വിറപ്പിച്ചും ചിരിപ്പിച്ചും അഭിനയജീവിതത്തിൽ 55 വർഷം പിന്നിടുകയാണ് ജനാർദ്ദനൻ

തീയേറ്ററിൽ ചിരിയുടെ ഭൂകമ്പം തീർത്ത സംഭാഷണത്തിന് പിന്നിൽ ചിത്രീകരണസമയത്ത് ക്യാമറയ്ക്ക് മുൻപിൽ ജനാർദ്ദനന് സംഭവിച്ച ചെറിയൊരു പിശകാണ്. 'മാന്നാർമത്തായി സ്പീക്കിങ്ങി'ൽ ജനാർദ്ദനൻ അവതരിപ്പിച്ച ഗർവാസീസ് ആശാൻ ഡയലോഗ് പറയുകയാണ്. ഇന്ദ്രൻസിന്റെ പൊന്നപ്പൻ എന്ന കഥാപാത്രത്തെ ആശാൻ പേര് തെറ്റി തങ്കപ്പനെന്ന് വിളിച്ചു. അപ്പോൾ തന്നെ തങ്കപ്പനല്ല പൊന്നപ്പൻ എന്ന് ഇന്ദ്രൻസ് സൂചിപ്പിക്കുകയും ചെയ്തു.
രംഗം ചിത്രീകരിച്ചുകൊണ്ടിരുന്ന സംവിധായകരിൽ ഒരാളായ സിദ്ധിഖ് ഉടനെ ഓടിയെത്തി. ഇതിൽ നമുക്കൊരു കളികളിക്കാമെന്നായി സിദ്ധിഖ്. പേരുമാറിയ സംഭവത്തെ അവിടെ വച്ചുതന്നെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലേക്ക് കൊണ്ടുവന്നു. ''നീ പൊന്നപ്പനല്ലടാ... തങ്കപ്പൻ'' എന്ന ഡയലോഗ് അങ്ങനെ ഹിറ്റായി. ജനാർദ്ദനന്റെ ശബ്ദം അനുകരിച്ച മിമിക്രിക്കാരെല്ലാം പിന്നീട് പൊന്നപ്പനേയും തങ്കപ്പനേയും ആഘോഷിച്ചു. കൊടും വില്ലനിൽനിന്ന് ചിരിയുടെ ആശാനിലേക്കുള്ള ആ കളംമാറ്റം കൈയടികളോടെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. അഭിനയജീവിതം അമ്പത്തിയഞ്ച് വർഷം പിന്നിടുമ്പോൾ, സിനിമ സമ്മാനിച്ച സൗഹൃദങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുകയാണ് ജനാർദ്ദനൻ.
'സർവ്വംമായ', 'ഹൃദയപൂർവ്വം'... പ്രായം തീർക്കുന്ന വെല്ലുവിളികളെ അതിജീവിച്ച് പ്രേക്ഷകഹൃദയത്തിലിടം നേടുന്ന കഥാപാത്രങ്ങളുമായി മുന്നോട്ടുപോകുകയാണല്ലോ?
അനുവദിച്ച സമയം തീരുന്നതുവരെ സിനിമയുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. പണ്ടത്തെപ്പോലെ ബഹളങ്ങൾ നിറഞ്ഞ രംഗത്തിനോ, സംഘട്ടനത്തിനോ ഒന്നുമല്ലല്ലോ ഇപ്പോൾ വിളിക്കുന്നത്. വലിയ അധ്വാനമോ പ്രയാസമോ കൂടാതെ ചെയ്യാവുന്ന വേഷങ്ങൾ. അച്ഛനോ വല്യച്ഛനോ അമ്മാവനോ ഒക്കെയായിരിക്കും മിക്കവാറും. പരിചയമുള്ള പഴയസംവിധായകർ തന്നെയാണ് അധികവും വേഷങ്ങളുമായി വരുന്നത്. അവരെയൊന്നും നിരാശരാക്കി തിരിച്ചയക്കാൻ കഴിയില്ല.
പുതിയ കുട്ടികളുടെ സിനിമകൾ വല്ലപ്പോഴും മാത്രമേ വരാറുള്ളൂ. നമ്മളെക്കൊണ്ട് ഈ പ്രായത്തിൽ എന്തെല്ലാം ചെയ്യാൻപറ്റുമെന്നതിനെകുറിച്ച് അവർക്കുമൊരു ധാരണയുണ്ട്. എന്നാലും പുതിയ ആളുകൾ അഭിനയിക്കാൻ ക്ഷണിക്കുമ്പോൾ അവരോട് വേഷത്തെകുറിച്ച് ചോദിക്കും. അടുത്തിടെ പരിചയമില്ലാത്തൊരു സംവിധായകൻ എനിക്കായി തീരുമാനിച്ച് നൽകിയ കഥാപാത്രം ഉൾക്കൊള്ളാൻ പ്രയാസമായി, അത്തരം വേഷങ്ങൾ ഇനി ചെയ്യേണ്ടെന്ന് മനസ്സ് പറഞ്ഞു. അതുകൊണ്ട് സഹകരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചു.
പരിചയമുള്ളവരുടെ സെറ്റിലേക്ക് അഭിനയിക്കാൻ ചെല്ലുന്നത് വലിയ സന്തോഷമാണ്. 'സർവ്വംമായ'യും 'ഹൃദയപൂർവ്വ'വുമെല്ലാം ആസ്വദിച്ച് ചെയ്ത സിനിമകളാണ്. സത്യൻ അന്തിക്കാടുമായി വർഷങ്ങളായുള്ള പരിചയമാണ്, അവർക്കൊപ്പം അഭിനയമൊരു ജോലിയായി തോന്നില്ല.
അഖിൽ സത്യൻ, നിവിൻപോളി പുതുതലമുറക്കൊപ്പമാണ് ഇപ്പോൾ അഭിനയിക്കുന്നത്. മലയാള സിനിമയിലെ തലമുറമാറ്റത്തെ എങ്ങനെ കാണുന്നു?
പഴയതും പുതിയതും എന്നൊരു ചിന്തവന്നിട്ടില്ല, രണ്ടു വിഭാഗത്തിലും കഴിവുള്ള ഒരുപാട് പേരുണ്ട്. അവരാണ് എല്ലാക്കാലവും സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. നിരവധി സിനിമകൾ ചെയ്ത് അനുഭവങ്ങളിലൂടെ പലതും പഠിച്ചെടുത്താണ് പഴയസിനിമാക്കാർ ഇരുത്തംവന്ന നിലയിലേക്ക് മാറിയത്. എന്നാൽ പുതിയ തലമുറയിലെ കുട്ടികൾ കാര്യങ്ങളെല്ലാം മനസ്സിലാക്കിയും പഠിച്ചെടുത്തുമാണ് സിനിമയിലേക്കിറങ്ങുന്നത്.
'സർവ്വംമായ'യ്ക്ക് മുൻപ് അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമ ഞാൻ കണ്ടിട്ടില്ല. അഖിലിനെ കുറിച്ച് കൂടുതലായൊന്നും അറിയില്ല. എന്നാലും അയാൾ വന്ന് ക്ഷണിച്ചപ്പോൾ അഭിനയിക്കാമെന്നേറ്റു. അതൊരു വിശ്വാസമാണ്, മോശമാകില്ലെന്ന് മനസ്സുപറഞ്ഞു. നിവിന്റെ വല്യച്ഛന്റെ വേഷമാണെന്ന് മാത്രമേ അഖിൽ പറഞ്ഞുള്ളൂ. നിവിന്റെ ആദ്യസിനിമ 'മലർവാടി ആട്സ് ക്ലബ്ബിൽ' ഞാനൊരു വേഷം ചെയ്തിട്ടുണ്ട്. പിന്നീട് ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
കളിയും ചിരിയുമായി യാതൊരുവിധ സമ്മർദ്ദവും നൽകാതെയുള്ള ചിത്രീകരണമായിരുന്നു 'സർവ്വംമായ'യുടേത്. സെറ്റിൽ നിരന്തരം ചിരിച്ചുമറിയുന്ന അഖിലിനേയും നിവിനേയും കണ്ട് നായകനും സംവിധായകനും കുട്ടിക്കളി അല്പം കൂടുതലാണെന്നുവരെ ഞാൻ പറഞ്ഞിട്ടുണ്ട്. അതെല്ലാം പുതിയ തലമുറയുടെ രീതികളാണ്. ഒപ്പം പ്രവർത്തിക്കുന്നവരെ ചേർത്തുനിർത്തി ഏറ്റവും മികച്ചത് പകർത്താനുള്ള ശ്രമം. ചോറ്റാനിക്കര ഭാഗത്തായിരുന്നു സിനിമയിലെ എന്റെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. പുതിയതലമുറയ്‌ക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന ചിന്ത എവിടെയും തോന്നിയില്ല. അവരിൽനിന്നും പുതിയകാര്യങ്ങൾ ഒരുപാട് പഠിക്കാനുണ്ടായിരുന്നു.
ആദ്യമായി അഭിനയിച്ച സിനിമ 1971-ലാണ് പ്രദർശനത്തിനെത്തുന്നത്. ബ്ലാക്ക് & വൈറ്റ് കാലത്തുനിന്ന് തുടങ്ങി കളറിലേക്കും ഡിജിറ്റലിലേക്കും 4Kയിലേക്കുമൊക്കെ സിനിമ മാറി. സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുക ശ്രമകരമായിരുന്നോ?
വളരെ വേഗത്തിലാണ് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നത്. സിനിമയിലും അതുകാണാം. അഭിനയത്തിലും കഥപറയുന്ന രീതിയിലും സാങ്കേതികപരമായുമെല്ലാം ആ മാറ്റങ്ങൾ വന്നിട്ടുണ്ട്. സിനിമയിൽ തുടർന്നുപോകണമെങ്കിൽ കാലത്തിനൊപ്പം സഞ്ചരിക്കേണ്ടിവരും.അപ്ഡേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ പെട്ടെന്ന് പഴഞ്ചനാകും. പണ്ട് ക്യാമറക്കുമുന്നിലെ പ്രകടനങ്ങൾ കാണാനും വിലയിരുത്താനും ഫിലിം പ്രൊസസിങ്ങെല്ലാം കഴിയുന്നതുവരെ കാത്തിരിക്കണമായിരുന്നു. ഇന്ന് സംവിധായകൻ കട്ട് പറയുമ്പോൾതന്നെ മോണിറ്ററിൽ കാര്യങ്ങൾ വിലയിരുത്താം.
സിങ്ക്സൗണ്ടിലാണ് 'ഹൃദയപൂർവ്വം' ചിത്രീകരിച്ചത്. അതൊരു വെല്ലുവിളിയായി തോന്നിയില്ല. അഭിനയത്തിന്റെ തുടക്കകാലത്ത് ലൈവ് സൗണ്ട് റെക്കോഡിങ്ങിലൂടെ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അഭിനയവും ശബ്ദവും ഒരേസമയം പകർത്തുമ്പോൾ ഒരുപാട് ഗുണങ്ങളുണ്ട്. കഥാപാത്രത്തിന്റെ ശ്വാസ-നിശ്വാസങ്ങളും ചെറിയ മൂളക്കങ്ങളും മുതൽ സ്വാഭാവികമായുള്ള ഒരുപാട് കാര്യങ്ങൾ സീനിലേക്ക് കയറിവരും. അഭിനയിച്ച് ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് കഥാപാത്രത്തിന്റെ അതേ ഫീലിൽ ലിപ് മൂവ്മെന്റ് നോക്കി ഡബ്ബ് ചെയ്യുക എന്നത് രണ്ടാമതൊരു ജോലിചെയ്യുന്നതുപോലെയാണ്. ആദ്യകാലത്തെ അഭിനയവും ലൈവ് റെക്കോഡിങ്ങുമെല്ലാം സ്റ്റുഡിയോയിൽ വെച്ചായിരുന്നു. ഇന്ന് സിനിമ മൊത്തം ഔട്ട് ഡോറിൽ സിങ്ക് സൗണ്ടിൽ ചിത്രീകരിക്കുമ്പോൾ സെറ്റ് പൂർണമായും നിശ്ശബ്ദമാകണം. അവിടെ നിന്ന് കാക്കകളെ പോലും ഓടിച്ചുവിട്ടാണ് സംവിധായകൻ ആക്ഷൻ പറയുന്നത്.
ആദ്യമായി ക്യാമറയ്ക്കുമുന്നിൽ നിന്ന ഓർമ്മകൾ, സിനിമ സമ്മാനിച്ച സൗഹൃദങ്ങൾ, സന്തോഷങ്ങൾ?
സിനിമയിൽ ഇത്രയും കാലം ജീവിക്കാൻ കഴിഞ്ഞു എന്നതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. എൺപത് വയസ്സിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. ജീവിതം നൽകുന്ന ബോണസ്സാണ് ഇതെല്ലാം. പഴയകാലചിത്രങ്ങൾ പലതും ഇപ്പോഴും മനസ്സിലുണ്ട്. ആദ്യമായി അഭിനയിക്കാൻ ചെന്നപ്പോൾ സ്റ്റുഡിയോയിൽ എന്നെ സ്വീകരിച്ചത് പ്രേംനസീർ സാറായിരുന്നു. അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രമേ ഉണ്ടാകൂ.
'ആദ്യത്തെ കഥ' എന്ന സിനിമയിൽ അഭിനയിക്കാനായി അരുണാചലം സ്റ്റുഡിയോയിലെത്തിയതായിരുന്നു. അവിടെ വട്ടമിട്ടിരുന്ന് സംസാരിക്കുകയായിരുന്നു നസീർസാറും സംഘവും. അടൂർഭാസി, ബഹദൂർ, ഗോവിന്ദൻകുട്ടി എന്നിവരെല്ലാം ഒപ്പമുണ്ടായിരുന്നു. അങ്ങോട്ട് നോക്കാതെ ധൃതിയിൽ മുന്നോട്ടുനടന്നുനീങ്ങിയ എന്നെ കൂട്ടത്തിലൊരാൾ ശബ്ദമുയർത്തി വിളിച്ചു. ''ഹലോ...ഇവിടെ വരണം.., ഇവിടെയിരിക്കൂ അസ്സേ...'' എന്തുചെയ്യണമെന്നറിയാതെ ഞാനൊന്ന് പരുങ്ങിയപ്പോൾ ''ഇരിക്കെടോ...'' എന്ന് പൊട്ടിച്ചിരിയോടെ മറ്റൊരാൾ. ആദ്യം വിളിച്ചത് പ്രേംനസീർസാറും പിന്നീട് ചിരികലർത്തി പറഞ്ഞത് അടൂർഭാസിയുമായിരുന്നു.
പ്രേംനസീർ അഭിനയിക്കുന്ന കഥാപാത്രത്തിനൊപ്പം ലോഡ്ജിൽ കഴിയുന്ന വേഷമായിരുന്നു എനിക്ക്. അന്നത്തെ കൊടുംവില്ലനായ ഗോവിന്ദൻകുട്ടിയുടെ നേരെ കയർത്ത് മുഷ്ടി ഉയർത്തി ''ധൈര്യമുണ്ടെങ്കിൽ വാടാ...'' എന്ന് ആക്രോശിക്കുന്ന കഥാപാത്രം. സീൻ ഓക്കെ ആയപ്പോൾ ''അനിയാ നീ മിടുക്കനാ'' എന്നുപറഞ്ഞ് ഗോവിന്ദൻകുട്ടിച്ചേട്ടൻ എന്റെ തോളിൽ തട്ടി. സിനിമ എനിക്ക് ഒരുപാട് സൗഹൃദങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ആരെയും മുഷിപ്പിക്കാൻ പോയിട്ടില്ല. അതുകൊണ്ട് എല്ലാവരുമായി ഇന്നും അടുപ്പമുണ്ട്.
ജയൻ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അപകടമരണം ഞെട്ടലുണ്ടാക്കിയ സംഭവമാണ്. അടൂർഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററിയിലാണ് ആദ്യമായി ഞാൻ മുഖം കാണിക്കുന്നത്. അദ്ദേഹം കഴിഞ്ഞദിവസം വീട്ടിൽ വന്നിരുന്നു. പുതിയ സിനിമയിലേക്ക് ക്ഷണിച്ചു.എന്റെ അടുത്ത സിനിമ അടൂരിനൊപ്പമാണ്. മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ്. വീട്ടിൽ വന്നുപോകുന്ന സൗഹൃദം. 'ഹൃദയപൂർവ്വ'ത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ലാൽ സ്വീകരിച്ചത്. അമ്പിളി (ജഗതി)യുമൊത്ത് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അപകടത്തിനുശേഷം കാണാൻ പോയിട്ടില്ല. ആ ഇരുപ്പ് കാണാൻവയ്യ, അതൊന്നും താങ്ങാനുള്ള മനക്കട്ടിയില്ല.
കൊടും വില്ലനിൽനിന്ന് ചിരിയുടെ തട്ടകത്തിലേക്കൊരു ചുവടുമാറ്റം. അത്തരമൊരു നീക്കം എങ്ങനെയായിരുന്നു?
ഡിഗ്രികഴിഞ്ഞ ശേഷം സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് ജീവിച്ചത്. അതുകൊണ്ടു തന്നെ വേഷങ്ങളുടെ തിരഞ്ഞെടുപ്പൊന്നും ഒരിക്കലും സാധ്യമായിരുന്നില്ല. വിളിക്കുന്ന സിനിമകളിലേക്കെല്ലാം ചെന്നു. ഗോവിന്ദൻകുട്ടിച്ചേട്ടനും ജോസ്പ്രകാശുമെല്ലാം വില്ലൻമാരായി തിയേറ്ററുകളെ ഇളക്കിമറിച്ച കാലത്താണ് എന്റെ അരങ്ങേറ്റം. അവരുടെ തുടർച്ചയിലേക്ക് വൈകാതെ ഞാനും കണ്ണിചേർക്കപ്പെട്ടു. ഒരുദിവസം തന്നെ ആറ് ബലാത്സംഗരംഗങ്ങളിൽ വരെ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം അന്നത്തെ സംവിധായകരുടെ നിർദ്ദേശപ്രകാരമായിരുന്നു, അവരെനിക്ക് തുടർച്ചയായി വില്ലൻ വേഷങ്ങൾ നൽകിക്കൊണ്ടിരുന്നു. അന്നൊക്കെ സ്ത്രീകൾക്ക് എന്നെ കാണുന്നതുതന്നെ ഭയമായിരുന്നു.
ഹാസ്യ കഥാപാത്രങ്ങൾ എനിക്കുവഴങ്ങുമെന്ന് കണ്ടെത്തിയതും സംവിധായകരാണ്. രാജസേനനും സിദിഖ്-ലാലുമെല്ലാം ചിരിയുടെ വഴിയിലൂടെ എന്നെ നടത്തിച്ചു. 'മേലേപ്പറമ്പിൽ ആൺവീട്' സിനിമയിലെ അമ്മാവൻ വേഷം രാജസേനൻ എന്നെ ധൈര്യപൂർവ്വം ഏല്പിക്കുകയായിരുന്നു.
'മാന്നാർ മത്തായി'യിലെ ഗർവാസീസ് ആശാൻ ഒരു ചവിട്ടുനാടകക്കാരനാണെന്നാണ് സിദ്ധിഖ്-ലാൽ പറഞ്ഞത്. ''ഹെന്റമ്മേ.., ഞാനീ പത്രക്കാരെക്കൊണ്ടു തോറ്റു...'' തുടങ്ങിയ ഡയലോഗുകളെല്ലാം അവർ എന്റെ ശബ്ദത്തിൽ സംസാരിച്ചുനോക്കിയാണ് എഴുതിയതെന്ന് സിദ്ധിഖ് ഒരിക്കൽ പറഞ്ഞിരുന്നു. 'ഫ്രണ്ട്സ്' സിനിമയിലെ കഥാപാത്രം സ്വയം ചിരിച്ചുകൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുകയായിരുന്നു. കോമഡി കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതോടെ അത്തരം വേഷങ്ങളുമായി കൂടുതൽ സിനിമകൾ വന്നു.
അപ്പോഴും തേടിവന്ന വില്ലൻവേഷങ്ങളും വിട്ടുകളഞ്ഞില്ല. 'ക്രൈം ഫയൽ' അത്തരത്തിൽ അഭിനയിച്ചൊരു സിനിമയായിരുന്നു. കഥാപാത്രത്തെകുറിച്ച് ആരോടും പറയരുതെന്ന് സംവിധായകൻ കെ. മധു കഥപറയാൻ എത്തിയപ്പോൾ തന്നെ പറഞ്ഞിരുന്നു. സിസ്റ്റർ അമലയെ കൊല്ലുന്ന കൊടുംക്രൂരന്റെ വേഷമായിരുന്നു സിനിമയിൽ. കാളിയാർ പത്രോസ് എന്ന കഥാപാത്രത്തിന്റെ യഥാർഥ മുഖം സിനിമയുടെ ക്ലൈമാക്സിലാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞത്.
ഒരുപാട് ജീവിതാനുഭവങ്ങൾ പറയാനുണ്ടായിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്നത്?
യുട്യൂബ് ചാനലുകാരുടെ ബഹളമാണിന്ന്. അഭിമുഖത്തിനായി ഇടയ്ക്കിടെ പലരും വിളിക്കും. എന്താണ് ഇത്രയധികം പറയാനുണ്ടാകുക. പലരും ചോദിച്ചതുതന്നെ ചോദിച്ചുകൊണ്ടിരിക്കും. അവർക്ക് ബോറടിക്കുന്നില്ലെങ്കിലും പറയുന്ന നമ്മൾക്കും കേൾക്കുന്ന പ്രേക്ഷകർക്കും മടുക്കില്ലേ. കുത്തിപ്പൊക്കൽ ഇപ്പോഴത്തെ ട്രെൻഡാണ്. എന്തെങ്കിലും പറഞ്ഞുപോയാൽത്തന്നെ അതിൽ ഒരുഭാഗം മാത്രമെടുത്ത് ഹൈലൈറ്റ് ചെയ്യും. വൈറലാക്കാനായി ചെയ്തു എന്നാണ് പറയുന്നത്. ഇത്ര പ്രായമൊക്കെ ആയില്ലേ, ഇനിയെന്തിനാ ഞാൻ വൈറലാകുന്നത്. പറയാനാണെങ്കിൽ ഒരുപാടുണ്ട്, പറഞ്ഞാൽ പലതും കുഴപ്പമാകും. അതുകൊണ്ട് തത്കാലം മിണ്ടാതിരിക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the hilarious anecdote behind Janardhanan`s iconic `Mannar Mathayi Speaking` dialogue. Plus, insights on his 55-year acting journey, new-gen cinema, and upcoming projects
Published: 22 Feb 2026, 05:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented