ഹൃദയത്തിലെ കല്യാണിയുടെ അഭിനയം ഏറെ നിരൂപകപ്രശംസ നേടി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന എന്നിവര്‍ക്കൊപ്പം കല്യാണിയും കേന്ദ്രകഥാപാത്രമായ ബ്രോ ഡാഡിയാണ് അടുത്ത ചിത്രം. ഒ.ടി.ടി റിലീസായ ബ്രോ ഡാഡിയും മിന്നുന്ന വിജയം സ്വന്തമാക്കി. കല്യാണിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രവും ഒട്ടേറ ആരാധാകരെ നേടികൊടുത്ത ചിത്രമായിരുന്നു അടുത്തത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത, തല്ലുമാല. ബീപാത്തു എന്ന കല്യാണിയുടെ കഥാപാത്രം സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായിരുന്നു. ചിത്രം തിയേറ്ററുകളില്‍ വലിയ വിജയമായി. കല്യാണിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ശേഷം മൈക്കില്‍ ഫാത്തിമ തിയേറ്ററില്‍ വലിയ വിജയം നേടിയില്ല എങ്കിലും നിരൂപക പ്രശംസ നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ കല്യാണിയുടെ പ്രകടനം മികച്ചതായിരുന്നു. ജോഷി സംവിധാനം ചെയ്ത ആന്റണിയിലെ ആന്‍ മരിയ എന്ന ബോക്‌സര്‍ കഥാപാത്രവും കല്യാണിക്ക് ഗുണം ചെയ്തു. ശേഷം ഹൃദയം ടീമിനൊപ്പം വീണ്ടുമൊന്നിച്ച വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

ഓണം തൂക്കാന്‍ കല്യാണി..

മലയാളത്തിലെ ആദ്യ വിമണ്‍ സൂപ്പര്‍ഹീറോ കഥാപാത്രം, ലോക, പാര്‍ട്ട് വണ്‍ ചന്ദ്രയില്‍ കല്യാണി എത്തുന്നത് കരിയര്‍ ബ്രേക്ക് പെര്‍ഫോമന്‍സുമായാണ്. ഈ ഓണം കല്യാണിയുടെ കരിയറിനെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണ്. ഒരുവശത്ത് സൂപ്പര്‍ഹീറോയായി ലോകയിലെത്തുമ്പോള്‍ മറുവശത്ത് ഓടും കുതിര ചാടും കുതിരയില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായാണ് എത്തുന്നത്. വ്യത്യസ്ത വൈബിലുള്ള ഇരുസിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കല്യാണിയുടെ കണക്കുകൂട്ടല്‍. അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയില്‍ ഫഹദ് ഫാസിലാണ് നായകന്‍. ലാല്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ലോകയില്‍ നസ്ലീന്‍ ഗഫൂറാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്തു സലീം കുമാര്‍, അരുണ്‍ കുര്യന്‍ തുടങ്ങി മികച്ച താരനിരതന്നെ ചിത്രത്തിലുണ്ട്. ഇരുസിനിമകളും വിജയമായാല്‍ കല്യാണിയുടെ താരമൂല്യം ഇരട്ടിയായി ഉയരും. കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം മാര്‍ഷലിലാണ് കല്യാണി ഇപ്പോള്‍ അഭിനയിക്കുന്നത്.