മലയാളികളുടെ പ്രിയപ്പെട്ട ഗായിക എസ്. ജാനകിയുടെ വിയോഗം ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു 88-കാരിയായ ജാനകിയമ്മയുടെ അന്ത്യം. മൈസൂരിലെ കനിയനഹുണ്ടിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

എന്നാൽ, ഇതിനിടയിൽ ഇന്റർനെറ്റിൽ ഉയർന്ന ചില വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ കൊച്ചുമകൾ അപ്സര വൈദ്യുലയുടെ കണ്ണുകളിൽ കണ്ണീരില്ലായിരുന്നു എന്നും, വിയോഗത്തിൽ ദുഃഖമില്ലെന്നുമാണ് ഒരു വിഭാഗം ആളുകൾ കുറ്റപ്പെടുത്തിയത്. പുരുഷന്മാർ മാത്രം ചെയ്തുപോന്നിരുന്ന അന്ത്യകർമ്മങ്ങൾ, ആചാരങ്ങൾ മാറ്റിവെച്ചുകൊണ്ട് നിർവ്വഹിച്ചത് അപ്സരയായിരുന്നു. തന്റെ ദുഃഖത്തെ ചോദ്യം ചെയ്തവർക്ക് സോഷ്യൽ മീഡിയയിലൂടെ വൈകാരികമായ ഒരു കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് അപ്സര ഇപ്പോൾ.

'എന്റെ ദുഃഖത്തെ അളക്കാൻ വരരുത്'
തന്റെ കണ്ണുകളിൽ കണ്ണീര് കാണാത്തതിന്റെ പേരിൽ സ്നേഹത്തെ അളക്കരുതെന്ന് അപ്സര കുറിച്ചു. "എന്റെ കണ്ണുകളിൽ കണ്ണീര് കാണാത്തതുകൊണ്ട് എന്റെ ദുഃഖത്തെ ചോദ്യം ചെയ്യുന്ന ആളുകളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ കാണുന്നുണ്ട്. ദയവായി എന്റെ കണ്ണീരിന്റെ അളവുകോൽ വെച്ച് മുത്തശ്ശിയോടുള്ള എന്റെ സ്നേഹത്തെ അളക്കരുത്. മരണത്തെ വളരെ ആത്മീയമായ കാഴ്ചപ്പാടിലൂടെ കാണാനാണ് മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചത്. ജീവിതം അവസാനിച്ചാലും സ്നേഹം അവസാനിക്കുന്നില്ലെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞുതന്നു. എന്റെ അനുഭവങ്ങൾ എന്നെ ഞാൻ ആഗ്രഹിച്ചതിലും ശക്തയാക്കി മാറ്റിയിട്ടുണ്ട്. ദുഃഖം എപ്പോഴും ഉച്ചത്തിലുള്ളതായിരിക്കണമെന്നില്ല, ചിലപ്പോൾ അത് നിശബ്ദവും ശാന്തവും അത്രമേൽ വ്യക്തിപരവുമായിരിക്കും."

 

തന്റെ മൂത്ത സഹോദരി വർഷയെക്കുറിച്ചും അപ്സര കുറിപ്പിൽ ഓർമ്മിക്കുന്നു, "ഈ ലോകത്തിൽ എന്റെ മുത്തശ്ശിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്റെ മൂത്ത സഹോദരി വർഷയായിരുന്നു. അവർ പരസ്പരം വാക്കുകൾക്കപ്പുറം മനസ്സിലാക്കിയിരുന്നു. ഇന്ന് ഞാൻ നിൽക്കുന്ന ഈ സ്ഥാനത്ത് നിൽക്കേണ്ടിയിരുന്നത് വർഷയായിരുന്നു. എന്നാൽ 2023 ഓഗസ്റ്റിൽ അവൾ ഞങ്ങളെ വിട്ടുപിരിഞ്ഞു. ആ നഷ്ടത്തിൽ നിന്നും ഞങ്ങളുടെ കുടുംബം ഇനിയും കരകയറിയിട്ടില്ല. ദുഃഖം ഒരിക്കലും ഇല്ലാതാകുന്നില്ല, ജീവിതകാലം മുഴുവൻ അത് ചുമക്കാൻ നമ്മൾ പഠിക്കുന്നു എന്ന് മാത്രം."

പൊതുമധ്യത്തിൽ ജീവിക്കുമ്പോൾ മറ്റുള്ളവർ കെട്ടിച്ചമയ്ക്കുന്ന കഥകൾക്കും ഊഹാപോഹങ്ങൾക്കും ഇരയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും, തന്റെ മുത്തശ്ശി ആരെയും ജഡ്ജ് ചെയ്യാത്ത, എല്ലാവരിലും നന്മ മാത്രം കണ്ടിരുന്ന ഒരു പാവമായിരുന്നുവെന്നും അപ്സര കൂട്ടിച്ചേർത്തു.

ഗാനകോകിലം
തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട 'ജാനകിയമ്മ' വിടവാങ്ങിയത് ഇന്ത്യൻ സംഗീത ലോകത്തിന് വലിയ നഷ്ടമാണ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23-നാണ് അവർ ജനിച്ചതെങ്കിലും പിന്നീട് മൈസൂരു തന്റെ തട്ടകമാക്കുകയായിരുന്നു. മുത്തശ്ശിയുടെ ആഗ്രഹപ്രകാരമാണ് അന്ത്യകർമ്മങ്ങൾ മൈസൂരുവിൽ തന്നെ നടത്തിയതെന്നും കൊച്ചുമകൾ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi