1990-കളിലെ ബോളിവുഡിൽ വലിയ സംസാരവിഷയമായിരുന്ന ഒരു സംഭവമായിരുന്നു നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും വിവാഹം. സെയ്ഫ് അഭിനയരംഗത്ത് അരങ്ങേറുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. അപ്പോഴേക്കും അമൃത അറിയപ്പെടുന്ന നടിയായിരുന്നു. 12 വർഷത്തെ പ്രായവ്യത്യാസവും കുടുംബ പശ്ചാത്തലത്തിലെ വ്യത്യാസങ്ങളുമൊക്കെ മറികടന്ന് 1991-ൽ അവർ വിവാഹിതരാകാൻ തീരുമാനിച്ചു. അന്ന് സെയ്ഫിന് 21 വയസ്സായിരുന്നു പ്രായം, അമൃതയ്ക്ക് 33-ഉം. ഇവരുടെ വിവാഹം കുടുംബാംഗങ്ങൾക്കും ഒരു ഞെട്ടലായി.

To advertise here,

സെയ്ഫിന്റെ സഹോദരിമാരായ സബ പടൗഡിയും സോഹ അലി ഖാനും ആ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ഇരുവരും നന്നേ ചെറുപ്പമായിരുന്നു അന്ന്. നേഹ ധൂപിയയുടെയും അംഗദ് ബേദിയുടെയും 'Double Date' എന്ന പരിപാടിയിൽ സംസാരിക്കവെ, സഹോദരന്റെ വിവാഹത്തെക്കുറിച്ച് എങ്ങനെയാണ് അറിഞ്ഞതെന്ന് സോഹയും സബയും ഓർത്തെടുത്തു.

അന്ന് സബയ്ക്ക് 15 വയസ്സും സോഹയ്ക്ക് 13 വയസ്സുമായിരുന്നുവെന്ന് സബ വെളിപ്പെടുത്തി, "ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴാണ് അദ്ദേഹം വിവാഹിതനായത്. പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്ന് ‍ഞങ്ങൾക്ക് മാതാപിതാക്കളുടെ വിളിവന്നു, ആരോടും ഒന്നും പറയരുത് എന്നാണവർ തന്ന നിർദേശം. വാർത്ത എത്രത്തോളം യഥാർഥമാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, അപ്പോഴേക്കും അത് പത്രങ്ങളിൽ വന്നിരുന്നു."

സെയ്ഫിന്റെ സഹോദരിമാർ വിവാഹത്തിൽ പങ്കെടുത്തില്ല എന്ന് കേട്ട് നീന ധൂപിയ അതിശയിച്ചു. സോഹ വിശദീകരിച്ചു, "അന്ന ഞങ്ങൾ വളരെ ചെറുപ്പമായിരുന്നു. എന്റെ ഫ്രഞ്ച് ടീച്ചറാണ് എന്നോട് പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നു."

1995-ൽ സെയ്ഫിനും അമൃതയ്ക്കും മകൾ സാറ അലി ഖാനും 2001-ൽ മകൻ ഇബ്രാഹിം അലി ഖാനും ജനിച്ചു. 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ, 2004-ൽ ഇരുവരും വേർപിരിഞ്ഞു. തങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്നില്ലെന്നും വേർപിരിയൽ എല്ലാവർക്കും വേണ്ടിയുള്ള ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്നും സാറ മുമ്പ് പറഞ്ഞിട്ടുണ്ട്.

വിവാഹമോചനത്തിനു ശേഷം, അമൃത കൂടുതലും മക്കളുടെ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം സെയ്ഫ് 2012-ൽ കരീന കപൂറിനെ വിവാഹം ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi