ബി.ടെക്. കഴിഞ്ഞ് ഇന്‍ഫോസിസില്‍ ജോലിചെയ്യുന്ന കാലം. ജൂഡ് ആന്തണി ജോസഫിനെ ഒരു ചിന്ത വേട്ടയാടിക്കൊണ്ടിരുന്നു. ഐ.ടി. മേഖലയില്‍ തുടരണോ അതോ തന്റെ സ്വപ്‌നമായ സിനിമയിലേക്ക് ഇറങ്ങണോ എന്ന ചിന്ത. അങ്ങനെയിരിക്കേ ദിലീപ് നായകനായ 'ക്രേസി ഗോപാലന്‍' എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന കാര്യം ജൂഡ് അറിഞ്ഞു. അതില്‍ സഹസംവിധായകന്റെ റോള്‍ സംഘടിപ്പിച്ചു. ഇനി വേണ്ടത് കമ്പനിയില്‍നിന്ന് ലീവ്. അതെങ്ങനെ സംഘടിപ്പിക്കും? 
അടുത്ത ദിവസം ഉച്ചയായപ്പോള്‍ ജൂഡ് തന്നിലെ അഭിനേതാവിനെ പുറത്തെടുത്തു. വയറിളക്കം അഭിനയിച്ച് നാട്ടിലേക്ക് തിരിച്ചു. തൊട്ടടുത്ത ദിവസം എച്ച്.ആറിനെ വിളിച്ചു. ''മഞ്ഞപ്പിത്തമാണ്, ഒരുമാസം ലീവ് വേണം.'' നേരേ 'ക്രേസി ഗോപാല'ന്റെ ലൊക്കേഷനിലേക്ക്.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായനായ ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകന്റെ തുടക്കം ഇങ്ങനെയായിരുന്നു. സിനിമാലോകത്തെ വിശേഷങ്ങള്‍ ജൂഡ് ആന്തണി ജോസഫ് പങ്കുവെക്കുന്നു..

ഐ.ടിയില്‍ നിന്ന് സിനിമയിലേക്കുള്ള കൂടുമാറ്റം എളുപ്പമായിരുന്നോ?
എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റണമെന്നായിരുന്നു പഠനകാലംതൊട്ടേ ആഗ്രഹം. ഐ.ടി. യേക്കാള്‍ എനിക്ക് നന്നായി ചെയ്യാനാവുക സിനിമയിലാണെന്ന് ഉറപ്പായിരുന്നു. അങ്ങനെയിരിക്കേയാണ് 'ക്രേസി ഗോപാലന്‍' ഷൂട്ടിങ് തുടങ്ങുന്നുവെന്ന് അറിഞ്ഞത്. ദിലീപേട്ടന്റെ (നടന്‍ ദിലീപ്) അനിയന്‍ അനൂപേട്ടന്റെ അളിയന്‍ അപ്പു എന്റെ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അങ്ങനെ 'ക്രേസി ഗോപാലനി'ല്‍ ദീപുച്ചേട്ടന്റെ (ദീപു കരുണാകരന്‍) അസിസ്റ്റന്റായി. 
ഈ അവസരം നഷ്ടപ്പെടുത്താന്‍ പറ്റാത്തതുകൊണ്ടാണ് വയറിളക്കവും മഞ്ഞപ്പിത്തവും അഭിനയിച്ചത്. സിനിമ കഴിഞ്ഞ് വീണ്ടും ജോലിക്ക് കയറി. ലൊക്കേഷനിലെ വെയില്‍കൊണ്ട് കറുത്ത് കരിവാളിച്ചിരുന്നു. എന്നെ കണ്ട് പലരും എന്തുപറ്റിയെന്ന് ചോദിച്ചു. ഞാന്‍ മഞ്ഞപ്പിത്തത്തെ പഴിചാരി. മഞ്ഞപ്പിത്തം വന്നാല്‍ ഇങ്ങനെയാകുമോ എന്നായിരുന്നു അവരുടെ സംശയം.

എപ്പോഴാണ് പൂര്‍ണമായും സിനിമയിലേക്ക് മാറാന്‍ തീരുമാനിച്ചത്?
പിന്നെ ഒരുവര്‍ഷം കഴിഞ്ഞായിരുന്നു രാജി. ആദ്യം അവര്‍ സ്വീകരിച്ചില്ല. നിലവിലുള്ള പ്രോജക്ട് തീരുംവരെ കാത്തിരിക്കാന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചു. ആ സമയത്താണ് ലോകമാകെ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത്. പല കമ്പനികളും തൊഴിലാളികളെ പുറത്താക്കിത്തുടങ്ങിയിരുന്നു. ഞങ്ങളുടെ കമ്പനിയും അങ്ങനെയൊരു തീരുമാനത്തിലെത്തി. എച്ച്.ആര്‍. വിഭാഗത്തില്‍നിന്ന് വിളിപ്പിച്ചു. ഏറ്റവും മോശമായി പെര്‍ഫോം ചെയ്യുന്നവരെ കമ്പനി പുറത്താക്കാന്‍ നില്‍ക്കുകയാണെന്നും നിങ്ങള്‍ ആ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. പുറത്തുപോകുന്നവര്‍ക്ക് മൂന്നുമാസത്തെ ശമ്പളം കിട്ടുമെന്നും പറഞ്ഞു. ഞാന്‍ സമ്മതം മൂളി. അങ്ങനെ മൈസൂരില്‍ നിന്ന് നേരേ വീട്ടിലേക്ക് തിരിച്ചു.
ജോലി വിട്ടത് വീട്ടില്‍ പറഞ്ഞില്ല. ഒഡിഷയിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്നാണ് അവരെ അറിയിച്ചത്. മൂന്നുമാസം കഴിഞ്ഞാലേ നാട്ടിലേക്ക് വരാന്‍ പറ്റൂയെന്നും അമ്മയോട് പറഞ്ഞു. എങ്കില്‍ രാജിവെച്ചോ എന്നായി അമ്മ. അതോടെ ആത്മവിശ്വാസമായി. അതിനുശേഷം വീട്ടില്‍ ചെറിയ പരിപാടികളൊക്കെ നോക്കി. 
അതിനകം അയല്‍വീട്ടുകാരൊക്കെ ജോലിയെപ്പറ്റി അന്വേഷണം തുടങ്ങിയിരുന്നു. അതോടെ വീട്ടുകാരുടെ ചോദ്യങ്ങളെയും നേരിടേണ്ടിവന്നു.. സിനിമാ ആഗ്രഹം അറിഞ്ഞതോടെ അവര്‍ പൂര്‍ണ പിന്തുണ നല്‍കി. അമ്മയും അപ്പനും ഏട്ടനും അനിയത്തിയും അടക്കം എല്ലാവരും സപ്പോര്‍ട്ട് ചെയ്തു. എന്റെ കാര്യം ഞാന്‍ നോക്കിക്കോളുമെന്ന് അവര്‍ക്കറിയാം. പഠനത്തിലും ഞാന്‍ അങ്ങനെയായിരുന്നു. ക്ലാസില്‍ ഉഴപ്പിയാലും പരീക്ഷയില്‍ മാര്‍ക്ക് വാങ്ങും.

placeholder
Jude Anthany Joseph
ജൂഡ് ആന്തണി ജോസഫ് കുടുംബത്തിനൊപ്പം

പഴയ ചങ്ങാതിക്കൊപ്പമാണ് ആദ്യ വിജയം ഒരുക്കിയത്. അല്ലേ?
ഇന്‍ഫോസിസില്‍ ഞാനൊരു ആലുവക്കാരനെ കണ്ടുമുട്ടി. പേര് നിവിന്‍ പോളി. ഞങ്ങള്‍ പരിചയപ്പെട്ടു. പെട്ടെന്ന് അടുത്തു. അവന്‍ സിനിമയോട് പാഷനേറ്റാണ്. എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റണമെന്നൊക്കെ അവന്‍ പറയും. ഞാന്‍ ഒരിക്കല്‍ സിനിമ സംവിധാനം ചെയ്യും, അതില്‍ നിനക്ക് ചായക്കടക്കാരന്റെ വേഷം നല്‍കാമെന്നുപറഞ്ഞ് ഞാന്‍ അവനെ കളിയാക്കും. 
അവന്‍ സ്വന്തമായി വഴിവെട്ടി. സ്റ്റാറായി. ഇടയ്ക്ക് അവന്‍ വിളിക്കും. എപ്പോഴാണ് സിനിമ ചെയ്യുക എന്നൊക്കെ ചോദിക്കും. സിനിമ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും. അന്ന് ചായക്കടക്കാരനാക്കാമെന്നുപറഞ്ഞ് കളിയാക്കിയ അവന്റെ ഡേറ്റിലായിരുന്നു എന്റെ ആദ്യ സിനിമ. 'ഓം ശാന്തി ഓശാന'.

ഇടയ്ക്ക് നടനായി. അതെങ്ങനെ സംഭവിച്ചു?
അല്‍ഫോന്‍സ് പുത്രന്‍ എന്റെ സ്‌കൂള്‍മേറ്റായിരുന്നു. അവന്‍ എല്ലാവരെയും കൂട്ടി ഇടയ്ക്ക് റിഹേഴ്സല്‍ നടത്തും. നിവിന്‍, ഷറഫുദ്ദീന്‍, കിച്ചു (കൃഷ്ണശങ്കര്‍), സിജു വിത്സണ്‍ എന്നിവരൊക്കെയുണ്ടാകും. ആലുവ പാലസിലായിരിക്കും മിക്കവാറും റിഹേഴ്സല്‍. ഒരുദിവസം ഞാനും അവിടെ പോയി. അന്ന് കൂട്ടത്തില്‍ ഒരാള്‍ വന്നിട്ടില്ല. ആ റോള്‍ എന്നോട് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ചു. അവന് അത് ഇഷ്ടമായി. അവന്റെ വാക്കുകള്‍ എന്നെ ഇന്‍സ്പെയര്‍ ചെയ്തു. എങ്കില്‍ നിന്റെ പടത്തില്‍ വേഷം തരുമോ എന്ന് ഞാന്‍ ചോദിച്ചു. ഉറപ്പായും തരുമെന്നായിരുന്നു മറുപടി. 
അതിനുശേഷം 'നേരം' സിനിമയുടെ ഷൂട്ടിങ് തുടങ്ങി. പരിചയമുള്ള എല്ലാവര്‍ക്കും റോളുണ്ട്. എനിക്കുമാത്രമില്ല. ഞാന്‍ വിളിച്ചു. ചെറിയ റോള്‍ തരാമെന്ന് അവന്‍ ഉറപ്പുതന്നു. നിവിന്‍ കാശ് കടം ചോദിക്കാനായി വിളിക്കുമ്പോള്‍ ഇല്ലെന്ന് പറയുന്നതാണ് റോള്‍.
അല്‍ഫോന്‍സ് ആ സമയം ചെന്നൈയിലാണ്. സിനിമയുടെ ക്യാമറാമാന്‍ നാട്ടിലുണ്ട്. നിന്റെ രംഗം നീതന്നെ ആലുവയില്‍വെച്ച് ഷൂട്ട് ചെയ്ത് അയക്കെന്ന് അല്‍ഫോന്‍സ് പറഞ്ഞു. തമിഴിലും മലയാളത്തിലും ചെയ്യണമായിരുന്നു. അതായിരുന്നു സിനിമയിലെ ആദ്യ റോള്‍. ഇപ്പോഴും സംവിധായകരോട് അവസരം ചോദിക്കാറുണ്ട്. അല്‍ഫോന്‍സ്, എബ്രിഡ് ഷൈന്‍, ലാല്‍ജോസ് എന്നിങ്ങനെ എല്ലാവരോടും. അതിന് മടിയൊന്നുമില്ല.

ഒരു പ്രയാസകാലമുണ്ടായിരുന്നു ജൂഡിന്. അതിനെ എങ്ങനെപോസിറ്റീവാക്കി?
ഞാന്‍ വിക്കുള്ള ആളായിരുന്നു. സ്‌കൂളില്‍ കൂട്ടുകാരൊക്കെ കളിയാക്കിയിട്ടു്. അതുകേട്ട് പൊട്ടിക്കരഞ്ഞിട്ടുമുണ്ട്. പിന്നീട് അതിനെ പോസിറ്റീവാക്കി. വിക്കുള്ളതിനാല്‍ ആളുകള്‍ എന്നെ പൂര്‍ണമായും സംസാരിക്കാന്‍ അനുവദിക്കും. പറയുന്നത് പൂര്‍ത്തീകരിക്കാന്‍ സമയം തരും. കഥ പറയാന്‍ പോയപ്പോഴൊക്കെ വിക്ക് ഗുണമായിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ വിക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. അതുകണ്ട് പലരും സങ്കടത്തോടെ സംസാരിച്ചു. നമുക്ക് സംസാരിക്കാന്‍ പറ്റുന്നില്ലേ, അതിനും സാധിക്കാത്ത എത്രയാളുകളുണ്ടെന്ന് പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ചു. 

തുറന്നുപറച്ചിലുകള്‍ കൊണ്ട് നഷ്ടങ്ങളുണ്ടായോ?
ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് ജീവിക്കുന്നത്. അങ്ങനെ പറയരുത്, ഇങ്ങനെ പറയരുതെന്ന് ചിലര്‍ ഉപദേശിക്കും. ആര് എന്തുപറഞ്ഞാലും പറയേണ്ടത് പറയും. അതുകൊണ്ട് ട്രോളുകളുണ്ടായാലും പൊങ്കാലകളുണ്ടായാലും എനിക്ക് പ്രശ്‌നമില്ല. തുറന്നുപറച്ചിലുകള്‍ തുടരും. ലോകം ഉണ്ടായതുമുതല്‍ സത്യസന്ധര്‍ ക്രൂശിക്കപ്പെടാറുണ്ട്. അവരായിരുന്നു ശരിയെന്ന് കാലം തെളിയിക്കും.

'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ', 'സാറാസ്'... സ്ത്രീപക്ഷ സിനിമകളായിരുന്നു ആദ്യ മൂന്നും... 
സ്ത്രീ- പുരുഷ വ്യത്യാസത്തോടെ ആളുകളെ ഞാന്‍ കാണാറില്ല. സ്ത്രീയാണോ പ്രധാന കഥാപാത്രം എന്ന് സിനിമ ചെയ്യുമ്പോള്‍ നോക്കാറില്ല. കഥ മാത്രമേ നോക്കാറുള്ളൂ. സ്ത്രീപക്ഷം എന്നുപറഞ്ഞ് സിനിമയെടുത്തതുകൊണ്ട് പ്രത്യേകിച്ച് കൈയടി കിട്ടാനില്ല. സിനിമ നന്നായാല്‍ ആളുകള്‍ക്ക് ഇഷ്ടമാകും. എന്റെ വീട്ടില്‍ എന്നേക്കാള്‍ വോയ്സ് എന്റെ പെങ്ങള്‍ക്കായിരുന്നു.സമൂഹത്തില്‍ എല്ലാവരും തുല്യരാണ്. അത് ഞാനായി പറയണമെന്നില്ല.

ഫാമിലിമാനാണോ ജൂഡ്?
അച്ഛനും അമ്മയും ഞാനും ഭാര്യയും മക്കളുമടങ്ങുന്നതാണ് കുടുംബം. ഒരു ചേട്ടനും അനിയത്തിയുമുണ്ട്. അച്ഛന്‍ ജോസഫ്. അമ്മ റോസാമ്മ, ചേട്ടന്റെ പേര് ലിജോ, അനിയത്തി ജിസ. ഭാര്യ ഡിയാന ആന്‍ ജെയിംസ്. റോസ്ലിന്‍ അന്ന ജൂഡും ഇസബെല്‍ അന്ന ജൂഡുമാണ് മക്കള്‍. 
കുടുംബംതന്നെയാണ് വലുത്. വീട്ടുകാര്‍ക്കൊപ്പം പരമാവധി സമയം ചെലവഴിക്കും. വീട്ടിലിരുന്നായിരുന്നു സിനിമയുടെ എഴുത്തൊക്കെ. അതുകൊണ്ട് വല്ലാതെ പിരിഞ്ഞിരിക്കേണ്ടിവന്നിട്ടില്ല. ചിലതൊക്കെ നഷ്ടമായിട്ടുണ്ട്. എന്നാല്‍, സിനിമയ്ക്ക് വേണ്ടിയല്ലേ എന്നാലോചിച്ച് സമാധാനിക്കും.