കാലം മാറിയിട്ടും ഇന്ത്യൻ സിനിമാ വ്യവസായത്തിൽ സ്ത്രീകൾ പ്രധാന വേഷങ്ങളിൽ എത്തുന്ന വമ്പൻ ബജറ്റ് ചിത്രങ്ങൾ ഇപ്പോഴും വിരളമാണ്. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ നടി മാളവിക മോഹനൻ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ കഴിയില്ലെന്ന് പല നിർമ്മാതാക്കളും നടന്മാരും വിശ്വസിക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് ഉയർന്ന ബജറ്റുള്ള ചിത്രങ്ങളിൽ സ്ത്രീകളെ നായികമാരാക്കാൻ അവർ മടിക്കുന്നതെന്നും മാളവിക പറഞ്ഞു.
"സ്ത്രീകൾ നയിക്കുന്ന സിനിമകൾക്ക് വിപണിയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയില്ലെന്നും അതിനാൽ ഒരു നിശ്ചിത തുകയിൽ കൂടുതൽ അതിൽ നിക്ഷേപിക്കാൻ കഴിയില്ലെന്നുമാണ് പല പുരുഷ നിർമ്മാതാക്കളും നടന്മാരും മുമ്പ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് ഒരു വനിതാ താരത്തെ മുൻനിർത്തി ബിഗ് ബജറ്റ് സിനിമകൾ ചെയ്യാൻ വളരെ കുറച്ചുപേർ മാത്രം തയ്യാറാകുന്നത്. അത്തരം സിനിമകൾ വളരെ കുറച്ചു മാത്രമേ നിർമ്മിക്കപ്പെട്ടിട്ടുള്ളൂ" എന്ന് ഇത്തരം ചിത്രങ്ങൾക്ക് പിന്തുണ കുറയാനുള്ള കാരണമായി മാളവിക വെളിപ്പെടുത്തി.
മലയാള സിനിമയിലെ 'ലോക' എന്ന ചിത്രത്തെ മാളവിക ഉദാഹരണമായി ചൂണ്ടിക്കാട്ടി. "മലയാള സിനിമയുടെ മാനദണ്ഡങ്ങൾ വെച്ചു നോക്കുമ്പോൾ 'ലോക' ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. താരതമ്യേന യുവനടിയായ കല്യാണി പ്രിയദർശൻ ആണ് ആ സിനിമയെ നയിച്ചത്. ചിത്രത്തിന്റെ ഉള്ളടക്കത്തിലും കല്യാണിയിലുമുള്ള വിശ്വാസം കാരണമാണ് നിർമ്മാതാക്കൾ ആ സിനിമയിൽ പണം മുടക്കിയത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ ലാഭം നേടുകയും ചെയ്തു. ഉയർന്ന ബജറ്റുള്ള സിനിമകളിൽ സ്ത്രീകളെ പ്രധാന വേഷത്തിൽ പ്രതിഷ്ഠിക്കാൻ പല നിർമ്മാതാക്കളും ധൈര്യം കാണിക്കുന്നില്ല എന്നതാണ് വാസ്തവം. സാധാരണയായി അത്തരം സിനിമകൾ പുരുഷ കേന്ദ്രീകൃതമായിരിക്കും."
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള 'വേഫെറർ ഫിലിംസിന്റെ' ബാനറിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമാണ് 'ലോക'. കല്യാണി പ്രിയദർശനോടൊപ്പം നസ്ലൻ, സാന്റി, ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഒരുപോലെ നേടിയ 'ലോക' ബ്ലോക്ക്ബസ്റ്ററായി മാറി. ലോകമെമ്പാടുമായി 303 കോടി കളക്ട് ചെയ്തു.
പ്രഭാസ് നായകനായ 'ദ രാജാ സാബ്' എന്ന ഫാന്റസി ഹൊറർ കോമഡിയിലാണ് മാളവിക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇതുവരെ ലോകമെമ്പാടുമായി 200 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്.
കാർത്തി നായകനാകുന്ന തമിഴ് ചിത്രം 'സർദാർ 2' ആണ് മാളവികയുടെ അടുത്ത സിനിമ. രജിഷ വിജയൻ, എസ്. ജെ. സൂര്യ, ആഷിക രംഗനാഥ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Malavika Mohanan discusses the challenges female-led films face in big-budget Indian cinema and the reasons for producer hesitation. Learn more!
Published: 21 Jan 2026, 01:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented