
എന്റെ അമ്മയുടെ സഹോദരന്റെ മകനായിരുന്നു ജയന്‍. അറിഞ്ഞോ അറിയാതെയോ ഒരിക്കലും ജയേട്ടാ എന്ന് ഞാന്‍ വിളിച്ചിട്ടില്ല. അദ്ദേഹം എനിക്ക് ബേബിയണ്ണനായിരുന്നു. വളരെ ചെറുപ്പത്തിലേ ഞാനും ബേബിയണ്ണനുമൊക്കെ ജീവിതത്തിന്റെ രണ്ടു മേഖലകളിലേക്ക് കടന്നുപോയവരാണ്. ഞാന്‍ സിനിമയിലേക്കും ബേബിയണ്ണന്‍ ഇന്ത്യന്‍ നേവിയിലേക്കും. ജീവിതപ്രയാസങ്ങള്‍ തന്നെയായിരുന്നു ഞങ്ങളെ ചെറുപ്പത്തില്‍ തന്നെ വ്യത്യസ്ത തൊഴില്‍ മേഖലകളിലേക്കെത്തിച്ചത്. കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതില്‍ പിന്നെ സിനിമയില്‍ വന്നശേഷമാണ് ബേബിയണ്ണനുമായി വളരെ അടുപ്പമുണ്ടാകുന്നത്. നേവിയിലെ ഉദ്യോഗം രാജിവെച്ച് സിനിമയിലഭിനയിക്കാനുള്ള മോഹവുമായി എത്തിയ അണ്ണന് തുടക്കകാലത്ത് ചില ചെറിയ സഹായങ്ങള്‍ ഞാനും ചെയ്തു കൊടുത്തിരുന്നു. പക്ഷേ, അതൊന്നുമായിരുന്നില്ല ബേബിയണ്ണന്റെ വിജയത്തിനു പിറകില്‍. കൃത്യനിഷ്ഠ, കഠിനാദ്ധ്വാനം, വിനയം ഇതൊക്കെയായിരുന്നു അണ്ണനെ പെട്ടെന്ന് വലിയവനാക്കിയത്.

അഭിനയതാല്‍പ്പര്യം സ്‌കൂള്‍ പഠനകാലത്തെ അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നേവിയില്‍ ജോലി ചെയ്യുമ്പോഴും നാടകങ്ങളില്‍ അഭിനയിച്ച കഥകളൊക്കെ വലിയ ആവേശത്തോടെ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കുന്ന വേളയില്‍ അണ്ണന്‍ പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ ജീവിതകാലത്തും നേവി ഉദ്യോഗസ്ഥനായിരിക്കുമ്പോഴുള്ള അണ്ണന്റെ സാഹസപ്രവൃത്തികള്‍ മറ്റു പലരില്‍ നിന്നുമാണ് ഞാനറിഞ്ഞത്. പില്‍ക്കാലത്ത് സിനിമയില്‍ കാണിച്ച സാഹസങ്ങള്‍ വലിയൊരളവില്‍ യഥാര്‍ത്ഥ ജീവിതത്തിലുമുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോള്‍ അഭിനയത്തിലായി ആ സാഹസികത. സിനിമയില്‍ തന്റേതായൊരു സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ വലിയ രീതിയില്‍ കഷ്ടപ്പെട്ടിട്ടുണ്ട് ബേബിയണ്ണന്‍. വളരെ ചെറിയ വേഷങ്ങള്‍ക്കു പോലും ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. നസീര്‍ സാറിന്റെ പാതയിലൂടെയായിരുന്നു അണ്ണനും സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളെല്ലാം ബേബിയണ്ണനിലുമുണ്ടായിരുന്നു. അവര്‍ തമ്മില്‍ സഹോദരതുല്യമായ അടുപ്പം അണ്ണന്റെ അഭിനയജീവിതത്തെ വലിയരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.
Also Read
ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഒരു കുറുക്കുവഴികളും അദ്ദേഹം തേടിയില്ല. തന്റെ കഴിവിലുള്ള ഉറച്ച വിശ്വാസവും പ്രയത്‌നിക്കാനുള്ള വലിയ മനസ്സുമായിരുന്നു അണ്ണന്റെ കൈമുതല്‍. അഭിനയത്തോടൊപ്പം പൊന്നുപോലെ സൂക്ഷിച്ച തന്റെ ശരീരവും സിനിമയ്ക്കുവേണ്ടി സംക്രമിപ്പിക്കുകയായിരുന്നു അദ്ദേഹം. ശബ്ദവും ശരീരവും അഭിനയത്തിന്റെ ഗാംഭീര്യവും സാഹസികതയും എല്ലാം സമന്വയിച്ചതായിരുന്നു ബേബിയണ്ണനിലെ നടന്‍. പക്ഷേ, ആ നടനത്തിന്റെ പലമുഖങ്ങള്‍ കാണാന്‍ നമ്മള്‍ക്ക് ഭാഗ്യമില്ലാതെ പോയി. സിനിമാനടനെന്ന നിലയില്‍ അണ്ണനുണ്ടായ പേരും പ്രശസ്തിയുമൊക്കെ നസീര്‍ സാറിനെ വരെ അദ്ഭുതപ്പെടുത്തിയിരുന്നു. ഓരോ സിനിമയുടെ ലൊക്കേഷനിലിരിക്കുമ്പോഴും ഞങ്ങള്‍ പറഞ്ഞു: 'അടുത്ത വര്‍ഷത്തോടെ മലയാള സിനിമ മറ്റൊരു തലത്തിലേക്ക് മാറിവരും. തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെയുള്ള ചിത്രങ്ങളുടെ രീതിയിലേക്ക് മലയാളസിനിമയുടെ ട്രെന്‍ഡ് മാറിവരും'.

അദ്ഭുതപ്പെടുത്തുന്ന ആക്ഷന്‍ സിനിമകളുടെ കാലമായിരുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വര്‍ഷം. ഹരിഹരന്‍ സാറിന്റെ 'പഞ്ചമി' മുതല്‍ വേണു സാറിന്റെ 'അറിയപ്പെടാത്ത രഹസ്യം' വരെ അമ്പതിലേറെ ചിത്രങ്ങളില്‍ ഞാന്‍ ബേബിയണ്ണനൊപ്പം അഭിനയിച്ചു. നടനെന്ന നിലയില്‍ തന്നില്‍ നിന്നും സംവിധായകന്‍ പ്രതീക്ഷിക്കുന്നത് കിട്ടുന്നുണ്ടോയെന്ന് അണ്ണന്‍ ഓരോ സീനെടുക്കുമ്പോഴും ചോദിച്ചുകൊണ്ടിരുന്നു. ആക്ഷന്‍ സിനിമകളിലെ കോരിത്തരിപ്പിക്കുന്ന സാഹസികരംഗങ്ങള്‍ കാണുമ്പോള്‍ പലരും അല്പം വിഷമത്തോടെ പറഞ്ഞിട്ടുണ്ട്: 'ജീവന്‍ പണയം വെച്ചുള്ള ഈ കളി വേണോ?' പക്ഷേ, ജയനെന്ന ആ പെര്‍ഫക്ഷനിസ്റ്റിന് അതുവേണമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സംതൃപ്തി.
തോപ്പില്‍ ഭാസി സാറിന്റെ മോചനം ഞങ്ങളൊന്നിച്ച വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു. അന്നത്തെ ഇമേജ് വെച്ച് ആ സിനിമ വേണ്ടരീതിയില്‍ സ്വീകരിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. ചര്‍ച്ച ചെയ്തതെല്ലാം ജയനെന്ന നടന്റെ സാഹസികത നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. 'പുതിയ വെളിച്ച'വും, 'കരിപുരണ്ട ജീവിതങ്ങളും' 'ചന്ദ്രഹാസ'വുമൊക്കെ ബേബിയണ്ണന്റെ സാഹസികത നിറഞ്ഞ വേഷങ്ങളായിരുന്നു. ബേബിയണ്ണനും ഞാനും നായികാ നായകന്മാരായ 'അറിയപ്പെടാത്ത രഹസ്യ'വും 'അഗ്നിശര'വും 'ആക്രമണ'വും അണ്ണനില്ലാതെ പൂര്‍ത്തികരിക്കേണ്ടി വന്നു. അതിന്റെ പോരായ്മകളെല്ലാം ആ സിനിമയിലുടനീളമുണ്ടായിരുന്നു. ജയന് പകരം വെക്കാന്‍ മറ്റൊരാളില്ലെന്ന് പറയാതെ പറയും പോലെയായിരുന്നത്.
Content Highlights: jayabharathi remembering jayan
Published: 28 Jun 2023, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented