
മലയാളി കാണാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്ന രണ്ടുപേര്‍, മുപ്പത്തിയഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന അവരുടെ സൗഹൃദം. സിനിമ സമ്മാനിച്ച കൊച്ചുകൊച്ചുസന്തോഷങ്ങളും യാത്രകളും ഗൃഹലക്ഷ്മിക്കുവേണ്ടി ഓര്‍ത്തെടുക്കുകയാണിവിടെ. ഒരാള്‍ അന്തിക്കാട്ടും മറ്റൊരാള്‍ ചെന്നൈയിലുമാണ് കഴിയുന്നതെങ്കിലും ഇവരെ ചേര്‍ത്തുനിര്‍ത്തുന്ന ഘടകങ്ങള്‍ പലതാണ്...നര്‍മം, ഉള്ളുതുറന്ന് ചിരിക്കാനുള്ള മനസ്സ്, അഭിരുചികള്‍, ആഗ്രഹങ്ങള്‍, കൃഷി, പൂരനഗരിയുടെ താളം... അവിടെ 'സിനിമ' പലകാരണങ്ങളില്‍ ഒന്നുമാത്രം.
'പൊന്‍മുട്ടയിടുന്ന താറാവി'ലെ ദുബായ്ക്കാരന്‍ പവിത്രനായിട്ടാണ് ജയറാം, അന്തിക്കാട് സിനിമയിലേക്ക് കടന്നുവരുന്നത്. 'പൊന്‍മുട്ടയിടുന്ന താറാവി'ല്‍ അഭിനയിക്കാനുള്ള ക്ഷണം ലഭിച്ച ദിവസം ജയറാമിന്റെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നുണ്ട്. അഭിനയഭ്രമം സിരകളെ ചൂടുപിടിപ്പിച്ച കാലം, ഇടത്തരം ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന സിനിമാമോഹികളുടെയെല്ലാം ഹീറോയായിരുന്നു അന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. അന്തിക്കാടിന്റെ സിനിമയിലഭിനയിക്കാന്‍ ജയറാം ഗുരുവായൂരിലേക്ക് ചെന്നു. അവിടെയായിരുന്നു താമസം ഒരുക്കിയത്. അഭിനയിക്കേണ്ട സീന്‍ ഇല്ലെങ്കിലും ആദ്യ ദിവസം തന്നെ ജയറാം ലൊക്കേഷനിലേക്ക് ചെന്നു. സത്യന്‍ അന്തിക്കാടിനെ പരിചയപ്പെടുക എന്നതായിരുന്നു ഉദ്ദേശം. സ്വപ്‌നം കണ്ട, ആഗ്രഹിച്ച ജീവിതം കണ്‍മുന്നില്‍ കൊണ്ടുനിര്‍ത്തിയ ഗുരുവായൂരപ്പനെ കൈകൂപ്പിതൊഴുത് ലൊക്കേഷനിലേക്കിറങ്ങി. ക്യാമറയ്ക്കു പിറകില്‍ നിന്ന സംവിധായകന്റെ അടുത്തുചെന്ന് ചുമലില്‍ കൈയമര്‍ത്തി സാന്നിധ്യം അറിയിച്ചു. പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി. പരസ്പരം സംസാരിച്ചു.
''ഞങ്ങള്‍ക്കിടയില്‍ സൗഹൃദം ഉടലെടുത്തു. എന്നാല്‍ സൗഹൃദം കൊണ്ടുമാത്രം തുടര്‍ച്ചയായി ഒരാളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിയില്ല, അയാള്‍ക്ക് അതിനുള്ള കഴിവുണ്ടാകണം. ജയറാമിനതുണ്ട.് അതുകൊണ്ടാണ് ഞങ്ങള്‍ വീണ്ടും വീണ്ടും ഒന്നിച്ചത്. ഇല്ലെങ്കില്‍ ആദ്യ സിനിമ കഴിയുമ്പോള്‍ തന്നെ അടുപ്പം നിലച്ചുപോയേനേ. ആ കാര്യത്തില്‍ ഞാന്‍ വളരെ സ്വാര്‍ത്ഥനാണ്'', സത്യന്‍ അന്തിക്കാട് പറയുന്നു. സ്വന്തം സിനിമയെ കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെയാണ് സത്യന്‍ അന്തിക്കാട് ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കുന്നത്. തനിക്ക് പരിചിതമായ നാട്ടുവഴിയിലൂടെ അയാള്‍ കഥാപാത്രങ്ങളെ കൈപിടിച്ച് കൊണ്ടുപോകുന്നു...ആ വഴിയും താളവും പിടിച്ചെടുത്തവരെല്ലാം വീണ്ടും വീണ്ടും അന്തിക്കാട് സിനിമകളുടെ ഭാഗമായി മാറി. സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം അഭിനേതാക്കളെയെല്ലാം ചേര്‍ത്ത് സത്യന്റെ നാടകശാലയിലെ അംഗങ്ങളെന്ന വിളികളുയര്‍ന്ന കാലമായിരുന്നു അത്.

സത്യന്‍ അന്തിക്കാട്: അന്തിക്കാടിന്റെ നാടകസംഘം എന്നൊക്കെയുള്ള അടക്കം പറച്ചിലുകള്‍ ഞാനും കേട്ടിട്ടുണ്ട്. അവരെല്ലാം അത്രയും കഴിവുള്ള അഭിനേതാക്കളായിരുന്നു. അവരെയൊന്നും ഞാന്‍ കൈപിടിച്ചുകൊണ്ടുപോയതല്ല. അവരുടെ കൈപിടിച്ച് ഞാന്‍ കയറിവന്നു എന്നതാണ് സത്യം. ആ കൂട്ടത്തിലേക്കാണ് ജയറാമും പതിയെ വന്നുകയറിയത്.
ജയറാം: അതൊരുകാലമായിരുന്നു. ഇന്നത്തെപ്പോലെ ഓരോരുത്തര്‍ക്കും ഓരോ കാറൊന്നുമില്ല. എല്ലാവരും കൂടി ഒന്നിച്ചൊരു വണ്ടിയില്‍ കയറിയാണ് ലൊക്കേഷനിലേക്കുള്ള യാത്ര. ചിരിയും കളിയും തമാശകളുമെല്ലാം ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. വൈകിട്ടേ സീനുള്ളൂവെങ്കിലും രാവിലെതന്നെ കൂട്ടത്തില്‍ ഇറങ്ങണം, ഒരുവാഹനമേയുള്ളൂ. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ തുറന്ന സംസാരമാണ്, ആ പരിസരത്തെ മാവ് അല്ലെങ്കില്‍ ഏറ്റവും വലിയമരം അതിന്റെ തണലില്‍ വരിവരിയായി കസേരയിട്ടിരിക്കും അതാണ് അന്നത്തെ ക്യാരവാന്‍. ഊണു കഴിഞ്ഞാല്‍ അവിടെത്തന്നെ പായവിരിച്ച് കുറച്ചുനേരം മയങ്ങും. അന്തിക്കാട് സംഘത്തിനൊപ്പം ചേരാനായത് വലിയ ഭാഗ്യമാണ്. അഭിനയിച്ചു തകര്‍ത്തതുകൊണ്ടൊന്നുമല്ല, നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്ന ഒരുവന് സത്യേട്ടന്റെ കഥാപാത്രങ്ങളുമായി എളുപ്പത്തില്‍ ചേര്‍ന്നുനില്‍ക്കാന്‍ കഴിയുമായിരുന്നു.
സത്യന്‍ അന്തിക്കാട്: ജയറാമിനേയും എന്നെയും ഒന്നിപ്പിക്കുന്ന പ്രധാന ഘടകം ഹ്യൂമറാണ്. ഒരുമിച്ച് സിനിമചെയ്യാതിരുന്ന കാലത്തും ഫോണിലൂടെ ദീര്‍ഘനേരം സംസാരിച്ച് ചിരിക്കുള്ള വകകൈമാറാറുണ്ട്. ജയറാമിന് മികച്ചൊരു കൃഷിയിടമുണ്ടെന്ന് സിനിമാക്കാര്‍ക്ക് കൂടുതലറിയില്ല. ഞാനും ശ്രീനിയുമെല്ലാം ജൈവകൃഷിയുടെ വക്താക്കളായി നടക്കുന്നുണ്ടെങ്കിലും ഞങ്ങളേക്കാളെല്ലാം കൂടുതല്‍ ജൈവകൃഷിയിലും ക്ഷീര ഉത്പാദനത്തിലും മികവുപുലര്‍ത്തുന്ന കര്‍ഷകനാണ് ജയറാം. ഇടക്കൊക്കെ ജയറാമിന്റെ കൃഷിയിടം കാണണമെന്ന് ഞാന്‍ പറയാറുണ്ട്. ഫോട്ടോ അയച്ചുതന്നിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ രണ്ടുകര്‍ഷകര്‍ യോജിച്ചപോലെയാണ്. വിളവെടുപ്പും തടമെടുപ്പും കൊയ്ത്തുമെല്ലാം സ്വാഭാവികമായും സംസാരത്തിലേക്ക് കയറിവരും.
ജയറാം: സിനിമയിലഭിനയച്ച് പണം സമ്പാദിക്കണമെന്ന് ഒരിക്കലും അച്ഛനും അമ്മയും പറഞ്ഞിട്ടില്ല. പാരമ്പര്യമായി കിട്ടിയ മണ്ണ് നഷ്ടപ്പെടാതെ കൃഷി മുടക്കാതെ കൊണ്ടുപോകണമെന്നായിരുന്നു അവരുടെ ഏക ഉപദേശം. അച്ഛനില്‍നിന്നു കിട്ടിയ സ്ഥലത്ത് ഇന്നും കൃഷിയുണ്ട്. അവിടെ പോകുമ്പോഴെല്ലാം കാലത്ത് മൂന്നരയ്ക്ക് എഴുന്നേറ്റ് തൊഴുത്തില്‍ പോയി ജോലിക്കാര്‍ക്കൊപ്പം ചേര്‍ന്ന് പശുവിനെ കുളിപ്പിച്ച് തീറ്റകൊടുത്ത് ആറര ഏഴുവരെ അധ്വാനിക്കും. പത്തുനൂറ്റി അമ്പത് ഏത്തവാഴകള്‍ പുതുതായി വച്ചിട്ടുണ്ട്. കൃഷിയും തോട്ടവുമെല്ലാം നേരില്‍കാണണമെന്ന് സത്യേട്ടന് വലിയ ആഗ്രഹമാണ്.പക്ഷെ, ഇതുവരെ ഞാന്‍ കൊണ്ടുപോയിട്ടില്ല.
സത്യന്‍ അന്തിക്കാട്: പത്തിരുപതുകൊല്ലം മുന്‍പ് ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് കൃഷിക്കായി പൊളളാച്ചിയില്‍ ഭൂമി വാങ്ങാന്‍ തീരുമാനിച്ചു ജയറാം മുന്‍കൈയെടുത്ത് സ്ഥലം കണ്ടെത്തി. വെള്ളമെല്ലാം സമൃദ്ധമായി ലഭിക്കുന്ന സ്ഥലം. അവസാന ലാപ്പില്‍ ഞാന്‍ മെല്ലെ പിന്‍മാറി. ജയറാം പിന്നെയും ഇടക്കിടെ കൃഷിയിടം വാങ്ങുന്നതിനെകുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. 'നോക്കാം, നോക്കണം...' എന്നുപറഞ്ഞ് കാലം കടന്നുപോയി. കൃഷിചെയ്യാം എന്ന ആവേശത്തില്‍ ദൂരെയൊരിടത്ത് ഭൂമി വാങ്ങിക്കുന്നത് കൗതുകത്തിന് മാത്രമാണെന്ന തിരിച്ചറിവിലാണ് ഞാന്‍ പിന്‍മാറിയത്. ജയറാം ചെന്നെയിലും ഞാന്‍ അന്തിക്കാടുമാണ് മിക്കവാറും. മണ്ണ് നോക്കാന്‍ ആരുമുണ്ടാകില്ല.
സത്യന്‍ അന്തിക്കാട്: എന്റെ സിനിമകളില്‍ ജയറാമിനെ കാണാന്‍ ഇഷ്്ടമാണെന്ന് എന്നോടുതന്നെ പലരും പറഞ്ഞിട്ടുണ്ട്. അതെന്തുകൊണ്ടാണന്ന് ചോദിച്ചാല്‍ കൃത്യമായൊരുത്തരം നല്‍കാനറിയില്ല. അതൊരു മാജിക്കാകാം. ഞങ്ങള്‍ തമ്മിലുള്ള മാനസിക ഐക്യം സിനിമകള്‍ക്ക് ഗുണം ചെയ്യുന്നുണ്ടാകും. ലളിതച്ചേച്ചി പറയാറുണ്ട് സത്യന്‍ സീന്‍ വിവരിക്കുമ്പോള്‍ അഭിനയിച്ചുകാണിക്കാറില്ല. പക്ഷെ സത്യന്‍ വായിക്കുമ്പോള്‍ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി മനസ്സിലാകുമെന്ന്. ജയറാമിനും അത് പിടികിട്ടുന്നുണ്ടാകും. മോണിറ്ററുണ്ടെങ്കിലും ക്യാമറയ്ക്കുപിന്നില്‍ നിന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്നത്.എന്റെ അഭിനേതാക്കളുടെ പ്രകടനം നേരിട്ട് അടുത്തുനിന്ന് കാണുവാനാണെനിക്കിഷ്ടം. അതിന്റെയെല്ലാം നേട്ടം സീനുകള്‍ക്ക് ലഭിക്കുന്നുണ്ടാകും.
ജയറാം: സത്യേട്ടന്റെ സിനിമകളിലൂടെ മലയാളി സ്വന്തം ജീവിതവും കുടുബാന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുകയാണ്. തമാശകള്‍ പലതും കുറിക്കുകൊള്ളുന്നതാണ്. കഥാപാത്രത്തിന്റെ കണ്ണിലെ നനവ് കണ്ണീരായി പ്രേക്ഷകരിലേക്ക് ഒലിച്ചിറങ്ങും. സംവിധായകന്റെ വായനയും എഴുത്തും സാഹിത്യനിരീക്ഷണവുമെല്ലാം കഥാപാത്രങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതായി തോന്നിയിട്ടുണ്ട്. ഒരു സംഭവം പറയാം: 'പൊന്‍മുട്ടയിടുന്ന താറാവി'ന്റെ അവസാനരംഗം. ഒരുപാട് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ചശേഷം (അവസാനസീനില്‍) ഉര്‍വശിയുടെ കഥാപാത്രം (സ്‌നേഹലത) ബെഡ്‌റൂമില്‍ ഇരിക്കുന്നു. അവിടേക്ക് ഞാന്‍ അവതരിപ്പിക്കുന്ന പവിത്രന്‍ വന്നുകയറുന്നു. ഒരടി ഇപ്പോള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമകാണുന്നവരും കട്ടിലില്‍ ഇരിക്കുന്ന സ്‌നേഹലതയും. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ത്തന്നെ 'വാ പോകാം' എന്നുപറഞ്ഞ് ബാഗുമെടുത്ത് സ്‌നേഹലതയേയും കൂട്ടി നടക്കുന്നു.
ചിത്രീകരണസമയത്തും, തീയേറ്ററില്‍ സിനിമ കണ്ടവരും 'ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ...' എന്നു ചോദിച്ചിട്ടുണ്ട്. പക്ഷെ, സത്യേട്ടന്‍ പറഞ്ഞത് 'വേണ്ട... എന്റെ സിനിമയില്‍ ജയറാം അത് ചെയ്യേണ്ട. സ്ത്രീയെ അടിക്കുന്ന രംഗം ഉള്‍പ്പെടുത്തേണ്ട. വേറെ സിനിമയില്‍ ജയറാം ചെയ്‌തേക്കാം പക്ഷെ നമുക്കത് വേണ്ട.'' ഇത്തരം ചില കാര്യങ്ങള്‍കൊണ്ടുകൂടെയാകാം സത്യേട്ടന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

സത്യന്‍ അന്തിക്കാട്: കഥാപാത്രത്തിന്റെ പ്രായം, രൂപം, വേഷം, സൗന്ദര്യം എന്നതിനെ കുറിച്ചൊന്നും ജയറാം കൂടുതലായൊന്നും ചോദിക്കാറില്ല. അത്തരം കാര്യങ്ങളില്‍ പരാതിയോ പരിഭവമോ ഇല്ല. പുതിയ സിനിമയില്‍ കൗമാരക്കാരിയുടെ അച്ഛന്റെ വേഷമാണെന്നു പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഞാന്‍ യുവനടന്‍ കാളിദാസിന്റെ അച്ഛനല്ലേയെന്നായിരുന്നു മറുപടി.
ജയറാം: ആനയുടെ കാര്യത്തില്‍ ഒരിക്കല്‍ സത്യേട്ടനുമായി പന്തയം വച്ചിട്ട് ജയിച്ചിട്ടുണ്ട്.കേരളത്തിലെ തലയെടുപ്പുള്ള ആനകളെ കണ്ടാല്‍ പേരുപറഞ്ഞ് തിരിച്ചറിയാന്‍ കഴിയുമെന്ന എന്റെ അവകാശവാദത്തിനുനേരെ സത്യേട്ടന്‍ സംശയദൃഷ്ടി ഉയര്‍ത്തി. ആനയും ചൈനക്കാരും കാഴ്ചയില്‍ ഒരുപോലെയാണെന്നും കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ലെന്നുമായിരുന്നു സത്യേട്ടന്റെ വാദം. പന്തയമായി. പൂരം കഴിഞ്ഞുവരുന്ന ആനകളെ നോക്കി ഞങ്ങളൊരു സ്ഥലത്ത് നില്‍പ്പുറപ്പിച്ചു. ഏകദേശം നൂററമ്പത് ഇരുന്നൂറ് മീറ്റര്‍ ദൂരത്തെത്തിയപ്പോഴേക്കും ഞാന്‍ ആനകളുടെ പേര് പറഞ്ഞു തുടങ്ങി. മുന്നില്‍ വരുന്നത് ഈ ആന, അടുത്തത് ഇവന്‍, മൂന്നാമന്റെ പേര് ഇതാണ്, നാലാമന്റെ കൊമ്പിന്റെ പ്രത്യേകത ഇങ്ങനെ. ആനയുടെപേരിനൊപ്പം പാപ്പാനെകുറിച്ചും ഞാന്‍ വിശദീകരിക്കാന്‍ തുടങ്ങിയതോടെ സത്യേട്ടന് സംശയമായി. സത്യേട്ടന്‍ അടുത്തുപോയി വിവരങ്ങള്‍ തിരക്കി, എല്ലാം കിറുകൃത്യം.
സത്യന്‍ അന്തിക്കാട്: ജയറാമിന് എന്നോട് ദേഷ്യം തോന്നിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഒരുപക്ഷേ, പ്രശ്‌നങ്ങളില്ലാതെ അയാളത് കെകാര്യം ചെയ്തതാകാം. 'മനസ്സിനക്കരെ' സിനിമയില്‍ ഇന്നസെന്റും ജയറാമും ചേര്‍ന്ന് പാടി അഭിനയിക്കുന്ന 'ചെണ്ടയ്‌ക്കൊരു കോലുണ്ടെട മണ്ടയ്‌ക്കൊരു കൊട്ടുണ്ടെട...' എന്നൊരു ഗാനമുണ്ട്. ഇളയരാജയാണ് സംഗീതം. രാജാസാറ് ആദ്യം പറഞ്ഞത് അദ്ദേഹവും യേശുദാസും ചേര്‍ന്ന് പാടാം എന്നാണ്. പക്ഷെ, രാജാസാറിന്റെ തമിഴ്കലര്‍ന്ന ഉച്ചാരണം ഇന്നസെന്റിന്റെ ശബ്ദവുമായി ചേര്‍ന്നുപോകാന്‍ പ്രയാസമാണെന്ന് തോന്നി. മലയാളത്തനിമയില്ലാത്ത പാട്ട് രംഗത്തിന് യോജിക്കില്ലെന്നതിനാല്‍ പി. ജയചന്ദ്രനും എം.ജി ശ്രീകുമാറും പാടിയാല്‍ മതിയെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവച്ചു. സിനിമയുടെ അണിയറജോലികള്‍ പുരോഗമിക്കുന്നതിനിടെ ഒരുദിവസം രാവിലെ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ഇളയരാജസാറ് ഏഴുമണിയോടെ തന്നെ അവിടെ എത്തിയിട്ടുണ്ട്. പതിവില്ലാതെ പുറത്ത് ജയറാമിന്റെ കാറും. ഇരുവരും ഒരുമിച്ച് പാടുകയാണ്. റെക്കോഡിങ്ങ് മുറിയിലെ ശബ്ദംകേള്‍ക്കാനാകില്ലെങ്കിലും ഗ്ലാസിനുള്ളിലൂടെ പാടുന്ന കാഴ്ച്ച കാണാം. റെക്കോഡിങ്ങ് പൂര്‍ത്തിയാക്കിവന്ന രാജാസാര്‍ പറഞ്ഞു, ''ജയറാമിന്റെ ശബ്ദം കൊള്ളാം, സിറ്റുവേഷന് ചേരും. അയാള്‍ അഭിനയിക്കുന്ന രംഗമല്ലേ അയാള്‍തന്നെ പാടിയാല്‍ നന്നാകും''
ഞാന്‍ മിണ്ടാതെ നിന്നു...ആ പാട്ട് രാജാസാറിന്റെ ഈണത്തില്‍ മുന്‍പ് കേട്ടതാണ്. ജയറാം എത്ര നന്നായിപാടിയാലും അതൊരിക്കലുമൊരു പ്രൊഫണണല്‍ ഗായകന്‍ പാടുന്ന തലത്തിലേക്ക് എത്തില്ലെന്ന് എനിക്കറിയാമായിരുന്നു.
എന്റെ മുഖത്തേക്ക് നോക്കിനിന്ന രാജാസാറിനോടായി ഞാന്‍ പറഞ്ഞു. ആയിക്കോട്ടെ ജയറാം തന്നെ പാടട്ടെ. പക്ഷെ കുറച്ച് റീലിനപ്പുറം 'മെല്ലെയൊന്നുപാടി...' എന്ന പാട്ടും ജയറാം തന്നെ പാടണം. ഞാന്‍ പറഞ്ഞവസാനിപ്പിച്ചതും രാജാസാര്‍ ഇടപെട്ടു, ''അയ്യയ്യോ അത് ജയറാം പാടിയാല്‍ പറ്റില്ല മെല്ലെയൊന്നുപാടി എന്ന ഗാനം യേശുദാസ് തന്നെ പാടണം''
''അതെങ്ങനെ പറ്റും? ഞാന്‍ സംശയമുന്നയിച്ച് മുന്നോട്ട് വന്നു. രണ്ടുമുന്നു റീല്‍ പുറകില്‍ വരുന്ന പാട്ട് യേശുദാസ് പാടിയാല്‍ സിനിമയില്‍ ഒരാള്‍ക്ക് തന്നെ രണ്ടു ശബ്ദം വരില്ലേ...''ഒരാള്‍ക്ക് രണ്ടു ശബ്ദം വരും എന്നകാര്യം ഇളയരാജസാര്‍ ശ്രദ്ധിച്ചിരുന്നില്ല. രാജാസാര്‍ അപ്പോള്‍തന്നെ ജയറാമിനോട് തിരിച്ചുപൊയ്‌ക്കോളാന്‍ പറഞ്ഞു. സിനിമയില്‍ ഒരു ഗായകനാകുക, ഇളയരാജയുടെ സംഗീതത്തില്‍ പാടുക അതെല്ലാം വലിയൊരു സന്തോഷമായി കണ്ട ജയറാമിനത് ഉള്ളിലൊരു വിഷമമായിരിക്കണം. ഞാനൊരു വില്ലനായി മാറി എന്നുവരെ തോന്നിയേക്കാം. പക്ഷെ, പടത്തിന്റെ ഗുണത്തിനുവേണ്ടിയുള്ള തീരുമാനമായിരുന്നു അതെല്ലാം.
ജയറാം: എന്നിലെ ഗായകനെ തച്ചുടച്ച മനുഷ്യനാണ് ഈ ഇരിക്കുന്നതെന്ന് ചിലപ്പോഴൊക്കെ ഞാന്‍ തമാശയായി പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് യോജിക്കാത്ത ഒന്നും അതില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കാത്ത, സിനിമയോട് നൂറുശതമാനം നീതിപുലര്‍ത്തുന്ന സംവിധായകനോടുള്ള ബഹുമാനം കൂടിയിട്ടേ ഉള്ളൂ. എനിക്ക് സത്യേട്ടനോട് പിണങ്ങാന്‍ കഴിയില്ല കാരണം ഞാന്‍ സ്വപനം കണ്ടതിനേക്കാള്‍, ആഗ്രഹിച്ചതിനേക്കാള്‍ എത്രയോ അധികം അദ്ദേഹം എനിക്ക് തന്നിട്ടുണ്ട്.
Content Highlights: jayaram and sathyan anthikkad talking about their friendship
Published: 25 Oct 2023, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented